പൂമുഖം ചുവരെഴുത്തുകൾ വാഴ് വിൽ കലങ്ങിക്കറങ്ങുന്നവർ

വാഴ് വിൽ കലങ്ങിക്കറങ്ങുന്നവർ

ന്തുകൊണ്ട് തൻറെ സജീവപൊതുപ്രവർത്തനകാലത്തുണ്ടായ എല്ലാ യുദ്ധങ്ങളിലും ഗാന്ധി പക്ഷം ചേർന്നു , ഒരു അഹിംസാവാദിയ്ക്ക് അതു സാദ്ധ്യമാണോ എന്നത് അദ്ദേഹം ജീവിച്ചിരിക്കുമ്പോഴും കൊല്ലപ്പെട്ടതിനുശേഷവും ഉയർന്നുകേട്ടിരുന്ന, ഇപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ്. വൈരുദ്ധ്യം എന്ന വാക്കിൽ തന്നെ ഹിംസയുടെ അംശമുണ്ട്. ശത്രുത , വിരോധം തുടങ്ങിയ അർത്ഥങ്ങളുള്ള വൈരം എന്ന വാക്കിൽനിന്നും ഉളവാകുന്നതാണ് വൈരുദ്ധ്യം എന്ന വാക്ക്. ഗാന്ധിയിലെ വൈരുദ്ധ്യത്തിൽ അതിനാൽ ഹിംസയുണ്ട് . അതദ്ദേഹത്തിന് അറിയാമായിരുന്നൂ താനും. അതായിരുന്നു അദ്ദേഹത്തിനെ അലട്ടിയിരുന്ന ഉത്തരം കിട്ടാത്ത ചോദ്യം. ഇത്തരം ഒരു ചിന്തയിലേക്ക് എന്നെ കൊണ്ടുപോയത് ഇന്നുരാവിലെ വായിക്കാനിടയായ ഒരു ബാലാമണിയമ്മക്കവിതയാണ്.

ബാലാമണിയമ്മ

കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ എന്നോടു ചോദിച്ചു , ഗാന്ധിയിലൊക്കെ ഇപ്പോൾ പുതിയ തലമുറയ്ക്ക് എന്തുതാൽപര്യം, അതൊക്കെ പഴയകാര്യങ്ങളല്ലേ ? ഞാൻ മറുപടി പറഞ്ഞു : “ഗാന്ധി പഴയതാണെങ്കിൽ ഹാരപ്പൻ നാഗരികതയേയും , മെസോപ്പൊട്ടാമിയൻ നാഗരികതയേയും നാം എന്തുവിളിക്കും ? കാലം , സമകാലികം എന്നതൊക്കെ നാം ഉപയോഗിക്കുന്ന അളവുകോലിനനുസരിച്ച് മാറും ….ക്രിസ്തുവിനുമുൻപുള്ള അയ്യായിരം വർഷങ്ങളിൽ മാത്രം അന്വേഷണം നടത്തുന്ന ഒരു ചരിത്രകുതുകിയ്ക്ക് ക്രിസ്തു എന്നയാൾ നമ്മുടെ ടോവിനോ തോമസിനെ പോലെ ഒരു പുതിയ താരമാണ് . അങ്ങനെ നോക്കുമ്പോൾ ഗാന്ധി ആധുനികനല്ലെ?

ബാലാമണിയമ്മയുടെ മഹാവീരൻ എന്ന കവിത ഇന്നുരാവിലെ വായിക്കുകയായിരുന്നു . ഗാന്ധിയിലെ ജൈനസ്വാധീനം നമുക്കറിയാവുന്നതാണ്. എന്നാൽ ഈ മനോഹരകവിതയിൽ ഗാന്ധിയിലെ വിരുദ്ധാംശങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചില വരികളുണ്ട് . 1981 ൽ ഇറങ്ങിയ നിവേദ്യം എന്ന സമാഹാരത്തിലെ കവിതയാണിത്. നമ്മെ ചിന്താവിഷ്ടരാക്കുന്ന കൃതികളാണല്ലോ ബാലാമണിയമ്മയുടേത് . ഈ കവിത നിത്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെ നോക്കുകയാണ്. അവയെ വായിക്കുവാൻ ബാലാമണിയമ്മ ഉപയോഗിക്കുന്ന ഒരു കണ്ണട മാത്രമാണ് മഹാവീരൻ. “പ്രാകൃതാനഘചര്യകൈക്കൊൾകിലും
ദേഹബോധം പുലർത്തുന്നവർ ഞങ്ങൾ
നിദ്ര , ഭക്ഷണം , ശീതോഷ്ണബാധയിൽ
നിന്നു രക്ഷയുമാഗ്രഹിക്കുന്നവർ.
വാഴ്വിലിവിടെക്കലങ്ങിക്കറങ്ങുന്നു” ……
ഇതായിരുന്നു ഗാന്ധിയുടെ പ്രതിസന്ധി. ദേഹബോധം അലട്ടിയിരുന്നു , നിദ്ര അലട്ടിയിരുന്നു , ഭക്ഷണം അലട്ടിയിരുന്നു …ഗാന്ധിയുടെ ധർമ്മസങ്കടത്തിന് ബാലാമണിയമ്മ മഹാവീരനിലൂടെ പറയുന്ന ഒരു മറുപടിയുണ്ട് : “
ആരിലും പരുക്കേശാതെ കയ്യാളാ-
നാവുകില്ലെന്നോ കർമ്മചക്രത്തിനെ?”
മനുഷ്യരുടെയിടയിലാണ് നിങ്ങളുടെ കർമ്മമണ്ഡലമെങ്കിൽ വൈരുദ്ധ്യം അതിന് സഹജം. മനുഷ്യരെ ഉപേക്ഷിച്ച് മലമുകളിലേക്ക് പോയി ധ്യാനനിരതനാകാൻ തയ്യാറാകാതിരുന്ന ഗാന്ധി അനുഭവിച്ച കർമ്മസങ്കടം അവസാനിക്കുന്നത് ആഗ്രഹിച്ചാഗ്രഹിച്ച് അദ്ദേഹം ക്ഷണിച്ചുവരുത്തിയ ദേഹത്യാഗത്തിലൂടെയാണ് . ബാലാമണിയമ്മയുടെ കവിതയിൽ ഗാന്ധിയില്ല. അതെൻറെ വായനയാണ് . കവിത വായിച്ചുതീർന്നപ്പോൾ ഒരു വാഗർത്ഥസങ്കടം കൂടി … മഹാവീരനിലും ‘വൈരം’ എന്ന വാക്കിലേക്ക് നീളുന്ന വീരശബ്ദമില്ലേ ?

എസ് . ഗോപാലകൃഷ്ണൻ 27 ഏപ്രിൽ 2021

Comments
Print Friendly, PDF & Email
എസ് . ഗോപാലകൃഷ്ണൻ

You may also like