പൂമുഖം LITERATUREകഥ ….അത് കഴിഞ്ഞ്, വേതാളം ചോദിച്ചു , “…………….. ? “

….അത് കഴിഞ്ഞ്, വേതാളം ചോദിച്ചു , “…………….. ? “

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രണ്ടോ മൂന്നോ പേജിലൊതുങ്ങുന്ന ചെറുകഥകളായി ജീവിതത്തിൽ വന്ന്, മറഞ്ഞവർ – അവരിൽ ചിലരെങ്കിലും മുന്നിൽ വന്നുനിന്ന്, ഓരോ ഓർമ്മക്കുറിപ്പ് അവകാശമായി ചോദിക്കാറുണ്ട് . ആരും വലിയ ജീവിതങ്ങൾ ജീവിച്ചവരല്ല. പലരും സമൂഹത്തിലെ കരടുകളായിരുന്നു എന്നും പറയേണ്ടിവരും. ജീവിച്ച കുഞ്ഞിയിടങ്ങളിൽ തങ്ങളുടെ വെളുത്തതോ കറുത്തതോ ആയ മുദ്രകൾ പതിപ്പിച്ച ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും ചേക്കേറിയവർ.
ഓർമ്മകൾ ഒരുപക്ഷേ പിണങ്ങി, ഇറങ്ങിപ്പോകുന്നതിനു മുൻപ് അഥവാ കളി തീർന്ന് രംഗം വിടുന്നതിന് മുൻപ്, ആ കഥകളെ അക്ഷരങ്ങളിലാക്കി മുകളിലെ വായനശാലയിലെത്തിക്കണമെന്നൊരു മോഹം ….
അങ്ങനെ ഒരു ശ്രമത്തിനൊരുങ്ങുമ്പോൾ ദിവാകുമാർ വരിയിൽ മുന്നിൽ എത്തിയത്, ഇക്കഴിഞ്ഞ ദിവസം പഴയ ഒരു സുഹൃത്തുമായി ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനിടെ ആ പേരും കാലവും കയറിവന്നതു കൊണ്ടായിരിക്കാം.
ശോഷിച്ച്, ഉൾവലിഞ്ഞ ശരീരമായിരുന്നു അവൻറേത്- ഈറൻ കണ്ണുകളിലേയ്‌ക്കേന്തി നിന്നിരുന്ന വേദന കലർന്ന പുഞ്ചിരിയും ‘പൊറുക്കണം!’ എന്ന മുഖഭാവവും —
ഒരു ചെറിയ തിരക്കിൽ പോലും ആരും ശ്രദ്ധിക്കാനിടയില്ലാത്ത, അനാരോഗ്യം അച്ചിട്ട രൂപം-
അതായിരുന്നു ദിവാകുമാർ
ദിവായ്ക്ക് ഇപ്പോൾ അൻപത് വയസ്സിനുമേൽ പ്രായമുണ്ടാവും.എൻറെ മുന്നിൽ ഒരു സന്ധ്യയ്ക്ക് ആദ്യമായി വന്നുനിന്നത് ഒരു പത്തൊമ്പത് – ഇരുപതുകാരനാണ്. ഏതോ ഉത്തരേന്ത്യൻ സർവകലാശാലയുടെ തപാൽ വഴിയുള്ള പി യു സി ക്ക് കണക്ക് പഠിപ്പിച്ചുകൊടുക്കുമോ എന്നായിരുന്നു അവന് അറിയേണ്ടിയിരുന്നത്.
അടുത്ത്, അമ്മാവൻ്റെ വീട്ടിൽ നിന്ന്, പത്തോ പതിനഞ്ചോ മിനുട്ട് നടന്ന്, അവൻ ക്ലാസിൽ വന്നുപോയി. സമയം കുറവായിരുന്നതിനാൽ, കഴിയാവുന്നത്ര പഠിപ്പിച്ചുതരാമെന്നേ ഏറ്റിരുന്നുള്ളു പതിഞ്ഞ മട്ടും പഠിക്കാൻ കാണിച്ച മിടുക്കും വഴി പെട്ടെന്ന് ദിവാ പ്രിയശിഷ്യനായി.
ക്ലാസ് കഴിഞ്ഞാലും അവന് പോകാൻ മടിയായിരുന്നു
“സാർ എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കു … …കേട്ടിരിക്കാൻ എനിക്കിഷ്ടമാണ്..”
വായിക്കുകയും ചെറിയ കഥകൾ എഴുതുകയും ചെയ്യുമായിരുന്നു ദിവാ
“അത്യാവശ്യസാധനങ്ങൾ വാങ്ങിക്കാൻ – ബില്ലുകളടയ്ക്കാൻ – ടിക്കറ്റ് ബുക് ചെയ്യാൻ – ഒക്കെ, എന്നെ ഏൽപ്പിച്ചാൽ മതി,സർ !.”
അക്കാലത്ത് ഞങ്ങളുടെ സമയത്തിലൊരു നല്ല ഭാഗം കൊണ്ടുപോയിരുന്ന ജോലികളായിരുന്നു അവ.
അടുത്തുള്ള കടയിലേയ്ക്ക് ഇറങ്ങിയതായിരുന്നു ഞങ്ങൾ…
“സാർ ബുദ്ധിമുട്ടണമെന്നില്ല…. വരുമ്പോഴോ പോകുമ്പോഴോ എനിക്ക്, വഴിയിൽ, ചെയ്യാവുന്നതേയുള്ളു…”..
വായിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ പലപ്പോഴും അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു. കൊല്ലങ്ങളായി അതങ്ങനെയായിരുന്നു എന്നറിഞ്ഞപ്പോൾ, സുഹൃത്തായിരുന്ന സ്‌പെഷലിസ്റ്റിനെ കാണിച്ചു. ഓപ്റ്റിക് നെർവുകളുടെ ക്ഷീണമല്ലാതെ കുഴപ്പമൊന്നും ഡോക്റ്റർ കണ്ടില്ല. കാഴ്ചയ്ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.ഭക്ഷണത്തിൽ അവശ്യം ഉൾപ്പെടുത്തേണ്ട പച്ചക്കറികളെ കുറിച്ചും മാംസ വിഭവങ്ങളെ കുറിച്ചും വിശദമായ ഒരു ക്ലാസ് എടുത്തതിന് ശേഷം ഡോക്റ്റർ, കൺഞരമ്പുകളെ പുഷ്ടിപ്പെടുത്താൻ വ്യായാമമുറകളും നിർദ്ദേശിച്ചു..
“ * തൊട്ടു മുന്നിൽ വലിയ ഒരു ക്ളോക്ക് സങ്കൽപ്പിക്കുക…കണ്ണടച്ചുപിടിച്ച് അതിലെ പന്ത്രണ്ടിൽ നോട്ടം ഉറപ്പിച്ച് ,ഒന്നുമുതൽ പത്തുവരെ എണ്ണുക…തലയനക്കാതെ നോട്ടം മൂന്നിലേയ്ക്കും ആറിലേയ്ക്കും ഒമ്പതിലേയ്ക്കും പന്ത്രണ്ടിലേയ്ക്കും മാറ്റുക…ഓരോ സ്ഥലത്തും പത്തുവരെ എണ്ണുക…അങ്ങനെ അഞ്ചുതവണ —
ഒന്ന് വിശ്രമിച്ച്, ആവർത്തിക്കുക-
ഇപ്രാവശ്യം അപ്രദക്ഷിണമായി…
** മുന കൂർപ്പിച്ച ഒരു പെൻസിൽ, കണ്ണിൽ നിന്ന് ആകാവുന്നത്ര ദൂരെ പിടിച്ച്, മുനയിൽ നോട്ടമുറപ്പിച്ച് അടുത്തേയ്ക്ക് കൊണ്ടുവരുക…ഒരു ഘട്ടത്തിൽ ഒന്നിന് പകരം രണ്ട് മുനകൾ കണ്ടുതുടങ്ങും… അവിടെ നിർത്തി, കണ്ണുകളെ ‘ബുദ്ധിമുട്ടിച്ച്’ അവയെ ‘ഒന്നാ’ക്കുക …പെൻസിൽ ആദ്യസ്ഥാനത്ത് എത്തിച്ച്, വ്യായാമം തുടരുക…ഇതും പത്ത് തവണ…“
രണ്ടര മാസത്തെ ക്ലാസിനേ സമയം കിട്ടിയുള്ളൂ. പരീക്ഷ തൃപ്തികരമായി എഴുതി എന്നും നല്ല മാർക്ക് കിട്ടി എന്നും വന്നുപറഞ്ഞപ്പോഴും ‘ക്ഷമിക്കണം!’ എന്ന മട്ടായിരുന്നു. പിന്നീടൊരിക്കൽ, ബിരുദപഠനത്തിനു ചേരണമെന്നും അതിന് ആരെയും സാമ്പത്തികമായി ആശ്രയിക്കരുതെന്നും ഉണ്ടെന്നും അതുകൊണ്ട്, ക്ലാസില്ലാത്ത സമയങ്ങളിൽ പാർട്ട് ടൈമായി ചെയ്യാവുന്ന എന്തെങ്കിലും ജോലി സമ്പാദിക്കാൻ സഹായിക്കണമെന്നും ആഗ്രഹങ്ങൾ പറഞ്ഞു ……
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ്, ഒന്ന് മയങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. ചാരിക്കൊണ്ടിരുന്ന വാതിൽ തള്ളിത്തുറന്ന് പൊടുന്നനെ അകത്തെത്തിയ ദിവാ പറഞ്ഞു:
“നാട്ടിൽ നിന്ന് മൂത്ത ഏട്ടനും ഏട്ടത്തിയമ്മയും എത്തിയിട്ടുണ്ട്.. എന്നെ കൈയോടെ കൊണ്ടുപോകാനാണവർ വന്നിരിക്കുന്നത്…… പഠിക്കണം… നല്ല ജോലി സമ്പാദിക്കണം… നാട്ടിൽ പോയാൽ രണ്ടും നടക്കില്ല…. വീട്ടിലെ കൃഷിപ്പണികളിൽ സഹായിച്ച്, ‘നാട്ടുകാര്യസ്ഥത’യുമായി ജീവിതം കഴിക്കേണ്ടിവരും. എനിക്കത് വയ്യ.”.
ഇരുന്ന് സംസാരിക്കാൻ അവന് ധൈര്യമുണ്ടായിരുന്നില്ല.
“എന്നെ അന്വേഷിച്ച് ഏത് നിമിഷവും അവർ സാറിൻറെ അടുത്ത് വരും..ഞാൻ ഇന്നലെ നാട്ടിലേയ്ക്ക് പോയി എന്ന് മാത്രം പറഞ്ഞാൽ മതി ! പിന്നെ വന്നുകണ്ട്‌ ഞാൻ സാറിനോട് കാര്യം വിശദമായി പറയാം..”
പിറ്റേന്ന് രാവിലെ അവർ വന്നു. ഏട്ടനും ഏട്ടത്തിയമ്മയും – സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ദിവായെ കുറിച്ച് ചോദിച്ചു.അവൻ നാട്ടിലേയ്ക്ക് പോയി എന്ന എൻറെ വാക്കുകൾ അവർ വിശ്വസിച്ചതായി തോന്നിയില്ല.ദിവായെ കുറിച്ച് എൻറെ അഭിപ്രായം അറിയേണ്ടിയിരുന്നു അവർക്ക്.
മോശമായി ഒന്നും പറയാനില്ലെന്ന് പറഞ്ഞുനിർത്തുന്നതിനു മുൻപ് അയാൾ ചോദിച്ചു.
“സാറിൻറെ ഫീസ് തന്നോ അവൻ ?”
അതിന് മറുപടി പറയേണ്ടതുണ്ടോ എന്ന ആലോചനയിൽ അൽപനേരം മിണ്ടാതിരുന്ന് ഞാൻ പറഞ്ഞു.
“……അഞ്ഞൂറ് രൂപയാണ് പറഞ്ഞിരുന്നത് …രണ്ടു തവണകളായി അവനത് തന്നുതീർത്തു —!”
അവർ പരസ്പരം നോക്കി…പിന്നെ ഇടതുഭാഗത്തേയ്ക്ക് ചെരിഞ്ഞ ഒരു ചെറുചിരിയോടെ, രഹസ്യം പറയുന്നതുപോലെ, അയാൾ ചോദിച്ചു: .
“ സാറിന് തരാനായി ഞങ്ങളുടെ അച്ഛന്റെ കൈയിൽ നിന്ന് അവൻ എഴുതി വാങ്ങിയത് എത്രയാണെന്ന് സാറിന് അറിയണോ .?”
ഒരു നിമിഷം നിർത്തി ചെറുപ്പക്കാരൻ തുടർന്നു :
”…രണ്ടായിരം രൂപ .!”
“ങ്ഹെ!……….. ഞാനത് വിശ്വസിക്കുന്നില്ല…!”
എൻറെ സ്വരത്തിലെ നീരസം അവർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടാവണം. എനിക്ക് ദിവായെ വിട്ടുകൊടുക്കാൻ ആവുമായിരുന്നില്ല.അതും അവരറിയണം.
“അതാണ്, സർ, അവൻറെ വിജയം…സ്‌കൂളിൽ പഠിപ്പിച്ച മാഷന്മാർക്കും നാട്ടുകാർക്കൊക്കെയും അവൻ കണ്ണിലുണ്ണിയാണ്…തെറ്റ് ചെയ്യാനറിയാത്ത പാവമാണ്…അത് പോട്ടെ, പരീക്ഷയിൽ ജയിച്ചു എന്ന് പറഞ്ഞില്ലേ ..? മാർക്ക് ലിസ്റ്റോ സർട്ടിഫിക്കറ്റോ കൊണ്ടുവന്നു കാണിച്ചോ, സാറിനെ ? “
ഇല്ലെന്ന് ഞാനോർത്തു.അതിൽ അസ്വാഭാവികതയുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച അവരെ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.:
“ഇനി വരുമ്പോൾ ഞാൻ ചോദിക്കും …അവനത് കൊണ്ടുവന്ന് കാണിക്കും – എനിക്ക് ഉറപ്പുണ്ട്…”
പിരിയുന്നതിനു മുൻപ് അയാൾ എനിക്ക് കൈ തന്നു..എന്നിട്ട്, ശബ്ദം താഴ്ത്തി, സ്‌നേഹപൂർവം, മുന്നറിയിപ്പിൻറെ സ്വരത്തിൽ പറഞ്ഞു –
“ മാഷിൻറെ വിശ്വാസം മാഷെ രക്ഷിക്കട്ടെ…ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള നല്ല മനസ്സ് എൻറെ അനിയനുണ്ടാവുകയും ചെയ്യട്ടെ…സാറിനെ കുറിച്ച് മതിപ്പോടെയാണ് ദിവാ സംസാരിക്കാറ് —അവന് വലിയ കാര്യമാണ് നിങ്ങളെ …എങ്കിലും മാഷ് സൂക്ഷിക്കണം.. അവനുമായി കാര്യമായ ഇടപാടുകൾ വേണ്ട….ഒരു പരിധിക്കപ്പുറം ഒന്നിനും അവനെ ….വിശ്വസിക്കരുത്.. സ്വന്തം അനിയനാണ് – എന്നാലും എനിക്കിത് പറയാതെ വയ്യ..”
അയാൾ ആ ‘ഒന്നി’ൽ വല്ലാതെ ഊന്നി!
രണ്ട് ദിവസം കൂടി കഴിഞ്ഞ്, വീട്ടിലുള്ളവർ കോളേജിലേക്കും ഓഫീസിലേയ്ക്കും പോയ സമയത്ത് ദിവാ വീണ്ടും പ്രത്യക്ഷപ്പെട്ടു…
ഏട്ടനും ഏട്ടത്തിയമ്മയും പറഞ്ഞതത്രയും ഞാൻ അവനെ അറിയിച്ചു. എനിക്ക് ഒന്നും മറച്ചുവെയ്ക്കണമെന്ന് തോന്നിയില്ല.
പതിവുപോലെ, ക്ഷമ ചോദിക്കുന്ന മട്ടിൽ, വേദന നിറഞ്ഞ പുഞ്ചിരിയുമായി, നിശ്ശബ്ദം അവൻ കേട്ടിരുന്നു – പിന്നെ, മടിച്ചുമടിച്ച് പറഞ്ഞു :
“ …സാറിന് എന്നെക്കുറിച്ച് എന്ത് തോന്നി എന്നറിയില്ല…!”
“എൻറെ അഭിപ്രായം….ഒരിക്കലും തിരുത്തില്ല എന്നൊന്നും ഞാൻ പറയില്ല, ദിവാ ..ഇങ്ങനെ ഒരാൾ വന്നുപറഞ്ഞതു കൊണ്ട് മാത്രം എന്തായാലും അങ്ങനെ ഉണ്ടാവില്ല ..”ഞങ്ങളുടെ കുടുംബ സുഹൃത്ത്, ജോസ് സ്വന്തം സ്ഥാപനത്തിൽ മാർക്കറ്റിങ് ട്രെയ്‌നിയായി ദിവായ്ക്ക് ജോലി കൊടുത്തു. Automatic Water Pump Controller ൻറെ മാർക്കറ്റിങ്ങും വിൽപ്പനയും ആയിരുന്നു ജോലി –
ദിവായെ പോലൊരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിക്കൊടുത്തതിന്, പിന്നീട് കണ്ടപ്പോൾ, ജോസ് ആവർത്തിച്ച് നന്ദി പറഞ്ഞു. :
“ഓഫീസിന് മൊത്തം ഒരുണർവ് വന്നതുപോലെ ! രാവിലെ ആദ്യം ജോലിക്കെത്തുന്നത് അവനാണ്. ബാഗും ലഘുലേഖകളുമായി ഫീൽഡിലേക്കിറങ്ങിയാൽ മൂന്ന് മണി വരെ വീടുകൾ കയറിയിറങ്ങിയുള്ള തകൃതിയായ മാർക്കറ്റിങ് തന്നെയാണ്. ഫീൽഡ് വർക്കിലുള്ള ആരും ചെയ്യാത്തത്ര വിസിറ്റ്‌സ് ദിവാകുമാർ നടത്തുന്നുണ്ട്. അവയിൽ നല്ലൊരു ശതമാനം പേർ ഡിവൈസിൻറെ ലൈവ് ഡെമോൺസ്റ്റ്രേഷന് തിയ്യതി ബുക് ചെയ്യുന്നതിൻറെ മുന്നോടിയായി ഒരു വിസിറ്റിനു കൂടി അവനെ ക്ഷണിച്ചിട്ടുണ്ട്… ചിലപ്പോൾ മൂന്നാമതൊരു വിസിറ്റ് കൂടി വേണ്ടിവന്നേക്കാം. ദിവസവും ചെയ്ത ജോലിയുടെ റിപ്പോർട്ട് തന്നുകഴിഞ്ഞ്, ഓഫീസ്‌ കാര്യങ്ങളിലും, അവൻ സഹായിക്കാറുണ്ട്, അതവൻറെ ജോലിയല്ലെങ്കിലും.! ദിവസച്ചെലവിന് കൊടുക്കുന്ന പൈസയിൽ ബാക്കിയുണ്ടെന്ന് പറഞ്ഞ്, ഒന്നിടവിട്ട ദിവസങ്ങളിലേ പൈസ വാങ്ങിക്കാറുള്ളു. അസാധാരണമായ പ്രവർത്തന സന്നദ്ധതയും അച്ചടക്കവും ആത്മാർത്ഥതയുമുള്ള ചെറുപ്പക്കാരൻ.!”
അമ്മാമൻറെ വീട്ടിൽ സ്വസ്ഥമായിരുന്ന് വായിക്കാനോ പഠിക്കാനോ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ ജോസാണ് ഓഫീസിനടുത്ത് ലോഡ്ജിൽ സഹപ്രവർത്തകനോടൊപ്പം ദിവായ്ക്ക് താമസസൗകര്യമൊരുക്കി ക്കൊടുത്തത് …
ക്ലാസില്ലാത്ത സമയം നോക്കി ഒരു ദിവസം സന്ധ്യ കഴിഞ്ഞ് ജോസ് വീട്ടിൽ വന്നു. ക്ളാസുകളെ കുറിച്ചും ബിസിനസ്സിനെ കുറിച്ചുമുള്ള പതിവ് കുശലപ്രശ്നങ്ങൾക്ക് ശേഷം മടിച്ചുമടിച്ച് ജോസ് ചോദിച്ചു:
“സാറിന്….ദിവാകുമാറിനെ… എത്രകാലമായി അറിയാം..?”
കഥ മുഴുവൻ പറഞ്ഞുകഴിഞ്ഞ് ഞാൻ ചോദിച്ചു… :
” എന്തേ…ഓഫീസിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ …?”
“….. ഓഫീസിൽ ഒരു പ്രശ്നവും ഇല്ല.. ജോലി നന്നായിത്തന്നെ പോകുന്നു… മുറിയിൽ കൂടെ താമസിക്കുന്ന, ശിവജി, ഒരു…ഒരു .. പരാതിയുമായി വന്നു…. അയാളുടെ പോക്കറ്റിൽ നിന്ന് കുറച്ച് പൈസ നഷ്ടപ്പെട്ടു.. ദിവാ അല്ലാതെ ആരും മുറിയിൽ വന്നിട്ടില്ല.എന്നയാൾ ഉറപ്പിച്ചു പറയുന്നു..”
“… അത് ചെലവായതോ മറ്റെവിടെയെങ്കിലും നഷ്ടപ്പെട്ടതോ ആയിക്കൂടേ…?”
“ഞാനത് ചോദിച്ചു… രണ്ട് തവണ പൈസ നഷ്ടപ്പെട്ടതിനു ശേഷം പരീക്ഷിക്കാനായി പോക്കറ്റിൽ ഇട്ടുവെച്ച ഇരുപത് രൂപ കൂടി പോയതിനു ശേഷമാണ് പരാതിയുമായി വന്നതെന്ന് അയാൾ പറയുന്നു…”
“ഞാൻ അവനുമായി സംസാരിക്കട്ടേ..?”
എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു..
“….മാഷ് ഇപ്പോൾ ചോദിക്കണ്ട….എനിക്ക് മനസ്സിലാവാത്തത്…, ദിവസച്ചെലവുകൾക്ക് പൈസ കൊടുത്താൽ വേണ്ടെന്ന് പറയുന്ന ദിവാ എന്തിനാണ് ചെറിയ തുകകൾ……വളരെ ചെറിയ തുകകൾ മോ..ഷ്ടി..ക്കു..ന്ന.. തെന്നാണ്. അവൻ സിഗററ്റ് വലിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഒരിക്കലും മദ്യപിച്ചുകണ്ടിട്ടില്ലെന്ന് ശിവജി പറയുന്നു. സഹപ്രവർത്തകരോടായാലും കൂട്ടുകൂടി ചുറ്റുന്ന പ്രകൃതവുമല്ല…സിനിമയും ഹോട്ടലും ഒന്നും ശീലമല്ല എന്ന് അയാൾക്ക് തീർച്ചയാണ്.. പിന്നെ എന്തിനാണ്…..അതാണെനിക്ക് മനസ്സിലാവാത്തത്…. ? “
“ അവിടെ നിന്ന് താമസം മാറ്റാൻ പറയുന്നോ ?”
“അയാൾ പറയുന്നത് അതിൻറെ ആവശ്യമില്ലെന്നാണ്..മറ്റെല്ലാ തരത്തിലും അതൊരു നല്ല സൗഹൃദമാണത്രെ ! വിലപ്പിടിപ്പുള്ള ഒന്നും അയാളുടെ കൈവശമില്ല.. അപ്പോൾ പണം മാത്രം സൂക്ഷിച്ചാൽ പോരേ …? ജീവിതത്തെ പറ്റി ഒരുപാട് ശുഭപ്രതീക്ഷകൾ വെച്ചുപുലർത്തുന്ന ദിവാ, അയാളെ പോലുള്ളവർക്ക് ഒരു വലിയ പ്രചോദനമാണ് പോലും! ’തോൽ‌വിയിൽ തളരരുത്’ എന്ന് ഉണർന്ന ഉടനെയും ഉറങ്ങുന്നതിനു തൊട്ടുമുൻപും സ്വയം പറഞ്ഞു ശീലിക്കണം എന്ന അയാളുടെ ഉപദേശം തനിക്ക് വലിയ ഗുണം ചെയ്യുന്നുണ്ട് എന്ന് ശിവജി വിശ്വസിക്കുന്നു…!”
ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കണ്ടപ്പോൾ ഞാൻ ദിവായോട് ജോലിയുടെ വിശേഷങ്ങൾ അന്വേഷിച്ചു .. . കാൽക്കുലസ്സിലേയും തൃകോണമിതിയിലേയും സംശയങ്ങൾ നിവർത്തിക്കാൻ ഒറ്റപ്പെട്ട ക്ളാസുകൾ എടുത്തു –
ക്ലാസ് എടുക്കാൻ വെള്ള കടലാസിനു പകരം ഉപയോഗിച്ച് കഴിഞ്ഞ കമ്പ്യൂട്ടർ ഷീറ്റുകളുടെ കെട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ലാഭകരമായ രീതി ദിവാ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ആ ദിവസങ്ങളിലാണ്..
ലീക് ഉണ്ടായിരുന്ന ടാപ്പിന് പുതിയ വാഷർ ഇട്ടുശരിയാക്കിത്തന്നതും അപ്പോഴാണ്.
“അമ്മാമൻറെ വീട് നിർമ്മാണം നടക്കുന്നിടത്ത് ഇത് ആവശ്യത്തിലധികം ഉണ്ടാവും. അതിൽ നിന്ന് ഒന്നെടുത്തുകൊണ്ടുവന്ന് ഞാൻ ശരിയാക്കിത്തരാം. ഇങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും പ്ലംബറേയും ഇലക്ട്രിഷ്യനേയും വിളിക്കണ്ട, സർ!…ഒരുവിധം പടുപണികളൊക്കെ പഠിച്ചുവെച്ചിട്ടുണ്ട് !” .
അത്രയേ ഞങ്ങൾ തമ്മിൽ ഉണ്ടായുള്ളൂ.
ആഴ്ചകൾക്ക് ശേഷം ജോസ് വീണ്ടും വന്നത് ദിവായേയും കൂടെ കൂട്ടിക്കൊണ്ടായിരുന്നു. മുഖവുരയില്ലാതെ ജോസ് പറഞ്ഞു :
” മാഷേ…. എനിക്ക് ഇയാളെ അമ്മാമൻറെ കൈയിൽ ഏൽപ്പിച്ച് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയണം….”
പതിവ് ചിരിയുമായി നിന്നതല്ലാതെ ദിവാ ഞാൻ നിർബന്ധിച്ചിട്ടും ഇരുന്നില്ല…ജോസ് പറഞ്ഞതിതാണ്.. :
‘ഒരുപാട് ഓർഡറുകൾ ശരിയാവുന്നു എന്ന് പറയുന്നതല്ലാതെ ഒരു ഐറ്റവും വിൽക്കാൻ ദിവാകുമാറിന് ഇതേവരെ കഴിഞ്ഞിട്ടില്ല…ഒരു തുടക്കക്കാരനെ അതിൽ കുറ്റപ്പെടുത്താനാവില്ല. അതിൽ എനിക്ക് പരാതിയുമില്ല…ജോലി നഷ്ടപ്പെടാതിരിക്കാൻ അല്ലറചില്ലറ നുണ പറഞ്ഞു എന്നതും ഞാൻ കാര്യമാക്കുന്നില്ല …അതൊരു പതിവാണ് .ഒരു കാലത്ത് ഞാനും പയറ്റിയിട്ടുണ്ട് ആ മുറകൾ..പക്ഷേ, ശിവജിയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു സംശയനിവൃത്തി വരുത്തണമെന്ന് തോന്നി. ഇയാളെ അറിയിക്കാതെ നേരിട്ടിറങ്ങി ഒരന്വേഷണം നടത്തി. ഞാൻ ഞെട്ടിപ്പോയി, മാഷേ. രണ്ടും മൂന്നും കൂടിക്കാഴ്ചകൾക്ക് ശേഷം അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ AWPC യൂണിറ്റ് വാങ്ങുമെന്ന് ഉറപ്പ് പറഞ്ഞിരുന്ന വീടുകളിൽ ഒന്നിലും ആരും ഒന്നും ഏറ്റിരുന്നില്ല.. ചിലർ, അങ്ങനെയൊരു പദ്ധതിയുമായി ഒരു തവണ ഒരാൾ വന്നതും സംസാരിച്ചതും അവ്യക്തമായി ഓർമ്മിച്ചു. മറ്റുള്ളവർ , അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. മൂന്ന് തവണ കണ്ട് സംസാരിച്ച്, കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു എന്ന് ഇയാൾ പറഞ്ഞവരിൽ ഒരു ഡോ. മാത്യു റോയ് കഴിഞ്ഞ രണ്ടുകൊല്ലമായി യു എസ് എ യിലാണ് – അന്ന് മുതൽ വീട് ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുകയുമാണ് !’
ഞാൻ ദിവായെ നോക്കി – ‘പൊറുക്കണം ‘ എന്ന ആ ചിരി മാത്രം !
‘ഇപ്പോൾ വന്നത് മറ്റൊരു പ്രശ്നവുമായാണ്..ഇത്തവണ ശമ്പളത്തോടൊപ്പം ഒരു തുക മുൻ‌കൂർ കൈപ്പറ്റിയിരുന്നു. അതും വാങ്ങി പോയയാളെ പിന്നെ കാണുന്നത് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്നാണ്. അസുഖമായിരുന്നെന്നും അമ്മാമൻറെ വീട്ടിൽ വിശ്രമിക്കുകയായിരുന്നെന്നും പറഞ്ഞത് വിശ്വസിക്കാം. എന്നെ വിളിച്ച് അറിയിക്കാതിരുന്നതിന്, എങ്ങനെയൊക്കെ ചോദിച്ചിട്ടും വിശ്വസനീയമായ ഒരു കാരണം പറയാനില്ല… സത്യം പറഞ്ഞാൽ, ഈ കാണുന്ന ആളല്ല ശരിക്കുള്ള ദിവാകുമാർ എന്നൊരു ഭയം, മനസ്സിൽ .. ..! എനിക്ക് വീടറിയാം.. എന്നാലും, മാഷും കൂടി ഒന്ന് വരണം അതുവരെ…’
നടക്കുന്നതിനിടെ ജോസിനോട് മുന്നിൽ പോകാൻ നിർദ്ദേശിച്ച് ഞാൻ ദിവായെ നേരിട്ടു.:
“ദിവായുടെ ശരിയായ പ്രശ്നം എന്താണെന്ന് പറയണം – അതെന്തായാലും നമുക്ക് പരിഹാരം കാണാം – ഞാൻ കൂടെ നിൽക്കും. എന്തിനാണ് ആൾക്കാരെ മുഷിപ്പിക്കുന്നത് ? തീരെ ദുർബലമായ ഒരടി പോലും താങ്ങാൻ ഉള്ള ആരോഗ്യം ഇല്ലാത്ത അവസ്ഥയിൽ എന്തിനാണ് സഹായിക്കാൻ തയ്യാറുള്ളവരെ നീരസപ്പെടുത്തുന്നത് ? എന്തിനാണ് നുണ പറയുന്നത് ?”
വാക്കിലും പ്രവൃത്തിയിലും, അടുത്ത നിമിഷം കണ്ടുപിടിക്കപ്പെടാവുന്ന കളവുകൾ കൊണ്ട് എന്തായിരുന്നു ദിവായ്ക്ക് നേടാൻ ഉണ്ടായിരുന്നത് ? അദ്‌ഭുതപ്പെടുത്തിയ മറ്റൊരു കാര്യം എന്തുകൊണ്ട് ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഒരു കൊച്ചുകുട്ടിയായി അവൻ ഞങ്ങളോടൊപ്പം നടന്നുവന്നു എന്നതാണ്.അനായാസം അവന് വഴിപിരിഞ്ഞ് പോകാമായിരുന്നു —
റോഡിൽ നിന്ന് അമ്മാമൻറെ വീട്ടിലേയ്ക്കുള്ള തിരിവ് തിരിഞ്ഞ് പത്തടി നടന്നപ്പോൾ അവൻ നിന്നു :
“സർ –”
എൻറെ കൈവിരൽത്തുമ്പുകളിൽ ക്ഷമ ചോദിക്കുന്ന മട്ടിൽ രണ്ട് കൈകൊണ്ടും തൊട്ടുകൊണ്ട് അവൻ പറഞ്ഞു:
“സർ … ഒരാഴ്ചയായി ഇവിടെയായിരുന്നു എന്ന് വെറുതെ പറഞ്ഞതാണ് .ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല !”
ഞാൻ ഞെട്ടി –
“… പിന്നെ…? പിന്നെ, എവിടെയായിരുന്നു, ദിവാ .. ?…”
ചിരിയല്ലാതെ മറുപടിയില്ല ! ………..
അമ്മാമൻ ഇങ്ങനെയൊരു സന്ദർഭം നേരിടുന്നത് ആദ്യമായല്ലെന്ന് തോന്നി..
“…സാറിനെന്തെങ്കിലും നഷ്ടം പറ്റിയോ ?”
ജോസാണ് മറുപടി പറഞ്ഞത്. :
“മാഷക്ക് ഒന്നും പോയില്ല – എനിക്കൊരു എഴുനൂറ് രൂപ നഷ്ടമായി..അത് പോട്ടെ ..ബിസിനസ്സിൽ അതൊരു നഷ്ടമായി കണക്കാക്കാനില്ല “
പിറ്റേന്ന് തന്നെ ദിവായെ അവർ നാട്ടിലേയ്ക്ക് അയച്ചു. നാട്ടിലെത്തിയ വിവരത്തിന് ബന്ധുവിൻറെ കമ്പിയും കിട്ടി– വിവരം ജോസിൽ നിന്നാണ് ഞാനറിഞ്ഞത്
“പോകുന്നതിനു മുൻപ് ആശാൻ എവിടെനിന്നോ എന്നെ വിളിച്ചിരുന്നു….”
ജോസ് പറഞ്ഞു —
‘സാറിൻറെ മുന്നിൽ എന്നെ കള്ളനാക്കിയതിന് ഞാൻ നിങ്ങളെ വെറുതെ വിടുമെന്ന് കരുതണ്ട ..’ എന്ന മുന്നറിയിപ്പ് തരാൻ…….!”
അയാൾ പ്രകടമായ നീരസത്തോടെ ചിരിച്ചു.
ദിവാ സ്ഥലം വിട്ടതിനുശേഷം രംഗത്തെത്തിയ രണ്ട് ചെറുപ്പക്കാരികൾ കഥയെ അസംബന്ധതലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോയി –
എൻറെ ഉച്ചമയക്കത്തിൻറെ ആലസ്യത്തിലേയ്ക്ക്, ‘ദിവായുടെ സാറല്ലേ..?’ എന്ന ചോദ്യവുമായാണ് ആദ്യത്തെയാൾ കയറിവന്നത്..മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള, അഭ്യസ്തവിദ്യയായ യുവതി – കൂടെ ഒരു അഞ്ച് വയസ്സുകാരനും..ദിവാ പറഞ്ഞുകേട്ട് എന്നെ അവൾക്ക് അടുത്തറിയാം..എൻറെ ക്ളാസുകളെ കുറിച്ച് അന്വേഷിച്ചു – അത് കഴിഞ്ഞ് എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് എൻറെ ആരോഗ്യത്തെ കുറിച്ചും !..
ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൌണ്ടൻറ് ആയി ജോലി നോക്കുകയാണെന്ന് പറഞ്ഞു. ഭർത്താവ് കെ എസ് ആർ ടി സി യിൽ കണ്ടക്റ്ററാണ്.
ഒരു രശീതി എൻറെ നേരെ നീട്ടി വിനയത്തോടെ അവൾ ചോദിച്ചു…
” ആവശ്യം കഴിഞ്ഞാൽ…ഇതൊന്ന് എടുത്ത് തരുമോ സർ..? അനിയത്തിയുടെ കല്യാണമുണ്ട് “രണ്ടായിരം രൂപയ്ക്ക് അവളുടെ മാല, അടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചതിൻറെ രശീതിയായിരുന്നു അത്..!’ആസ്പത്രിയിൽ ചികിത്സച്ചെലവിന് പണമില്ലാതെ ഞാൻ വിഷമിച്ചുവെന്നും എനിക്കായി, ഞാൻ പറഞ്ഞതനുസരിച്ച്, ദിവാ അവളുടെ മാല വാങ്ങിക്കൊണ്ടു വന്നുവെന്നും ഞാനത് പണയം വെച്ചുവെന്നുമാണ് അവൾ പറയുന്നത് എന്ന് മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയമെടുത്തു.
അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആ മട്ടിലൊരു ധനസഹായം ആവശ്യം വരുന്ന അവസ്ഥയിലല്ലെന്നും അവളെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് അതിലധികം സമയമെടുക്കേണ്ടിവന്നു –
അവൾ, പാവം, പിന്നീട് എന്തു ചെയ്തു എന്നെനിക്കറിയില്ല……….
ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ്, ഒരു രാവിലെ വിശാലമായി ചിരിച്ചുകൊണ്ട് ജോസ് വീട്ടിൽ വന്നു:
“ അര മണിക്കൂർ മുൻപ് അന്വേഷിച്ചറിഞ്ഞ് ദിവാകുമാറിൻറെ സഹോദരി ഓഫീസിൽ വന്നു – നല്ല ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന പരിഷ്‌കാരിയായ സ്ത്രീ- അനിയൻറെ കടം തീർക്കാൻ വന്നതാണെന്ന് പറഞ്ഞു. എഴുനൂറു രൂപ തന്നു.. എന്തെങ്കിലും ബാക്കിയുണ്ടോ എന്നന്വേഷിച്ചു. …ഞാൻ നന്ദി പറഞ്ഞു .. ബുദ്ധിമുട്ടിച്ചതിന് (ഞാനല്ല അതിനുത്തരവാദിയെങ്കിലും) ക്ഷമ ചോദിച്ചു. “മുഖത്തെ ചിരി മായ്ച്ചുകളഞ്ഞ്, വലതുകൈയിലെ ചൂണ്ടുവിരൽ ഉയർത്തി അവൾ പറഞ്ഞു : “ഇനി എന്തെങ്കിലും തരത്തിൽ എൻറെ അനിയനെ ഉപദ്രവിച്ചാൽ താങ്കൾ പശ്ചാത്തപിക്കേണ്ടിവരും!” ..
വിവരം അറിയിച്ചപ്പോൾ അമ്മാമൻ നിഷേധാർത്ഥത്തിൽ തലയാട്ടി :
“ദിവായ്ക്ക് സഹോദരിമാരില്ല, സാറേ !! അവർ നാലാണുങ്ങൾ ആണ് ! ഇവിടെ, ഈ സിറ്റിയിൽ, അവൻറെ ബന്ധുക്കൾ ഞങ്ങൾ മാത്രമാണ്.! “
ആരായിരുന്നു ആ സ്ത്രീ? എന്തിനായിരുന്നു വെറുതെ അവർ എഴുനൂറ്‌ രൂപ നഷ്ടപ്പെടുത്തിയത്..?
കൊട്ടിക്കലാശം വരുന്നേ ഉണ്ടായിരുന്നുള്ളു
ആഴ്ചകൾക്ക് ശേഷം, ഒരു രാത്രിയിൽ പരിഭ്രാന്തനായി ജോസ് വീട്ടിൽ വന്നു.
“മാഷേ.. പോലീസ് സ്റ്റേഷനിൽ ദിവാകുമാറിനെതിരെ പരാതി എഴുതിക്കൊടുത്തിട്ടാണ് ഞാൻ വരുന്നത്..! ഇന്നലെയോ മിനിയാന്നോ അയാൾ നഗരത്തിൽ എത്തിയിരുന്നിരിക്കണം . അഞ്ചിടങ്ങളിലായി ഞങ്ങളുടെ യൂണിറ്റുകൾ ഘടിപ്പിച്ച അഞ്ച് വീടുകളിൽ കമ്പനിയുടെ പ്രതിനിധിയായി കയറിച്ചെന്നിരിക്കുന്നു.. ചട്ടപ്രകാരമുള്ള പരിശോധനയ്ക്കും മേൽനോട്ടജോലികൾക്കുമായാണ് എത്തിയതെന്ന് ബോദ്ധ്യപ്പെടുത്തി, ഡിവൈസിൻറെ ഒരു സെൻസർ തകരാറിലാക്കി സ്ഥലം വിട്ടിരിക്കുന്നു… അഞ്ചിടത്തും സംപിലെ വെള്ളം നിറയുന്ന മുറയ്ക്ക് ഓവർഹെഡ് ടാങ്കിലേയ്ക്ക് പമ്പ് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു . കവിഞ്ഞൊഴുകിയ വെള്ളം പരിസരം മുഴുവൻ ഒഴുകിപ്പരന്നത് കണ്ട്, പരിഭ്രമിച്ച വീട്ടുകാരും അയൽക്കാരും എന്നെ അന്വേഷിച്ച് എത്തുകയായിരുന്നു…”
ആ പരാതിയിൽ തുടർന്നെന്തെങ്കിലും നടന്നോ എന്നറിയില്ല…….
അധികം താമസിയാതെ നഗരത്തിൻറെ മറ്റൊരറ്റത്തേയ്ക്ക് ഞങ്ങൾ താമസം മാറ്റി. മൊബൈൽ ഫോണുകൾക്ക് മുൻപുള്ള കാലം.. വീടുകളിൽ ലാൻഡ് ലൈൻ ഫോണുകൾ അത്യപൂർവമായിരുന്നു. ജോസുമായുള്ള സൗഹൃദം തപാൽ വഴി തുടരുകയുമുണ്ടായില്ല.
ദിവായുടെ സ്വഭാവം പോലെ എന്നെ അദ്‌ഭുതപ്പെടുത്തുന്ന ഒരു കാര്യം, ഇത്രയൊക്കെ കഴിഞ്ഞിട്ടും ദിവായോട് വെറുപ്പോ ദേഷ്യമോ എനിക്കില്ലെന്ന തിരിച്ചറിവാണ്- ഏട്ടൻ പറഞ്ഞതുപോലെ അതാണവൻറെ വിജയം എന്ന് എഴുതി രാജിയാവാൻ എനിക്കാവുന്നില്ല എന്ന അസ്വസ്ഥതയാണ് . ദുരൂഹതയുടെ പരിവേഷം നേടിയെടുക്കാൻ നടത്തിയ തട്ടിപ്പിനും വെട്ടിപ്പിനും പിന്നിൽ യഥാർത്ഥ ദിവാകുമാർ മറ്റൊരാളായിരുന്നു എന്നാണ്, ജോസ് പറഞ്ഞ അർത്ഥത്തിലല്ലെങ്കിലും, ഞാനും വിശ്വസിക്കുന്നത്….
പുറമേയ്ക്ക് കാണുന്ന നന്മയല്ല യഥാർത്ഥ ദിവാ എന്നായിരുന്നു ജോസിൻറെ അഭിപ്രായം.പുറമേയ്ക്ക് കാണുന്ന തിന്മയുമല്ല എന്നത് എൻറേയും. രണ്ടും ശരിയാണ് എന്ന് ഈ നിമിഷവും ഞാൻ വിശ്വസിക്കുന്നു.

കഥയായോ അല്ലാതെയോ നിങ്ങളിത് വായിക്കുക ! സാങ്കൽപ്പികം എന്ന് പറയാവുന്ന ഒരേയൊരു ഘടകം ഒഴിവാക്കിത്തരാം :
ദിവകുമാറിൻറെ പേര് ദിവാകുമാർ എന്നല്ല !
ഞങ്ങളെ രണ്ടുപേരെയും അറിയാവുന്ന ആരുടെയെങ്കിലും ശ്രദ്ധയിൽ ഇത് എത്തിപ്പെടുമെന്നും ഏതെങ്കിലും വഴി എൻറെ പഴയകാലശിഷ്യൻ ഞാനുമായി ബന്ധപ്പെടുമെന്നും മനസ്സ് പറയുന്നു….

Comments

You may also like