പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലെ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീപക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (ജയശ്രീ തോട്ടയ്ക്കാട്ട്):

ജയശ്രീ തോട്ടയ്ക്കാട്ട്

കഴിഞ്ഞ വർഷം തീരെ അപ്രതീക്ഷിതമായി ലോകം കീഴടക്കിയ കോവിഡ് മഹാമാരി, പല തരത്തിൽ പല തലങ്ങളിൽ നമ്മെ മാറ്റിമറിച്ചു. ജീവിതത്തിൽ അടിമുടി വന്ന മാറ്റങ്ങളെ അൽപ്പം കയ്പ്പോടെയും അല്പം രസത്തോടെയും സ്വീകരിക്കുന്നതിനൊപ്പം പുറമേ കണ്ട പുതിയ ഒരു ലോകക്രമം നവീനമായ പല ഉൾക്കാഴ്ച്ചകളും സമ്മാനിക്കുകയുണ്ടായി. ഇതിൽ വളരെ അധികം താല്പര്യത്തോടെ ശ്രദ്ധിച്ച ഒരു വാർത്ത വർഷം ഏതാണ്ട് പകുതിയാപ്പോൾ ലോകമാദ്ധ്യമങ്ങളുടെ പ്രധാനപ്പെട്ട ഒരു തലക്കെട്ടായി മാറി. മഹാമാരിയെ അതിസമർത്ഥമായി നിയന്ത്രിച്ചുനിർത്തിയ ചിലരാജ്യങ്ങളുടെ തലപ്പത്ത് വനിതകളായിരുന്നു എന്നൊരു നിരീക്ഷണമായിരുന്നു അത്! ന്യൂസ്ലൻഡിൻ്റെ Jacinda Ardern, ജർമനിയുടെ Angela Merkel, ഫിൻലാൻഡിൻ്റെ Sanna Marin, തായ് വാൻ്റെ Tsai Ing-wen തുടങ്ങിയവരുടെ കൂട്ടത്തിൽ കേരളത്തിൻ്റെ ആരോഗ്യമന്ത്രി കെ കെ ശൈലജയും ഉൾപ്പെട്ടിരുന്നുവെന്നത് നമ്മൾ ആഹ്ളാദത്തോടെയാണു കേട്ടത്. നേതൃസ്ഥാനത്തിൽ സ്ത്രീകൾ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ഒരുപാട് ചർച്ചകൾ അതേതുടർന്ന് നടന്നു. Lockdown പ്രഖ്യാപനം പോലും അങ്ങേയറ്റം മനുഷ്യത്വത്തോടും കരുതലോടും കൂടി നടപ്പാക്കിയതടക്കമുള്ള ഇവരുടെ Covid strategy പഠനാർഹമായിരുന്നു.

‘ശക്തനായ നേതാവ്’ എന്ന പദപ്രയോഗം അന്വർത്ഥമാക്കാനെന്ന വിധം ഊറ്റം കാണിച്ചുകൊണ്ട് ഇൻഡ്യയടക്കമുള്ള ചില രാജ്യങ്ങളിൽ നടപ്പാക്കിയ കോവിഡ് യുദ്ധമുറകളെക്കാൾ ഫലപ്രദമായത് മേൽപ്പറഞ്ഞ വനിതകൾ ക്ഷമയോടെയും മനുഷ്യത്വത്തോടെയും കാരുണ്യത്തോടെയും നടപ്പിലാക്കിയ പരിപാടികളായിരുന്നു എന്നത് ലോകമാകെ ശ്രദ്ധിച്ചു. ഇതുപോലെയുള്ള നിർണായക ഘട്ടങ്ങളിലല്ലാതെതന്നെ സ്ത്രീ നായകത്വം ഭാവിയിൽ ഒരു രാജ്യത്തിനു മുതൽക്കൂട്ടാകുന്നതിലേക്കുവരെ ചർച്ചകൾ നീണ്ടു. . ‘മലയാളനാടി’ൻ്റെ ചോദ്യം വന്നപ്പോൾ ആദ്യമോർത്തത്‌ ഇതൊക്കെയായിരുന്നു. സ്ത്രീകളുടെ ഈ മികവ് എന്തുകൊണ്ട് എന്നൊരു ചോദ്യം സ്വാഭാവികമായുമുയർന്നപ്പോൾ ചെറിയ ഒരന്വേഷണം നടത്തി.

ജനസംഖ്യയിൽ അമ്പതു ശതമാനത്തോളം വരുന്നതുകൊണ്ടുള്ള സ്വാഭാവിക നീതി എന്ന പരിഗണനയ്ക്കപ്പുറം, സ്ത്രീനേതൃത്വം ഒരു നാട് ആഗ്രഹിക്കുകയും ആവശ്യപ്പെടേണ്ടതും തന്നെയാണു എന്ന് അടിവരയിട്ടുറപ്പിച്ചു ആ കണ്ടെത്തലുകൾ. അവയിൽ ചിലത് ചുരുക്കിയെഴുതാം തൊഴിൽമേഖലയും വ്യക്തിജീവിതവും തമ്മിൽ സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന സ്ത്രീകൾക്ക് സഹപ്രവർത്തകരരുടെ വ്യക്തിപരവും വൈകാരികവുമായ പ്രശ്നങ്ങൾ അനായാസമായി മനസ്സിലാക്കാനാകും. സ്ത്രീകൾക്ക് നൈസർഗ്ഗികമായി കിട്ടിയ സഹഭാവം, empathy, ഇതിനു സഹായകമായി മാറുന്നു. ജന്മനാ പരിപാലന സ്വഭാവമുള്ളതിനാൽ സഹപ്രവർത്തകരെ അവരുടെ കഴിവുകൾ അറിഞ്ഞ് വളർത്തിയെടുക്കാൻ അവർക്കാകും. സ്ത്രീകൾക്ക് മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കാൻ കൂടുതലായി ഒരു കഴിവുണ്ട്. ഒരു സംഘമായി പ്രവർത്തിക്കുമ്പോൾ ഞാനെന്ന ഭാവം കീഴടക്കാറില്ലാത്തതുകൊണ്ട് ഏകാധിപത്യപരമായ തീരുമാനങ്ങളെക്കാൾ പരസ്പര സഹകരണത്തോടെ എത്തുന്ന തീർപ്പുകളായിരിക്കും സ്ത്രീകൾക്ക് പ്രിയം ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാനുള്ള സ്ത്രീകളുടെ കഴിവ് നേതൃസ്ഥാനത്തെത്തുമ്പോൾ വലിയൊരു മുതൽക്കൂട്ടാണ്. വെല്ലുവിളികളോട് ക്രിയാത്മകമായിട്ടാവും അവർ പ്രതികരിക്കുക സ്ത്രീകൾക്ക് ആശയവിനിമയത്തിനുള്ള പ്രത്യേക കഴിവ് മേലധികാരികളുമായും സഹപ്രവർത്തകരുമായും വ്യക്തമായും കൃത്യമായും തുറന്ന സംവാദത്തിന് സഹായിക്കുന്നു. സ്ത്രീകളിൽ പ്രകടമാകുന്ന മാതൃഭാവം അവരെ സന്ദിഗ്ദ്ധഘട്ടങ്ങളെ കാരുണ്യത്തോടെയും ക്ഷമയോടെയും നേരിടാൻ പ്രാപ്തരാക്കുന്നു കുടുംബ ജീവിതത്തിൽ പല റോളുകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽമേഖലയിലെ പ്രശ്നങ്ങളെ നേരിടാൻ കുറെക്കൂടി എളുപ്പമാണ്. അവർക്ക് വൈകാരികമായ ബുദ്ധിചാതുര്യം അല്ലെങ്കിൽ വിവേകം,emotional intelligence, കൂടുതലായിരിക്കുന്നതിനാൽ മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാനും അവരുടെ ഏറ്റവും നല്ല കഴിവുകളെ പുറത്തുകൊണ്ടുവരാനും എളുപ്പമാണ് . അയവുള്ള പ്രകൃതം സഹകരണത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു സ്ത്രീകൾ സ്വയം ഉദാഹരണങ്ങളായി മാറിയാണ് നയിക്കുക. സ്ത്രീകൾക്ക് ഏതു ജോലി ആയാലും അത് അനായാസമായി ചെയ്യുന്നു എന്ന തോന്നലുളവാക്കാൻ കഴിയുന്നു പല പ്രതികൂലസാഹചര്യങ്ങളെയും മറികടന്നാണ് നേതൃസ്ഥാനത്ത് എത്തുന്നത് എന്നതിനാൽ അവർ തൊഴിലിൽ കൂടുതൽ കരുത്തരും സമർത്ഥരുമായി മാറുന്നു.

പൊതുവേ ആധുനികാശയങ്ങളുൾക്കൊള്ളാൻ മടിച്ചുനിൽക്കാത്ത സംസ്ഥാനമാണു കേരളം. സ്ത്രീനേതൃതത്തിനെപ്പറ്റിയുള്ള ലോകവീക്ഷണം വിപ്ലവകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നടക്കുന്ന ഒരു നിയമസഭാതിരഞ്ഞെടുപ്പിൽ, ആഗോളതലത്തിൽ ഇതുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ചലനങ്ങൾ, അതൊന്നും പൂർണ്ണമായും പ്രവർത്തിപഥത്തിലെത്തിയിട്ടെങ്കിൽപ്പോലും, ഈ നാടറിഞ്ഞിട്ടേയില്ല എന്ന മട്ടിലുള്ള സ്ഥാനാർത്ഥീനിർണ്ണയം ഒട്ടേറെ പേരെ നിരാശപ്പെടുത്തി. കുടുംബശ്രീ പോലെയുള്ള സംരംഭങ്ങൾ മലയാളിസ്ത്രീകളുടെ മികവുറ്റ മുന്നേറ്റമെന്ന നിലയിൽ ലോകം തന്നെ ശ്രദ്ധിച്ചിട്ടുള്ളതുമാണ്. ഈ ശങ്കയ്ക്ക് കാരണം സ്ത്രീകളുടെ കഴിവിനെപ്പറ്റിയുള്ള വിശ്വാസക്കുറവല്ലെന്ന് വ്യക്തം, സ്ത്രീമികവിനെപ്പറ്റിയുള്ള ഭയം തന്നെ ആയിരിക്കുമോ ഇതിനു കാരണം? കൂടുതലായ മികവ് കാണിക്കുന്ന വനിതാനേതാക്കളെ ക്രമേണ വശങ്ങളിലേക്ക് മാറ്റിനിർത്തുന്നതും നിശ്ശബ്ദരാക്കുന്നതും നമ്മൾ കാണാത്തതല്ലല്ലൊ. അധികാരം ശീലമായവർക്ക് അതു പങ്കിടാൻ ഭയമുണ്ടാകും, നാളെ അധികാരം പൂർണ്ണമായും നഷ്ടപ്പെട്ടേക്കുമോ എന്ന ഭീതിയുമുണ്ടാകും. നിലവിലുള്ള പ്രധാന പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് വളരെ പരിമിതമാണെന്നാണ് മനസ്സിലാകുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ സ്ത്രീനേതാക്കൾ ഇനിയും സ്വാഭാവികമായിട്ടില്ല എന്നതിലെന്ത് അത്ഭുതം? എന്തുകൊണ്ടാണ് കേരളത്തിൽ ഒരു മായാവതിയോ ജയലളിതയോ മമതാ ബാനർജിയോ പാർട്ടിയുടെ തലപ്പത്തേയ്ക്കുയരാത്തതെന്ന് എത്രപേർ ചിന്തിച്ചുകാണും? അതുകൊണ്ടൊക്കെത്തന്നെ ആയിരിക്കണം ചുരുക്കം ചില സീറ്റുകളിൽ സ്ത്രീകൾക്ക് മത്സരിക്കാനുള്ള ‘അവസരം കൊടുക്കുന്നത്’ തന്നെ ഒരു ഔദാര്യമാണെന്ന ധാരണ പലർക്കുമുണ്ടാകുന്നത്.

കേരളസമൂഹത്തിലെ സാംസ്ക്കാരിക ബുദ്ധിജീവികളിൽ ഭൂരിഭാഗവും ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയോട് കൂറുപുലർത്തുന്നവരായിരിക്കും എന്നതുകൊണ്ടാകുമോ വനിതാമത്സരാർത്ഥികൾ കുറയുമ്പോൾ അവർക്കതിനെ ഉച്ചത്തിൽ ചോദ്യം ചെയ്യാനാകാത്തത്? ഇവിടെയിരുന്നുകൊണ്ട് നമ്മൾ പുറംലോകത്തിൽ കണ്ട ഒരു സ്ത്രീമുന്നേറ്റത്തിനെപ്പറ്റി പറഞ്ഞുകൊണ്ടാണു തുടങ്ങിയത്. എന്നാൽ, 2018 September 28 ൽ കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തിനുണ്ടായ ഒരു സ്ത്രീമുന്നേറ്റം ലോകം ശ്രദ്ധിക്കുകയും അവിടുത്തെ മാദ്ധ്യമങ്ങൾ വാചാലമായി എഴുതുകയും ചെയ്ത സന്ദർഭം ഓർത്തുകൊണ്ടവസാനിപ്പിക്കാം. ഇൻഡ്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 ഉറപ്പാക്കുന്ന സമത്വത്തിനുള്ള അവകാശം എടുത്തുപറഞ്ഞുകൊണ്ട് ശബരിമലയിൽ ഒരു തരത്തിലുമുള്ള ലിംഗവിവേചനം പാടില്ല എന്നു പ്രഖ്യാപിച്ച സുപ്രീം കോടതിവിധിയായിരുന്നു അത്. പക്ഷെ, പിന്നീടിവിടെ എന്താണു സംഭവിച്ചതെന്ന് നമ്മൾ കണ്ടു, ഒപ്പം ലോകവും!‘ The Guardian’ ൻ്റെ വാക്കുകൾ കൃത്യമായിരുന്നു- ‘The supreme court offered politicians the chance to do the right thing when it ruled that women of childbearing age should be able to enter the Sabarimala shrine. Instead, they have exploited the dispute’. അല്ലെങ്കിൽത്തന്നെ, ആചാരവിശ്വാസങ്ങളുടെ പേരിൽ സ്ത്രീ-പുരുഷ സമത്വം നിഷേധിക്കുന്നത് ഭരണഘടനാലംഘനമാണെന്ന ഒരു സുപ്രീംകോടതിവിധി നിലനിൽക്കുമ്പോൾത്തന്നെ, രാഷ്ട്രീയമുതലെടുപ്പ് മാത്രം മുന്നിൽക്കണ്ടുകൊണ്ട്, അതു നിഷേധിക്കുവാനായി നിയമനിർമ്മാണം വരെ വിഭാവനം ചെയ്യുന്ന ഈ നാട്ടിൽ ( അതും വെറും മുപ്പത് കൊല്ലം മുമ്പ് മാത്രം മറ്റൊരു കോടതി ആണിയടിച്ചുറപ്പിച്ച വിവേചനാചാരം) പെണ്ണിൻ്റെ രാഷ്ട്രീയസമത്വത്തിനുവേണ്ടി ആവേശം കൊള്ളാൻ എത്രപേരുണ്ടാകും?

Comments
Print Friendly, PDF & Email

എറണാകുളം സ്വദേശി. മുൻ ബാങ്കുദ്യോഗസ്ഥ.

You may also like