പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലെ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീപക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (ടി കെ വിനോദൻ) :

ടി കെ വിനോദൻ

സ്ത്രീസാക്ഷരത, ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളുടെ സാന്നിധ്യം തുടങ്ങി സ്ത്രീയുടെ ഉയർന്ന സാമൂഹ്യനിലയുടെ സൂചകങ്ങളായി കരുതാവുന്ന പല അംശങ്ങളിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ രാഷട്രീയാധികാരത്തിൽ തീർത്തും അപ്രധാനമായ സ്ഥാനമാണ് സ്ത്രീക്കുള്ളത്. രാഷട്രീയത്തിൽ സ്ത്രീസാന്നിധ്യം നാമമാത്രമാണ് എന്നതുപോലെ തന്നെ അമ്പരപ്പിക്കുന്നതാണ് മാറ്റത്തിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ അഭാവം. ജനസംഖ്യയിൽ പകുതി വരുന്ന ജനവിഭാഗം മറ്റു മണ്ഡലങ്ങളിൽ സാന്നിധ്യം പ്രകടമാക്കുമ്പോഴും രാഷ്ട്രീയം എന്ന നിർണായകമായ മേഖലയിൽ പൂർണമായും അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ? രാഷ്ടീയത്തിൽ തങ്ങൾക്ക് അർഹമായ പങ്കും പദവിയും നേടാൻ സ്ത്രീകൾ എത്ര കാലം കാത്തിരിക്കണം?

നിലനില്ക്കുന്ന പിതൃമേധാവിത്വ ഘടനയ്ക്ക് ഒരു വിള്ളലും ഏല്പിക്കാതെയുള്ള സ്ത്രീയുടെ രാഷ്ട്രീയ പ്രവേശനത്തിന് സമൂഹത്തിലോ സ്ത്രീജീവിതത്തിലോ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയില്ല. അറിഞ്ഞും അറിയാതെയും പിതൃമേധാവിത്വ ഘടനയുടെ സംരക്ഷകരും വക്താക്കളുമായ സ്ത്രീകൾക്ക്, ആ ഘടന സ്ത്രീകൾക്ക് അനുവദിക്കുന്ന നാമമാത്രമായ അവകാശങ്ങൾ കൊണ്ട് തൃപ്തിപ്പെടാനേ കഴിയൂ. പിതൃമേധാവിത്വത്തിൻ്റെ വിധിനിഷേധങ്ങൾക്ക് കീഴ്പ്പെട്ടുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീയ്ക്ക് രാഷ്ട്രീയത്തിലെ പുരുഷാധിപത്യത്തെ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയും? പിതൃമേധാവിത്വ ഘടനയെ വെല്ലുവിളിക്കുകയും ആ ഘടന സംരക്ഷിച്ചു നിലനിർത്തിപ്പോരുന്ന വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളെ വിമർശന വിധേയമാക്കുകയും ചെയ്യുന്ന യഥാർത്ഥ സ്ത്രീരാഷ്ട്രീയം ഇവിടെ സാധാരണ മനുഷ്യർക്കിടയിൽ ഒരു ചർച്ചാവിഷയം പോലുമായിട്ടില്ല.

പിതൃമേധാവിത്വ ഘടനയോട് സമരസപ്പെട്ടു പോകുന്ന സ്ഥാപനങ്ങളാണ് നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾ. വ്യവസ്ഥാപിത രാഷ്ട്രീ യപ്പാർട്ടികളുടെ ഭാഗമായി മാറി രാഷ്ട്രീയത്തിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കാമെന്നോ രാഷ്ട്രീയപ്പാർട്ടികൾക്കുള്ളിൽ ലിംഗതുല്യതയെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കാമെന്നോ ധരിക്കുന്നത് വ്യാമോഹമാണ്. അധികാരഘടനയിൽ കടന്നുകയറാൻ സ്ത്രീപക്ഷ രാഷ്ട്രീയത്തിനു കഴിയുകയാണ് പ്രധാനം.

പിതൃമേധാവിത്വത്തിനെതിരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സ്ത്രീപക്ഷ രാഷ്ട്രീയപ്പാർട്ടി രൂപം കൊള്ളുകയും കേരളത്തിലെ ഇരുമുന്നണി സംവിധാനത്തിൽ ഒരു മുന്നണിയുടെ ഭാഗമാകാൻ കഴിയുന്ന തരത്തിൽ ഒരു സമ്മർദ്ദ ഗ്രൂപ്പ് എങ്കിലുമായി അതു മാറുകയും ചെയ്താൽ മാത്രമേ സംസ്ഥാനത്തിൻ്റെ അധികാരഘടനയിൽ പരിമിതമായ തോതിലെങ്കിലും സ്വാധീനം ചെലുത്താൻ സ്ത്രീപക്ഷ രാഷ്ട്രീയത്തിനു കഴിയൂ.

ഇന്നത്തെ നിലയിൽ മുന്നണി രാഷ്ട്രീയത്തിനുള്ളിൽ സമ്മർദ്ദ ശക്തിയെങ്കിലും ആകാൻ കഴിയുന്ന ഒരു സ്ത്രീരാഷ്ട്രീയപ്പാർട്ടി രൂപം കൊള്ളാനുള്ള സാധ്യത കാണുന്നില്ല. അത്തരം ഒരു പാർട്ടിക്ക് നേതൃത്വം നല്കാൻ കഴിയുന്ന ആധികാരികതയുള്ള ഒരു നേതാവോ, സമൂഹത്തിൻ്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയോ ഇന്നു നിലവിലില്ല. മുസ്ലീം ന്യൂനപക്ഷത്തിൻ്റെ താല്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന മുസ്ലീം ലീഗിനെയോ, ക്രൈസ്തവ കർഷക താല്പര്യങ്ങളെ പ്രധാനമായും പ്രതിനിധാനം ചെയ്യുന്ന കേരള കോൺഗ്രസിനെയോ പോലെ ഒരു പാർട്ടി, ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ താല്പപര്യങ്ങൾക്കു വേണ്ടി രൂപീകരിക്കാൻ കഴിയേണ്ടതല്ലേ ? കാൽനൂറ്റാണ്ടിനപ്പുറം അത്തരം ഒരു സാധ്യതയുടെ സൂചന നല്കാൻ ഗൗരിയമ്മയ്ക്കു കഴിഞ്ഞു. കേരള സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീരാഷ്ട്രീയ നേതാവാണ് ഗൗരിയമ്മ. സിപിഐ (എം) വിട്ടു പുറത്തു വന്ന ഗൗരിയമ്മ ഉയർത്തിയ പ്രശ്നങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തവും ഉന്നയിക്കപ്പെട്ടിരുന്നു. കേരളത്തിൽ ഫെമിനിസ്റ്റു രാഷ്ട്രീയത്തിൻ്റെ ആദ്യപഥികരിൽ ഒരാളായ അജിത കൂടി ഗൗരിയമ്മയോടൊപ്പം ചേർന്നു എന്നത് അത്തരം ഒരു പ്രതീക്ഷയ്ക്ക് വക നല്കി. വ്യക്തിജീവിതത്തിൽ പുരുഷാധിപത്യമൂല്യങ്ങൾക്ക് കീഴ്‌വഴങ്ങുന്ന ആളല്ലെങ്കിലും യഥാർത്ഥ സ്ത്രീപക്ഷരാഷ്ട്രീയത്തിന് ആശയപരമായും പ്രായോഗികമായും നേതൃത്വം നല്കാൻ തയ്യാറോ താല്പര്യമോ ഉള്ള നേതാവായിരുന്നില്ല ഗൗരിയമ്മ. സ്വന്തം സാധ്യത തിരിച്ചറിയാതെ, വ്യവസ്ഥാപിത പുരുുഷാധിപത്യ രാഷ്ട്രീയത്തിലെ ഒരു കണ്ണിയായി തുടരാൻ മാത്രമേ ഗൗരിയമ്മയ്ക്ക് കഴിഞ്ഞുള്ളൂ.

പിതൃമേധാവിത്വ ഘടനയെ ബോധപൂർവ്വം ചോദ്യം ചെയ്യുകയോ, അതിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടിയുടെ നേതാവാണ് മമതാ ബാനർജി. ഇന്ത്യയിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ഏറ്റവും ഉയർന്ന പ്രാതിനിധ്യം നല്കാൻ ശ്രമിച്ചിട്ടുള്ളത് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ആകെയുള്ള 42 സീറ്റുകളിൽ 17 സീറ്റുകൾ മമത സ്ത്രീകൾക്ക് നല്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 291 സീറ്റുകളിൽ 50 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ് സ്ത്രീകൾക്ക് മാറ്റിവച്ചിരിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും പ്രതിലോമകരമായ, വിവാഹം എന്ന സ്ഥാപനത്തിന് പുറത്തു നില്ക്കുന്ന സ്ത്രീയാണ് മമതാ ബാനർജി. അതുകൊണ്ടുതന്നെ പിതൃമേധാവിത്വത്തിൻ്റെ സദാചാരശാസനപ്രകാരം ‘വഴി തെറ്റിയ സ്ത്രീ’. പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീകൾക്ക് ദയാപൂർവ്വം കല്പിച്ചു നല്കുന്ന പ്രാതിനിധ്യത്തിന് അപ്പുറം ബഹുദൂരം മുന്നോട്ടു പോകാൻ മമതാ ബാനർജിക്ക് കഴിഞ്ഞു. ഒരുപക്ഷേ, പിതൃമേധാവിത്വത്തിൻ്റെ നിർവ്വചനം അനുസരിച്ചുള്ള ഉത്തമ സ്ത്രീയല്ലാത്ത ഒരുവൾക്ക്, തന്നെ അപരയായി കാണുന്ന വ്യവസ്ഥയാടുള്ള സഹജമായ വെറുപ്പ് അബോധപ്രേരണയായി പ്രവർത്തിച്ചതുകൊണ്ടാകും അത് സാധിച്ചത്.

നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് സംവരണം ആവശ്യമാണ് എന്ന കാര്യത്തിൽ ഒരു പാർട്ടിക്കും എതിർപ്പില്ല. ഭരിക്കുന്ന പാർട്ടികൾ നിയമം അവതരിപ്പിക്കാനും തയ്യാറാണ്. പക്ഷേ, മറ്റൊരു ബില്ലിൻ്റെ കാര്യത്തിലുമില്ലാത്ത അതിവിശാലമായ ‘ജനാധിപത്യബോധ’മാണ് ഈ ബില്ലിൻ്റെ കാര്യത്തിൽ ഭരണപക്ഷത്തു വരുന്ന പാർട്ടികൾക്കുള്ളത്. മറ്റു ബില്ലുകൾ പ്രതിപക്ഷത്തിനു ശബ്ദിക്കാൻ അവസരം നല്കാതെ പാസ്സാക്കി എടുക്കുമ്പോൾ സ്ത്രീസംവരണ ബിൽ മാത്രം പാർലമെൻ്റ് അംഗങ്ങളിൽ സമ്പൂർണമായ അഭിപ്രായ ഐക്യം ഉണ്ടാക്കിയെടുത്തിട്ടു മാത്രമേ അവതരിപ്പിക്കൂ എന്ന വാശിയാണ്. സ്ത്രീ സംവരണത്തിനുള്ളിൽ പിന്നോക്ക സമുദായങ്ങൾക്ക് പ്രത്യേക സംവരണം വേണമെന്ന പിന്നോക്ക സമുദായങ്ങളുടെ ആവശ്യമാണ് ബിൽ പാസ്സാക്കാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീ സംവരണം ഫലത്തിൽ സവർണ സ്ത്രീ സംവരണം ആയി മാറുമെന്ന ശരിയായ വാദമാണ് പിന്നോക്ക സമുദായങ്ങളെ പ്രതിനിധാനം ചെയ്തവർ ഉന്നയിച്ചത്. ഇന്ത്യയിലെ മറ്റു മിക്ക രാഷ്ട്രീയ നേതാക്കളെയും പോലെ തന്നെ സ്ത്രീവിരുദ്ധത ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്നവരാണ് ലോക് സഭയിൽ സ്ത്രീസംവരണത്തിനുള്ളിൽ പിന്നോക്ക സംവരണം ആവശ്യപ്പെട്ട ശരദ്- മുലയം- ലാലു യാദവുമാരെങ്കിലും ഇക്കാര്യത്തിൽ അവർ ഉന്നയിച്ച ആശങ്ക പൂർണമായും വസ്തുനിഷ്oമാണ്. സ്ത്രീ സംവരണത്തിനുള്ളിൽ പിന്നോക്ക സംവരണം നടപ്പാക്കുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും ഭരണപക്ഷങ്ങൾ തയ്യാറായില്ല.

പുരുഷമേധാവിത്യം കൊടികുത്തിവാഴുമ്പോൾ തന്നെ സുചേതാ കൃപലാനിയെയും മായാവതിയെയും മുഖ്യമന്ത്രിമാരാക്കിയ ഉത്തർപ്രദേശും നന്ദിനീ സത്പതിയുടെ ഒറീസ്സയും ജയലളിതയെ മൂന്നു തവണ മുഖ്യമന്ത്രിയാക്കിയ തമിഴ്നാടുമെല്ലാം ‘പരിഷ്കൃതനായ’ മലയാളി പരമപുച്ഛത്തോടെ മാത്രം കാണുന്ന അക്ഷരശൂന്യരുടെ നാടുകൾ. ഇവിടെ ശബരിമല ലഹളക്കാലത്ത് ഉയർന്നു പാറിയ സ്ത്രീവിമോചനത്തിൻ്റെ കൊടി ഇനിയും താഴ്ന്നിട്ടില്ല.

ഇടതുപക്ഷമായാലും വലതുപക്ഷമായാലും മധ്യപക്ഷമായാലും, സ്ത്രീയെ ഇരുത്തേണ്ട സ്ഥലത്ത് ഇരുത്താൻ പുരോഗമനത്തിൻ്റെ കുത്തക വ്യാപാരികളായ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. കേരളത്തിൽ സ്ത്രീമുഖ്യമന്ത്രി എന്ന സ്വപ്നം, അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കുംവരെ സ്വപ്നമായിത്തന്നെ തുടരും എന്ന് ചുരുക്കം.

Comments
Print Friendly, PDF & Email

You may also like