പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (ലൈല കല്ലാരം) :

ലൈല കല്ലാരം

പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ ഭയന്നിട്ടൊന്നുമല്ല സ്ത്രീകൾ ഉന്നതാധികാര സ്ഥാനത്ത് എത്തിപ്പെടാത്തത്. കേരളത്തെ സംബന്ധിച്ച് അത് പല പല മേഖലകളിലായി ചിതറിക്കിടക്കുകയാണ്. അതിനൊരു ഏകോപനമുണ്ടായാലേ കാര്യങ്ങൾ മെല്ലെയെങ്കിലും മുമ്പോട്ടു നീങ്ങുകയുള്ളൂ. സ്ത്രീ ശക്തിയേയും, ആർജ്ജവത്തേയും,ഫല പ്രാപ്തിയേയും നയിക്കാനുള്ള കഴിവിനേയുമെല്ലാം ഇവിടുത്തെ പൗരോഹിത്യ വർഗ്ഗത്തെപ്പോലെത്തന്നെ രാഷ്ട്രീയ- പുരുഷ വർഗ്ഗങ്ങളും നന്നായി മനസ്സിലാക്കി വച്ചിട്ടുണ്ട്. ഒരിടത്ത് കൈവിട്ടു പോയാൽ തിരിച്ചു പിടിക്കാനാവില്ലെന്ന ഉൾക്കിടിലം നന്നായനുഭവിക്കുന്നവരാണവർ!. എല്ലാ മേഖലയിലും എന്ന പോലെ രാഷ്ട്രീയത്തിലും സ്ത്രീകൾ തടസ്സങ്ങളെ തട്ടിമാറ്റി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ഥലത്ത് വച്ച് പൊടുന്നനെ തടഞ്ഞു നിൽക്കുകയാണ് . അല്ലെങ്കിൽ തടയപ്പെടുകയാണ് . എന്നിട്ട് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ MLA ആയും മന്ത്രിമാരായും മേയറായുമൊക്കെ അധികാരത്തിൻറെ ചില കടലമണികൾ ഇടക്കിടെ വലിച്ചെറിഞ്ഞ് അവർ സ്വയം അഹങ്കരിക്കും ഞങ്ങൾ സ്ത്രീകളെ പരിഗണിക്കുന്നവരാണെന്ന്..

നമ്മുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാലറിയാം എത്രയെത്ര സ്ത്രീമുന്നേറ്റങ്ങളും സമരങ്ങളും വലിയ സ്ത്രീ പങ്കാളിത്തത്തോടെ നടന്നിരിക്കുന്നു. പുരുഷന്മാരാൽ നയിക്കപ്പെടുന്നത് കൊണ്ട് അതൊന്നും സ്ത്രീകളുടെ സമരമായി കാണാൻ സ്ത്രീകളുൾപ്പെടെ പലരും തയ്യാറാകുന്നില്ല . സമീപകാല ചരിത്രം നോക്കുക. സ്ത്രീകൾ ഒരു കാര്യം ഏറ്റെടുത്താൽ അതിന് എന്തു ബലി നല്കേണ്ടി വന്നാലും പിന്മാറുകയില്ല എന്നത് എത്ര ശക്തമായും മനോഹരമായുമാണ് ഷഹീൻ ബാഗ് പഠിപ്പിച്ചത്! പൗരത്വ സമരത്തിൽ JNU, ജാമിയ എന്നിവിടങ്ങളിലെ പെൺ കുട്ടികളുടെ വീറും ധൈര്യവും നാം കണ്ടതാണ്. ഷഹീൻ ബാഗിലും കർഷക സമരത്തിലും എത്ര ആവേശോജ്ജ്വലമായാണ് സ്ത്രീകൾ പങ്കെടുത്തിട്ടുള്ളത്!. ഒരേ സമയം ഏറ്റെടുക്കുന്ന പല കാര്യങ്ങൾ വ്യക്തമായും കൃത്യമായും ചെയ്യാൻ സ്ത്രീയുടെയത്ര മിടുക്ക് പുരുഷനുണ്ടാവില്ല. തൻറെ കുടുംബത്തിലും പൊതുവിടത്തും പല കാര്യങ്ങളും കൈവിറയ്ക്കാതെ നെഞ്ചുറപ്പോടെ ചെയ്യാനുള്ള കരുത്ത് സ്ത്രീയുടെ ജീനിലുളളതാണ്…

പഞ്ചായത്തുതലത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് പലരും എടുത്ത് പറയാറുണ്ട്. അത് ഒരു വലിയ മുന്നേറ്റം തന്നെയാണ്. ഒട്ടും കുറച്ചു കാണുകയല്ല. പക്ഷെ അതിനെ ഒരു താഴ്ന്ന തലമായേ പാട്രിയാർക്കി വിലയിരുത്തുന്നുള്ളൂ തങ്ങളുടെ നിലയിലേയ്ക്ക് സ്ത്രീകൾക്കുള്ള കോണികൾ ഇനിയുമവർ തീർത്തിട്ടില്ല. അതുകൊണ്ടാണ് ഒരു പ്രത്യേക സ്ഥാനത്തെത്തുമ്പോൾ ഒഴുക്ക് നിലച്ചു പോകുന്നത്…

സംവരണത്തെക്കുറിച്ച് പറഞ്ഞാൽ വനിതാ സംവരണം ഔദാര്യതയാൽ വച്ച് നീട്ടപ്പെടുന്ന ഒരു കിറ്റ് വിതരണമാണ് എന്നതാണ് സത്യം! പട്ടിണി മൂത്ത് കലാപമുണ്ടാകാതിരിക്കാനുള്ള റേഷൻ വിതരണം. ഏതോ കരുത്തൻമാരുടെ നല്ല മനസ്സിൽ വിരിയുന്ന ആശയം. അത് രണ്ട് കൈയും നീട്ടി വാങ്ങാൻ പല നിറത്തിലുള്ള കാർഡുകളും പിടിച്ച് വരി നിൽക്കേണ്ട വിധവും സമയവും നേരത്തെക്കൂട്ടി അനൗൺസ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ വീരാരാധനകളിൽ, ശക്തിയിൽ, എന്നു വേണ്ട എല്ലാ പൊതുവിടങ്ങളിലും മറയിടങ്ങളിലും അദൃശ്യമായ നിയന്ത്രണങ്ങളാൽ നിരന്തരം ഡ്രാമ കാണിക്കാൻ വിധിക്കപ്പെട്ട പെൺ പാവക്കൂട്ടങ്ങളാണധികവും. എത്ര പുരോഗമനപരമായി ചിന്തിക്കുന്ന ജനതയാണെങ്കിലും കേരളത്തിൻറെ പ്രശ്നങ്ങളിൽ ജാതി, മതം, കുലം എന്നിവയ്ക്ക് ഒരു സ്ഥാനമുണ്ടെന്നുള്ളത് നിഷേധിക്കാനാവില്ല. അതു കൊണ്ടാണല്ലൊ താഴെ തട്ടിൽ നിന്നുള്ളവ എല്ലാം വെറും നിലവിളികളായിപ്പോകുന്നത്. ആദിവാസി സമരങ്ങളേപ്പോലുള്ളവ തരം താഴ്ന്നതും , കുലസ്ത്രീകളുടെ ശബരിമല ആചാരസംരക്ഷണ സമരം മുന്തിയതുമായി മാറുന്നതും. സ്വതന്ത്രരായ സ്ത്രീകളെ ഒരു പരിധി വരെ അകറ്റി നിർത്താൻ മതത്തെ ചേർത്തു നിർത്തുന്നത് കൊണ്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് കഴിയുന്നുണ്ട്. എല്ലാ പാർട്ടിയിലും മതത്തിൻറെ കടന്നു കയറ്റം ധാരാളമായുണ്ട്… സ്വതന്ത്രയാണെങ്കിൽപ്പോലും അതിനെല്ലാം അടിപ്പെട്ടുകൊണ്ടേ സ്ത്രീകൾക്ക് മുന്നോട്ട് പോകാൻ കഴിയൂ… പ്രകടമായ മത രീതികളൊന്നുമില്ലാതെ പ്രവർത്തിച്ചിരുന്ന ഷാഹിദാ കമാൽ സ്ഥാനാർത്ഥിയായതോടെ ആദ്യം ചെയ്തത് ഒരു ഷാളെടുത്ത് തലയിലൂടെ ഇടുകയാണ്! മേൽത്തട്ടിലെ സ്ത്രീക്ക് രാഷ്ട്രീയം സിനിമ എന്നിവയെല്ലാം നിലവാരം കുറഞ്ഞ ഇടങ്ങൾ തന്നെയാണ് അതിനെ മറികടക്കുന്നത് പണാധിപത്യത്തിൽ കൂടിയാണ്.

രാഷ്ട്രീയം, സിനിമ, സാമൂഹ്യ പ്രവർത്തനം, നീതി നിയമം എന്നീ മേഖലകളിലൊക്കെ ഉന്നതാധികാരങ്ങൾ പുരുഷൻറെ കൈകളിൽക്കൂടി മാത്രമേ നടത്തപ്പെടാൻ കഴിയൂ എന്ന ഒരു പ്രതീതി ഇതിൽ പ്രവർത്തിക്കുന്നവർക്കിടയിൽ തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നമ്മുടെ കുടുംബ വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് വലിയൊരു ഉത്തരവാദിത്വത്തിൻറെ ഭാരം ഏറ്റാൽ മുമ്പോട്ടു കൊണ്ടുപോകുവാൻ പറ്റുമോ എന്നൊരു ആത്മവിശ്വാസമില്ലായ്മയിൽ നിന്നു വന്ന വിമുഖത ചിലരെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. തിരിച്ചറിവുകളുണ്ടെങ്കിലും പ്രതിഷേധത്തിൻറെ മുൻ നിരയിലേക്ക് ധൈര്യത്തോടെ വരുന്നതിൽ നിന്ന് സ്ത്രീകളെ പിൻവലിപ്പിക്കുന്ന കാരണങ്ങളിലൊന്ന് പുതിയ സാങ്കേതിക വിദ്യകളിലുള്ള പേടി തന്നെയാണ്. ശൈലജ ടീച്ചർക്കെതിരെയൊക്കെ വന്ന ആക്രമണങ്ങൾ ഉദാഹരണമാണ്. നമ്മുടെ ഭരണപക്ഷ, പ്രതിപക്ഷ പാർട്ടികളിലുള്ളവരിൽ പല പുരുഷന്മാരും അഴിമതിയും ലൈംഗികാരോപണങ്ങളും നേരിട്ടവരാണെങ്കിലും പൊതു ഇടത്തിൽ വന്ന് രാഷ്ട്രീയ എതിരാളിയെക്കുറിച്ച് ലൈംഗികാരോപണങ്ങൾ (പ്രത്യേകിച്ചും സ്ത്രീകളേക്കുറിച്ച്) യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്നവരാണ്. സ്ത്രീകളെക്കുറിച്ചുള്ളത് വ്യാജ ആരോപണമാണെങ്കിൽപ്പോലും സ്വന്തം പാർട്ടിക്കുള്ളിൽത്തന്നെയുള്ള സ്ത്രീകളടക്കമുള്ളവർ അടിച്ചമർത്താൻ മുൻപിലുണ്ടാവും. പിന്നീടവൾക്ക് തല പൊക്കാനിടം കൊടുക്കാതെ ആക്രമിക്കും. സ്ത്രീകൾ പുരുഷാധിപത്യത്തിൻറെ ഓരം പറ്റി നിൽക്കാതെ പൊതുപ്രവർത്തനത്തിൽക്കൂടിയും മറ്റും രാഷ്ട്രീയത്തിൽ എത്തിപ്പെടുകയാണെങ്കിൽ വേറിട്ടൊരു വ്യക്തിത്വം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കാനും ഈയവസ്ഥയെ കുറച്ചൊക്കെ മറികടക്കാനും പറ്റുമെന്നുമാണ് തോന്നുന്നത്…

ഈ കാര്യത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുമുള്ള സ്ത്രീകളുടെ ഒരു ഏകോപനം ആവശ്യമാണ് … സോഷ്യൽ മീഡിയ പോലുള്ളവ അതിന് സഹായകമാകുന്ന ഒന്നാണ്…

എല്ലാ പാർട്ടികളിലും ജാതി മത സംഘടനകളുടെ സമ്മർദ്ദ ഗ്രൂപ്പുകൾ ഉണ്ട്. അതുപോലെ സ്ത്രീകൾക്കായുള്ള സ്ത്രീകളുടെ വോട്ടുകൾ ചിതറിപ്പോകാതെയുള്ള ഒരു സമ്മർദ്ദ ഗ്രൂപ്പ് എല്ലായിടത്തും ഫോം ചെയ്തു വരേണ്ടതുണ്ട്. അത് പ്രയോഗികമാക്കിയെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെങ്കിലും അതിനേക്കുറിച്ച് ആലോചിച്ച് തുടങ്ങാൻ സമയമായെന്ന് തോന്നുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ WCC യാഥാർത്ഥ്യമായില്ലേ . അതുപോലൊന്നിന് തുടക്കമിടാനെങ്കിലും കഴിയണമെന്നാണ് പ്രതീക്ഷ.

Comments
Print Friendly, PDF & Email

കൈരളി മനോരമ ന്യൂസ് എന്നിവിടങ്ങളിൽ Camera person ആയി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ freelance ചെയ്യുന്നു. സ്വദേശം കോഴിക്കോട്. താമസം തിരുവനന്തപുരം.

You may also like