ഞാൻ കാണുമ്പോൾ ഉപേക്ഷിക്കപ്പെട്ട പഴങ്ങളുടെ കൂടകൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു റാസി.
നഗരത്തിൻറെ ഒത്തനടുക്കുള്ള ക്ഷേത്രത്തിൽനിന്നു നിർമാല്യം തൊഴുതിറങ്ങിയ കാറ്റ് അവനെ ഉയർത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
അന്നു വനിതാദിനമായിരുന്നു.
കൈകാലുകൾ കുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച് നഗരം ഞെളിപിരികൊണ്ടു.
മാതളപ്പഴങ്ങൾ വാങ്ങിക്കാൻ പെൺകുട്ടികൾക്കന്നേദിവസം പ്രത്യേക വിലക്കിഴിവ് ഉണ്ടായിരിക്കും എന്നയാൾ പരസ്യം ചെയ്തിരുന്നു
നേരത്തെ മുഖാവരണമണിഞ്ഞുകൊണ്ട് കുതിരപ്പുറത്ത് ആ ദിവസത്തെ ആദ്യപെൺകുട്ടി വന്നപ്പോഴും അവൻ കിടന്നുറക്കം തന്നെ.
ഞാൻ കുലുക്കിയുണർത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുതിരയുടെ വലതു ചെവിയിൽ നുള്ളുകയും അത് അതിഭീകരമായൊരു ചിനക്കൽ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു.
തുടർന്ന് gumboot ൻറെ ശബ്ദം കേൾപ്പിച്ചു കൊണ്ട് പെൺകുട്ടി ചാടിയിറങ്ങിയപ്പോഴേക്കും അവനു ഞെട്ടിയുണരാതിരിക്കാൻ കഴിഞ്ഞില്ല.
ഗംബൂട്ട് ലാൻഡിങ്ങിൻറെ പ്രകമ്പനം അത്രയ്ക്ക് ശക്തമായിരുന്നതിനാൽ പഴക്കൂടകളെല്ലാം ഇളകിത്തുടങ്ങുകയും പഴങ്ങൾ പുറത്തേക്ക് തെറിച്ചു പോവുകയും ചെയ്തു.
അത്ഭുതപ്പെടുത്തുന്ന കാഴ്ച അപ്പോഴാണു ഞാൻ കണ്ടത്:
കൂടക്കുള്ളിൽ പുതിയ പഴങ്ങളായിരുന്നു നിറച്ചിരുന്നത്.
ഉപേക്ഷിക്കപ്പെട്ട പഴങ്ങളുടെ കൂട്ടം ഉരുണ്ടുരുണ്ട് പ്രഭാതസവാരിക്കാരെ പിന്തുടർന്ന് പോയ്ക്കൊണ്ടിരുന്നത് പെൺകുട്ടി സാകൂതം നോക്കിനിന്നു.
അപ്പോഴേക്കും റാസി അവൾക്കാവശ്യമുള്ളത്ര മാതളങ്ങൾ തൂക്കിയെടുത്തിരുന്നു.
തുടർന്നവൻ തൻറെ തൊപ്പിയൂരി അതിൽ പഴങ്ങൾ നിറച്ച് അവൾക്കു വെച്ചു നീട്ടി.
മുന്നോട്ടുവന്ന് തൊപ്പിപ്പഴക്കൂട വാങ്ങുന്നതിനിടയിൽ അവൾ കുതിരയോടെന്തോ പറഞ്ഞിട്ടുണ്ടാവണം;
അതു സാവധാനം നടന്നുവന്ന് അവൻറെ പിൻകഴുത്തിൽ സ്നേഹപൂർവ്വം നക്കി.
Pottamthara Madom Thonnalloor Mevelloor PO Velloor Kottayam 686609
8848195823