പൂമുഖം OPINIONഅഭിമുഖം കഥയുടെ ജൈവതാളം

കഥയുടെ ജൈവതാളം

(കഥാകൃത്ത് വിനോയ് തോമസുമായി പി കൃഷ്ണദാസ് നടത്തിയ സംഭാഷണം)

”One wants to tell a story, like Scheherezade, in order not to die. It’s one of the oldest urges in mankind. It’s a way of stalling death.”

(Carlos Fuentes)

മലയാളചെറുകഥയില്‍ ഭാവുകത്വപരമായ മാറ്റം കൊണ്ടുവന്ന കഥാകൃത്തുകളിലൊരാളാണ് വിനോയ് തോമസ്. കുട്ടികള്‍ക്കായുള്ള നാടകത്തിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച വിനോയ് തോമസ് ശ്രദ്ധേയനാവുന്നത് ‘കരിക്കോട്ടക്കരി’ എന്ന നോവലിലൂടെയാണ്. മലയാള ഭാവന അധികം സഞ്ചരിച്ചിട്ടില്ലാത്ത ഭൂപ്രദേശത്തെ, ജീവിതത്തെ, ഭാഷയെ വിനോയ് തോമസ് ‘കരിക്കോട്ടക്കരി’യിലൂടെ അവതരിപ്പിച്ചു. നാട്ടുപശിമയുള്ള ആഖ്യാനവഴികളിലൂടെ നോവലില്‍ നിന്ന് വിഭിന്നമായ ആഖ്യാനഘടനയാണ് കഥയില്‍ സ്വീകരിച്ചത്. തിരസ്കൃതരുടെ ഭൂപടങ്ങളാണ് കഥകളിലൂടെ വിനോയ് തോമസ് ആവിഷ്കരിച്ചത്. ആ കഥകള്‍ മലയാളിയെ അതുവരെ അപരിചിതങ്ങളായിരുന്ന ലോകങ്ങളിലേക്ക് ആനയിച്ചു. രാമച്ചി, ഇടവേലിക്കാര്‍, ഉടമസ്ഥന്‍, വിശുദ്ധ മദ്ഗലനമറിയം പള്ളി, തുഞ്ചന്‍ ഡയറ്റ്, അരി, മൂര്‍ഖന്‍പറമ്പ് തുടങ്ങിയവ പ്രധാന കഥകളാണ്. സമകാലിക മലയാളം വാരികയില്‍ ‘പുറ്റ് ‘ എന്ന നോവല്‍ ഉടന്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.

കണ്ണൂര്‍ ആകാശവാണിനിലയത്തിന് വേണ്ടി പി കൃഷ്ണദാസ്, പ്രശസ്ത കഥാകൃത്ത് വിനോയ് തോമസ്സുമായി നടത്തിയ സംഭാഷണം.

$ മലയാളചെറുകഥ നിരന്തരപരിണാമത്തിന് വിധേയമായികൊണ്ടിരിക്കുന്ന സാഹിത്യരൂപമാണ്. മലയാള ചെറുകഥയുടെ വര്‍ത്തമാനകാലത്തെ, വര്‍ത്തമാനകാല മലയാളകഥയുടെ പ്രതിധിധി എന്ന നിലയില്‍ വിനോയ് എങ്ങനെ കാണുന്നു ?

ഏറ്റവും പുതിയ കാലത്തോട് ചെറുകഥ സംവദിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. മലയാളത്തില്‍ ഏതു കാലത്തും ഒത്തിരി മുന്നോട്ട് പോകുന്ന സാഹിത്യരൂപം കഥയാണ്. ഒരിടയ്ക്ക് കവിത വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കവിത മോശമാണെന്നല്ല, പക്ഷെ കഥ കവിതയെക്കാള്‍ മുന്നേ സഞ്ചരിക്കുന്നു. ഏറ്റവും പുതിയ കാലത്തെ യുവത്വവുമായി കഥ സംവദിക്കുന്നുണ്ടോ എന്ന് സംശയമാണ്. യുവത്വത്തിൻറെ ശരിയായ ആഘോഷം മലയാള ചെറുകഥയിലേക്ക് കടന്ന് വരാനിരിക്കുന്നതേയുള്ളൂ. പുതിയ എഴുത്തുകാര്‍ പഴയ കഥകളുടെ ഹാങ്ങോവറില്‍ നിന്ന് മാറണം. യുവത്വത്തിൻറെ ആനന്ദം ശരിയായ രീതിയില്‍ കഥയില്‍ കടന്ന് വരുന്നില്ല, പൂര്‍വ്വമാതൃകകളോടുള്ള ഭയമാവാം ഇതിനു കാരണം. ചില ചട്ടക്കൂടുകളിലും, സദാചാര ബോധ്യങ്ങളിലും കഥ ഒതുങ്ങുന്നു. നമ്മുടെ കാലം ഇതാണ് എന്ന് തുറന്ന് പ്രഖ്യാപിക്കുന്ന രചന ഉണ്ടാകുന്നുണ്ടോ എന്ന് സംശയമാണ്. നവമാധ്യമങ്ങളിലെ രചനകള്‍ അത്തരം തുറന്ന പ്രഖ്യാപനങ്ങള്‍ നടത്താന്‍ ആരംഭിച്ചിട്ടുണ്ട്. ലോകം മൊത്തം ഇന്ന് ഒരു സാമൂഹിക ക്രമത്തെ പിന്തുടരുകയാണ്. ആഗോളസമൂഹത്തിൻറെ സ്വഭാവസവിശേഷതകള്‍ നമുക്കിനി നിഷേധിക്കാന്‍ പറ്റില്ല. ലോകത്തിലുള്ള ഏത് ഉത്പന്നവും നമുക്ക് ഇന്ന് ‘ഓണ്‍ലൈന്‍’ വഴി ലഭ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. ഈ ഒരു സാഹചര്യം സാഹിത്യത്തിലില്ല. ആഗോളപരമായ ഒരു തുറന്നെഴുത്ത്, ഒരു രചന ഇവിടെ സംഭവിക്കുന്നില്ല. അങ്ങനെയൊരു കാലം ഉടന്‍ വരുമെന്നാണ് പ്രതീക്ഷ, കാലം മാറിക്കൊണ്ടിരിക്കുകയല്ലേ.

വിനോയ് തോമസ്

$ മനുഷ്യന്‍ വര്‍ത്തമാനകാലത്ത് വലിയൊരു നെറ്റ് വര്‍ക്കിൻറെ ഭാഗമാണ്. ബ്രാന്റുകളുടെ ലോകത്താണ് നാം ജീവിക്കുന്നത്.ഈ ഒരു സാഹചര്യത്തിലാണ് ‘ആനന്ദബ്രാന്റന്‍’ എന്ന കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഉപഭോഗസംസ്കാരത്വരയാണ് കഥയുടെ കേന്ദ്രപ്രമേയം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശനങ്ങള്‍ നേരിട്ട കഥ കൂടിയാണിത്. ആനന്ദബ്രാന്റനിലേക്ക് എങ്ങനെയാണ് എത്തുന്നത് ?

ആനന്ദബ്രാന്റന്‍ നമ്മുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട കഥയാണ്. പക്ഷെ അവിടെ തെറ്റിദ്ധരിക്കപ്പെട്ടതെന്തെന്നാല്‍ ഞാന്‍ ബ്രാന്റുകള്‍ക്ക് ഒക്കെ എതിരാണെന്ന് ചിലര്‍ പറഞ്ഞു. അത് നമ്മുടെ യഥാസ്ഥിതികമായ വായനയുടെ പ്രശ്നമാണ്. ഒന്നും മോശമാണെന്നോ, നല്ലതാണെന്നോ പറയാന്‍ ഞാന്‍ ആളല്ല. നമുക്ക് മോശമാണെന്ന് തോന്നുന്നത് പുതിയ കുട്ടികള്‍ക്ക് നല്ലതായിരിക്കും. ആത്യന്തികമായി നമുക്ക് ആനന്ദം നല്‍കുന്നതെന്തോ, അതാണ് യഥാര്‍ത്ഥ ബ്രാന്റ്. എനിക്ക് ചക്കപ്പുഴുക്കാണ് ആനന്ദം നല്‍കുന്നതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ ബ്രാന്റ് അതാണ്. വലിയൊരു റിസോര്‍ട്ടില്‍ ഒരിക്കല്‍ ചെല്ലുമ്പോള്‍ കണ്ടത് ഡയമണ്ട് ആകൃതിയില്‍ മുറിച്ച കപ്പയും കാന്താരി മുളകുമാണ്. അഞ്ഞൂറിലധികം രൂപയാണ് ആ വിഭവത്തിന് ഈടാക്കുന്നത്. കപ്പ ബ്രാന്റ് ചെയ്യപ്പെടുകയാണ്. നമ്മളെല്ലാം ബ്രാന്റുകളില്‍ ആനന്ദമന്വേഷിക്കുന്നവരാണ്. അത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? ആനന്ദബ്രാന്റനില്‍ പറയാനുദ്ദേശിച്ച കാര്യം, ലോകത്തില്‍ പലയിടത്ത് നടത്തുന്ന ആഘോഷങ്ങളുണ്ടല്ലോ, ലണ്ടന്‍ ഇറോട്ടിക്ക, കാന്‍മറ ഫെസ്റ്റിവല്‍, തുടങ്ങിയ ആഘോഷങ്ങള്‍ പോലെ അതിരുകള്‍ക്കപ്പുറത്തേക്ക് ആനന്ദം വിസര്‍ജ്ജിക്കാനുള്ള ഇടം നമുക്കുണ്ടോ എന്ന് സംശയമാണ്. നമ്മുടെ ആനന്ദം ചില ചട്ടക്കൂടുകള്‍ക്ക് അകത്താണ്. എന്നാല്‍ കേരളത്തില്‍ ഇത്തരം ആഘോഷങ്ങളില്ല എന്ന് പറയാന്‍ പറ്റില്ല.കാസര്‍ഗോഡ് ജില്ലയിലെ പയ്യന്നൂരും നീലേശ്വരവും നടക്കുന്ന ശാലീയ സമുദായത്തിൻറെ ‘ശാലീയപൊറാട്ട്’ ഇത്തരത്തിലൊരു ലോകോത്തര ആഘോഷമാണ്. അവിടെ ജാതി -മത -ലിംഗ അതിര്‍ത്തികളില്ല. വളരെ സെക്യൂലറായ ഇടമാണത്. അത്രമാത്രം ആനന്ദത്തിലെത്തിയ സമൂഹത്തില്‍ മാത്രമെ ഇത് സാധ്യമാകുകയുള്ളൂ. ശാലീയപൊറാട്ടില്‍ ഒരു സാമൂഹികവിമര്‍ശനമാണ് നടക്കുന്നത്. ആനന്ദത്തിൻറെ ലോകത്തിലെത്താന്‍ സമൂഹം പ്രബുദ്ധമാകണം. സദാചാരം, മതപരത എന്നിവയാണ് ആനന്ദത്തിന് തടസ്സമിടുന്നത്.നമ്മുടെ പ്രാക്തനജീവിത സമൂഹങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അതിൻറെ വീണ്ടെടുപ്പ് ആവശ്യമാണ്. വരേണ്യസമൂഹത്തിനാണ് സദാചാരത്തിൻറെയും മതത്തിൻറെയും ബാധ്യതകളുള്ളത്. ഈ ബാധ്യതകളില്‍ നിന്നുള്ള വിമോചനമാണ് വിപ്ലവം. വരേണ്യസമൂഹം ആനന്ദമില്ലാതെ സദാചാരവുമായി നടക്കുമ്പോള്‍ പ്രാക്തനസമൂഹം ആനന്ദത്തെ ആഘോഷിക്കുന്നു.’രാമച്ചി ‘ എന്ന കഥയില്‍ പ്രാക്തനസമൂഹത്തിൻറെ ഈ ആനന്ദത്തെയാണ് ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രാക്തനസമൂഹത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് വേണ്ടതെന്ന് ഞാന്‍ പറയും. നമ്മുടെ വാമൊഴിസാഹിത്യം തെറിപ്പാട്ടുകളാലും തെറിക്കഥകളാലും സമ്പന്നമാണ്. അവിടെയാണ് ഭാഷ ജീവനോടെ നില്‍ക്കുന്നത്. പറഞ്ഞുവരുന്നത്, എല്ലാരും തെറിപ്പാട്ട് പാടി നടക്കണം എന്നല്ല. പക്ഷെ ഒരു സമൂഹത്തിന് തെറിപ്പാട്ട് പാടാനുള്ള സ്വാതന്ത്ര്യ മുണ്ടായിരുന്നു. ആ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന കാലഘട്ടത്തെപ്പറ്റിയാണ്, ആ സ്വാതന്ത്ര്യം അന്വേഷിക്കുന്ന ഒരാളെപ്പറ്റിയാണ് ആനന്ദബ്രാന്റനില്‍ പറയാന്‍ ശ്രമിച്ചത്.

$ ഭാഷ മാനവീകരിക്കുന്ന വേളയില്‍ ഭാഷയുടെ ജൈവികത നശിച്ചുപോകുന്നു എന്ന ആശയമാണ് തുഞ്ചന്‍ ഡയറ്റ്, കുട്ടികുര്‍ക്കത്തി കുര്‍ കുര്‍ തുടങ്ങിയ കഥകളിലൂടെ പറയാന്‍ ശ്രമിച്ചത്. ഭാഷയിലെ അധികാലമാണ് ഈ കഥകളിലെ കേന്ദ്രപ്രമേയം.നമ്മുടെ ഭാഷകളെല്ലാം അനുഭവിക്കുന്ന പ്രശ്നമല്ലേ മാനകീകരണവും,അതുവഴിയുള്ള ജൈവികമായ,വൈവിധ്യങ്ങളുടെ നഷ്ടവും ?

ഭാഷ ഒരിക്കലും എഴുത്തല്ലല്ലോ, ഭാഷ പറച്ചിലല്ലേ.പറച്ചിലാണ് യഥാര്‍ത്ഥ ഭാഷ, പറച്ചിലിന് കുറെക്കൂടി സ്വാഭാവികതയുണ്ട്. പറച്ചില്‍ നഷ്ടമാകുന്ന സമൂഹത്തെ കുറിച്ചാണ് ‘കുട്ടികുര്‍ക്കത്തി കുര്‍ കുര്‍ ‘ എന്ന കഥയില്‍ പറയാൻ ശ്രമിച്ചത്. തെയ്യത്തിലാണ് ആ കഥ അവസാനിക്കുന്നത്. മറ്റ് ദൈവങ്ങളില്‍ നിന്ന് തെയ്യം വ്യതസ്തമാകാന്‍ കാരണം തെയ്യത്തിന് പറച്ചില്‍ ഉണ്ട്.പക്ഷെ തെയ്യത്തിൻറെ പറച്ചിലില്‍ വാമൊഴിയായി കിട്ടുന്ന ജൈവികത ഇപ്പോള്‍ നഷ്ടമാകുന്നു.പറച്ചിലിൻറെ കലയാണ് തെയ്യം. പാഠപുസ്തകങ്ങളില്‍ എങ്ങനെ സാഹിത്യം കടന്ന് വരുന്നു എന്നതാണ് തുഞ്ചന്‍ ഡയറ്റിലൂടെ പറയാന്‍ ശ്രമിച്ചത്.തുഞ്ചത്ത് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്നൊക്കെ പറയുമെങ്കിലും അക്കാലത്തെ എഴുത്ത് ഭാഷയിലാണ് എഴുത്തച്ഛന്‍ രചനകള്‍ നിര്‍വഹിച്ചത്. ആ ഭാഷയെയാണ് നമ്മള്‍ മലയാളം എന്ന് പറയുന്നത്. അത് സമൂഹത്തിലെ ഭൂരിപക്ഷത്തിൻറെ ഭാഷയായിരുന്നില്ല. ഭൂരിപക്ഷം അര്‍ഥമറിയാതെ, കാണാപാഠം പഠിച്ച് എഴുത്തച്ഛനെ പിന്തുടരുന്നു. പറച്ചിലിൻറെ ഭാഷയില്‍ ഒരു വിമോചനം ഉണ്ട്. സംസ്കൃതത്തിൻറെ സ്വാധീനമുള്ള മലയാളത്തില്‍ നിന്നുള്ള വിമോചനമാണത്. കഥയിലൊക്കെ പലരും കൂടുതലായി ഉപയോഗിക്കുന്നത് സംസാരഭാഷയില്‍ ഉപയോഗിക്കാത്ത പദങ്ങള്‍. അതില്‍ നിന്ന് മാറി പറച്ചിലിൻറെ ഭാഷ കൂടുതലായി കഥയില്‍ ഉപയോഗിക്കാനാണ് എൻറെ ശ്രമം. ലാറ്റിനും, സുറിയാനിയും, അറബിയും, സംസ്കൃതവും, തമിഴും ഒക്കെ ചേര്‍ന്നതാണ് മലയാളം. കവിതയില്‍ ഭാഷയുടെ ജൈവികസ്വഭാവത്തിന് കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ട്. എം ആര്‍ രേണുകുമാര്‍, എം ബി മനോജ്, എസ് കലേഷ്, എസ് ജോസഫ്, അശോകന്‍ മറയൂര്‍ തുടങ്ങിയ കവികള്‍ പറച്ചിലിൻറെ ശക്തിയുമായി കടന്ന് വരുന്നുണ്ട്. സാഹിത്യത്തിൻറെ ഭാഷയും പറച്ചിലിൻറെ ഭാഷയും ലോകത്തെവിടെയും വേറെയല്ല.

$ മദ്ഗലനമറിയം പള്ളി, ഉടമസ്ഥന്‍ കഥകളില്‍ അധികാരം കേന്ദ്രരൂപമായി കടന്ന് വരുന്നു. മദ്ഗലനമറിയം പള്ളി മതാധികാരത്തിനെതിരെയും, ഉടമസ്ഥന്‍ കുടുംബത്തിലെ അധികാരഘടനയ്ക്കെതിരെയും വിമര്‍ശനമുയര്‍ത്തുന്നു. സാമൂഹികവ്യവസ്ഥയ്ക്കെതിരായ രണ്ട് രീതിയിലുള്ള വിമര്‍ശനങ്ങള്‍.

ഉടമസ്ഥൻറെ കേന്ദ്രം കുടുംബമാണ്. അസ്വാതന്ത്ര്യത്തിൻറെ ഇടമാണ് നമ്മുടെ കുടുംബങ്ങള്‍. പലയിടത്തും കുടുംബങ്ങളിലെ കുട്ടികളിലെ ജീവിതം, സ്ത്രീകളുടെ ജീവിതം എന്നിവ വലിയ പ്രശ്നമാണ്. നമ്മുടെ കുടുംബങ്ങള്‍ അധികാരത്തിൻറെ കേന്ദ്രമാണ്. എൻറെ പുതിയ നോവലിൻറെ (പുറ്റ്) കേന്ദ്രവും കുടുംബമാണ്. രേഖപ്പെടുത്താതെ പോകുന്ന കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് കുടുംബങ്ങളിലാണ്.മറ്റൊരിടത്താണെങ്കില്‍ അതൊക്കെ ക്രിമിനല്‍ കുറ്റമാണ്. ഉടമസ്ഥനില്‍, ഒരു പിതാവിന് തൻറെ പെണ്‍മക്കളുടെ മേല്‍ എന്താണധികാരം എന്ന പ്രശ്നമാണ് അവതരിപ്പിക്കുന്നത്. മദ്ഗലനമറിയം പള്ളി സ്ത്രീയുടെ മേലുള്ള സമൂഹത്തിൻറെ അധികാരപ്രകടനങ്ങളെയാണ് പറയാന്‍ ശ്രമിച്ചത്. കത്തോലിക്ക സഭ അംഗീകരിച്ച ഒരു വിശുദ്ധയാണ് മദ്ഗലനമറിയം. പക്ഷെ കേരളത്തിലെ ദേവാലയങ്ങളില്‍ മദ്ഗലനമറിയത്തിന് വേണ്ടത്ര പ്രധാന്യം കിട്ടിക്കാണുന്നില്ല. ഒന്നോ രണ്ടോ പള്ളികള്‍ മാത്രമാണ് കേരളത്തില്‍ മദ്ഗലനമറിയത്തിനുള്ളതെന്ന് തോന്നുന്നു. അവര്‍ വേശ്യജീവിതത്തിന് ശേഷം പുണ്യവതിയായ സ്ത്രീയാണല്ലോ. ക്രിസ്തുവിൻറെ ഉയിര്‍പ്പിന് ശേഷം ക്രിസ്തുവിനെ ആദ്യമായി കാണുന്ന സ്ത്രീയാണ്. എന്നിട്ടും പുണ്യവാളന്മാര്‍ ക്കിടയില്‍ എങ്ങനെ മദ്ഗലനമറിയം അവഗണിക്കപ്പെട്ടു എന്ന കാര്യം എന്നെ അസ്വസ്ഥനാക്കി. അങ്ങനെയാണ് ഈ കഥ പിറക്കുന്നത്. ഉടമസ്ഥനില്‍ ഇത് വ്യത്യസ്തമാണ്. ഒരു ജീവിക്ക് മറ്റൊരു ജീവിയുടെമേല്‍ എന്താണവകാശം എന്ന ചോദ്യമാണ് കഥയിലൂടെ ഉയര്‍ത്തുന്നത്.

Comments
Print Friendly, PDF & Email

കാസറഗോഡ് ജില്ലയിലെ മടിക്കൈ സ്വദേശി. കേരള സർവ്വകലാശാലയിൽ ഗവേഷണം നടത്തുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്

You may also like