പൂമുഖം LITERATUREകഥ **ബുദ്ധിമാൻ ബുദ്ധിമീൻ ബുദ്ധിമൂൻ**

**ബുദ്ധിമാൻ ബുദ്ധിമീൻ ബുദ്ധിമൂൻ**

ഏകദേശം പതിനൊന്നു വയസ്സ് തികയാറായപ്പോൾ ആണെന്ന് തോന്നുന്നു ഇന്ദുമോളുടെ അച്ഛൻ അവളോട് ഒരു ചോദ്യം ചോദിച്ചത്.

“ഇന്ദുമോളേ , നീ ഒരു ബുദ്ധിമാൻ ആണോ ബുദ്ധിമീൻ ആണോ ബുദ്ധിമൂൻ ആണോ?”

ഇത് മൂന്നും തമ്മിലുള്ള വ്യത്യാസം ഇന്ദുമോൾക്കു അറിയില്ലെങ്കിലും, ചോദ്യത്തിൻറെ ഗതി അത്ര സുഖകരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു.

“ബുദ്ധിമാൻ എന്ന് വെച്ചാൽ അതിബുദ്ധിക്കാരൻ

ബുദ്ധിമീനിന്നു ബുദ്ധി അല്പം കുറയും

ബുദ്ധിമൂനാണെങ്കിൽ തീരെ ഇല്ല ബുദ്ധി.

നീ ഒരു ബുദ്ധിമൂൻ ആണ് “എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ ഉറക്കെ ഉറക്കെ ചിരിച്ചു.

അന്ന് മുതലാണ് ഇന്ദുമോൾ ഇന്ദുമതി ആയി മാറിയത്.

അതായത്, എല്ലാറ്റിനും “മതി” എന്ന് പറഞ്ഞു തുടങ്ങിയത്.

” ഇത്ര വിലയുള്ള പാവാട മതിയമ്മേ”

“എനിക്ക് പുതിയതൊന്നും വേണ്ട, പഴേ വാച്ചു മതിയച്ചാ”

” അമ്മമ്മേ, ചോറ് ഇത്ര മതി “

കാരണം, ബുദ്ധി കുറവുള്ള കുട്ടികൾക്ക് ആഗ്രഹങ്ങൾ പാടില്ലല്ലോ.

എന്നാലോ പരീക്ഷയിൽ നല്ല മാർക്ക്‌ വാങ്ങിച്ചു അവൾ മാതാപിതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

പെൺകുട്ടികളെല്ലാം കാണാപാഠം പഠിച്ചിട്ടാണ് മാർക്ക്‌ വാങ്ങുന്നത്, ഇന്ദുവും അങ്ങനെ തന്നെയായിരിക്കും.

ബുദ്ധി ആകാൻ വഴിയില്ല, അച്ഛൻ അമ്മയെ ആശ്വസിപ്പിച്ചു.

എൻട്രൻസിൽ മികച്ച റാങ്ക് നേടിയപ്പോൾ

“അത് പിന്നെ കറക്കിക്കുത്തിയിട്ടായിരിക്കാനേ വഴിയുള്ളൂ ” എന്ന ഉത്തരവ് പുറപ്പെടുവിച്ചു.

ഇത്രയും ആളുകൾ ബുദ്ധിമൂൻ എന്ന് തീരുമാനിച്ചുറച്ച സ്ഥിതിക്ക് ബുദ്ധിമൂനായി അഭിനയിക്കുന്നതാണ് അഭികാമ്യം എന്നവൾക്കും തോന്നി.

നാട്ടുകാർക്ക് നമ്മളെ കൊണ്ട് ഒരു ബുദ്ധിമുട്ട് പാടില്ലല്ലോ.

അവരുടെ തീരുമാനങ്ങൾ ആയിരിക്കണം എന്നും ശരി.

അതുപോലായിരിക്കണം നമ്മുടെ ജീവിതം.

ഒടുക്കം അവളാകാൻ, ബുദ്ധിമാൻ ആയി ജീവിക്കാൻ അവൾക്കു നാട് വിടേണ്ടി വന്നു.

വിവാഹശേഷം ബുദ്ധിമൂനായി ജീവിക്കുന്നതിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കി ഒരു ഇടത്തരം ബുദ്ധിയുടെ അവതാരം അവൾ ഏറ്റെടുത്തു.

അച്ഛൻറെ ഭാഷയിൽ പറഞ്ഞാൽ ബുദ്ധിമീൻ.

വീടും കുടുംബവും ജോലിയും മുന്നോട്ട് കൊണ്ട് പോകാനുള്ള ബുദ്ധി വേണം.

എന്നാലോ ഭർത്താവിനെക്കാളും ബുദ്ധി പാടില്ല.

ബുദ്ധിമീൻ തന്നെ അത്യുത്തമം, ഇന്ദുമതി തീരുമാനിച്ചു.

ഇന്നവൾ ഈ മൂന്ന് അവതാരങ്ങളിൽ സുന്ദരമായി ജീവിക്കുന്നു.

ദ്രാവകവും ഖരവും വാതകവും പോലെ

മാതാവും പുത്രിയും പരിശുദ്ധത്മാവും പോലെ.

Comments
Print Friendly, PDF & Email

സ്വദേശം കോഴിക്കോട്.
ഇപ്പോൾ ലണ്ടൻ നാഷണൽ ഹെൽത്ത്‌ സർവീസിൽ ഹെഡ് ആൻഡ് നെക്ക് കൺസൾറ്റന്റ്.

You may also like