Home LITERATUREകവിത റ്റാറ്റൂ

റ്റാറ്റൂ

സ്നേഹത്തെ വിവർത്തനം ചെയ്യാൻ

സൂചിമുനകളെ ക്ഷണിച്ചു കൊണ്ടയാൾ,

കൊത്തുവേലയ്ക്കായുടൽ സമർപ്പിച്ച്,

കണ്ണുകളടച്ചു കിടന്നു…

അവളുടെ പേരിൻ്റെയാദ്യാക്ഷരത്തോടൊപ്പം,

നീറിപ്പുകയുന്ന പ്രണയത്തെ സിരകളിലാവേശിച്ച്,

പനിക്കിടക്കയിലെന്നപോലയാൾ പുലമ്പിക്കൊണ്ടിരുന്നു…

മുറിവുകൾ കൊണ്ടു ബന്ധിക്കപ്പെടുന്ന സ്നേഹത്തെ വിഭാവനം ചെയ്ത്,

തറഞ്ഞു കയറുന്ന മൂർച്ചകളെ മറക്കുമ്പോൾ,

പരിഹാസത്തിൻ്റെ വാൾമുന മിഴിയിണകളിലൊളിപ്പിച്ചവൾ പുഞ്ചിരിച്ചു കൊണ്ടിരുന്നു….

തിണർത്തുപൊങ്ങിയ തൊലിക്കു മേൽ,

മോക്ഷമറ്റ സ്മൃതികളെ കുടിയിരുത്തിക്കൊണ്ടയാൾ

ചുവർചിത്രങ്ങളാലേഖനം ചെയ്യപ്പെട്ടൊരു പൗരാണിക ഗുഹയായി….

എല്ലാ ഗുഹകളെയും പോലെ

ഓർമ്മകൾ പതിയിരുന്നാക്രമിക്കാവുന്നൊരു ഗൂഢസങ്കേതമായി…

മരിച്ചുവീണ നിമിഷങ്ങളുടെ പ്രേതസ്പർശങ്ങൾ പതിഞ്ഞ,

വെളിച്ചം കടക്കാത്ത വഴികളും ഉപവഴികളുമായി…

Comments
Print Friendly, PDF & Email

You may also like