കവിത

ജലമുറികളിൽ ഉറങ്ങുന്നവർജല മുറികളിൽ

ഉണരാതെ ഉറങ്ങുന്ന

പെണ്ണുങ്ങളെ

കണ്ടിട്ടുണ്ടോ?

അവളുടെ

തുറന്നിരിക്കുന്ന കണ്ണുകളിലെ

ചത്തുമലച്ച സ്വപ്നങ്ങൾ

പുറത്തേക്കു വഴിയറിയാതെ

കുമിളകളായ് പരന്ന് നടക്കും

ഇനിയും

ചെയ്തു തീർക്കേണ്ടുന്ന

ജോലികളെ കുറിച്ചോർത്ത്

കൈകൾ ശരീരത്തിൽ

നിന്നും വേർപെട്ട്

സ്വതന്ത്രമാകുവാൻ ശ്രമിക്കും

അവളുടെ

നീളമുള്ള മുടി

ജലപ്പരപ്പുകളിൽ

പകയൊടുങ്ങാത്ത

പാമ്പുകളെപ്പോലെ

ഇഴഞ്ഞു നടക്കും

ഒരമ്മ ബേജാറ്

അവളുടെ മാറിടത്തെ

ജലപ്പരപ്പിന് മുകളിലേക്ക്

അൽപ്പം ഉയർത്തി നിർത്തും

നിറവും മണവും രുചിയും

ഉത്സവങ്ങളാക്കിയില്ലെന്നോർത്ത്

ഇന്ദ്രിയങ്ങൾ തല താഴ്ത്തി നിൽക്കും

തുള വീണ അവളുടെ

ഹൃദയത്തിലേക്ക്

കടക്കാൻ മടിച്ച്

ജലം പിന്നെയും

ഹൃദയ വാതിൽക്കൽ

കാത്തു നിൽക്കും

ഉടൽ പൊട്ടിത്തെറിക്കാൻ

ശ്വാസം തിങ്ങലില്ലെന്നോർത്ത്

ചുണ്ടുകളുടെ ഒരു കോണിൽ

ആരും കാണാതൊരു ചിരി

അപ്പോഴും മിന്നി മറയുന്നുണ്ടാവും

*******

ലീന സുഭാഷ്

Comments
Print Friendly, PDF & Email