പൂമുഖം LITERATUREലേഖനം ഒരു മുരിങ്ങൂർ ധ്യാനം …

ഒരു മുരിങ്ങൂർ ധ്യാനം …

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

തൊണ്ണൂറുകളുടെ തുടക്കം. മുംബൈയിലെ ബാന്ദ്രയിൽ Fr. Agnel Institute -ൽ പഠിക്കുന്ന കാലം. ഇടയ്ക്ക് എപ്പോഴോ നാട്ടിൽ വന്ന സമയത്ത് വലിയ ഒരാഗ്രഹം. മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിൽ പങ്കെടുക്കണം. മനസ്സിനെ ബാധിച്ചിരിക്കുന്ന കൗമാര, യൗവ്വന അസ്കിതകൾ മാറ്റിയെടുക്കുക, ജീവിത ലക്ഷ്യം കണ്ടെത്തുക, സ്വഭാവ രൂപീകരണം, നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ട പ്രത്യേക പ്രാർത്ഥന, Self discipline, personality development, future planning അങ്ങനെ നീണ്ട പട്ടിക. ഇതിനെല്ലാമുള്ള ഒരു ഒറ്റമൂലി ആണ് മുരിങ്ങൂർ അല്ലെങ്കിൽ പോട്ടയിലെ ധ്യാനം എന്ന ഒരു ധാരണ സഭാവിശ്വാസികളായ ഞങ്ങളിൽ വളർത്തിയെടുക്കാൻ ചുരുങ്ങിയ കാലം കൊണ്ട് കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു കഴിഞ്ഞിരുന്നു.

അക്കാലത്ത് ഞങ്ങളുടെ ഇടയിൽ, ധ്യാനം കഴിഞ്ഞ് വരുന്നവർക്ക് വീട്ടിലും, ഇടവകയിലും,സമൂഹത്തിലും ഒക്കെ പ്രത്യേക ബഹുമാനവും, അംഗീകാരവും ലഭിച്ചിരുന്നു. സ്വതവേ ഒന്ന് പുഞ്ചിരിക്കാൻ പോലും മടിക്കുന്ന സമപ്രായക്കാരായ പെൺകുട്ടികൾ അടക്കം എല്ലാവരും വലിയ സ്റ്റേഹത്തോടെ സംസാരിക്കാനും, അടുത്ത് ഇടപഴകാനും തുടങ്ങും.ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം !!

ധ്യാനം കഴിഞ്ഞ് തിരിച്ചെത്തുന്നവർക്ക് പൊടുന്നന ഇടവകയിലെ വിവിധ വീടുകളിലെ പ്രാർത്ഥനാ സമ്മേളനങ്ങളിൽ പ്രധാനികളിൽ ഒരുവനായി സ്ഥാനം കിട്ടുന്നു, നേതൃത്വത്തിലേയ്ക്ക് ഉയർന്നു വരുന്നു, എവിടെയും വലിയ സ്വീകാര്യത. ഒളിമ്പിക്സിലോ മറ്റോ മെഡൽ നേടി തിരികെ നാട്ടിൽ എത്തുന്ന ഒരു കായിക താരത്തിന്‍റെ പ്രതീതി. സംഗതി കൊള്ളാമെന്ന് എനിക്കും തോന്നി.

വീട്ടുകാരുടെ കാഴ്ചപ്പാടിൽ അല്‍പസ്വല്‍പം പ്രായത്തിന്‍റേതായ ഉഴപ്പുമായി നടന്നിരുന്ന സമപ്രായക്കാരനായ എന്‍റെ ഇളയമ്മയുടെ മകനും, പട്ടാളത്തിൽ നിന്നും ലീവിന് വന്ന എന്‍റെ ബാല്യകാലം മുതലുള്ള ചങ്ക് സുഹൃത്തും, അനന്തിരവൻമാരായ ഞങ്ങളുടെ റേഞ്ചിലും വേവ് ലംഗ്തിലും പെടുന്ന എന്‍റെ അമ്മാവൻമാരിൽ ഒരാളും (അമ്മയുടെ ഒരു ഇളയ സഹോദരൻ, ഏതാനും വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞു) ചേർന്ന് മുരിങ്ങൂർ ആശ്രമത്തിൽ ധ്യാനത്തിന് പോകാനുള്ള തീരുമാനമായി.

ധ്യാനം കഴിഞ്ഞ് മടങ്ങി വരുന്നവരിൽ ശ്രദ്ധേയമായ രോഗശാന്തി നേടിയവർ, ഒറ്റ ആഴ്ചകൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞവർ, അസാധ്യമെന്ന് കരുതിയ വലിയ കുരുക്കുകൾ ഊരിവന്നവര്‍, മാറാരോഗങ്ങളിൽ നിന്ന് മോചനം ലഭിച്ചവർ- എല്ലാവരുമുണ്ടായിരുന്നു. അവരുടെ അത്ഭുത കഥകളുടെ നേർക്കാഴ്ചകളും വിവരണങ്ങളും പതിവായപ്പോൾ ഞങ്ങളുടെ ആവേശം ഇരട്ടിയായി. ചെറിയ രീതിയിൽ തലയ്ക്ക് പിടിച്ചു തുടങ്ങിയ ഭക്തിഭ്രമം, ശരീരമാസകലം തലങ്ങും വിലങ്ങും പ്രവഹിക്കാൻ തുടങ്ങി. പോകുന്നതിന് മുമ്പ് തന്നെ കേട്ടറിഞ്ഞ കരിസ്മാറ്റിക് പ്രയോഗങ്ങൾ ചെറുതായി പരിശീലിച്ച് തുടങ്ങി. Praise the Lord, ഹല്ലേലുയ്യാ.. സ്തോത്രം. വീടിന് തൊട്ടടുത്തുള്ള കടയിൽ സാധനം വാങ്ങാൻ പോകുന്നതിന് മുൻപും പിൻപും ഒക്കെ ബൈബിൾ എടുത്ത് വച്ച് വായിക്കാനും പല പ്രധാന ബൈബിൾ വാക്യങ്ങളും ഹൃദിസ്ഥമാക്കുവാനും തുടങ്ങി. അവസരത്തിലും അനവസരത്തിലും ഒക്കെയുള്ള ബൈബിൾ വചനങ്ങളുടെ പ്രയോഗവും ആത്മീയ ദാഹത്തിനായുള്ള ഞങ്ങളുടെ ആവേശ തിരതല്ലലും ഉന്മേഷവും വീട്ടുകാരിലും വലിയ സന്തോഷം ഉളവാക്കി.

തുടക്കത്തിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളോടും, അവരുടെ പ്രാർത്ഥനാരീതികളോടും കത്തോലിക്കാ സഭയിലെ ഭൂരിഭാഗത്തിന്,പ്രത്യേകിച്ച് ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികർക്കും, അത്മായർക്കും അല്‍പം താത്പര്യക്കുറവ് ഉണ്ടായിരുന്നു. പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ധ്യാനങ്ങളും, മറുഭാഷാ പ്രയോഗവും, അത്ഭുത പ്രവർത്തികളെപ്പറ്റിയുള്ള അതിവർണ്ണനകളും ഒക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഒഴുക്കിന് ഒത്ത് നീന്തുവാൻ അവരും നിർബ്ബന്ധിതരായിരുന്നിരിക്കണം.

വമ്പൻ വാണിജ്യസാധ്യതകളാണ് ധ്യാനകേന്ദ്രങ്ങളിൽ ഉണ്ടായിരുന്നത്. ഒരാഴ്ച വീതം നീണ്ടു നിൽക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ധ്യാനത്തിന് വേണ്ട താമസം, ഭക്ഷണം, സോപ്പ്, ചീപ്പ്, കണ്ണാടിയടക്കമുള്ള വ്യക്തിഗത സാമഗ്രികൾ, ആത്മീയ കാര്യങ്ങളില്‍ അത്യന്താപേക്ഷിതമായ (essential accessories) കൊന്ത, ബന്തിങ്ങ, ബൈബിൾ തുടങ്ങിയവ എല്ലാം വിൽപനക്കായി വച്ചിരുന്നു. വെഞ്ചരിച്ചവ ആയതിനാൽ പുറത്തെ വ്യാപാര സ്ഥാപനങ്ങളിലെ വിലയുമായി താരതമ്യം ചെയ്യാൻ പാടില്ലല്ലോ !!

പിൽക്കാലത്ത് കേരളത്തിൽ തുടങ്ങിയ തീം പാർക്കുകളിലെയും മറ്റും ഗേറ്റിലെ പ്രാഥമിക പരിശോധകർ മുരിങ്ങൂർ ആശ്രമത്തിൽ നിന്നും പരിശീലനം നേടിയവർ ആണോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ചീപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ് എന്നിവയിൽ കവിഞ്ഞ് മറ്റൊന്നും അവർ കടത്തി വിടുമായിരുന്നില്ല.

ക്രിസ്തുമസ്സ് ഇടക്കു വരുന്ന ഒരാഴ്ചയിലെ ധ്യാനമായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.ക്രിസ്തുമസ്സ് തലേന്ന് രാത്രിയിലെ പടക്കം കത്തീരും, കുട്ടനാട്ടുകാരായ ഞങ്ങളുടെ വീടുകളിലെ ക്രിസ്തുമസ്സ് ദിനത്തിലെ പ്രഭാതഭക്ഷണമായ അപ്പവും താറാവു കറിയും തൃജിക്കാൻ തയ്യാറായതിൽ നിന്നു തന്നെ ഉണ്ണിയേശു ഞങ്ങളുടെ പാപങ്ങൾ പലതും write off ചെയ്തു തരും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞാൻ.

ഒരാഴ്ച നീണ്ട ധ്യാനത്തിന് പാർപ്പിടം, ഭക്ഷണമടക്കം 140 രൂപയായിരുന്നു അന്നത്തെ രജിസ്ട്രേഷൻ ഫീസ്.പ്രഭാത ഭക്ഷണം, ലഞ്ച്, നാലുമണി പലഹാരം, ഡിന്നർ ഇവ അടങ്ങുന്നതാണ് ഭക്ഷണക്രമം. പൊതുവിൽ തരക്കേടില്ലാത്ത ഭക്ഷണം. മെയിൻ ഹാളിൽ മാത്രം പതിനായിരത്തിനും, പതിനയ്യായിരത്തിനും ഇടയിൽ ആളുകൾക്ക് ഇരിക്കുവാൻ വേണ്ട സൗകര്യങ്ങൾ. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന ഇത്രയും ആളുകൾ ഒരേ സ്ഥലത്ത് ഒരാഴ്ച തടിച്ചു കൂടിയിട്ടും വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ ചിട്ടയോടെ ഭക്ഷണം തയ്യാറാക്കാനും, വിളമ്പാനും, പാത്രങ്ങൾ കഴുകുവാനും, എല്ലാം നോക്കി നടത്താനും നിരവധി പ്രേഷിത പ്രവർത്തകർ, വോളണ്ടിയർമാർ.

പ്രാർത്ഥനാ ശുശ്രൂഷകളും ദിവ്യബലിയും മറ്റും നടക്കുന്ന സമയങ്ങളിൽ മെയിൻ ഹാളിൽ ഇരിക്കാതെ അലഞ്ഞു തിരിയുന്നവരെ വാച്ച് ചെയ്യാനും, ഉപദേശിക്കാനും, വേണ്ടി വന്നാൽ അത്യാവശ്യം ഭീഷണിപ്പെടുത്താനും തടിയും, തന്റേടവുമുള്ള നിരവധി ചേട്ടൻമാർ പലയിടങ്ങളിലായി ചലിക്കുന്ന CCTV കളുടെ റോൾ നന്നായി നിർവ്വഹിച്ചുകൊണ്ടിരുന്നു. ഇത്തരം പല ഭീഷണിപ്പെടുത്തലുകൾക്കും ഉപദേശങ്ങൾക്കും സാക്ഷ്യം വഹിക്കാൻ എനിക്കും അവസരം ലഭിച്ചിരുന്നു.

പ്രൈവറ്റ് റൂമുകൾ അന്ന് സുലഭമായിരുന്നില്ല. നീണ്ട ഒരു ഹാൾ പോലെയായിരുന്നു ഞങ്ങളുടെ കിടപ്പുസ്ഥലം. എന്‍റെ ബെഡിന് തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു ചേട്ടൻ ആദ്യദിവസം തന്നെ രാത്രി ഭക്ഷണത്തിന് മുൻപ് ബാഗിൽ നിന്നും എന്തോ എടുത്ത് കുടിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും അത് ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആ ചേട്ടനോട് കാര്യം തിരക്കി. മദ്യകുപ്പി കണ്ട് അമ്പരന്ന ഞങ്ങളോട് സാധനം അകത്ത് കടത്തി വിടുന്ന സംഘത്തെപ്പറ്റി പറഞ്ഞു തരാൻ ഒരുക്കമായിരുന്നില്ലെങ്കിലും ചാലക്കുടി സ്വദേശി തന്നെയായ അയാളുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു.

ഒരാഴ്ച ഇവിടെ താമസിക്കുന്നതിന് എനിക്ക് ചിലവ് വെറും 140 രൂപാ . സമയാസമയം ഭക്ഷണവും. ഭാര്യയുടെ തെറി വിളിയും കേൾക്കണ്ട. വീട്ടിൽ നിന്നും ബാറിലേക്കും തിരിച്ച് വീട്ടിലേക്കും ഒരാഴ്ച ഇതിലും എത്രയോ അധികം രൂപാ എനിക്ക് ഓട്ടോ ഇനത്തിൽ ചിലവാകുമായിരുന്നു.. മാത്രമല്ല.. ധ്യാനത്തിന് പോകുന്ന കാര്യം പറയുമ്പോൾ വീട്ടുകാരിക്കും വലിയ സന്തോഷമാ.

9/11 ന് ശേഷമാണ് എയർപോർട്ടുകളിൽ പോലും ഹാൻഡ് ബാഗുകൾ ഇത്ര കർശന പരിശോധനകൾക്ക് വിധേയമാക്കി തുടങ്ങിയത്. മുരിങ്ങൂരിലെ സെക്യൂരിറ്റി ചേട്ടൻമാർ അതിന് എത്രയോ മുമ്പേ കനത്ത പരിശോധനാ രീതികൾ അവിടെ തുടങ്ങിയിരുന്നു. ഇത്തരം കടമ്പകൾ ഒക്കെ കടന്ന് എങ്ങനെയാണ് മദ്യം അകത്ത് കടത്തുന്നത് എന്ന് ഞാൻ പല വട്ടം തലപുകഞ്ഞ് ആലോചിച്ചിട്ടുണ്ട്. ചാലക്കുടി ബിവറേജസ് കേരളത്തിന്‍റെ മദ്യവിൽപനയിൽ വർഷങ്ങളായി ഒന്നാമത് നിൽക്കുന്നതിന്‍റെ ഒരു കാരണം ഇതാവാം എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളിൽ വചന ശുശ്രൂഷ, ഗാന ശുശ്രൂഷ ഇങ്ങനെ പല വിധ ശുശ്രൂഷകൾ അവിടെ നടക്കാറുണ്ട്. ഗാനശുശ്രൂഷകൾ എത്ര അലസമായി നിൽക്കുന്നവരിലും, താളബോധം ഇല്ലാത്തവരിലും ഒരു തരിപ്പ് ഉളവാക്കും. കൈകൾ ഉയർത്തി, ഉച്ചത്തിലുള്ള പാട്ടും, പ്രാർത്ഥനയും ഹല്ലേലുയ്യാ സ്തോത്രം വിളികളും അതിന്‍റെ പാരമ്യത്തിൽ എത്തുമ്പോൾ ചിലർ കരയാനും, മറ്റു ചിലർ എന്തൊക്കെയോ പിറുപിറുക്കാനും. ചിലർ മറുഭാഷകളിൽ സംസാരിക്കാനും ഒക്കെ തുടങ്ങും. യാതൊരു ചലനവുമില്ലാതെ ഞങ്ങൾ രണ്ടു മൂന്നുപേർ മാത്രം പാതി തുറന്ന കണ്ണുകളുമായി ചുറ്റിലുമുള്ളവരെ വീക്ഷിച്ചു കൊണ്ടു നിൽക്കും.

ആവേശം അല്‍പം തണുത്തു വന്നപ്പോൾ അടുത്തിരുന്ന ഒരു ചേട്ടൻ എന്നോട്, ‘പാട്ട് അങ്ങട് മുറുകി വരുമ്പോൾ ട്രെയ്ന്‍ പോകുന്ന പോലത്തെ ഒച്ചയാണല്ലേ ?..’ ഞാൻ പറഞ്ഞു, ‘അത് ട്രെയിൻ പോലത്തെയല്ല ചേട്ടാ , ട്രെയ്നിന്‍റെ ഒച്ച തന്നെയാ …’തൊട്ടു പുറകിൽ റെയിൽവേ ട്രാക്ക് ഉള്ള വിവരം അറിയില്ലായിരുന്നു ആ പാവത്തിന്.

ക്രിസ്തുമസ്സ് വാരം ആയതിനാൽ തന്നെ ധ്യാനത്തിന് വന്നതാണെങ്കിലും ഒരു ആഘോഷത്തിന്‍റെ മൂഡിലായിരുന്നു ഞങ്ങളിൽ പലരും. അമ്മാവൻമാരിൽ ഒരാൾ അക്കാലത്ത് ഗൾഫിൽ നിന്നും കൊണ്ടുവന്ന കാസറ്റു വഴി ഞങ്ങൾക്കും ഇംഗ്ലീഷ് പാട്ടുകളുടെ ഈണവും വരികളും അത്യാവശ്യം വഴങ്ങുമായിരുന്നു. പ്രത്യേകിച്ചും Boney M ലെ പാട്ടുകൾ. അങ്ങനെ ക്രിസ്തുമസ്സ് തലേന്ന് രാത്രിയിലെ പ്രത്യേക ഗാനശുശ്രൂഷയിൽ പതിനായിരങ്ങളെ ഭക്തി ഗാനങ്ങളിലേക്ക് ആകർഷിച്ച ,അടുത്തിടെ വിട പറഞ്ഞ അനുഗ്രഹീത ഗായകൻ ആന്‍റണി ഫെർണാണ്ടസ് താളമേള ലയങ്ങളോടെ ഉച്ചത്തിൽ പാടി ‘Mary’s Boy child Jesus Christ Was born on Christmas day, And man will live for ever more ,Because of Christmas day….’ അതുവരെ Praise the Lord, Hallelujah പറഞ്ഞ് പറഞ്ഞ് തൊണ്ടയിലെ വെള്ളം വറ്റിയ ഞാനും ആവേശത്താൽ ഏറ്റുപാടി : Mary’s Boy child…….

പതിവ് ഗാനശുശ്രൂഷകൾക്ക് ശേഷം ഇടക്കൊരു ദിവസം ധ്യാന ഗുരുവായ അച്ചൻ പലവിധ രോഗങ്ങളിൽ നിന്നും രോഗശാന്തി ലഭിച്ച ആളുകളുടെ രോഗലക്ഷണങ്ങളും അടയാളങ്ങളും മറ്റും വിവരിച്ച ശേഷം അത്തരം അനുഭവം തോന്നുന്നവർ എഴുന്നേറ്റ് നിൽക്കുവാൻ ആവശ്യപ്പെട്ടു. പലവിധ രോഗലക്ഷണങ്ങൾ പറഞ്ഞിട്ടും അതിലൊന്നും പെടാതെ, ഒന്നെഴുന്നേറ്റ് നിൽക്കാൻ ഒരവസരം കിട്ടാതെ നിരാശനായി ഇരുന്ന എന്‍റെ ഇളയമ്മയുടെ മകൻ, ഏറിയാൽ 18 വയസ്സ്, അപ്പത്തിനുള്ള കള്ള് വല്ലപ്പോഴും ഇത്തിരി അടിച്ചു മാറ്റി മാത്രം കുടിച്ചു ശീലമുള്ളവൻ, രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈ വിറക്കുന്നവർ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ, ചുറ്റും ഒന്നു കണ്ണോടിച്ച ശേഷം അല്‍പം ജാള്യതയോടെ എണീറ്റു. അടുത്തിരുന്ന ഞങ്ങൾ അമ്പരന്ന് പരസ്പരം നോക്കി. ഒരു വരി പുറകിലായി ഇരുന്ന ഞങ്ങടെ അമ്മാവൻ അല്‍പം ഉച്ചത്തിൽ, ‘ഇരിയെടാ അവിടെ കൊച്ചു കഴുവേറീ, ധ്യാനം ഒന്നു കഴിയട്ടെ, നിന്‍റെ വിറവൽ ഞാൻ മാറ്റിത്തരാം.’ നിരാശനായി രോഗശാന്തി ലഭിക്കാതെ അവന് ഇരിക്കേണ്ടി വന്നു.

ഓരോ ആഴ്ചയിലേയും ധ്യാനം കഴിഞ്ഞ് പോരുന്നതിന് മുൻപായി പലരും പലവിധ പ്രതിജ്ഞകൾ എടുത്തിട്ടാണ് മടങ്ങി വരിക. പുരുഷൻമാരിൽ ഏറിയ പങ്കും മദ്യപാനം നിറുത്തുന്നതായി എഴുന്നേറ്റ് നിന്ന് പ്രഖ്യാപിക്കും. ഞാൻ പങ്കെടുത്ത ആഴ്ചയിലും ഏകദേശം അഞ്ഞൂറിന് മുകളിൽ പുരുഷൻമാർ മദ്യപാനം ഉപേക്ഷിക്കുന്നതായി പ്രതിജ്ഞ എടുത്തതായാണ് എന്‍റെ ഓർമ്മ. ഇതിന്‍റെ നാലിൽ ഒന്ന് ആളുകളെങ്കിലും ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾ കൊണ്ട് കേരളം ഒരു സമ്പൂർണ്ണ മദ്യ വിമുക്ത സംസ്ഥാനം ആകുമായിരുന്നു. കുറഞ്ഞ പക്ഷം ഞങ്ങൾ ക്രിസ്ത്യാനികളുടെ ഇടയിൽ എങ്കിലും.

മദ്യപാനം ഉപേക്ഷിച്ച് പ്രതിജ്ഞ എടുക്കുന്നവരേക്കാൾ എത്രയോ മടങ്ങ് കൂടുതലായിരുന്നു മറ്റ് ചെറുതും വലുതുമായ രോഗങ്ങളിൽ നിന്ന് സൗഖ്യം പ്രാപിച്ചവർ. ചെറുതും വലുതുമായ പലവിധ രോഗ വിവരങ്ങൾ ധ്യാനഗുരു മൈക്കിലൂടെ വിളിച്ച് പറയുമ്പോൾ നൂറുകണക്കിന് ആളുകളാണ് അതിൽ നിന്ന് സൗഖ്യം ലഭിച്ചതായി കൈപൊക്കിയും എഴുന്നേറ്റ് നിന്നും സാക്ഷ്യപ്പെടുത്തിയിരുന്നത്. യുക്തിസഹമായി ചിന്തിച്ചു തുടങ്ങിയപ്പോൾ എന്‍റെ മനസ്സിലും നിരവധി സംശയങ്ങൾ ഉയർന്നു തുടങ്ങി.

മദ്യവർജ്ജന പ്രതിജ്ഞയിലെന്നപോല രോഗശാന്തി സാക്ഷ്യം പറയുന്നവരിലും ഒരു ചെറിയ ശതമാനത്തിന് എങ്കിലും എന്തെങ്കിലും മാറ്റം സംഭവിച്ചിരുന്നു എങ്കിൽ എന്തുകൊണ്ടാണ് കൊറോണക്കാലം ഒഴിച്ചു നിറുത്തിയാൽ നമ്മുടെ നാട്ടിലെ മെഡിക്കൽ സ്റ്റോറുകളിലും ഒ.പി കളിലും, ആസ്പത്രികളിലും രോഗികളുടെ നീണ്ട നിര ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരുന്നത് ?

നാട്ടിലാകമാനം ദിവസേനയെന്നോണം പുതിയ പുതിയ ആസ്പത്രികൾ മുളച്ചു വരുന്നത് ? ശാരീരിക സൗഖ്യവും, ആന്തരിക സൗഖ്യവും നേടി ഇത്രയും ആളുകൾ ഓരോ ആഴ്ചയിലും പുറത്ത് വന്നിട്ടും എന്തുകൊണ്ട് നമ്മുടെ നാട്ടിൽ മാറാരോഗികളുടെയും മാനസിക രോഗികളുടെയും എണ്ണം വർദ്ധിച്ചു വരുന്നു ? എന്തുകൊണ്ട് അക്രമവും, അനീതിയും , അധാർമ്മികതയും സമൂഹത്തിന്‍റെ എല്ലാ രംഗങ്ങളിലും വ്യാപകമാകുന്നു ?

നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെ സ്നേഹി’ക്കാൻ പഠിപ്പിച്ച യേശുവിന്‍റെ ശിഷ്യൻമാർ തമ്മിൽ മൃതശരീരം തലയിൽ വച്ച് കലഹിക്കുന്നു? പള്ളികൾ പിടിച്ചടക്കാൻ മൽസരിക്കുന്നു ? ധ്യാന കേന്ദ്രങ്ങളിൽ ഇവർ നേടിയ സൗഖ്യങ്ങൾ വെറും നൈമിഷികമോ തോന്നലുകളോ മാത്രമായിരുന്നില്ലേ?

നമ്മൾ കബളിപ്പിക്കപ്പെടുക ആയിരുന്നോ ? എല്ലാ മതങ്ങളും സമൂഹത്തെ പിന്നോട്ടു നടത്തുകയല്ലേ? സമൂഹത്തിലെ വലിയ വിഭാഗം ആളുകൾ അശാസ്ത്രീയതയുടെയും, അന്ധവിശ്വാസങ്ങളുടെയും വക്താക്കളായി മാറുന്നില്ലേ ?

നമ്മുട മാധ്യമങ്ങൾ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി ഇത്തരം അന്ധവിശ്വാസങ്ങളുടെ പ്രചാരകരായി മാറുന്നില്ലേ ??

വലം പിരിശംഖിന്‍റെയും, മകര വിളക്കിന്‍റെയും, തിരുകേശത്തിന്‍റെയും ഒക്കെ പൊള്ളത്തരങ്ങൾ, അത്ഭുതങ്ങളും, അമാനുഷികവുമായി അവതരിപ്പിക്കുകയല്ലേ മാധ്യമങ്ങൾ ??

അവർക്ക് സമൂഹത്തോട് യാതൊരു ധാർമ്മികതയും പ്രതിബദ്ധതയും ഇല്ലേ?

യുക്തിസഹമായി സമീപകാല സംഭവങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന ഏതൊരുവന്‍റെ ഉള്ളിലും ഇത്തരം ചോദ്യങ്ങൾ ഉയർന്നു കൊണ്ടേയിരിക്കും.

Comments
Print Friendly, PDF & Email

കുട്ടനാട് സ്വദേശി. ഇപ്പോൾ ഓസ്‌ട്രേലിയയിൽ താമസം

You may also like