പൂമുഖം LITERATUREകവിത ദൈവത്തിന്റെ ചരമദിനം

ദൈവത്തിന്റെ ചരമദിനം

 

രാത്രിയ്ക്ക് വലിയ വിഷാദമൊന്നും
പ്രകടമാകാതിരുന്ന ഒരു സമയത്ത്, 
രാവ് പുലർച്ചയെ കണ്ടുമുട്ടാൻ
അല്പനാഴികകൾ കൂടിയുള്ള
ഒരു കഴപ്പൻ നേരത്താണ്
കട്ടിലിൽ നിന്ന് വീണു തലയ്ക്കു –
മുറിവേറ്റ കുട്ടിയെയും കൊണ്ട്
ഒരുവൾ ആശുപത്രിയിലെത്തുന്നത്.
ഗേറ്റിനു വെളിയിൽ നിർത്തിയിട്ട
കാറിൽ ഡ്രൈവിംഗ് സീറ്റിൽ
ഒരു കഴുകനെക്കണ്ട് സ്വപ്നത്തിന്റെ
അഴിഞ്ഞു വീണ മുണ്ടു മുറുക്കിയുടുത്ത്
കാവൽക്കാരൻ വീണ്ടും മയങ്ങി.
ഒരാംബുലൻസും അന്നുവരെ ഉയർത്താത്ത
ശബ്ദത്തോടെ ആശുപത്രി തകർക്കും
വിധം കടന്നു വന്ന വാഹനത്തെ
ഞെട്ടിയുണർന്ന കാവൽക്കാരൻ തടഞ്ഞു.
പാദം വരെ നരച്ച മുടിയുള്ള വൃദ്ധനെ
തലയിൽ മുറിവേറ്റ് കൊണ്ടുവന്നതാണ്.
വൃദ്ധന്റെയും കുട്ടിയുടെയും ശരീരത്തിൽ
ഒരേ മുറിവടയാളങ്ങൾ രേഖപ്പെടുത്തിയ
രജിസ്റ്ററുകൾ അന്നു തന്നെ
മനശാസ്തജ്ഞനെത്തേടിപ്പോയി.
പകൽ മാത്രം എന്നും മച്ചിൽ വരുന്ന
വെള്ളിമൂങ്ങയെ ആംബുലൻസിന്റെ
ഡ്രൈവർ സീറ്റിൽ കണ്ട കാവൽക്കാരൻ
പുതിയ സ്വപ്നത്തിനായി വീണ്ടും ഉറങ്ങി.
പകലും രാത്രിയും ചിലതു കടന്നു
ആർത്തനാദങ്ങളൊന്നുമില്ലാതെ
രണ്ടു മരണ സർട്ടിഫിക്കറ്റുകളിൽ
ദൈവ സമ്മതമില്ലാത്ത ഒപ്പു വീണു.
എന്നും മൂളുക മാത്രം ചെയ്തിരുന്ന
വെള്ളിമൂങ്ങയുടെ ഭാഷയിൽ ‘ദൈവം’
എന്ന വാക്കു കേട്ട് കാവൽക്കാരൻ ചിരിച്ചു.
പക്ഷികൾ സ്വപ്നങ്ങളിൽ മാത്രം
സംസാരിക്കുന്നവരാണെന്നയാൾക്കറിയാം.
ലാബിലായിരുന്നു ആശയക്കുഴപ്പത്തിന്റെ
ആനവാൽ പിടി മത്സരം
രണ്ടു തലയോട്ടികളിലും
പത്തു സെന്റിമീറ്റർ പൊട്ടൽ
ഒരു വ്യത്യാസം മാത്രം
കുഞ്ഞിന്റെ തലയിലെ രക്തസ്രാവം
നിലച്ചുവെങ്കിലും
വൃദ്ധന്റെ തലയോട്ടിയിലെ ചോര
നിലച്ചതേയില്ല.
ഒഴുകിയ ചോരയെല്ലാം
ഡാമുകളെ നിറച്ചു കൊണ്ട്
അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു.
ദൈവത്തിന്റെ ചരമദിനം
അന്ന് കലണ്ടറുകളിൽ
ചുവന്ന കണ്ണുകളായി തുറിച്ചു നിന്നു.
തിരിഞ്ഞു നോക്കാതെ ആകാശത്തേക്ക്
നടന്നു പോകുന്ന ഒരു പടുവൃദ്ധനെയും
ഒരു പിഞ്ചുകുഞ്ഞിനെയും
ഒരു പൂർവ്വാഹ്നത്തിൽ കണ്ടവരും
പിന്നാലെ മനോരോഗാശുപത്രിയുടെ
വരാന്തയിൽ വെള്ളിമൂങ്ങ
സംസാരിക്കുന്ന ദിവസവും കാത്ത്
അനന്തമായി തല കുനിച്ചിരുന്നു.
കാവൽക്കാരൻ ദഹിക്കാത്ത
ദേഹമായി ആ സ്വപ്നത്തോടൊപ്പം
ഉറങ്ങിപ്പോയി.

Comments

You may also like