പൂമുഖം POLITICS ലോക് സഭ തെരെഞ്ഞെടുപ്പ് – വോട്ടറുടെ മുൻപിലെ മുൻഗണനാ വിഷയങ്ങൾ

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ലോക് സഭ തെരെഞ്ഞെടുപ്പ് – വോട്ടറുടെ മുൻപിലെ മുൻഗണനാ വിഷയങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

17-ാമത് ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. പ്രഖ്യാപനം വരുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം വോട്ടർമാരെ വശീകരിക്കുന്നതിനായി വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് തുടങ്ങിയിരുന്നു. അതോടൊപ്പംതന്നെ പരസ്പരം ചെളിവാരിയെറിയുന്ന പതിവ് പരിപാടിയും നടക്കുന്നു.

17, 18, 19 നൂറ്റാണ്ടുകളിൽ, രാജവാഴ്ചയെ കടപുഴക്കി മുതലാളിത്തം രംഗപ്രവേശം ചെയ്യുമ്പോൾ, ശാസ്ത്രീയചിന്ത, ജനാധിപത്യം, ജനാധിപത്യമൂല്യങ്ങൾ, മതമുക്തമായ മതേതര മാനവവാദം എന്നിവയുടെ കൊടിക്കൂറയും, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം തുടങ്ങിയ ഉന്നത ആദർശങ്ങളും ഉയർത്തിപ്പിടിക്കുകയും ബൂർഷ്വാ-ജനാധിപത്യ വിപ്ലവം സാക്ഷാത്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അനിവാര്യമായ ചരിത്ര നിയമപ്രകാരം മുതലാളിത്തം കുത്തകരൂപമെടുക്കുകയും സാമ്രാജ്യത്വഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തതോടെ, ”ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ നടത്തപ്പെടുന്ന, ജനങ്ങളുടെ” ഭരണം എന്നത് ”കുത്തകകൾക്കുവേണ്ടി, കുത്തകകളാൽ നടത്തപ്പെടുന്ന, കുത്തകകളുടെ” ചൂഷണ വാഴ്ചയായിത്തീർന്നു. അങ്ങനെ പാർലമെന്ററി ജനാധിപത്യം പാർലമെന്ററി ഫാസിസ്റ്റ് സ്വേച്ഛാധിപത്യമായി അധഃപതിച്ചു. ജനാധിപത്യം വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത രൂപത്തിലുള്ള ഫാസിസ്റ്റ് വാഴ്ചയ്ക്ക് വഴിമാറിക്കൊടുത്തു. ‘ബഹുകക്ഷി ജനാധിപത്യം’ ‘ദ്വികക്ഷി ജനാധിപത്യ’മായി ചുരുങ്ങിപ്പോയി.

ഒരു മുതലാളിത്ത-സാമ്രാജ്യത്വ രാജ്യമായ ഇന്ത്യയും ഇതിനൊരപവാദമായില്ല. ജീർണവും പിന്തിരിപ്പനുമായ മുതലാളിത്തത്തിന്റെ എല്ലാ തിന്മകളും ഇവിടെയും നടമാടി. ഇന്ന് തെരഞ്ഞെടുപ്പ് രംഗത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഭരണ മുതലാളിവർഗ്ഗം അവരുടെ രാഷ്ട്രീയ കാര്യസ്ഥന്മാരായി വിശ്വസ്തരായ പാർട്ടികളെ അവതരിപ്പിക്കുന്നു. പണവും കയ്യൂക്കും, മാധ്യമരംഗത്തും ഭരണരംഗത്തുമുള്ള സ്വാധീനവും ഉപയോഗിച്ച് അവരെ അധികാരത്തിലെത്തിക്കുന്നു. ഭരിക്കുന്ന കക്ഷിയുടെ ജനവിരുദ്ധവും മുതലാളിത്താനുകൂലവുമായ നയങ്ങൾമൂലം ജനങ്ങളിൽ അസംതൃപ്തി പടരുകയും ജനങ്ങളിൽനിന്ന് അവർ ഒറ്റപ്പെടുകയും ചെയ്യുമ്പോൾ മുതലാളിവർഗ്ഗം അവരെ മാറ്റി ആ സ്ഥാനത്ത് പുതിയ കാര്യസ്ഥന്മാരെ അവരോധിക്കുന്നു. കാലാകാലങ്ങളിൽ ചടങ്ങുപോലെ തെരഞ്ഞെടുപ്പ് നടത്തി ഗവണ്മെന്റുകളെ മാറ്റുന്ന ഈ കളിയുടെ ഫലമെന്താണ്? സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലാണ്. ലോകത്താകെയുള്ള ദരിദ്രരുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. പേരിനുപോലും ചികിത്സ കിട്ടാതെ ദിനംപ്രതി ഏതാണ്ട് 4000 പേരാണ് രാജ്യത്ത് മരിക്കുന്നത്. ഫാക്ടറികൾ അടയുകയും ലോക്കൗട്ടും പിരിച്ചുവിടലുമൊക്കെ പെരുകുകയും ചെയ്യുന്നു. സ്ഥിരം തൊഴിലിനുപകരം കരാർതൊഴിൽ വ്യാപകമാകുന്നു. ചെറുകിട-ഇടത്തരം കച്ചവടക്കാരെ നാശത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് കുത്തകകൾ വ്യാപാരരംഗം കയ്യടക്കുന്നു. തൊഴിലില്ലായ്മ ഭീകരരൂപം പൂണ്ടിരിക്കുന്നു. 70 കോടിയാളുകളും തൊഴിൽരഹിതരോ അർദ്ധ തൊഴിലാളികളോ ആണ്. ഉത്തർപ്രദേശിൽ 368 പ്യൂൺ വേക്കൻസിക്ക് അപേക്ഷ അയച്ചത് 23 ലക്ഷം പേരാണ്. അതിൽ പോസ്റ്റ് ഗ്രാജുവേറ്റുകളും ഡോക്ടറേറ്റ് ഉള്ളവരും അനവധിയുണ്ടായിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഭീകരത ഇതിൽനിന്നുതന്നെ വ്യക്തമാണ്.

തെരഞ്ഞെടുപ്പുകളും ഇന്ന് വെറും തട്ടിപ്പാണ്. അധികാര ദുര മൂത്ത ബൂർഷ്വാ പാർട്ടികൾ വോട്ടുപിടിക്കാനായി, ഇലക്ഷൻ കമ്മീഷന്റെ നിയമങ്ങളും ചട്ടങ്ങളുമൊക്കെ തൃണവൽഗണിച്ച് ഭീമമായ തുകകൾ ചിലവഴിക്കുന്നു. ജനങ്ങളുടെ ദൈന്യതയും രാഷ്ട്രീയമായ അജ്ഞതയും മുതലെടുക്കുന്ന ഇക്കൂട്ടർ, അവരെ പണവും ആനുകൂല്യങ്ങളും നൽകി വിലയ്‌ക്കെടുക്കുന്നു. കിട്ടുന്നതാകട്ടെ എന്ന് കരുതുന്ന ഈ സാധുക്കൾ എളുപ്പം ഇവരുടെ വലയിൽ വീഴുന്നു. എന്നാൽ അവർ എത്ര വലിയ വഞ്ചനയ്ക്കാണ് ഇരയായതെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോഴേ മനസ്സിലാകൂ. ജനജീവിതം അതോടെ കൂടുതൽ അധഃപതനത്തിലേയ്ക്ക് കൂപ്പുകുത്തുകയായി.

തെരഞ്ഞെടുപ്പ് രംഗത്ത് അണിനിരന്നിട്ടുള്ള ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ അധികാരം രുചിച്ചിട്ടുള്ളവരാണ്. അഴിമതി ഒരു നാട്ടുനടപ്പും ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥയുടെ മുഖമുദ്രയും ആയിരിക്കുമ്പോൾ ഈ പാർട്ടികൾക്കൊന്നും അതിൽനിന്ന് മോചനമില്ല. . കഴിഞ്ഞ ലോക്‌സഭയിൽ 545ൽ 442 പേർ, അതായത് 82 ശതമാനം കോടീശ്വരന്മാരായിരുന്നു. അതിൽ ഏറ്റവും മുന്തിയ ആളുടെ സ്വത്ത് 683 കോടിയായിരുന്നു. അപ്പോൾ അവർ പ്രതിനിധീകരിക്കുന്നത് ദരിദ്രരും അടിച്ചമർത്തപ്പെടുന്നവരുമായ സാധാരണക്കാരെയോ അതോ ഒരു പിടി വരുന്ന സമ്പന്നന്മാരെയോ?

മതത്തിന് പുരോഗമന സ്വഭാവം ഉണ്ടായിരുന്നപ്പോൾ അത് ഉന്നത വ്യക്തിത്വങ്ങൾക്ക് ജന്മംനൽകി. എന്നാൽ പിന്നീട് രാജാധിപത്യത്തിന് വിടുപണി ചെയ്തതിലൂടെ അത് പിന്തിരിപ്പനായി. അതോടെ അതിന്റെ ധാർമികത നഷ്ടപ്പെട്ടു. ജനാധിപത്യ വിപ്ലവകാലത്ത് ബൂർഷ്വാ മാനവവാദവും സ്വഭാവമഹിമയുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ഇത്തരത്തിലുള്ളവരായിരുന്നു. ഇന്ന് മുതലാളിത്തം അഴിമതി നിറഞ്ഞതും ജനവിരുദ്ധവും അധാർമികവും ആയിത്തീർന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥയുടെ സേവകരായ നേതാക്കളും, അഴിമതിക്കാരും ആത്മവഞ്ചകരും ജനവഞ്ചകരുമാകാതെ തരമില്ല. അവർ മദ്യക്കച്ചവടവും ലോട്ടറിക്കച്ചവടവും നടത്തുന്നു. സിനിമയിലൂടെയും ടിവിയിലൂടെയും മറ്റും അശ്ലീലതയും രതിവൈകൃതങ്ങളും അധഃപതിച്ച സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യത്വം തകർത്ത് ജനങ്ങളെ അപമാനവീകരിച്ച് യുവത്വത്തെ നശിപ്പിക്കുക എന്നതാണവരുടെ ലക്ഷ്യം. അതോടെ, പ്രതിഷേധിക്കാനുള്ള ധാർമിക ശേഷി നഷ്ടമാകുന്നു. ഈ യുവാക്കളെ ഇതേ പാർട്ടികൾക്ക് ഗുണ്ടകളായി വിലയ്‌ക്കെടുക്കുകയും ചെയ്യാം. ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ്സ് ‘ദാരിദ്ര്യ നിർമ്മാർജ്ജനം’, ‘സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം’ തുടങ്ങിയ ആകർഷകമായ മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ വഞ്ചിച്ചു. കുത്തകാനുകൂലവും ജനവിരുദ്ധവുമായ നയങ്ങൾ നടപ്പിലാക്കുകയും വൻ അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയും ചെയ്തതോടെ അവർ ജനങ്ങളുടെ വെറുപ്പിന് ഇരയായി. അപ്പോൾ ഭരണമുതലാളിവർഗ്ഗം ബിജെപിയെ പിന്തുണയ്ക്കുകയും പാർലമെന്ററി രാഷ്ട്രീയരംഗത്ത് ഒരു ബദലായി അവരെ ഉയർത്തിക്കാട്ടുകയും ചെയ്തു. ബിജെപിയും ‘നല്ല നാളുകൾ’ പോലുള്ള കപട വാഗ്ദാനങ്ങൾ നിരത്തിയാണ് വോട്ടുപിടിച്ചത്. എന്നാൽ അവരുടെ അഞ്ച് വർഷത്തെ ഭരണത്തിൽ സ്ഥിതി കൂടുതൽ വഷളായി. ജനങ്ങളുടെ കഷ്ടപ്പാടുകൾ പല മടങ്ങ് വർദ്ധിച്ചു. ബിജെപിയുടെ വഴികാട്ടിയായ ആർഎസ്എസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തീർത്തും എതിരായിരുന്നു എന്നകാര്യം കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ‘ബ്രിട്ടീഷ് വിരുദ്ധ ദേശീയബോധം’ ജനങ്ങൾക്ക് ഹിന്ദുരാഷ്ട്ര സങ്കല്പത്തിന്റെ ക്രിയാത്മകവും പ്രചോദനാത്മകവുമായ ഉള്ളടക്കം നിഷേധിച്ചിരിക്കുകയാണെന്ന് ആർഎസ്എസ് ആചാര്യനായ എം.എസ്.ഗോൾവാൾക്കർ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. അതായത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സ്വാതന്ത്ര്യസമരം പ്രതിലോമകരവും, ആദരീയണരായ സ്വാതന്ത്ര്യസമര സേനാനികളും രക്തസാക്ഷികളുമൊക്കെ പിന്തിരപ്പന്മാരും വഞ്ചകരും ദേശഭക്തി ഇല്ലാത്തവരും ആയിരുന്നു. യഥാർത്ഥത്തിൽ ആർഎസ്എസ് ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി പൂർണ സഹകരണത്തിലായിരുന്നു.

മാർക്‌സിസ്റ്റുകളായ SUCI ഈശ്വര വിശ്വാസികളല്ല. എന്നാൽ മത പ്രവാചകരെല്ലാം മഹാന്മാരായിരുന്നു എന്നും മതം സമൂഹത്തിൽ പുരോഗമനപരമായ പങ്കുവഹിച്ചിരുന്ന കാലത്ത് അവരെല്ലാം സാമൂഹ്യ നന്മയ്ക്കുവേണ്ടി പൊരുതുകയും അന്നത്തെ ഭരണാധികാരികളുടെ രോഷത്തിന് ഇരയാകുകയും അവരാൽ കൊല ചെയ്യപ്പെടുകയും ഉണ്ടായെന്നും കണ്ടറിഞ്ഞിരിക്കുന്നു . അവരാരുംതന്നെ മറ്റ് മതങ്ങളോട് ശത്രുത പുലർത്തിയില്ല. എന്നാൽ ഇതിന് നേർ വിപരീതമായാണ് ആർഎസ്എസ്-ബിജെപി പ്രവർത്തിക്കുന്നത്. മതത്തിന്റെ പേരിൽ അവർ വർഗ്ഗീയതയും മതഭ്രാന്തുമാണ് പ്രചരിപ്പിക്കുന്നത്. രാമകൃഷ്ണ പരമഹംസരോ വിവേകാനന്ദനോ ഒന്നും ബാബറി മസ്ജിദ് തകർത്ത് അവിടെ രാമക്ഷേത്രം പണിയാൻ ആഹ്വാനം ചെയ്തിട്ടില്ല. ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥലത്താണ് നിർമിച്ചിരിക്കുന്നതെന്ന് തുളസീദാസിന്റെ രാമചരിത മാനസത്തിലും പറയുന്നില്ല. രാജീവ്ഗാന്ധി ഭരിക്കുമ്പോഴാണ് ബാബറി മസ്ജിദിന്റെ പൂട്ടുതുറന്നുകൊടുത്ത് രാമപൂജയ്ക്ക് അവസരമൊരുക്കിയത്. വോട്ട് ലക്ഷ്യംവച്ചുള്ള നടപടിയായിരുന്നു അത്. വർഗ്ഗീയവാദികളായ ആർഎസ്എസ്-ബിജെപി അത് ശരിക്ക് മുതലെടുത്തു. രാജ്യവ്യാപകമായ വർഗ്ഗീയ കലാപങ്ങൾക്കാണ് അത് വഴിമരുന്നിട്ടത്. അതുമൂലം അനേകം മനുഷ്യജീവൻ നഷ്ടപ്പെട്ടു, അനേകം കുടുംബങ്ങൾ അനാഥമായി, സത്രീകൾ ബലാൽസംഗത്തിനിരയായി, വർഗ്ഗീയ സ്പർദ്ധയും വിദ്വേഷവും അവിശ്വാസവും നടമാടി. മുതലാളിത്ത ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നവർ തന്നെയാണ് ഈ കെടുതികളെല്ലാം ഏറ്റുവാങ്ങേണ്ടി വന്നത്. ജനങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കി, വോട്ടുബാങ്കുകൾ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനും ചൂഷിത ജനതയുടെ ഐക്യം തകർക്കാനുമുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു ഇതിനൊക്കെ പിന്നിൽ ഈ നേതാക്കൾ പലപ്പോഴും ജാതി, മത, പ്രാദേശിക വികാരങ്ങൾക്ക് തിരി കൊളുത്തുകയും സംഘർഷങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. നമ്മുടെ രാജ്യത്തെ ദലിതരും ആദിവാസികളുമൊക്കെ ഇത്തരത്തിൽ പലവിധ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്.

ഫാസിസ്റ്റ്‌വൽക്കരണത്തെ ത്വരിതപ്പെടുത്താനായി ശാസ്ത്രീയ ചിന്താഗതി തകർക്കാനും മതപരമായ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ‘ജീവിതം ദൈവേച്ഛയാൽ നയിക്കപ്പെടുന്നതാണ്’ എന്നും കഷ്ടപ്പാടുകളുടെയെല്ലാം കാരണം ‘മുജ്ജന്മ പാപങ്ങൾ’ ആണെന്നും പണക്കാരുടെ സമ്പത്ത് പെരുകുന്നത് ‘ദൈവാനുഗ്രഹം’കൊണ്ട് ആണെന്നും അവർ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.

ഇന്ന് ബിജെപി അപകീർത്തിക്കിരയായിരിക്കുന്നതിനാൽ പകരം കോൺഗ്രസ്സിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒരു നാണയത്തിന്റെതന്നെ രണ്ട് വശങ്ങളാണ് ഇവർ. കോൺഗ്രസ്സ് ഒരിക്കലും മതേതരമായിരുന്നില്ല. സ്വാതന്ത്ര്യ സമരകാലത്ത് അതിന്റെ നേതാക്കൾ പരിഷ്‌കരണവാദപരമായ പ്രതിപക്ഷനിലപാട് മാത്രമാണ് സ്വീകരിച്ചത്. മതചിന്തയെ അവർ പ്രോത്സാഹിപ്പിച്ചു, വിശേഷിച്ച് ഹിന്ദു മതത്തിന് എല്ലാ പരിരക്ഷയും നൽകി. അതുകൊണ്ടാണ് ഒരു ശരിയായ മതേതര മാനവവാദ വീക്ഷണത്തോടെ വികസിക്കേണ്ടിയിരുന്ന ഇന്ത്യൻ ദേശീയബോധം ഒരു ഹിന്ദുമതാധിഷ്ഠിത ദേശീയ ബോധമായി തീർന്നത്. . കോൺഗ്രസ്സ് ഇന്ന് ക്ഷേത്ര ദർശനത്തിന്റെ കാര്യത്തിൽ ബിജെപി നേതാക്കളോട് മത്സരിക്കുകയും ‘മൃദു ഹിന്ദുത്വ’ നിലപാടുകൾ പ്രചരിപ്പിക്കുകയുമാണ്. ഇതേ കോൺഗ്രസ്സാണ് അടിയന്തരാവസ്ഥ അടിച്ചേല്പിച്ചത്. ടാഡ, മിസ, എസ്മ തുടങ്ങി പല കരിനിയമങ്ങളും അവർ അടിച്ചേല്പിച്ചു. അ തായത് കോൺഗ്രസ്സ് ഒരിക്കലും ഒരു മതേതര-ജനാധിപത്യ പ്രസ്ഥാനമായിരുന്നില്ല . ഇന്ന് ഏതാനും പാർലമെന്റ് സീറ്റുകൾ തരപ്പെടുത്താനായി ഈ കോൺഗ്രസ്സിനെ സിപിഐ(എം), സിപിഐ പാർട്ടികൾ മതേതര-ജനാധിപത്യ പാർട്ടിയായി ചിത്രീകരിക്കുന്നു. മുമ്പ്, 1977ൽ ഇതേ സങ്കുചിത താല്പര്യം മുൻനിർത്തിയാണ്, കോൺഗ്രസ്സിന്റെ ഏകാധിപത്യത്തെ എതിർക്കാനെന്ന പേരിൽ, ആർഎസ്സ്എസ്സും ജനസംഘവുമൊക്കെ ഉൾപ്പെട്ട ജനതാ പാർട്ടിയുമായി സിപിഐ(എം) കൈകോർത്തത്. പിന്നീട് വി.പി.സിംഗിനെ പ്രധാനമന്ത്രി പദത്തിലേറ്റാനും ഇവർ ബിജെപിയുമായി സഹകരിച്ചു. ഇപ്പോഴിതാ ബിജെപിയുടെ വർഗ്ഗീയതയെ ചെറുക്കാനെന്ന പേരിൽ അവർ കോൺഗ്രസ്സുമായി ചങ്ങാത്തംകൂടുന്നു. വിപ്ലവ രാഷ്ട്രീയം പോകട്ടെ, ഇടതുപക്ഷ രാഷ്ട്രീയംപോലും ഈ കടുത്ത അവസരവാദ നിലപാടുകളിൽ ദർശിക്കാനാവില്ല.

അസംതൃപ്തരായ ജനങ്ങൾ ഇന്ന് പ്രതിഷേധങ്ങളും സമരങ്ങളുമായി സ്വമേധയാ തെരുവിലിറങ്ങുന്നുണ്ട്. ഈ ജനകീയ മുന്നേറ്റങ്ങൾക്ക് സംഘടിതരൂപവും ശരിയായ ദിശയും പ്രദാനം ചെയ്യുക എന്നത് അടിയന്തര പ്രാധാന്യമുള്ള കർത്തവ്യമായി . അതുപോലെതന്നെ, ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്‌നങ്ങളിന്മേൽ വർഗ്ഗ-ബഹുജന സമരങ്ങൾ വളർത്തി വികസിപ്പിച്ചെടുക്കേണ്ടതുമുണ്ട്. . ഈ അനുകൂല സാഹചര്യം ആവശ്യപ്പെടുന്നത് ശക്തവും യോജിച്ചതുമായ ഒരു ഇടതുമുന്നേറ്റം ബൂർഷ്വാ അധികാര രാഷ്ട്രീയത്തിന് ബദലായി ഉയർന്നുവരണം

എസ്‌യുസിഐ(സി) വിവിധ സംസ്ഥാനങ്ങളിൽ, സംഘടനാശേഷിക്കനുസരിച്ച്, ജനങ്ങളുടെ കാതലായ ജീവിത പ്രശ്‌നങ്ങൾ മുൻനിർത്തിയുള്ള വർഗ്ഗ-ബഹുജന സമരങ്ങൾ വളർത്തിയെടുത്തുകൊണ്ടിരിക്കുന്നു. ഈ സമരത്തിന്റെ ഭാഗമായി എസ്‌യുസിഐ(സി) തെരഞ്ഞെടുപ്പിലും മത്സരിക്കുന്നു. ഗവണ്മെന്റ് മാറുന്നതുകൊണ്ടുമാത്രം ദുരിതങ്ങൾക്കൊന്നും പരിഹാരമുണ്ടാകില്ല. പാർട്ടിയുടെ ഏതെങ്കിലും സ്ഥാനാർത്ഥി ജയിച്ചാൽ, നിർഭയമായി ജനതാല്പര്യം ഉയർത്തിപ്പിടിക്കുകയും, പാർലമെന്റേതര സമരങ്ങളുടെ ശബ്ദം പാർലമെന്റിൽ മുഴക്കുകയും, അതുവഴി പാർലമെന്ററി സമരങ്ങളെയും പാർലമെന്റേതര സമരങ്ങളെയും ഏകോപിപ്പിക്കുകയും ചെയ്യും.

സംസ്ഥാന രാഷ്ട്രീയ സാഹചര്യം

കോൺഗ്രസ്സ് ആവിഷ്‌കരിച്ച നവലിബറൽ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളാണ് കേന്ദ്രത്തിൽ ബിജെപി പിന്തുടരുന്നതെങ്കിൽ, ഇതേ നയങ്ങൾ തന്നെയാണ് കേരളത്തിൽ എൽഡിഎഫ് സർക്കാരും അനുവർത്തിക്കുന്നത്. പുറമേക്ക് നിലനിർത്തുന്ന പാർലമെന്ററി എതിർപ്പും പരസ്പര മൽസരവും അധികാരപദവികൾക്കുവേണ്ടിയുള്ള കാപട്യങ്ങൾ മാത്രം. നയങ്ങളുടെ കാര്യത്തിൽ ഏതാണ്ട് പൂർണ്ണമായും ഒരേ സമീപനമാണ്. ജനങ്ങളെ കബളിപ്പിക്കുന്നതിനായി പ്രതിപക്ഷമാത്രമായ എതിർപ്പിന്റെ റോൾ നിറവേറ്റുമ്പോഴും ഈ നയങ്ങളുടെ പരാജയം അവർ ആഗ്രഹിക്കുന്നില്ല . ഈ എണ്ണമറ്റ ജനവിരുദ്ധ നയങ്ങളിൽ ഒന്നിന്റെയെങ്കിലും പരാജയം ഉറപ്പാക്കത്തക്കവിധം ഒരു എതിർപ്പോ പ്രക്ഷോഭമോ അവർ സംഘടിപ്പിക്കാത്തത് അതിനാലാണ്.

2016 നവംബർ 8ന് മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തെ എതിർക്കാൻ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും രംഗത്തുവന്നില്ല. നോട്ട് നിരോധനം ശരിയായ ദിശയിലുള്ള ഒരു നടപടിയാണെന്നും നടപ്പാക്കിയ രീതിയിൽ ചില പിഴവ് ഉണ്ടെന്നും മാത്രമാണ് ഏതാണ്ട് എല്ലാ കക്ഷികളും നിലപാടെടുത്തത്. സപിഐ, സിപിഐ(എം) പാർട്ടികളും നിരോധിച്ച നോട്ടുകൾ സ്വീകരിച്ച് പുതിയവ നൽകാൻ സഹകരണ ബാങ്കുകളെക്കൂടി അധികാരപ്പെടുത്തണമെന്നാണ് ആ വശ്യപ്പെട്ടത്. മോദി സർക്കാരിന്റെ ജനവിരുദ്ധ ഭരണവാഴ്ച അവസാനിപ്പിക്കാൻപോന്ന ഒന്നായിരുന്നു നോട്ടുനിരോധനത്തിനെതിരെ ഉയർന്നുപൊന്തിയ ജനവികാരം. അതിന് സംഘടിതമായ സമരരൂപം നൽകാൻ ഇൻഡ്യയിലെ ഇടതുകക്ഷികൾ തയ്യാറായില്ല. അമർത്യ സെൻ ഉൾപ്പെടെ ഏതാണ്ട് 70ഓളം സാമ്പത്തിക വിദഗ്ദ്ധരും മാധ്യമ പ്രമുഖരും നോട്ടുനിരോധനത്തെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തുവന്നു. യോജിച്ച ഒരു ജനകീയ പ്രക്ഷാഭത്തിൻറെ വേദി സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിൽ അവരുടെ നിരീക്ഷണങ്ങളും വാദഗതികളും ആധാരമാക്കി പ്രക്ഷോഭം മുന്നോട്ടുകുതിക്കുമായിരുന്നു. നോട്ടുനിരോധനത്തെത്തുടർന്ന് കാർഷിക-ചില്ലറ വ്യാപാര-നിർമ്മാണ മേഖലകൾ അസാധാരണമായ പ്രതിസന്ധിയെ നേരിട്ടു. ഒരു ജനകീയ പ്രക്ഷാഭം ഉയർന്നു വന്നിരുന്നെങ്കിൽ അത് ഈ പ്രതിസന്ധിയെ ആകെ പ്രതിനിധാനം ചെയ്ത് വലിയ മുന്നേറ്റമായി വളരുമായിരുന്നു. നോട്ടുനിരോധനത്തിനനുകൂലമായി സർക്കാർ നിരത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞുവീണു. ഇൻഡ്യയുടെ വളർച്ചാനിരക്ക് 1.5 ശതാനം താഴേക്ക് പതിച്ചു. ഒരു വർഷം പിന്നിട്ടപ്പോൾ നിരോധിച്ച അത്രയും കറൻസി തിരികെ വന്നതായി റിസർവ് ബാങ്ക് പരസ്യ പ്രസ്താവന നടത്താൻ നിർബന്ധിതമായി. അങ്ങിനെ ഈ വിഷയത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട സർക്കാരിന് സ്വന്തം തടി രക്ഷിക്കാൻ സാഹചര്യമൊരുക്കിയത് ഇടതുകക്ഷികളുൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ വഞ്ചന മൂലമാണ്. ഒരു നയത്തെയും പരാജയപ്പെടുത്തുക എന്നത് ഇവരുടെ ലക്ഷ്യമേയല്ലെന്ന് ഇക്കാര്യങ്ങൾ അടിവരയിടുന്നു. ഇവരിൽ ആരെ അധികാരത്തിലേറ്റിയാലും നയങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ല

പെട്രോളിന്റെ വില നിർണ്ണയാധികാരം കമ്പനികൾക്കു കൈമാറാൻ യുപിഎ തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത ബിജെപി, തങ്ങൾ അധികാരത്തിൽ വന്നാൽ ഈ അധികാരം സർക്കാരിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞു. എന്നാൽ മോദി സർക്കാർ അതു ചെയ്തില്ലെന്നു മാത്രമല്ല, ഡീസലിന്റെ വില നിർണ്ണയാധികാരംകൂടി കമ്പനികൾക്ക് കൈമാറുന്നതാണ് നാം കണ്ടത്! എതിർപ്പ് ഒരു നാടകം മാത്രമാണെന്ന് എത്രയോ വ്യക്തമാണ്. പെട്രോളിന്റെ അധിക എക്‌സൈസ് നികുതി കേന്ദ്രം വേണ്ടെന്നുവച്ചാൽ തങ്ങൾ സംസ്ഥാന നികുതി ഉപേക്ഷിക്കാൻ തയ്യാറാണെന്നാണ് കേരളത്തിന്റെ ധനമന്ത്രി പ്രസ്താവിച്ചത്. കേന്ദ്രം പിൻവലിച്ചില്ലെങ്കിലും തങ്ങൾ ഇടതുപക്ഷമായതുകൊണ്ട് പിൻവലിക്കുമെന്നു പ്രഖ്യാപിക്കാൻ കഴിയാത്തത് ഇരുവരുടെയും നയങ്ങൾ ഒന്നാണെന്നതു കൊണ്ടു മാത്രമാണ്.

കേരളത്തിലെ സിപിഐ(എം) ഭരണത്തിന്റെ അടിസ്ഥാന ഉള്ളടക്കം കേന്ദ്രഭരണത്തിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ്. മനുഷ്യജീവിതാവശ്യകതകളുടെ ഏതുരംഗത്തും മൂലധനനിക്ഷേപം നടത്താൻ കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും അവസരമൊരുക്കുന്ന ആധുനിക ബിസിനസ്സ് മാനേജുമെന്റാണ് ഇന്ന് ഭരണം. ബിജെപിയും കോൺഗ്രസ്സും . 45 മീറ്റർ വീതിയിൽ സ്ഥലമെടുത്ത് നാലുവരിയിൽ ടോൾ പാത പണിയാനുള്ള തീരുമാനം റോഡ് നിർമ്മാണരംഗത്ത് വൻകിടമുതലാളിമാരെ കുടിയിരുത്താനുള്ള പദ്ധതിയാണ്. രാജ്യം മുഴുവൻ ദേശീയ പാതകൾ മുതലാളിമാർ ചുങ്കം പിരിക്കുന്ന റോഡുകളായി മാറിക്കഴിഞ്ഞു. പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് ഈ ‘വികസനം’ നടപ്പാക്കാൻ പിണറായി ഭരണം കാട്ടുന്ന ആത്മാർത്ഥതയെ കേന്ദ്ര റോഡ് മന്ത്രി നിതിൻ ഗഡ്കരി രണ്ടുതവണ പരസ്യമായി അഭിനന്ദിക്കുകയുണ്ടായി. ഏറ്റവുമൊടുവിൽ തിരുവന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന്റെ കാര്യത്തിലും ഈ ഐക്യം നമുക്ക് കാണാം. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമുതലാളിമാരെ ഏൽപ്പിക്കുന്ന മോദി ഭരണത്തിന്റെ തീരുമാനത്തോട് സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങൾക്ക് എതിർപ്പുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് കേരള സർക്കാരിന് ഭൂരിപക്ഷ ഓഹരിയുള്ള സിയാൽ, വിമാനത്താവള നടത്തിപ്പിന്റെ ലേലം വിളിയിൽ പങ്കെടുത്തത്? അദാനിയുടെ വരവിനോട് സിപിഐ(എം) പരസ്യമായ എതിർപ്പിന്റെ ചില സ്വരങ്ങൾ പുറപ്പെടുവിച്ചത് തികഞ്ഞ നാടകം മാത്രമാണ്. തൊട്ടപ്പുറത്ത് വിഴിഞ്ഞം തുറമുഖം വഴി വൻലാഭം ഉണ്ടാക്കാൻ അദാനിക്ക് എല്ലാ സഹായങ്ങളും ഇടതുസർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നാം കാണണം. എന്തുമാർഗ്ഗം അവലംബിച്ചും സ്വകാര്യമൂലധനനിക്ഷേപത്തിന് വഴിയൊരുക്കലാണ് തങ്ങളുടെ ദൗത്യമെന്ന് വർഷങ്ങൾക്കുമുമ്പുതന്നെ നന്ദിഗ്രാം എപ്പിസോഡ് വഴി സിപിഐ(എം) തെളിയിച്ചതാണ്. കോടതികളിൽ ബോധപൂർവ്വം തോറ്റുകൊടുത്തുകൊണ്ട് കേരളത്തിന്റെ ആയിരക്കണക്കിന് ഏക്കർ വനഭൂമിയും റവന്യു ഭൂമിയും ഹാരിസൺ മലയാളത്തിന് ദാനമായി നൽകിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ കേരള സർക്കാർ. മുമ്പ് യുഡിഎഫ് സർക്കാരും ചെയ്തത് ഇപ്രകാരം തന്നെ.

അതിരൂക്ഷമായ വിലക്കയറ്റത്തിനും വ്യാപാരത്തകർച്ചയ്ക്കും നിമിത്തമായിമാറിയ ചരക്ക്-സേവന നികുതി (ജിഎസ്ടി) നടപ്പാക്കാൻ മോദി ഭരണത്തിന് വിലപ്പെട്ട ഉപദേശങ്ങളും സഹായങ്ങളും നൽകി കൂടെ കേരള സർക്കാരും ഉണ്ടായിരുന്നു. ഹോട്ടൽ ഭക്ഷണം മുതൽ ആക്രി വ്യാപാരം വരെ കനത്ത നികുതിയുടെ പിടിയിലാക്കിയ ജിഎസ്ടി കേരളത്തിലും നടപ്പാക്കി. ഒരൊറ്റ കേന്ദ്രത്തിൽ നികുതി അടച്ച് രാജ്യം മുഴുവൻ വ്യാപാരം നടത്താൻ വൻകിടക്കാർക്ക് അവസരം നൽകുന്നതിനായി നടപ്പാക്കിയ ജിഎസ്ടി എവിടെയും വലിയ തോതിലുള്ള അരാജകത്വം സൃഷ്ടിച്ചിട്ടും ജനങ്ങളോടൊപ്പം നിൽക്കാൻ സിപിഐഎമ്മും കൂട്ടാളികളും തയ്യാറായില്ല. മാത്രവുമല്ല, പ്രളയത്തിന്റെ മറവിൽ ഒരു ശതമാനം സെസ്സ് ഏർപ്പെടുത്തി. കുത്തകകൾക്കുവേണ്ടിയുള്ള നയങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ഇവരാരും തയ്യാറല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തെ വിഴുങ്ങിയ മഹാപ്രളയം മനുഷ്യനിർമ്മിതമായിരുന്നു എന്ന വാദത്തിന് ബലമേറുമ്പോഴും പ്രളയബാധിതർക്ക്മ തിയായ നഷ്ടപരിഹാരം എത്തിക്കുവാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല. പതിനായിരം രൂപയെന്ന ആശ്വാസധനംപോലും ലഭിച്ചിട്ടില്ലാത്തവർ നിരവധിയുണ്ട്.

കേരളത്തിൽ ഇതിനകം 16 കർഷകരാണ് കടക്കെണിയിൽപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്ന് കരുതുന്നവരാണ് കർഷകരിൽ ഏറെയും. വായ്പയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയെന്ന് സർക്കാരും ഇല്ലെന്ന് ചീഫ് സെക്രട്ടറിയും തർക്കിക്കുമ്പോൾ ജീവിതം വഴിമുട്ടിനിൽക്കുന്ന അനേകായിരങ്ങളോടുള്ള ക്രൂരമായ പരിഹാസമായി അത് മാറുകയാണ്.

ആഗോളവൽക്കരണത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ ഡിപിഇപിയുടെ തുടർച്ചയായി കേന്ദ്രം കൊണ്ടുവന്ന റൂസ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ പരിപാടികളും തികഞ്ഞ കൂറോടെ സിപിഐ(എം) സർക്കാർ നടപ്പാക്കി. വിദ്യാഭ്യാസരംഗത്തെ സ്വകാര്യമൂലധനനിക്ഷേപത്തെയും കോർപ്പറേറ്റ് താൽപ്പര്യങ്ങളെയും എല്ലാ മാർഗ്ഗത്തിലൂടെയും പ്രോൽസാഹിപ്പിക്കുകയാണ് .സ്വകാര്യ മാനേജ്‌മന്റ് ചൂഷണത്തിൽ വിദ്യാർത്ഥികളുടെ ചോര പുരണ്ടപ്പോൾ സർക്കാർ അവരോടൊപ്പം നിന്നു .  ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ തെരുവിലൂടെ വലിച്ചിഴച്ചതും അവരെ സഹായിച്ച എസ്‌യുസിഐ(സി)യുടെ സഖാക്കളെ തുറുങ്കിലടച്ചതും പിണറായി സർക്കാരാണ്. ന്യായമായ ജനാധിപത്യ പ്രതിഷേധങ്ങളോട് ഒരു യഥാർത്ഥ ഇടതു സർക്കാർ കാട്ടേണ്ടുന്ന മഹത്തായ ജനാധിപത്യ സമീപനം പുലർത്തുന്നതിൽ കേരളത്തിലെ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. മഹിജ നയിച്ച സമരത്തോടുമാത്രമല്ല എല്ലാ ജനകീയ സമരങ്ങളോടും സ്വീകരിച്ചത് ഇതേ സമീപനം തന്നെയാണ്.

ബിജെപിയുടെ ഭരണം വ്യത്യസ്ത സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി. രാജസ്ഥാനിലും ഗുജറാത്തിലും 300ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ എല്ലാത്തരം തൊഴിലവകാശങ്ങൾക്കും പുറത്തായി. പെൻഷൻ ഫണ്ട് സ്വകാര്യഭീമന്മാർക്ക് തീറെഴുതി. ഇതേ തൊഴിലാളി വിരുദ്ധസമീപനം തന്നെയാണ് കേരളത്തിലും നാം കാണുന്നത്. കേരളത്തിലെ തൊഴിലന്തരീക്ഷത്തെ സംബന്ധിച്ചുള്ള ‘തെറ്റിദ്ധാരണ’ മാറ്റുന്നതിനു വേണ്ടി എന്ന പേരിൽ സംഘടിത പ്രവർത്തനങ്ങളെ നിശബ്ദമാക്കുന്നു. നോക്കുകൂലിയെ എതിർക്കുന്നുവെന്ന മറയിൽ പിണറായി ഭരണം തൊഴിലാളികളുടെ സംഘടിതപ്രവർത്തനത്തെ ഭീഷണിപ്പെടുത്തി. അമിതമായ കൂലി വാങ്ങരുതെന്ന് തൊഴിലാളികളെ ഉദ്‌ബോധിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെ കെഎസ്ആർടിസിയിൽ പണിയെടുത്തിരുന്ന നാലായിരം എംപാനൽ ജീവനക്കാരെ തെരുവിൽത്തള്ളി. സ്ഥിരനിയമനം നടത്തണമെന്ന് സുപ്രീം കോടതി വിധി ഉണ്ടായിട്ടും കെഎസ്ഇബിയിലെ ആയിരക്കണക്കിന് കരാർത്തൊഴിലാളികളെ നിയമിക്കാൻ ഇപ്പോഴും സർക്കാർ തയ്യാറായിട്ടില്ല.

ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളെയും നടപടികളെയും വിലയിരുത്തിയും ഭാവിയിൽ വളർന്നുവരേണ്ട വമ്പിച്ച പ്രക്ഷോഭങ്ങളെ മുന്നിൽകണ്ടും ഈ തെരഞ്ഞെടുപ്പിൽ എല്ലാ വരും പങ്കാളികളാവണം .

Comments
Print Friendly, PDF & Email

You may also like