പൂമുഖം EDITORIAL ആണരശു നാട്ടിലെ രാഷ്ട്രീയക്കാഴ്ചകൾ

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ആണരശു നാട്ടിലെ രാഷ്ട്രീയക്കാഴ്ചകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

അന്താരാഷ്ട്ര വനിതാ ദിനങ്ങൾ ഓരോന്നും വരുമ്പോൾ സ്ത്രീകളുടെ അധികാര പ്രവേശത്തെ കുറിച്ച് കൂടുതൽ ഗൗരവത്തോടെ നാം ആലോചിക്കാറുണ്ട്. 1938 ൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കിറങ്ങുവാനും 1948ൽ തൊഴിൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് സ്വാശ്രയത്വവും സ്വാഭിമാനവും ഉറപ്പിക്കുവാനും പ്രചോദനമേകിയ ചരിത്ര സംഭവങ്ങൾ ഏറെ ചർച്ച ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്.

പക്ഷേ, തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സ്ത്രീ വീണ്ടും പെട്ടെന്ന് അദൃശ്യയാക്കപ്പെടുകയാണ്. സ്ഥാനാർഥി നിർണയ ഘട്ടമാകുമ്പോഴാണ് പൊതുരംഗത്തെ പുരുഷനിൽ നിന്ന് പൊതുരംഗത്തെ സ്ത്രീ എത്ര അകലെയാണെന്നു തെളിഞ്ഞു വരുന്നത്.

തെരഞ്ഞെടുപ്പിന്‍റെ കാലം വരുമ്പോള്‍ അധികാരകേന്ദ്രത്തിനടുത്തേക്കുള്ള വഴികളില്‍ സഞ്ചാരസ്വാതന്ത്ര്യം ഇന്നും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. തീണ്ടാപ്പാട് അകലെയാണ് പെണ്ണിന് സ്ഥാനം. സംവരണം ഇല്ലാതെ തന്നെ പൊതുജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്ത്രീകള്‍ എത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതൊക്കെ സാധ്യമായത് എത്രയേറെ പോരാ ട്ടങ്ങള്‍ക്ക് ഒടുവിലാണ്. പക്ഷെ ഇന്നും നിയമനിർമ്മാണസഭകൾ ശബരിമല പോലെ തന്നെ സ്ത്രീകളെ സംബന്ധിച്ച് ബാലികേറാമലയാണ് .. അവിടെ കയറിപ്പെടാന്‍ ഭാഗ്യം ലഭിച്ച സ്ത്രീകളുടെ എണ്ണം ഒന്ന് എടുത്തു നോക്കൂ. അറുപതുവര്‍ഷത്തെ ചരിത്രം നോക്കിയാല്‍ നമുക്ക് വിരല്‍ മടക്കി എണ്ണാവുന്നതേയുള്ളൂ.

വോട്ടവകാശപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രസ്ഥാനത്തെ കുറിക്കുന്നതിന് 1910 നോടടുത്ത് ഫ്രാന്‍സിലുണ്ടായ ഒരു പ്രയോഗമാണ് ഫെമിനിസമെന്നു എലെന്‍ ദുബോയിസ് കണ്ടെത്തിയിട്ടുണ്ട്. വിശാലമായ അര്‍ഥത്തില്‍ സ്ത്രീയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള തീവ്രമായ അവബോധവും അവകാശങ്ങളെ കുറിച്ചുള്ള ബോധവത്കരണവും ആയി ആണാധിപത്യത്തിനെതിരെ ഉള്ള അതിന്‍റെ പോരാട്ടം തുടങ്ങിയിട്ട് കാലമെത്ര കഴിഞ്ഞു. സ്വന്തം അവസ്ഥയുടെ, രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും വിശകലനങ്ങള്‍ നടത്താനും ഇന്ന് സ്ത്രീ ശക്തയായിക്കഴിഞ്ഞിരിക്കുന്നു ആവേശകരവും വിപ്ലവകരവുമായ എത്രയോ പരിപാടികള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ തന്നെ നടത്തുകയും അതൊക്കെ വിജയത്തില്‍ എത്തുകയും ചെയ്ത ദശകം ആയിരുന്നു ഈ കഴിഞ്ഞത്. വിജയിച്ച മിക്കവാറും സമരങ്ങളുടെ ഒക്കെ മുന്നില്‍ പെണ്ണൊരുമയുടെ ശക്തി ഉണ്ടായിരുന്നു എന്നത് ആരും നിഷേധിക്കുമെന്നും തോന്നുന്നില്ല. ഇരിപ്പു സമരത്തിനും ചലച്ചിത്ര മേഖലയിലെ ആണാധിപത്യത്തിനും എതിരെ രൂപം കൊണ്ട പെൺകൂട്ടായ്മയും തങ്ങളുടെ വിജയഗാഥകൾ രചിച്ച കാലവും ഇതു തന്നെ. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾ എല്ലാത്തരം അടിച്ചമർത്തലുകൾക്കുമെതിരെ അതിശക്തമായി പ്രതികരിക്കുന്നതും നിത്യേന നാം കാണുകയാണ്.

എന്നാൽ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച വരുമ്പോഴാണ് നമ്മുടെ രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിൻറെ മേലാളഭാവം ശരിക്കും പുറത്തു വരുന്നത്. രാഷ്ട്രീയരംഗത്തെ പ്രമാണികള്‍ ഇലയെടുക്കാനും അടിച്ചു വാരാനുമൊക്കെയായി നിര്‍ത്തിയിരിക്കുന്ന ദാസികളെ പോലെയാകുന്നു പലപ്പോഴും രാഷ്ട്രീയരംഗത്തെ സ്ത്രീകളുടെ അവസ്ഥ. ആണുങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം മിച്ചം വല്ലതുമുണ്ടെങ്കില്‍ കഴിക്കാന്‍ കാത്തിരിക്കുന്ന പഴയ ഫ്യൂഡല്‍കാലത്തെ വീട്ടമ്മയുടെ അവസ്ഥയിലാണ് അവര്‍. പലപ്പോഴും തങ്ങള്‍ക്കു കഴിക്കാന്‍ തന്നെ തികയുന്നില്ലല്ലോ എന്ന ഭാവമാണ് ആണുങ്ങള്‍ക്ക്. അധികാരത്തിനോടുള്ള തങ്ങളുടെ ആര്‍ത്തി എത്ര പരിഹാസ്യമായാണ് അവര്‍ പൊതുചര്‍ച്ചകളില്‍ പോലും പ്രകടിപ്പിക്കുന്നത്.! “ഞങ്ങള്‍ വളര്‍ത്താം, പക്ഷെ വളരുന്നത്‌ ഞങ്ങള്‍ അനുവദിക്കുന്നിടത്തോളം മതി” എന്നതാണ് അവരുടെ തീരുമാനം. വിധേയരല്ലാത്ത സ്ത്രീകളോട് ‘നിലക്ക് നില്‍ക്കെടീ’ എന്ന് അവര്‍ പറയാതെ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ , സ്ത്രീകൾ മാത്രം ഓര്‍ക്കേണ്ട ഒന്നാണോ ഭരണരംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചിന്തകള്‍.? സ്ത്രീകള്‍ സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവും ശാസ്ത്രപരവും ഭരണപരവും ബൌദ്ധികവും സാങ്കേതികവുമായ ഏതാണ്ട് എല്ലാ മേഖലകളിലും തങ്ങളുടെ പ്രാഗത്ഭ്യവും മികവും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും, സ്ത്രീയവസ്ഥകളില്‍ സമൂഹം ഏറെ മുന്നോട്ടു പോയിട്ടും രാഷ്ട്രീയരംഗത്ത് ആണുങ്ങളാണ് ഇപ്പോഴും തമ്പുരാക്കന്മാര്‍. അതിന് കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല. പെണ്ണുങ്ങള്‍ തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ഈ തമ്പുരാക്കന്മാര്‍ക്ക് ജയ്‌ വിളിക്കാനും ബാനർ പിടിക്കാനും സാംസ്കാരിക ജാഥകൾക്ക് പകിട്ടേകുവാനും ആൺനേതാക്കന്മാർക്ക് വേണ്ടി പൊതു ഇടങ്ങളില്‍ പ്രസംഗിച്ച് ആളെ കൂട്ടാനും ചാനലുകളില്‍ ചെന്നിരുന്നു അവര്‍ക്ക് വേണ്ടി വാദിക്കാനും ഉള്ളവർ മാത്രമാണ്. സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്ന നേതാക്കന്മാര്‍ക്കെതിരെ പോലും സംസാരിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. തുമ്മിയാല്‍ തെറിക്കുന്നതാണ് തങ്ങളുടെ സീറ്റുകള്‍ എന്ന് അവര്‍ക്കും നന്നായി അറിയാം. കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോവിലെ തടവുകാരനെ പോലെ, നീണ്ട കാലത്തെ കഠിന പ്രയത്നം കൊണ്ട് തുരന്നുണ്ടാക്കിയ തുരങ്കം വേറൊരു തടവുമുറിയില്‍ ചെന്നു തുറന്ന അവസ്ഥയാണ് രാഷ്ട്രീയരംഗത്തെ സ്ത്രീകളുടേത്. തടവുപുള്ളിയെ തടവുപുള്ളി തന്നെയായി നിലനിര്‍ത്തുന്നതില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ പോലെ വിജയിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിനുള്ളില്‍ എത്രമാത്രം സ്വേച്ഛാധിപത്യവും അസഹിഷ്ണുതയും നില നില്‍ക്കുന്നുണ്ട് എന്നറിയണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. നമ്മുടേത്‌ അപ്പോള്‍ ഒരു ആണരശുനാടാകുന്നു. എല്ലാ കക്ഷികളുടെയും ആശീര്‍വാദത്തോടെയാണ് ഈ ചൂഷണം നടക്കുന്നത്. മധ്യവര്‍ഗ്ഗ വനിതകളുടെ നാമമാത്രമായ പ്രാതിനിധ്യത്തിനപ്പുറം ഭരണത്തിലോ നയരൂപീകരണത്തിലോ സ്ത്രീകളെ പങ്കാളികള്‍ ആക്കാന്‍ ഇപ്പോഴും ഇവിടെ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകുന്നില്ല.

മിക്ക സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കും വിജയിക്കാന്‍ സാധ്യതയില്ലാത്ത നിയോജകമണ്ഡലം നല്‍കി, ഒന്നുകില്‍ പൊരുതി ജയിക്കുക, അല്ലെങ്കില്‍ പിന്മാറുക എന്ന കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന സ്ഥിതിയാണ് മുഖ്യധാരാ പാര്‍ട്ടികള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. 1984ല്‍ ലീലാദാമോദരമേനോന്‍ തന്‍റെ ആത്മകഥയില്‍ എഴുതിയതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇന്നുള്ള അവസ്ഥയും .

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്ത്യഘട്ടത്തില്‍ കേരളത്തില്‍ എസ് എന്‍ ഡി പി യും എന്‍ എസ് എസ്സും യോഗക്ഷേമസഭയും ഉള്‍പ്പെടെയുള്ള സമുദായപരിഷ്കരണരണ പ്രസ്ഥാനങ്ങള്‍ സ്ത്രീയുടെ പദവിയെ ഉയര്‍ത്തുവാന്‍ എത്ര മാത്രം ശ്രമിച്ചുവോ അതിന് കടകവിരുദ്ധമായാണ് അവരുടെ ഇന്നത്തെ നേതൃത്വം സ്ത്രീയെ പാരമ്പര്യത്തിന്‍റെ തടവിലാക്കുവാന്‍ പരമ്പരാഗതമൂല്യങ്ങളെ കുറിച്ച് പ്രസംഗിച്ചു കൊണ്ട് ജാഥകള്‍ സംഘടിപ്പിക്കുന്നത്. സ്ത്രീയുടെ രാഷ്ട്രീയജാഗ്രതയെ നശിപ്പിച്ചു കൊണ്ട് മാത്രമേ തങ്ങള്‍ക്കു ഇനിയൊരു മുന്നേറ്റം സാധ്യമാകൂ എന്ന് പരിഭ്രമിച്ചു പോയത് പോലെയാണ് പുരോഗമാനരഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോലും വനിതാസമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. പുരോഗമന ആശയങ്ങളാല്‍ ആവേശഭരിതയായ, സുചിന്തിതമായി പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഒരു പ്രവര്‍ത്തക എന്നോട് ഈയിടെ പറഞ്ഞത് അവര്‍ക്ക് പ്രസംഗവേദികളില്‍ ഇടം നല്കതിരിക്കുവാന്‍ നേതൃത്വം വിദഗ്ധമായി ഇടപെടുന്നതിനെ കുറിച്ചാണ്. സ്ത്രീകള്‍ അത്രക്കങ്ങു ബോധവത്കരിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഔദ്യോഗിക നേതൃത്വങ്ങള്‍ക്ക്‌ നല്ല പരിഭ്രമം ഉണ്ട്. വനിതാസമ്മേളനങ്ങള്‍ പോലും തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. തങ്ങള്‍ പരമ്പരാഗതമായി അനുഭവിച്ചു പോന്ന അധികാരങ്ങള്‍ വിട്ടു കൊടുക്കുവാന്‍ ആരും തയ്യാറാകുകയില്ല. സമൂഹത്തില്‍ സംഭവിക്കുന്ന ഓരോ സ്പന്ദനത്തെയും ഏറ്റുവാങ്ങിക്കൊണ്ട് സ്ത്രീകള്‍ നടത്തുന്ന ജാഗ്രതയോടെ ഉള്ള നീക്കങ്ങളെ നേതൃത്വം ഭയക്കുന്നു എന്നതാണ് സ്ത്രീകളോട് കാണിക്കുന്ന അവഗണനയുടെ പ്രധാനകാരണം. പെണ്ണുങ്ങള്‍ അധികാരം ഒരിക്കല്‍ കിട്ടിയാല്‍ പിന്നെ സ്ഥാനം ഒഴിയില്ല എന്നും അവരെ വീടിനു പുറത്തിറക്കിയാല്‍ പിന്നെ അവര്‍ തിരിയെ അകത്തേക്ക് കയറാന്‍ കൂട്ടാക്കുകയില്ല എന്നും രഹസ്യമായി പരിഹസിക്കുമ്പോള്‍ പ്രകടമാകുന്നുണ്ട് ആ ഭീതികള്‍.. ആനി തയ്യിലും വിപ്ലവനായികയായ അജിതയും ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടിയും വരെ ഇത്തരം സമീപനങ്ങളെ കുറിച്ച് തങ്ങളുടെ ആത്മകഥകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വീടിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെടാതിരിക്കാന്‍ സമചിത്തത പാലിക്കേണ്ടവരായ സ്ത്രീകള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെടാതിരിക്കാനായി സമചിത്തത പാലിക്കുകയാണ്. ഒരാള്‍ പോലും തങ്ങളുടെ ഇത്ര കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കാണിക്കുന്ന ഈ അവഗണനയുടെ നേര്‍ക്ക്‌ ശബ്ദമുയര്‍ത്തുകയില്ല. കാരണം സമാധാനപാലനമാണ് സ്ത്രീയുടെ ജന്മദൌത്യം. . ഒന്നും മാറുക എളുപ്പമല്ല. കാര്യങ്ങളെല്ലാം വളരെ സങ്കീര്‍ണ്ണമാണ്.

Comments
Print Friendly, PDF & Email

You may also like