‘The politics of fear and resentment is now on the move. It is on the move at a pace that would have seemed unimaginable just a few years ago. I am not being an alarmist, I am simply stating the facts. Look around – strong man politics are on the ascendant” – Barack Obama
ഇക്കഴിഞ്ഞ ദിവസം കിന്റർ ഗാർട്ടണിൽ പഠിക്കുന്ന, അഞ്ചു വയസ്സുകാരൻ മകൻ അടുത്തു വന്നു, ഹാഫ് കൈ ഷർട്ടിന്റെ കൈ അല്പം മുകളിലേക്ക് ഉയർത്തി, മുദ്രാവാക്യം വിളിക്കുന്നത് പോലെ കൈ മുകളിലേക്ക് ചുരുട്ടി പിടിച്ചു കൊണ്ട് എന്നോട് പറഞ്ഞു “ ദാ നോക്കൂ എന്റെ മസിലു കണ്ടോ? “ എന്നിട്ടു ഐ ആം ശക്തിമാൻ എന്ന് പറഞ്ഞു കൊണ്ട് ഓടിപ്പോയി. ഞാനോർക്കുകയായിരുന്നു അവന്റെ മുതിർന്ന സഹോദരിമാർ ഒരിക്കലും അവരുടെ ശക്തിയെ കുറിച്ച് ബോധവതികളായിട്ടേയില്ല. പൊതുവെ ശക്തി പ്രകടനം പുരുഷ ഈഗോ യുടെ ഭാഗമാണ്. കൗമാരത്തിലും യൗവ്വനത്തിലും യുവാക്കൾ അവരുടെ ശക്തിയെക്കുറിച്ചു അഭിമാനം കൊള്ളാറുണ്ട്.
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി താൻ ശക്തിമാനാണെന്നു ഇടയ്ക്കിടെ അഭിമാനം കൊള്ളാറുള്ള ആളാണ്, കിന്റർ ഗാർട്ടണിൽ പഠിക്കുന്ന അഞ്ചു വയസ്സുകാരനെപ്പോലെ. താൻ ശക്തിമാനാണ് എന്ന് മാത്രമല്ല തന്റെ എതിരാളി രാഹുൽ ദുർബലനാണ് എന്നും ഇടയ്ക്കിടെ വിളിച്ചു പറയാറുണ്ട്. രാഹുലിനെ അദ്ദേഹം പപ്പു എന്നാണു വിളിക്കുന്നത്, ഡിസ്‌ലെക്സിയ ബാധിച്ച കുട്ടി എന്നും
ഈയടുത്തിടെ, ഭൂമിയുടെ മറു വശത്തു, താൻ ശക്തനാണെന്നു അഭിമാനിക്കുന്ന മറ്റൊരു രാഷ്ട്രത്തലവൻ, ട്രംപ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ത്രൂഡോയെ “ ദുര്ബലന് ” എന്ന് വിളിക്കുകയുണ്ടായി. അതിലെ രസകരമായ വസ്തുത കാനഡയിൽ നിന്നും തിരികെ അമേരിക്കയിലേക്കുള്ള വിമാനത്തിൽ കയറിയ ശേഷമാണ് അദ്ദേഹം അങ്ങിനെയൊരു പരാമർശം നടത്തിയതെന്നാണ്. ഇതിനെക്കുറിച്ച് ഒരു പ്രശസ്ത മനഃശാസ്ത്രജ്ഞൻ പറഞ്ഞത്, ശക്തി എന്നത് ഒരു ഒബ്സെഷൻ ആയിക്കൊണ്ട് നടക്കുന്ന പുരുഷന്മാർ സത്യത്തിൽ ഭീരുക്കൾ ആണെന്നും തങ്ങളെ മറ്റാരെങ്കിലും ദുര്ബലന് എന്ന് വിളിച്ചേക്കുമോ എന്ന് ഭയന്നാണ് അവർ തങ്ങളുടെ എതിരാളികളെ ഇടയ്ക്കിടെ ദുര്ബലന് എന്ന് വിശേഷിപ്പിക്കുന്നതും താൻ ശക്തിമാനാണെന്നു ഇടയ്ക്കിടെ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നതും എന്നാണ്. വളരെ കൃത്യമായ നിരീക്ഷണമാണത്. സത്യത്തിൽ ശക്തിമാനെന്നു നടിക്കുന്നവർ എതിരഭിപ്രായങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്നവരാണ് എന്ന് നമ്മൾ ചരിത്രത്തിൽ വായിച്ചിട്ടുണ്ട്. ഹിറ്റ്ലർ ഒന്നാം തരം ഒരു ഭീരുവായിരുന്നു എന്ന് നമുക്കറിയാം. ദശലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്ലർ സത്യത്തിൽ ഒരേയൊരാളെ മാത്രമേ നേരിട്ട് വെടി വെച്ച് കൊന്നിട്ടുള്ളൂ അത് അയാളെത്തന്നെയാണ്
രാഹുൽ വേഴ്സസ് മോഡി ദ്വന്ദത്തിൽ (അങ്ങിനെയൊരു ദ്വന്ദത്തിന്റെ ആവശ്യമേയില്ല, അതിലേക്കു നമുക്ക് പിന്നീട് വരാം) ആരാണ് ശക്തിമാൻ ആരാണ് ദുര്ബലന് എന്നൊന്ന് നമുക്ക് പരിശോധിക്കാം
രാഹുൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളാൻ തയ്യാറുള്ള ആളാണ്
മോഡി തന്റെ സഹപ്രവർത്തകരെ പോലും വിശ്വാസത്തിലെടുക്കുന്നില്ല
രാഹുൽ എല്ലാ വിഭാഗം ആളുകളുമായും ചർച്ചകൾക്ക് തയ്യാറാണ്. അവരെ കേൾക്കാൻ തയ്യാറാണ്
മോഡി തന്റെ അഭിപ്രായം എല്ലാവരും കേൾക്കണമെന്ന് ആഗ്രഹിക്കുന്ന മങ്കി ബാത്തുകാരനാണ്. യാതൊരു വിമർശനങ്ങളും അദ്ദേഹമോ അദ്ദേഹത്തിന്റെ അണികളോ വെച്ച് പൊറുപ്പിക്കാൻ തയ്യാറല്ല
രാഹുൽ ഇൻക്ളൂസീവ് പൊളിറ്റിക്‌സിൽ വിശ്വസിക്കുന്നു
മോഡി ഏതൊക്കെ ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്താമെന്നു ചിന്തിക്കുന്നു
രാഹുൽ പത്ര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ചോദ്യോത്തരങ്ങൾക്കു തയ്യാറാകുന്നു.
മോഡി 5 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഒരു പത്ര സമ്മേളനത്തിന് തയ്യാറായിട്ടില്ല
കൂടുതൽ നീട്ടേണ്ടതില്ലെന്നു തോന്നുന്നു. നിങ്ങൾ തീരുമാനിക്കുക ആരാണ് ധീരനെന്നും ആരാണ് ഭീരുവെന്നും താൻ അവിവാഹിതനാണെന്നും അതിനാൽ അഴിമതി ചെയ്യില്ലെന്നുമാണ് മറ്റൊരു അവകാശ വാദം. ഇതിനുള്ള ഏറ്റവും രസകരമായ മറുപടി കനയ്യ നൽകിയത് തന്നെയാണ്ചമ്പൽക്കാട്ടിലെ കൊള്ളക്കാരെല്ലാം അവിവാഹിതരായിരുന്നുവെന്നു. അതോടൊപ്പം ഓർക്കേണ്ട ഒന്നാണ് രാഹുൽ ഗാന്ധിയും അവിവാഹിതനാണെന്നുള്ളത്. കാത്തിരിക്കാൻ ഒരു യശോദ പോലുമില്ലാത്ത കൂടുതൽ മെച്ചപ്പെട്ട അവിവാഹിതൻ. വിവാഹിതനല്ല എന്നുള്ളത് മോദിയുടെ കാര്യത്തിൽ ഒരു നേട്ടമാകുകയും അതേ കാര്യം രാഹുലിന്റെ വിഷയത്തിൽ കോട്ടമാകുകയും ചെയ്യുന്നതാണ് നുണ പ്രചാരണ യന്ത്രങ്ങളുടെ മികവ്
ഇനി നമുക്ക് അല്പം കൂടി ഗൗരവമായ ചോദ്യത്തിലേക്ക് വരാം. ജനാധിപത്യത്തിൽ ശക്തിമാനായ നേതാവിന് എന്താണ് പ്രസക്തി?
സത്യത്തിൽ ജനാധിപത്യം ശക്തിയിൽ വിശ്വസിക്കുന്നതേയില്ല. ജനാധിപത്യം ജനങ്ങളെ ജനങ്ങൾ തന്നെ ഭരിക്കുന്ന മനോഹരമായ, മനുഷ്യവംശം ഇന്ന് വരെ നിർമ്മിച്ചെടുത്തതിൽ വെച്ച് ഏറ്റവും ഉന്നതമായ, ഒരു സാമൂഹ്യ വ്യവസ്ഥയാണ്. അത് ദുർബലരെ അടിച്ചമർത്തുന്ന ശക്തിമാന്‍റെയോ, ശക്തിമാനായ ഭരണാധികാരിയെ ആരാധിക്കുന്ന, പിന്തുടരുന്ന ദുർബലമായ ആൾക്കൂട്ടത്തിന്റെയോ വ്യവസ്ഥയല്ല. ശക്തിയിൽ വിശ്വസിച്ചിരുന്നത് രാജാധിപത്യവും സ്വേച്ഛാധിപത്യവും ആണ്. നോക്കൂ ശക്തിമാനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന ബഹുഭൂരിഭാഗം അണികളും ഇപ്പോഴും രാജഭക്തി വെച്ച് പുലർത്തുന്നവർ ആണെന്ന് നിങ്ങള്ക്ക് കാണാം. ജനാധിപത്യത്തിന്റെ അന്തസത്ത എന്തെന്ന് മനസ്സിലായിട്ടില്ലാത്തവരാണവർ. ജനാധിപത്യം, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളും തങ്ങളുടെ ജോലി നന്നായി ചെയ്യുകയും എല്ലാ മന്ത്രിമാരും ഒരേ പോലെ ഡിസിഷൻ മേക്കിങ്ങിൽ പങ്കാളികളാവുകയും നന്നായി പെർഫോം ചെയ്യുകയും ചെയ്യുമ്പോഴാണ് . അല്ലാതെ ശക്തിമാൻ മറ്റു മന്ത്രിമാരെ തന്റെ നിഴലിലാക്കുമ്പോഴല്ല.
ലോകമെങ്ങുമുള്ള ശക്തിമാന്മാരായ നേതാക്കളെ ശ്രദ്ധിക്കു- അവരുടെ നാടുകളില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നത് കാണാം. ട്രംപ്, പുച്ചിൻ, തുർക്കിയിലെ ഉർദുഗാൻ, സിറിയയിലെ അസദ്, ഫിലിപ്പൈൻസിലെ ഡ്യുറ്റെർട്ട്. ഈ ശക്തിമാന്മാർ എല്ലാം തന്നെ തങ്ങളുടെ വീഴ്ചകൾ മറച്ചു പിടിക്കാൻ, സ്വയം സൃഷ്ടിക്കുന്ന ശത്രുക്കളെ കുറിച്ച് എപ്പോഴും സംസാരിക്കുകയും ചെയ്യും. ട്രമ്പിനും വിവിധ യൂറോപ്പിയൻ രാജ്യങ്ങൾക്കും അഭയാർത്ഥികൾ ആണ് ശത്രുക്കൾ എങ്കിൽ ( നോർത്ത് ഈസ്റ്റിൽ നമ്മുടെ പ്രധാന മന്ത്രിയും ഇത് തന്നെ പറയുന്നു) പുച്ചിന് അമേരിക്കയും യൂറോപ്പും ആണ് ശത്രുക്കൾ. ഉർദുഗാന് രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കൾ. വെനിസ്വെലയിലെ ശക്തിമാനു അമേരിക്കയാണ് ശത്രു. അസദിന് അത് അയൽ രാജ്യങ്ങളും. ഡ്യുറ്റാർട്ടിനു മയക്കുമരുന്ന് മാഫിയ ആണ് ശത്രുക്കൾ. അയാൾ മയക്കുമരുന്നിനെതിരെയുള്ള യുദ്ധത്തിൽ എത്ര പൗരന്മാരെ പോലും വിചാരണ കൂടാതെ വെടി വെച്ച് കൊല്ലാൻ തയ്യാറാണ്. ഈ ശക്തിമാന്മാർക്കു കീഴിൽ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം അതിവേഗം താഴേക്കു പൊയ്ക്കൊണ്ടിരിക്കുകയാണെന്നു മാത്രമല്ല, പല വിഭാഗം ജനങ്ങളും ഭീതിയിലുമാണ് എന്ന് കാണാം
അവസാനമായി നമുക്ക് പരിശോധിക്കേണ്ടത് വലിയൊരു വിഭാഗം ജനങ്ങൾ എന്ത് കൊണ്ട് ശക്തിമാന്മാരെ ആരാധിക്കുന്നു എന്നതാണ്. അടിമയുടെ സ്വാതന്ത്ര്യത്തെ കുറിച്ച്, അടിമത്തം അവനു നൽകുന്ന ആനന്ദത്തെ കുറിച്ച് ഓഷോ എഴുതിയിട്ടുണ്ട്. ജനാധിപത്യം മനുഷ്യരോട് ചിന്തിക്കാനും വായിക്കാനും യുക്തമായ തീരുമാനങ്ങൾ എടുക്കാനും ആവശ്യപ്പെടുന്നു. അത് മഷി പുരട്ടിയ നഖങ്ങളെയല്ല എണ്ണുന്നത്, തലകളെയാണ്, ചിന്തിക്കുന്ന തലകളെ. രാഷ്ട്രീയ ബോധമില്ലാത്തവർക്കു, ചരിത്ര ബോധമില്ലാത്തവർക്കു, തനിക്കു എന്താണ് വേണ്ടതെന്നു സ്വയം ചിന്തിച്ചു തീരുമാനം എടുക്കാൻ കഴിയാത്തവർക്ക് ആ സ്വാതന്ത്ര്യം ഒരു ഭാരമാണ്. അവൻ തനിക്കു വേണ്ടി ശക്തിമാൻ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. താൻ കേട്ട് വളർന്ന കഥകളിലെ രാജാവിനെ പോലെ ശക്തിമാൻ ആയ ഭരണാധികാരി തനിക്കായി ഏറ്റവും ഉത്തമമായ തീരുമാനങ്ങൾ എടുക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. കാരണം ജനാധിപത്യം അവനു ഒരു ഭാരമാണ്. വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ അവനു ഉൾക്കൊള്ളാനേ കഴിയില്ല. അതുകൊണ്ടാണ് തന്റെ മസ്സിൽ പവറിൽ വിശ്വസിക്കുന്ന അവൻ സോഷ്യൽ മീഡിയയിലും മറ്റും ആദ്യ കമന്റിൽ തന്നെ സ്ത്രീകളെയും മറ്റു വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെയും തെറികൾ കൊണ്ട് നേരിടുന്നത്. അത് കൊണ്ടാണവൻ പ്രജാപതിയുടെ ശക്തിയിൽ അഭിമാനിക്കുന്നത്. ജനാധിപത്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. സോഷ്യൽ മീഡിയയുടെയും ദൃശ്യ മാധ്യമങ്ങളുടെയും ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളുടെയും അതിപ്രസരം കൊണ്ട് അല്പജ്ഞാനികളായ, പലപ്പോഴും അജ്ഞാനികൾ തന്നെയായ ആൾക്കൂട്ടത്തിനു തിരികെ മീഡിയയെയും പൊതു അവബോധത്തെയും സ്വാധീനിക്കാൻ കഴിയുന്നു എന്നത്. അത്തരം തെറ്റായ പൊതുബോധത്തെ ചൂഷണം ചെയ്യാൻ തീവ്ര വലതു കക്ഷികൾ വലിയ നുണ പ്രചാരണ യന്ത്രങ്ങൾ തന്നെ പ്രവർത്തിപ്പിക്കുന്നുമുണ്ട്.
കൂടുതൽ തുറന്ന ചർച്ചകൾ മുന്നോട്ടു വെച്ച് കൊണ്ട്, രാഷ്ട്രീയ പ്രവർത്തനം കൂടുതൽ സുതാര്യമാക്കിക്കൊണ്ട്, ജനങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ അവബോധം വികസിപ്പിച്ചു കൊണ്ട് മാത്രമേ ഈ വെല്ലുവിളിയെ നമുക്ക് നേരിടാൻ കഴിയൂ. ഇന്ത്യൻ ജനാധിപത്യം ഇനിയും തിരിച്ചു പിടിക്കാൻ കഴിയുന്ന അകലത്തിൽ തന്നെയാണ്
5 വയസ്സുള്ള കുട്ടിയെ പോലെ തന്റെ ശക്തിയിൽ അഭിരമിക്കുന്ന, തന്റെ വ്യക്തിത്വത്തെ സ്വയം പ്രശംസിക്കുന്ന, തന്റെ വസ്ത്രങ്ങളിലും ചിത്രങ്ങളിലും ആനന്ദം കണ്ടെത്തുന്ന ഈ മുതിർന്ന കുട്ടിയെ ജനാധിപത്യത്തിന്റെ സൗന്ദര്യം കൊണ്ട് നമുക്ക് നേരിടുവാൻ കഴിയുക തന്നെ ചെയ്യും
മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.