പൂമുഖം EDITORIAL പൊതുതെരെഞ്ഞെടുപ്പിനോടുള്ള ജനപക്ഷ സമീപനം

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : പൊതുതെരെഞ്ഞെടുപ്പിനോടുള്ള ജനപക്ഷ സമീപനം

 

തിനേഴാം ലോക്സഭക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാൻപോകുന്നത് ഒരു നിർണായക ചരിത്രഘട്ടത്തിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിഭരണത്തിൻകീഴിൽ നവഉദാരകോർപ്പറേറ്റ് നയങ്ങൾ രാഷ്ട്രത്തിനു മേല്‍ അതിവേഗം അടിച്ചേൽപ്പിക്കുകയും അവയ്ക്ക് മറയിടാൻ സംഘി ഫാസിസവൽക്കരണം ശക്തിപ്പെടുത്തുകയു മായിരുന്നു.

2014ലെ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പു കാലത്തും മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകുകയുണ്ടായി. അഴിമതി അവസാനിപ്പിക്കും, അഴിമതിക്കാർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ തുകയും തിരിച്ചുകൊണ്ടുവരും, ഓരോ പൗരന്‍റേയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കും, രണ്ടു കോടി പേർക്ക് പുതുതായി തൊഴിൽ നൽകും ഇങ്ങനെ പോയി അവ. പക്ഷേ ഇവയിൽ ഒന്നുപോലും നടപ്പിലാക്കിയില്ല മറുവശത്ത്നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയെ മൊത്തം തകർക്കുകയും ചെയ്തു ..

തൊഴിലില്ലായ്മയും കർഷക ആത്മഹത്യകൾ അടക്കമുള്ള ദുരന്തങ്ങളും റഫാൽ അഴിമതിയും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വർഗീയവൽക്കരണവും ആൾക്കൂട്ടക്കൊലകളും കാരണം മോദി സർക്കാരിനെതിരെ വലിയ ഒരു വിഭാഗം ജനങ്ങൾ രോഷാകുലരാണ് എന്നതാണ് ഏറ്റവും  പുതിയ കണക്കുകൾ കാണിക്കുന്നത് . കഴിഞ്ഞ അഞ്ചുവർഷമായി ജമ്മു കാശ്മീരിലും വടക്കു കിഴക്കൻ പ്രദേശങ്ങളിലും പിന്തുടർന്ന് പോന്ന പ്രാദേശിക ജനവിഭാഗങ്ങളെ അന്യവൽക്കരിക്കുന്ന ദേശീയ സങ്കുചിത നയങ്ങൾ പുല്‍വാമ സംഭവത്തോടെ അതിൻറെ പാരമ്യതയിലെത്തി ച്ചേർന്നിരിക്കുന്നു. പാക്കിസ്ഥാൻ വിരുദ്ധവികാരവും യുദ്ധഭ്രാന്തും ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഇവയിലൂടെ, ഈ അവസാന നാളുകളിൽ വരെ, ജനങ്ങൾക്കിടയിൽ ദേശീയ സങ്കുചിത വാദവും മുസ്ളീം വിരുദ്ധതയും വളർത്തി എങ്ങനെയും തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അപകടകരമായ സമീപനമാണ് മോഡിയും കൂട്ടരും സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പരമാവധി നീട്ടി അതിനിടക്ക് നിരവധി മോഹന വാഗ്ദാനങ്ങൾ നൽകി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മോദി ശ്രമിച്ചു. എല്ലാം മോദിയാണ് മോദിയാണ് ഇന്ത്യ എന്ന് തോന്നിക്കുന്ന രീതിയിലാണ് സംഘപരിവാറിന്റെ പ്രചരണം. രാജ്യത്തെ അപകടകരമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചിരിക്കുന്ന മോദി സർക്കാരിനെ പുറത്താക്കുക എന്നത് ജനങ്ങളുടെ മുമ്പിലുള്ള ഏറ്റവും നിർണായകമായ വെല്ലുവിളിയായിരിക്കുന്നു.

പ്രതിപക്ഷ കക്ഷികളും സംഘപരിവാർ വിരുദ്ധ ശക്തികളും രാജ്യം നേരിടുന്ന ഈ ഗുരുതരമായ അപകടം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെ പുറത്താക്കുവാനുള്ള ശ്രമത്തിലാണ് എല്ലാ പുരോഗമന ശക്തികളും ഈ ശ്രമത്തില്‍ ഭാഗമാകേണ്ടതുണ്ട്. സിപിഐ എം എൽ റെഡ്സ്റ്റാർ വിലയിരുത്തുന്നത് രണ്ടായിരത്തിനാലിൽ വാജ്പേയി സർക്കാറിനെതിരെ ഉണ്ടായ എതിർപ്പിനെക്കാൾ ശക്തമാണ് ഇന്ന് മോദി സർക്കാരിനെതിരായിട്ടുള്ള ജനവികാരം എന്നാണ്. അതുകൊണ്ടുതന്നെ മോദി സർക്കാർ അധികാരത്തിൽ നിന്ന് പുറത്താകുമെന്ന കാര്യം അനുദിനം വ്യക്തമായി വരുന്നുണ്ട്. റെഡ് സ്റ്റാറിന്റെ 11 ആം പാർട്ടികോൺഗ്രസിൽ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കേന്ദ്ര മുദ്രാവാക്യം ആയി അവതരിപ്പിക്കുന്നുണ്ട്. ഇതിനായി സാധ്യമായ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും പാർട്ടി ചെയ്യും പക്ഷേ കോർപ്പറേറ്റ് സംഘി ഫാസിസ്റ്റ് വാദനയങ്ങൾ ശക്തമായി നടപ്പാക്കുന്ന മോദി സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ തന്നെ എങ്ങിനെ ഈ ഹിന്ദുരാഷ്ട്ര ശക്തികൾക്ക് ഭൂരിപക്ഷം നേടി അധികാരത്തിൽ വരാൻ കഴിഞ്ഞു എന്നതും മോദി സർക്കാരിന് പകരം വരാൻ പോകുന്ന ബദൽ എന്താണെന്നതും ചർച്ച ചെയ്യപ്പെടണമെന്നാണ് റെഡ് സ്റ്റാറിന്റെ രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നത്.
1947 ലെ അധികാര കൈമാറ്റത്തിന് ശേഷം 2014 വരെ 67 വർഷങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്ന കോൺഗ്രസും മറ്റു ഭരണവർഗ്ഗ പ്രാദേശിക പാർട്ടികളും പിന്തുടർന്ന നയങ്ങളാണ് 1998 ൽ വാജ്‌പേയ് സർക്കാറും 2014 ൽ ഭൂരിപക്ഷത്തോടെ മോദി സർക്കാറും അധികാരത്തിൽ വരുന്നതിലേക്ക് നയിച്ചത്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വശക്തികൾ നടപ്പാക്കാൻ ആരംഭിച്ച പുത്തൻ അധിനിവേശങ്ങളാണ് അധികാര കൈമാറ്റത്തെ തുടർന്ന് നെഹ്രുവിയൻ മോഡൽ എന്നപേരിൽ നടപ്പാക്കിയത്. സാമ്രാജ്യത്വ മൂലധനത്തിനും സാങ്കേതിക വിദ്യക്കും കമ്പോള നിയന്ത്രണത്തിനും എല്ലാ രംഗത്തും കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിച്ചു. ഇത് നാടൻ വൻകിട മുതലാളികളേയും ഭൂപ്രഭുക്കളേയും ആണ് തുണച്ചത്. ഈ സാമ്പത്തികനയങ്ങളോടൊപ്പം കോൺഗ്രസ് വർഗീയ പ്രീണന നയങ്ങളും പിന്തുടർന്നു ജാതി ശക്തികളെ വളർത്തി.1970 കളിൽ സാമ്രാജ്യത്വ ചേരി തുടക്കമിട്ട നവഉദാര നയങ്ങളും 1991 ൽ അടിച്ചേൽപ്പിച്ചു. ഇതോടെ നെഹ്റുവിയൻ മോഡലിന് കീഴിൽ നടപ്പാക്കിയിരുന്ന എല്ലാ ജനക്ഷേമ നയങ്ങളും തിരസ്കരിക്കാൻ തുടങ്ങി. മൂലധന വ്യവസ്ഥ കൂടുതൽ കൂടുതൽ ഊഹ(Speculative) സ്വഭാവം കൈവരിച്ചതോടെ അഴിമതി സർവ്വ രംഗത്തും ശക്തിപ്പെട്ടു. ബഹുഭൂരിപക്ഷം ജനങ്ങൾ ദാരിദ്ര്യരേഖക്കു കീഴിലായി.ഇതിനെ കോണ്ഗ്രസ് ഭരണം നേരിട്ടത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ പ്രഖ്യാപനം പോലുള്ള സ്വേച്ഛാധിപത്യ നടപടികളിലൂടെയാണ്.ഇവയെല്ലാം കൂടി സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യത്തിലാണ് ജനകീയ രോഷത്തെ വർഗ്ഗീയവൽക്കരണത്തിലൂടെ തങ്ങൾക്കനുകൂലമാക്കി വാജ്‌പേയിയും 2014 ൽ കൂടുതൽ ശക്തിയോടെ മോദിയും അധികാരത്തിൽ വന്നത് അതുകൊണ്ട് കോർപ്പറേറ്റുവൽക്കരണ ത്തിന്റേയും നവഫാസിസത്തിന്റേയും നടത്തിപ്പുകാരനായി മോദിയെ അധികാരത്തിലെത്തിച്ചതിൽ കോണ്ഗ്രസ്സിനോ, മറ്റു ഭരണവർഗ്ഗ പാർട്ടികൾക്കോ ഉള്ള പങ്ക് ആർക്കും മറച്ചുവെക്കാനാവില്ല. മാസങ്ങള്‍ക്ക് മുമ്പ് ബി ജെ പി യെ തോല്‍പ്പിച്ച് ,മദ്ധ്യപ്രദേശില്‍ അധികാരത്തില്‍ വന്ന കോൺഗ്രസ്സ് പിന്തുടരുന്നത് ബിജെപിയെ കടത്തി വെട്ടുന്ന ഗോസംരക്ഷണവും വർഗീയ പ്രീണനവും ആണ് അതുകൊണ്ട് ഇവർ സൃഷ്ടിക്കുന്നത് ബിജെപി തോറ്റാലും ആർഎസ്എസിന് ക്ഷീണം വരാത്ത നയമാണ്. ജനപക്ഷീയമായ, മതത്തെ രാഷ്ട്രീയത്തിൽ നിന്നു വേർതിരിക്കുന്ന, ജാതിവിരുദ്ധമായ രാഷ്ട്രീയ സാമ്പത്തിക സമീപനം കോൺഗ്രസിനോ മറ്റു ഭരണവർഗ്ഗ പ്രാദേശികപാർട്ടികൾക്കോ ഇല്ല.
ഈ സാഹചര്യത്തിൽ ബിജെപിയെ തോൽപിക്കാൻ സർവ്വശക്തിയുമുപയോഗിച്ച് ശ്രമിക്കുമ്പോൾ തന്നെ സ്വതന്ത്രമായ ഇടതുപക്ഷ ബദൽ സങ്കല്പം ശക്തിപ്പെടുത്താനാണ് മാർക്സിസ്റ്റ് നിലപാടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ പാർട്ടികളും ശ്രമിക്കേണ്ടത് പക്ഷേ സംഭവിക്കുന്നത് നേരെമറിച്ചാണ്. 34 വർഷത്തെ ഭരണത്തിനുശേഷം ബംഗാളിലും 25 വർഷങ്ങൾക്കു ശേഷം ത്രിപുരയിലും അധികാരത്തിൽനിന്ന് പുറത്തായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ പിന്തുടരുന്നത് മോദി സർക്കാറിന്റെ അതേ സാമ്പത്തിക നയങ്ങളാണ്. ഈ ഭരണവർഗ്ഗ നയങ്ങൾക്ക് ബദലില്ല എന്നാണവർ സ്ഥാപിക്കുന്നത്. ഈ അവസരവാദ നയങ്ങളുടെ തുടർച്ചയായി ലോക്സഭാ തെരഞ്ഞെടുപ്പിലും സിപി എം നയിക്കുന്ന ഇടതുമുന്നണി പാർട്ടികൾ അവസരം കിട്ടുന്നിടത്തൊക്കെ കോൺഗ്രസുമായും മറ്റു ഭരണവർഗ്ഗ പ്രാദേശിക പാർട്ടികളുമായും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുകയാണ്. ഇടതുപക്ഷ ബദലിന്റെ സങ്കൽപംതന്നെ ഉപേക്ഷിച്ചിരിക്കുന്നു ഈ സന്ദർഭത്തിലാണ് സിപിഐ എംഎൽ റെഡ്സ്റ്റാർ അതിൻറെ രാഷ്ട്രീയപ്രമേയത്തിന്റെ തുടർച്ചയായി അവതരിപ്പിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപിയെ തോൽപ്പിക്കുക ജനകീയ ബദല്‍ പടുത്തുയർത്തുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചിരിക്കുന്നത്. ഈ കാഴ്ചപ്പാടോടെ നവഉദാര കോർപ്പറേറ്റ് നയങ്ങൾ തിരസ്കരിക്കുകയും നവ ഫാസിസത്തിനെതിരെ പോരാടുകയും മതനിരപേക്ഷ ജാതി വിരുദ്ധ നിലപാടുകൾക്കും ജന പക്ഷീയ വികസനത്തിനും വേണ്ടി പോരാടുകയും ചെയ്യുന്ന പുരോഗമന ജനാധിപത്യ ശക്തികളെ, അടിച്ചമർത്തല്‍ നേരിടുന്ന ദളിതരും ആദിവാസികളും മറ്റും ഉൾപ്പെടുന്ന ജനവിഭാഗങ്ങളുടെ സംഘടനകളെ, എല്ലാം ചേർത്ത് ഒരു ജനകീയ മുന്നണി കെട്ടിപ്പടുക്കാനും പാർട്ടി ശ്രമിക്കുന്നു. ഇത്തരം ഒരു സ്വതന്ത്ര ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നത് വഴി ബിജെപിക്കെതിരായ സമരം ദുർബലമാവുകയല്ല ശക്തിപ്പെടുകയാണ് ചെയ്യുക. ഈ കാഴ്ചപ്പാടോടെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനോടൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി അമ്പതോളം സ്ഥാനാർത്ഥികളെ നിർത്തി 16 സംസ്ഥാനങ്ങളിൽ മത്സരിക്കുകയാണ്. ജനകീയ മുന്നണികളിൽ വരുന്ന സംഘടനകളുടെ സ്ഥാനാർത്ഥികൾക്കും പാർട്ടി പിന്തുണ നൽകും മറ്റെല്ലാ നിയോജകമണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന അടവുനയം പാർട്ടി പിന്തുടരും ഈ മാർക്സിസ്റ്റ് ലെനിനിസ്റ്റ് നിലപാടിനൊപ്പം നിൽക്കാൻ എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളോടും പാർട്ടി അഭ്യർത്ഥിക്കുന്നു.

Comments
Print Friendly, PDF & Email

You may also like