പൂമുഖം CINEMA ലോനപ്പന്റെ മാമോദിസ

ലോനപ്പന്റെ മാമോദിസ

 

ിയോ തദ്ദേവൂസ് ശാന്തമായി വന്നു കൃത്യമായ ഇടവേളകൾ എടുത്തു സിനിമകൾ ചെയ്യുന്ന ആളാണ്. ഒരു ദശാബ്ദത്തിൽ ഏറെയായി അദ്ദേഹത്തിൻറെ ആദ്യ ചിത്രം പുറത്തു വന്നിട്ടത്. അവിടെ നിന്ന് ലോനപ്പന്റെ മാമ്മോദിസയിലേക്ക് എത്തുമ്പോൾ ഇടക്കുണ്ടായത് രണ്ടു സിനിമകൾ മാത്രം. കുടുംബവും പ്രണയവും നിലനിൽപ്പിനായുള്ള ഓട്ടവും സ്വപ്നങ്ങൾക്ക് പുറകെ പോക്കും ഒക്കെയാണ് സാധാരണയായി അദ്ദേഹം തന്റെ സിനിമകളുടെ പ്രധാന ഇതിവൃത്തങ്ങളായി ചേർക്കാറുള്ളത്. ഒരു വിൻറ്റെജ് ജയറാം സാന്നിധ്യം അനുഭവപ്പെടുന്ന സിനിമയുടെ പരസ്യങ്ങൾ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി. ഇടക്കെപ്പോഴോ വന്ന പഞ്ചവർണതത്ത മാറ്റി നിർത്തിയാൽ ജയറാം ഇപ്പോൾ ചെയ്യുന്ന സിനിമകൾ ഒന്നും ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തെ കൊണ്ട് പഴയ കാല ജയറാമിനെ അനുകരിപ്പിക്കാനുള്ള സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും വികല ശ്രമങ്ങൾ ആയി അവയൊക്കെ മാറി. അത് കൊണ്ട് തന്നെ ലോനപ്പന്റെ മാമ്മോദിസയും കൗതുകമുണ്ടാക്കുന്ന ജയറാം ലിയോ തദ്ദേവൂസ് കൂട്ടുകെട്ടും അതിനൊരു മാറ്റമുണ്ടാക്കുമോ എന്ന കാത്തിരിപ്പിൽ ആയിരുന്നു സിനിമ ശ്രദ്ധിക്കുന്നവർ. ജയറാമിനെ കൂടാതെ ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, നിഷ സാരംഗ്, ഈവ പവിത്രൻ, സ്നേഹ, രേഷ്മ രാജൻ,ജോജോ, ഇർഷാദ്, വിശാഖ്, ദിലീഷ് പോത്തൻ, കനിഹ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ സിനിമയിൽ ഉണ്ട്. ഒരു കാലത്ത് മലയാള സിനിമ സ്ഥിരം പിന്തുടർന്ന തൃശൂർ ഭാഷാ ശൈലി ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ഉപയോഗിക്കുന്ന സിനിമ കൂടിയാണ് ലോനപ്പന്റെ മാമോദിസ. സംവിധായകന്റെ തന്നെയാണ് തിരക്കഥ.

ലോനപ്പൻ എന്ന വാച്ച് മെക്കാനി ജീവിതത്തിന്റെ ഒഴുക്കുകളിലൂടെ ആണ് സിനിമ തുടങ്ങുന്നത്. കഥകൾ കേൾക്കാനും പറയാനും ഇഷ്ടപ്പെട്ടിരുന്ന ഭാവന കൊണ്ട് അനുഗ്രഹീതനായ നിരീക്ഷണ പാടവം കൊണ്ട് ചെറുപ്പത്തിൽ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു ലോനപ്പൻ. അച്ഛന്റെയും അമ്മയുടെയും മരണവും ദാരിദ്ര്യവും അയാളെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ നിര്ബന്ധിതൻ ആക്കി. രണ്ടു ചേച്ചിമാരുടെയും ഒരു അനുജത്തിയുടെയും ( ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഈവ പവിത്രൻ ) തുടർജീവിതം അയാളുടെ ഉത്തരവാദിത്വമായി. കുടുംബ സ്വത്തായി കിട്ടിയ വാച്ച് കട നടത്തി കൊണ്ട് പോകൽ ആയിരുന്നു അയാളുടെ മുന്നിൽ ഉള്ള വഴി. ഒരു മെക്കാനിക്കും ( ഹരീഷ് കണാരൻ ) കൂട്ടിനുണ്ട്. ലോനപ്പൻ ഒട്ടും താത്പര്യമില്ലാതെ ഏറ്റെടുത്ത ജോലി ആണ് ഇത്. ഒരു ശീലം പോലെ കടയിൽ പോയിരിക്കുന്നു എന്നതിനപ്പുറം വലിയ ലാഭം ഉണ്ടാക്കാൻ സ്വാഭാവികമായും അയാളെ കൊണ്ട് കഴിയുന്നില്ല. ജീവിതത്തിൽ നിരാശകളും ഉത്തരവാദിത്വ കുറവും അലസതയും മടുപ്പും ഒക്കെയാണ് അയാളുടെ കൈമുതൽ. സഹോദരിമാരെ ആരെയും വിവാഹം കഴിച്ചു അയക്കാനോ മറ്റൊരു മെച്ചപ്പെട്ട ജോലി ഏറ്റെടുക്കാമോ അയാൾക്ക് കഴിഞ്ഞില്ല. ലോനപ്പനും വിവാഹിതനല്ല യാദൃശ്ചികമായി പരിചയപ്പെട്ട ലീന( രേഷ്മ രാജൻ ) എന്ന പെൺകുട്ടിക്ക് അയാളോട് പ്രണയമുണ്ട്. ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും സഹോദരിമാരുടെ വിവാഹം നടക്കാത്ത കുറ്റബോധം അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അങ്ങനെയിരിക്കെ ഒരു സവിശേഷ സാഹചര്യത്തിൽ ലോനപ്പൻ തന്റെ ഭൂതകാലം ഓർക്കുന്നു. ഇത് അയാളെ അസ്വസ്ഥനാക്കുന്നു. തനിക്കൊരിക്കലും ചേരാത്ത ഈ വേഷം അഴിച്ചു പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ അയാൾ ആഗ്രഹിക്കുന്നു. അപ്പോൾ അയാൾക്ക്‌ മുന്നിൽ നിറഞ്ഞ വെല്ലുവിളികളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും ആണ് ലോനപ്പന്റെ മാമോദിസ സഞ്ചരിക്കുന്നത്.

ഒരുപാട് കാലത്തിനു ശേഷം തൃശൂർ നഗരപ്രാന്തങ്ങളെയും ഭാഷയെയും ഭംഗിയായി അവതരിപ്പിച്ച സിനിമകളിൽ ഒന്നാണ് ലോനപ്പന്റെ മാമോദിസ. സാധാരണ ഏതൊക്കെയോ സിനിമകൾ ഹിറ്റ് ആയതും ഊട്ടിയുറപ്പിച്ചതും ആയ ഒരു ട്രെന്റിന് പുറകെ പോകാനാണ് മലയാള സിനിമ തൃശൂർ ഭാഷയെ ആശ്രയിക്കാറ്. കഥാ പരിസരവും ഗതിയും ആവശ്യപ്പെടുന്ന ഒരു ലാൻഡ്‌സ്‌കേപ്പ് ആക്കി ലോനപ്പന്റെ വാച്ച് കടയേയും അയാൾ ഇടപെടുന്ന ഇടങ്ങളേയും മാറ്റി. സാധാരണ തൃശൂർ ഭാഷ അങ്ങേയറ്റം അതിശയോക്തി കലർന്ന് സംസാരിക്കുന്ന നടീനടന്മാരും ഈ സിനിമയിൽ ഇല്ല. തികച്ചും സ്വാഭാവികമായ ഒന്നായി കഥയോട് ചേർന്ന് ഭാഷയും സിനിമയിൽ നിൽക്കുന്നു. ഒരു തരത്തിലുള്ള ഏച്ചുകൂട്ടലുകളും കാണികൾക്ക് അനുഭവപ്പെടില്ല ലോനപ്പന്റെ മാമ്മോദിസയിലെ തൃശൂർ ഭാഷ കേട്ടാൽ. കുറെയൊക്കെ സ്ഥിരം ജയറാം പടങ്ങളുടെ തിരക്കഥകളിൽ കാണാറുള്ള അംശങ്ങൾ ലോനപ്പന്റെ മാമ്മോദിസയിലും ഉണ്ട്. പക്ഷെ ഒരുപാട് കാലത്തിനു ശേഷം ജയറാം എന്ന നടനെ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമ ആണ് ഇത്. അതിശയോക്തി കലർന്ന അതിവൈകാരികത ഈ ജയറാം സിനിമയിൽ വളരെ കുറവാണു. വളരെ ബാലൻസ്ഡ് ആയാണ് ജയറാം ഈ കഥാപാത്രത്തെ ഉൾക്കൊണ്ടു സ്‌ക്രീനിൽ എത്തിച്ചത്. വല്ലാതെ മടുപ്പിക്കുന്ന ഹാസ്യമോ അതിഭീകര ദുരന്തമോ ഒന്നുമില്ലാത്ത ജയറാം സിനിമയുടെ ഒഴുക്ക് കാണികൾ ഇഷ്ടപ്പെട്ട ഒന്നാണ്. അത്തരം ഒരു അന്തരീക്ഷത്തെ ഒരു പരിധി വരെ എങ്കിലും ലോനപ്പന്റെ മാമോദിസ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. സഹതാരങ്ങൾക്കും വ്യക്തിത്വവും റോളും നൽകിയാണ് സംവിധായകൻ ഈ ശ്രമത്തിൽ വിജയിച്ചിട്ടുള്ളത്. ഹരീഷ് കണാരനും ശാന്തി കൃഷ്ണയും നിഷ സാരംഗും ഒക്കെ ചേർന്നുള്ള കോമ്പിനേഷൻ സീനുകൾ ആണ് സിനിമയെ കുറച്ചൊക്കെ രസകരമായ കാഴ്ച്ചാനുഭവമാക്കി മാറ്റുന്നത്.

അതിമാനുഷിക നായകന്മാരെ പോലെ തന്നെ മലയാള സിനിമ എല്ലാ കാലവും പല നിലക്ക് ആശ്രയിച്ചിട്ടുള്ള ഒരു വിഭാഗമാണ് അസ്തിത്വ ദുഃഖം ഉള്ള അലസ നായകന്മാർ. ഒരു കാലത്തു സമാന്തര സിനിമ ഏറ്റെടുത്ത ഇവരെ പിന്നീട് മുഖ്യധാരാ സിനിമയും ഏറ്റെടുത്തു. ഹാസ്യത്തിന്റെ ഏറ്റവും സുന്ദരമായ ഉപയോഗത്തിലൂടെ ഏറ്റവും മികച്ച രീതിയിൽ ഹാസ്യം കൈകാര്യ൦ ചെയ്യുന്ന നടീ നടന്മാരുടെ ഇത്തരം നായക കഥാപാത്രങ്ങൾ മലയാള സിനിമക്ക് എന്നും പ്രിയപ്പെട്ടവർ ആയി. ഓരോ കാലത്തെയും തൊഴില്ലായ്മ ,മുതൽ ഉള്ള നിരവധി സാമൂഹ്യ പ്രശ്നങ്ങളെ പറ്റി പറയാനുള്ള ടൂളുകൾ കൂടിയായിരുന്നു ഇത്തരം നായകന്മാർ. മോഹൻലാലും ജയറാമും ദിലീപും ടോവിനോയും ദുൽകർ സൽമാനും വരെ അത്തരം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് ബോക്സ് ഓഫീസിൽ പരിക്കുകൾ ഇല്ലാതെ സ്ഥിരം പിന്തുടരുന്നത് ഇത്തരം നായകന്മാരുടെ വിജയ ഫോർമുല ആണ്. തന്റെ കരിയറിന്റെ പല കാലത്തും ജയറാം ഇത്തരം കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. ജയറാമിനെ കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൻ ആകുന്നതും ഇത്തരം കഥാപാത്രങ്ങൾ ആണ്. ആ ഫോർമുലയുടെ ഏതൊക്കെയോ നിലക്കുള്ള അനുകരണമാണ് ലോനപ്പന്റെ മാമ്മോദിസയും. ഇത്തരം സിനിമകളിലെ നായികരമയുടെ സ്ഥിരം മോട്ടിവേഷണൽ റോളുകളുടെ തുടർച്ചയാണ് രേഷ്മ രാജന്റെ ലീന. കൂട്ടുകാരുടെയും പണക്കാരനായ വിജയിയായ ബന്ധുവിന്റെയും സുഹൃത്തിന്റെയും ഒക്കെ റോളുകൾ സ്ഥിരം മലയാള സിനിമ പിന്തുടരുന്നവയാണ്. നായകന് തിരിച്ചറിവ് വരുന്ന വഴിയിലും സിനിമ വ്യത്യസ്തമായ പാത ഒന്നും സ്വീകരിച്ചിട്ടില്ല. ലോനപ്പന്റെ മാമോദിസ എന്ന പേരിൽ നിന്ന് തന്നെ ആ നിലക്ക് സിനിമയുടെ കഥാഗതി ഊഹിക്കാൻ ആകും. മേക്കിങ്ങിൽ ഉള്ള പുതുമയും വളരെ സ്വാഭാവികമായ തിരക്കഥയുടെ പ്രോഗ്രെഷനും പാത്ര സൃഷ്ടിയിൽ കാണിച്ച ലാളിത്യവും ഒക്കെയാണ് ഈ സിനിമയെ മുഷിപ്പിക്കാതെ കണ്ടു ഇറങ്ങാവുന്ന കാഴ്ച്ചാനുഭവമാക്കുന്നത്.

കഥകൾ പറയാൻ ഇഷ്ടമുള്ള ഒരാൾ യാന്ത്രികമായ ഒരു ലോകത്ത് എത്തുമ്പോൾ ഉണ്ടാവുന്ന മടുപ്പും അസ്വസ്ഥതയും നിരാശയും അമർഷവും എല്ലാം ജയറാമിൽ ഭദ്രമായിരുന്നു. അയാൾക്ക് ചുറ്റുമുള്ളവരെ എങ്ങനെ ഈ അവസ്ഥകൾ ബാധിക്കുന്നു എന്ന് കൂടി സംവിധായകൻ പറയുന്നുണ്ട്. അവരുടെ കൂടി ജീവിതത്തിലെ നൈരാശ്യങ്ങൾക്ക് ലോനപ്പന്റെ തെറ്റായ തീരുമാനങ്ങൾ കാരണമാകുന്നു എന്നും സിനിമ പറഞ്ഞു വെക്കുന്നു. ഇവിടെയൊന്നും ആശയ കുഴപ്പങ്ങൾക്ക് ഇടം നൽകിയിട്ടില്ല. കഥ പറച്ചിൽ അഥവാ സ്റ്റോറി ടെല്ലിങ് സാധാരണ മലയാളി ജീവിതത്തിനു എത്രാസ് കണ്ടു പരിചയമുണ്ട് എന്ന് അറിയില്ല. തമാശ പോലെ ചില ഇന്ത്യൻ സിനിമകൾ അത് ഉപയോഗിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് അത്ര കണ്ട പരിചിതമല്ലാത്ത ഒരു തൊഴിലിടം ആണിത്. ഭാവന നിറഞ്ഞ കഥ പറച്ചിൽ രംഗങ്ങൾ കാണാൻ രസമുണ്ട്, കേൾക്കാനും. പക്ഷെ ഈ അപരിചിതത്വം പ്രേക്ഷകർക്ക് സിനിമയിൽ നിന്ന് ദൂരമുണ്ടാക്കാം. സാമ്പത്തിക പ്രതിസന്ധി പോലെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ വരുമ്പോൾ സിനിമ ആശ്രയിക്കുന്ന ചില സംഭാഷണങ്ങളും മറ്റും പല ജയറാം സിനിമകളെയും ഓർമിപ്പിക്കും. സ്ക്രിപ്റ്റിൽ നിന്ന് വഴുതി മാറി ജയറാമിന്റെ സ്ഥിരം കംഫർട്ട് സോണുകളെ ആശ്രയിക്കാൻ ശ്രമിക്കുമ്പോഴാണ് സിനിമ ചെറുതായി പരാജയപ്പെടുന്നതും

കുടുംബ സിനിമകളുടെ വിന്റേജ് ജയറാമിന്റെ മോട്ടിവേഷണൽ ഫീൽ ഗുഡ് പതിവ് രീതികളെ ആശ്രയിക്കുന്നവർക്കുള്ള സിനിമ ആണ് ലോനപ്പന്റെ മാമോദിസ

Comments

You may also like