പൂമുഖം OPINION ശബരിമല – ഒരു അപശബ്ദം

ശബരിമല – ഒരു അപശബ്ദം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

േരളം അഭിമുഖീകരിക്കുന്ന ഏക പ്രശ്നം  അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.കേരളത്തെ നശിപ്പിക്കുന്ന ഇടതു-വലതു കപടാവബോധങ്ങളെ പോലെ   വീര്യമുള്ള ഒരു മയക്കുമരുന്നില്ല. എല്ലാ മയക്കുമരുന്നുകളെയും പോലെ ചുമതലകളെ വിസ്മരിപ്പിച്ചു കൊണ്ട് അവ നമ്മുടെ വലിയ വലിയ സാമൂഹ്യനോവുകള്‍ ആറ്റുന്നു. ഇടതുകള്‍ വലതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകള്‍ ഇടതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകളും ഇടതുകളും താന്താങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ , അതിക്രമങ്ങളില്‍ ഏതെങ്കിലുമൊന്നുപോലും ഓര്‍ക്കാറില്ല .

ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടു  മാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്‍റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത  ഒരു വിജയത്തിനും ദീര്‍ഘകാല വോട്ടു സമ്പാദനത്തിനും   സമര്‍പ്പിച്ചിരിക്കുന്നു. എല്ലാ ജില്ലകളിലും നൂറുകണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നു പറയുന്നു. പ്രളയബാധിതർ   ആരെങ്കിലും പുനരധിവസിക്കപ്പെട്ടോ? കുട്ടനാട്ടിലെ എല്ലാ വീടുകളും വാസയോഗ്യമായോ? ഉരുള്‍പൊട്ടിയ ഇടങ്ങളിലെ, പേമാരിയിലും പ്രളയജലത്തിലും ഒലിച്ചു പോയ വീടുകളിലെ ആയിരക്കണക്കിന് മനുഷ്യർ  എങ്ങിനെ ജീവിക്കുന്നു? ഇന്ന് കേള്‍ക്കുന്നു, ആള്‍ക്കൂട്ടത്താല്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്‍റെ കേസ് വാദിക്കാന്‍ പണമില്ലെന്ന്. ഇത്തരം  ചോദ്യങ്ങളും ഓര്‍മ്മപ്പെടുത്തലുകളും എല്ലാം ആചാരസംരക്ഷണവും ആചാരവിപ്ലവവും ആഘോഷിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യവർഗ്ഗത്തിന്           രസംകൊല്ലികളാണ്. നമ്മുടെ  ഇടയിലെ പരിണതപ്രജ്ഞർ  പോലും വിസ്മൃതിയിലും നിര്‍വൃതിയിലു മാണ്. നവംബര്‍ ഒന്നിന് ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ് ഏകദിനം. നവംബര്‍ അഞ്ചിന്   ശബരിമലയിൽ   ചിത്തിര ആട്ട വിശേഷം. വൃശ്ചികമൊന്നായാലല്ലേ, പൊടിപൂരം. അമിത്ഷായും പിണറായിയും നേരിട്ടെത്തിക്കളിക്കുന്ന  ബഹുദിനം.  അപ്പോഴേക്കും  അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടു പ്പുല്‍സവം കൊടിയേറും. അത് കഴിഞ്ഞാല്‍ എണ്ണാവുന്ന ദിവസങ്ങളല്ലേയുള്ളൂ 2019 മേയിലേക്ക്?  പെടുക്കാനും കുളിക്കാനും കൂടി സമയമില്ലാതെ ചുരമാന്തി നില്‍ക്കുകയാണ് മലയാളി.

എന്നെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ  ശബരിമലയുടെ അസ്തിത്വവും പ്രാധാന്യവും ബെവറേജസ്  കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും ലാഭകരമായ  പൊതുമേഖല സ്ഥാപനം എന്ന നിലക്കാണ്. ബെവറേജസില്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക കൌണ്ടര്‍ തുറന്നാല്‍ ഉണ്ടാകുന്നതിലേറെ നവോത്ഥാനം പുഷ്പിക്കുകയോ സാമൂഹികവിപ്ലവം വരികയോ ശബരിമലയിലെ യുവതീപ്രവേശം കൊണ്ട് സംഭവിക്കുന്നില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. മാര്‍ക്സ് വിഭാവനം ചെയ്ത  മാനവിക സ്വര്‍ഗ്ഗത്തിന്‍റെ ശകലങ്ങള്‍ ഇന്നുള്ളത് വലതുപക്ഷ –മുതലാളിത്തരാജ്യങ്ങളില്‍ ആണ്. താരതമ്യേന സമാധാനം നിലനില്‍ക്കുന്ന ആ രാജ്യങ്ങളില്‍  പലതിലും നാസ്തികരും മതകാര്യങ്ങളില്‍ ഉദാസീനരും ആയവരാണ്‌ ഭൂരിപക്ഷവും. ദേവാലയങ്ങളില്‍ പലതും ഹോട്ടലുകളും റിസോര്‍ട്ടുകളും ബാറുകളും ആയിക്കൊണ്ടിരിക്കുന്നു. സമാധാനം പുലരുമെങ്കില്‍, ദേവാലയങ്ങളായ ദേവാലയങ്ങള്‍ മുഴുവന്‍ , കാനനക്ഷേത്രങ്ങളടക്കം, യുവതികള്‍ക്ക്‌ ഏതുനേരവും  പ്രവേശിക്കാവുന്ന എക്കോ റിസോര്‍ട്ടുകള്‍ ആകുന്ന ദിവസമാണ് എന്റെ നടക്കാത്ത സ്വപ്നം.

മതത്തിന്‍റെ കാര്യങ്ങളില്‍ മാത്രം  ഞാന്‍ യുക്തിവാദികളോട്   സമീപസ്ഥമായ ഒരു നിലപാടിലാണ്. മുച്ചൂടും യുക്തിരഹിതമായ ഒരു ലോകത്ത് യുക്തിവാദം ഒരു യുക്തിരഹിത മായ ഏര്‍പ്പാടാണ് . ഇതറിയുന്നതു കൊണ്ട് മാത്രം,   ക്രിസ്തുവും ഗാന്ധിയും ബുദ്ധനും നാരായണഗുരുവും ടാഗോറും ടോള്‍സ്റ്റോയിയും ഡോസ്റ്റോവ്സ്കിയും കസാന്സാക്കിസും ആശാനും ഇടശ്ശേരിയും ഒക്കെ ഉള്‍പ്പെട്ടിരുന്ന, കാമുകീകാമുകസംയോഗത്തേക്കാള്‍ സ്വകാര്യമായ,  ഒരു അനുഭൂതിമതത്തില്‍ ജീവിക്കുന്നതിന്റെ ആഡംബരം തല്‍ക്കാലം ഞാന്‍ അനുഭവിക്കുന്നുണ്ട് എന്ന് പറയാം. തല്‍ക്കാലം മാത്രം. ലോകം മുഴുവന്‍ യുക്തിസഹമാകുകയും സ്ഥിതിസമത്വവും ലിംഗസമത്വവും സ്വാതന്ത്ര്യവും നിലവില്‍ വരികയും ചെയ്യുന്ന ദിവസം രാവിലെ ഞാന്‍ ഈ ആഡംബര മതത്തില്‍ നിന്ന് രാജിവയ്ക്കും.

മതവിശ്വാസമില്ലാത്ത ഞാനടക്കമുളളവര്‍ക്ക് ശബരിമലയെ സംബന്ധിച്ച ചരിത്രം, ഇതിഹാസം, നരവംശശാസ്ത്രം, സ്ത്രീശരീരശാസ്ത്രം എന്നിവയെ കുറിച്ചുള്ള നിലക്കാത്ത വിവാദങ്ങളില്‍  പരിമിതമായ കാര്യമേ ഉള്ളൂ എന്നാണ്  തോന്നുന്നത്. നൈഷ്ഠിക ബ്രഹ്മചാരി, ആര്‍ത്തവചര്‍ച്ച, മന്ത്രധ്യാനം, ശബരിമല ചരിത്രം എന്നിവയിലൊക്കെ വിശ്വാസികളല്ലാത്തവര്‍ എന്തു പറയാന്‍! മതവിശ്വാസികള്‍  രാഷ്ട്രീയമായും സാമൂഹികമായും മതപരമായും എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നു മാത്രമാണ് വിശ്വാസത്തിന് പുറത്തുള്ളവര്‍ ആശങ്കാകുലരാകേണ്ടത്. ഇപ്പോള്‍ അരങ്ങില്‍ കേള്‍ക്കുന്ന പലവിധ ഭ്രാന്തന്‍ ശബ്ദങ്ങളില്‍ ‘അന്ധവിശ്വാസികളുടെ എണ്ണം കുറയട്ടെ’ എന്നത് പ്രഖ്യാപിത  നയമാക്കിയിട്ടുള്ള യുക്തിവാദികളുടെയും പുരോഗമനവാദികളുടെയും ശബ്ദങ്ങള്‍ പോലും കേള്‍ക്കുന്നു: ’യുവതികള്‍ കേറട്ടെ, ദളിത പൂജാരികള്‍ വരട്ടെ’ എന്നൊക്കെ. സര്‍, ഒന്നുകില്‍ മതവും ദൈവവുമൊക്കെയുണ്ട്. അല്ലെങ്കില്‍ മതവും ദൈവവുമൊന്നുമില്ല. ഒന്നുകില്‍ ഗര്‍ഭം ഉണ്ട്. അല്ലെങ്കില്‍ ഗര്‍ഭമില്ല. അര്‍ദ്ധഗര്‍ഭം എന്നൊന്നില്ല. ‘അന്ധവിശ്വാസത്തിന്‍റെ ഞങ്ങള്‍ തയ്യാറാക്കിയ പുതിയൊരു പാളിയിലേക്ക്, യുവതികളെ കടന്നു വരൂ’ എന്ന് പറയുന്നതില്‍ കൂടുതല്‍ പുരോഗമനമൊന്നും ഇതിലില്ല. മതവിശ്വാസം ഇല്ലാത്ത പുരോഗമനവാദികള്‍ മതവിഷയങ്ങളുടെ  തീവ്രപ്രചാരകരാവുന്നത്  മകരവിളക്കും, പേട്ടതുള്ളലും, നെയ്യഭിഷേകവും, പടിപൂജയും ഉള്‍പ്പെടുന്ന അന്ധവിശ്വാസങ്ങളുടെ പ്രയോക്താക്കളാവാന്‍ പുതുതായി കുറേ പേരെ ക്ഷണിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമല്ലേ?. ഞാന്‍ പറയുന്നത്, പുരോഗമനവിശ്വാസികള്‍ ശബരിമല ആരാധകരുടെ കൂട്ടത്തിലേക്ക് പുരുഷന്മാരുടെ തുല്യ അളവില്‍ സ്ത്രീകളെ ചേര്‍ക്കുന്നതില്‍ ഒരല്‍പ്പം  കുത്സിതരാഷ്ട്രീയമേ ഉള്ളൂ എന്നാണ്. പ്രളയദുരിതാശ്വാസമൊക്കെ മറന്ന് ഈ മാസം തന്നെ കരഗതമാക്കേണ്ട സാമൂഹികപരിഷ്കാരമൊന്നും ഇതിലില്ല.

ശബരിമലയെ ലാഭകരമായ ഒരു വ്യാപാരസ്ഥാപനമായാണ് സര്‍ക്കാര്‍ കാണുന്നത്. അവിടെ യുള്ള പൌരോഹിത്യവും  പ്രവര്‍ത്തിക്കുന്നത് ചൂഷണാധിഷ്ഠിതമായാണ്. പാരിസ്ഥിതികമായി വളരെ തകര്‍ന്ന ഒരു സ്ഥലമാണ് അവിടം. വികസനഭ്രാന്ത് ഇനിയുമിനിയും  വനഭൂമി ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഭക്തിഭ്രാന്തിന്റെ സഹായമില്ലെങ്കില്‍, അവിടെയുള്ള  അടിസ്ഥാനസൌകര്യങ്ങള്‍ പണ്ടേ തന്നെ വളരെ അപര്യാപ്തമായി അനുഭവപ്പെട്ടിരുന്നു. പ്രളയം അവിടെയുള്ള സൌകര്യങ്ങള്‍ പകുതിയും തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഉളള സമയവും ഊര്‍ജ്ജവും പണവും ഉപയോഗിച്ച് അത് പുനസ്ഥാപിക്കാനാണ്  ഭരണകൂടം ശ്രമിക്കേണ്ടിയിരുന്നത്‌. വിധി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അടുത്ത സീസണിലേക്ക് മാറ്റി വക്കാമായിരുന്നു.  മനുഷ്യന് വേണ്ട അടിസ്ഥാനസൌകര്യങ്ങള്‍ ഇല്ലാതെ തന്നെ ആളുകള്‍ അവിടെ സഹിക്കാന്‍ പോവുന്നു. ആ സഹനമിരിക്കെ തന്നെ കോടിക്കണക്കിന് രൂപയുടെ ആത്മീയക്കച്ചവടം നടക്കുന്നു. ആജ്ഞാനുവർത്തികളുടെ  കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ അവിടെ നടത്തിയിട്ടുള്ള അഴിമതികളുടെ കഥകള്‍ക്ക് അന്തമില്ല. മറ്റു വമ്പന്‍ ദേവാലയങ്ങളില്‍ എന്ന പോലെ വിശ്വാസം വിറ്റ് പൗരോഹിത്യം സമ്പാദിക്കുന്ന സമ്പാദ്യത്തിനും അതിരില്ല. ഇതുവരേക്കും സെക്കുലര്‍ കള്ളന്മാരും ആത്മീയകള്ളന്മാരും സോദരത്വേന വാണിരുന്ന ഇടമാണിത്. ലാഭകരമായ ഭക്തിവ്യവസായത്തിന് രണ്ടു കൂട്ടരുടെയും കൂട്ടായ്മ വേണം. ഇപ്പോള്‍ പാര്‍ട്ടിയും, ബോര്‍ഡും, തന്ത്രിയും, രാജാവും ഒക്കെ മുഴക്കുന്ന പരസ്പരമുള്ള പ്രസ്താവനകളുടെ അന്തര്‍ധാര ബ്ലാക്ക്‌ മെയിലുകളുടേതു കൂടിയാണ്.  ബ്ലാക്ക്‌ മെയിലുകള്‍ പ്രധാനമായും സാമ്പത്തികാടിസ്ഥാനമുള്ളതാണ്. ഒരു വട്ടമാണ് ശബരിമലയില്‍ ഞാന്‍ പോയിട്ടുള്ളത്. 1980ല്‍ ഒരു ഔദ്യോഗിക യാത്രക്കിടയില്‍ ഒരു സന്ധ്യയില്‍ പത്തനംതിട്ടയില്‍ ആകസ്മികമായി എത്തിപ്പെട്ടു. മകരവിളക്കുത്സവത്തിനു നടതുറക്കുന്ന നല്ല നിലാവുള്ള ആ രാത്രിയില്‍ ശബരിമലയില്‍ എത്തി. ഒരു തവണയൊക്കെ പോയി പരിചയിച്ചറിയേണ്ടുന്ന അനുഭവം എന്ന് തോന്നി. പക്ഷെ, ഒരു മാസത്തോളമായി അന്നവിടെ ഔദ്യോഗിക ജോലിയില്‍ ഉണ്ടായിരുന്ന പരിചയക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ അക്കാലത്ത് പോലും അവിടെ ഉപയോഗിക്കാന്‍ കിട്ടുന്ന മലപൂരിതമായ വെള്ളത്തെ കുറിച്ചു പറഞ്ഞു. ഇന്ന് അവിടത്തെ പൊതുശുചിത്വനിലവാരം  അന്നത്തേതിലുമെത്രയോ  താഴ്ന്ന നിലയിലാണ്. ശബരിമലയുടെ ആത്മീയപ്രസക്തിയെ കുറിച്ച് ഉദാസീനനായ ഒരാള്‍ക്ക് പോലും ചിന്തിക്കാനുള്ളത് ഇതുവരെ അവിടെ പ്രവേശിക്കാത്തവര്‍ പുതുതായി പ്രവേശിക്കുമ്പോള്‍ സംഭവിക്കാന്‍ പോവുന്ന   അടിസ്ഥാനസൌകര്യങ്ങളുടെ നാഡീസ്തംഭനത്തെ കുറിച്ചും അധികപാരിസ്ഥിതികനാശത്തെ കുറിച്ചുമാണ്. പമ്പാജലം മലപൂരിതമാക്കാന്‍   കൂടുതല്‍ ആളുകള്‍ . ആ വെള്ളം കുടിക്കാനും കുളിക്കാനും കൂടുതല്‍ ആളുകള്‍.

ഞാന്‍ ശബരിമലവിധിയെ അനുകൂലിക്കുന്നത് ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ്: വിധി നടപ്പാകുന്നത് പ്രക്ഷോഭം കൊണ്ട് തടസ്സപ്പെട്ടാല്‍ പത്തുപതിനഞ്ചു കോടി സ്ത്രീകള്‍ക്ക് ജീവല്‍പ്രധാനമായ ഏകസിവില്‍ കോഡ് പാസ്സാകുന്നതിനെയും നടപ്പാക്കുന്നതിനെയും എതിർക്കുന്ന അധിക്ഷേപകർക്ക് ഇടങ്കോലിടാൻ അത്‍      ഒരവസരമാകും. ആ ഒരു ഘടകം ഒഴിച്ച് നിര്‍ത്തിയാല്‍, ഇന്ത്യയിലെ നാനാജാതി-മതസ്ഥര്‍ പിന്തുടരുന്ന ഏതാണ്ട് മുപ്പത്തിമുക്കോടി അനാചാരങ്ങളില്‍ ഏറ്റവും മുന്‍ഗണന ലഭിക്കേണ്ടതല്ല ശബരിമലയിലെ  സ്ത്രീപ്രവേശന വിഷയം.

ഏത് അനാചാരനിര്‍മ്മാര്‍ജ്ജനചിന്തയിലും അനുപാതബോധവും ആപേക്ഷികതയും പ്രവര്‍ത്തിക്കണം. ഈ വിധി വരുന്ന ദിവസം  വരെ ഇപ്പോള്‍ പ്രവേശനം ആവശ്യപ്പെടുന്ന സ്ത്രീകളില്‍ ഒരാളും ഇത് ഒരു പൊള്ളുന്ന ആവശ്യമോ പ്രശ്നമോ ആയി തിരിച്ചറിഞ്ഞിരുന്നില്ല. ഇത് സതിയോ നരബലിയോ മുത്തലാഖോ ബഹുഭാര്യാത്വമോ ഖാപ് പഞ്ചായത്തോ  സ്ത്രീധനമോ അമിതമദ്യപാനമോ പോലുള്ള സത്വരനിര്‍മ്മാര്‍ജ്ജനം ആവശ്യപ്പെടുന്ന ഒരു അനാചാരമല്ല. ഇന്‍ഡ്യയിലെ കോടതികളില്‍ മൂന്നര കോടിയോളം കേസുകള്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ഒരു കുറ്റകൃത്യവും നിയമലംഘനവും നടക്കുന്നില്ല, പുതിയ കേസുകള്‍  ഒന്നും ഉണ്ടാകുന്നില്ല എന്നു തന്നെയിരിക്കട്ടെ. എന്നാല്‍  പോലും ഇപ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ മുഴുവന്‍ വിധി വരാന്‍ 320 വര്‍ഷമെടുക്കും! അത്രക്കുണ്ട്  നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രയോഗക്ഷമതയും പവിത്രതയും.

​ഈ പൊതുതാല്‍പ്പര്യ ഹര്‍ജിയിലും വിധിയിലും വിധി നടത്തിപ്പിലും ഒരുപാട് ആകസ്മിതകളുണ്ടായി. ഈ ഹര്‍ജി സമര്‍പ്പിച്ചത് കേരളത്തിന്‍റെയും ശബരിമലയുടെയും ക്ഷിതിതലയാഥാര്‍ത്ഥ്യം മനസ്സിലാകാത്ത,   നാഗരികതയും വിദ്യാഭ്യാസയോഗ്യതയും മാത്രം  കൈമുതലായുള്ള കുറച്ച്  നാഗരികകൌതുകങ്ങള്‍ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കേരളത്തിലെ ശബരിമലഭക്തിയുടെ അടിസ്ഥാന യാഥാര്‍ഥ്യം കോടതിയും ഗ്രഹിച്ചു എന്ന് തോന്നുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട  ആകസ്മികത കേരളത്തില്‍ ഇന്ന്  വരെ ഉണ്ടായിട്ടുള്ളതിലും വച്ച് ഏറ്റവും  അനുദാരനായ ഒരു ഭരണാധികാരിയാണ് വിധി നടപ്പാക്കാന്‍ നിയുക്തനായിട്ടുള്ളത് എന്നതാണ്.

ഏറ്റവും വലിയ അസംബന്ധം ലിംഗ സമത്വം ഉറപ്പാക്കുന്ന വിധിയുടെ ഗുണഭോക്താക്കള്‍ ആരാണോ ആ സ്ത്രീകളില്‍  95 ശതമാനവും ’ഈ പരിഷ്ക്കാരം വേണ്ടേ’ എന്ന് പറഞ്ഞ് തെരുവിലാണ് എന്നതാണ്. ഈ വസ്തുനിഷ്ഠതയെ അംഗീകരിക്കാതെ എന്ത് പുരോഗമനം? അവരുടെ തൊണ്ടയിലേക്ക്‌ അവര്‍ക്ക് വേണ്ടാത്ത പരിഷ്കാരം ഭരണകൂടം കുത്തിയിറക്കുകയാണ്. കേരളത്തില്‍ ശബരിമലദര്‍ശനം ഉല്‍ക്കടമായി ആഗ്രഹിക്കുന്ന സ്ത്രീകള്‍ മൂന്നു വിഭാഗത്തില്‍ പെട്ടവരാണ്: ഒന്ന്, തുലാമാസ പൂജക്ക്‌ സി.പി.എം.അവതരിപ്പിച്ച നാലഞ്ച് സ്ത്രീകളിലൂടെ പ്രതിനിധീകരിക്കപ്പെട്ട ആക്ടിവിസ്റ്റുകള്‍. രണ്ട് വീണ്ടുവിചാരത്തിന്റെ ബാദ്ധ്യതയില്ലാത്ത, വിവിധ സാമൂഹ്യപാളികളില്‍ പെടുന്ന സി.പി.എമ്മിന്‍റെ സ്വന്തം അടിമസ്ത്രീകള്‍. മൂന്ന്, ഹരജി സമര്‍പ്പിക്കപ്പെട്ടവരുടെ വിഭാഗത്തില്‍പ്പെടുന്ന അഭ്യസ്തവിദ്യരായ മുന്‍പറഞ്ഞ നാഗരികകൌതുകങ്ങള്‍. മൂന്നാമത്തെ വിഭാഗത്തില്‍ ആധികാരികത(authenticity)യുള്ളവരുമുണ്ട് എന്നതു അംഗീകരിക്കുന്നു. പക്ഷെ, അവരെ ശബരിമലയിലേക്ക് നയിക്കുന്നത് ഭക്തിയല്ല, ലിംഗനീതിതത്വം തെളിയിക്കാനുള്ള ഒരു ന്യൂനാല്‍ന്യൂനപക്ഷത്തിന്റെ വ്യഗ്രതയാണ്. ജീവിതത്തില്‍ പുരുഷാധിപത്യം നടമാടുന്ന നൂറിടങ്ങളില്‍ ലിംഗനീതി സ്ഥാപിച്ചെടുക്കുന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് തോല്‍വിയോട് തോല്‍വിയാണ്; എങ്കില്‍, തങ്ങളുടെ ശക്തിക്കൊത്ത് ഭേദ്യമായ(vulnerable) ഒരിടത്ത് നിന്ന് അപൂര്‍വവിജയം നേടാമെന്ന ആശയാണ് അവര്‍ക്കിപ്പോഴുള്ളത്. എന്നാല്‍, അവരില്‍ ഇപ്പോള്‍ സാമാന്യബോധവും വസ്തുനിഷ്ഠതാ ബോധവും അനുപാതബോധവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.

ഈ വിധി നടപ്പാകുന്നതില്‍  ഏറ്റവും വേദനിക്കുന്നത്  സ്വമേധയാ തെരുവില്‍ ഇറങ്ങിയ കേരളത്തിലെ ഹിന്ദുസ്ത്രീകളാണ്. ഇവരുടെ പ്രബുദ്ധതാനിലവാരം രാജസ്ഥാനിലെ സാമാന്യവിദ്യാഭ്യാസമില്ലാത്ത ‘സതി’ പ്രക്ഷോഭകരുടേതിന് സമാനമെന്ന് പറയുന്നത് ബാലിശമാണ്. നമ്മുടെ കണ്ണില്‍ അവരുടേത് അന്ധവിശ്വാസങ്ങള്‍ ആയിരിക്കാം. അതെ, വെറും കല്പിതയാഥാർഥ്യ(imagined realities)ങ്ങള്‍.   പക്ഷെ ,നമ്മുടെ നിത്യജീവിതത്തിലെ സെക്കുലര്‍ അനുഷ്ഠാനങ്ങളും കമ്മ്യൂണിസ്റ്റ്‌ മതമടക്കമുള്ള എല്ലാ മതങ്ങളിലേയും അന്ധവിശ്വാസങ്ങളുമൊക്കെ, പറഞ്ഞു വരുമ്പോള്‍, കല്പിതയാഥാർഥ്യങ്ങള്‍ മാത്രമല്ലേ? കുറച്ച് കൂടി മുന്തിയ ശ്രേണികളില്‍ ഉള്ളവ എന്ന വ്യത്യാസം മാത്രമല്ലേ അവക്കുള്ളൂ? ഈ വീട്ടമ്മമാര്‍ അവഗണിക്കപ്പെടേണ്ടവരോ അവരുടെ പരാതികള്‍ ട്രോളിയകറ്റപ്പെടേണ്ടതോ ആണെന്ന്  ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് സമീപനം ഈ സ്ത്രീകളുടെ ശബ്ദങ്ങള്‍  കൂടി കേള്‍ക്കുക എന്നതാണ്. ‘മതം  ആത്മാവില്ലാത്ത ചുറ്റുപാടുകളുടെ ആത്മാവാണ് എന്നത് പോലെ തന്നെ മതം പീഡിതനായ ജീവിയുടെ തേങ്ങല്‍ ആണ്, ഹൃദയശൂന്യമായ ലോകത്തിന്‍റെ ഹൃദയമാണ് ‘ എന്നു പറഞ്ഞ മാര്‍ക്സ് അനുതപിച്ച വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് അവര്‍. ‘മതപരമായ സംതപ്തത ഒരേ സമയം യഥാര്‍ത്ഥ സംതപ്തതയുടെ പ്രകാശനവും  യഥാര്‍ത്ഥ സംതപ്തതയോടുള്ള പ്രതിഷേധവുമാണെ’ന്ന മാര്‍ക്സിയന്‍ ഉള്‍ക്കാഴ്ച തിരിച്ചറിയാന്‍ കണ്ണൂരിലെ പ്രാകൃതമാര്‍ക്സിസ്റ്റുകളുടെ സംവേദനക്ഷമതക്കാവില്ല. അതിന് നിങ്ങള്‍ക്ക് ചോറ്റാനിക്കരയില്‍ മകം തൊഴലിന് നട തുറക്കുമ്പോള്‍, നോമ്പു തുറക്കുശേഷം നിസ്ക്കരിക്കുമ്പോള്‍, വേളാങ്കണ്ണിയില്‍  മുട്ടുകുത്തുമ്പോള്‍ ആ പാവം സ്ത്രീകളുടെ കണ്ണുകളില്‍ കാണുന്ന, എത്രയോ നൂറ്റാണ്ടുകളിലെ കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ്– റാഷണലിസ്റ്റ് പ്രയോഗങ്ങള്‍ക്ക്   ശമിപ്പിക്കാനാകാത്ത   നീറ്റല്‍ മനസ്സിലാവണം. കേരളത്തിലെ ഭക്തകളില്‍ മഹാഭൂരിപക്ഷം വരുന്ന ഈ സ്ത്രീകള്‍ സുപ്രീംകോടതി വിചാരണയുടെ എല്ലാ ഘട്ടത്തിലും അദൃശ്യരായിരുന്നു. അവര്‍ ഒരിക്കലും പ്രതിനിധീകരിക്കപ്പെട്ടില്ല. വിചാരണയുടെ നീണ്ടവര്‍ഷങ്ങളിലും പ്രക്രിയകളിലും മലയാളി ഹിന്ദുവിന്റെ  ഐതിഹാസികമായ വ്യവസായബുദ്ധിയില്ലായ്മയും ഉദാസീനതയും ഈ സ്ത്രീകളെ ചതിച്ചുവെന്ന് വേണം കരുതാന്‍. ആദ്യദിവസം അവര്‍ പരപ്രേരണയില്ലാതെ തെരുവില്‍ ഇറങ്ങിയപ്പോഴാണ് നമ്മള്‍ ഇവരെ ശ്രദ്ധിക്കുന്നത്.

മറ്റു ജഡ്ജിമാരുടെ വിധി സാങ്കേതികത്തികവുള്ളതാകാമെങ്കിലും   ജ: ഇന്ദുമല്‍ഹോത്രയുടേതാണ്  കൂടുതല്‍ യാഥാര്‍ത്ഥ്യബോധവും മനുഷ്യ സ്പര്‍ശവും ഉള്ള വിധി. അതെന്തുമാകട്ടെ, അനിവാര്യ മായ അനന്തരഫലങ്ങളോടെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അച്യുതമേനോനെ പോലെയോ ആന്റണിയെ പോലെയോ പി.കെ.വി.യെ പോലെയോ വിവേകമുള്ള ഒരു മുഖ്യമന്ത്രി മനസ്സര്‍പ്പിക്കേണ്ട  ജോലിയായി വിധി നടപ്പിലാക്കലിനെ വളരെ ഗൌരവമായും മാനുഷികമായും എടുത്തേനെ. അടിയന്തിരമായുള്ള വിധി നടപ്പിലാക്കല്‍ അനിവാര്യവും അപരിഹാര്യവും  ആണോ എന്ന് അവര്‍പരിശോധിക്കുമായിരുന്നു. അപരിഹാര്യം ആണ് എന്നുകണ്ടാല്‍ ജ.കെമാല്‍പാഷയോ  നിയമപണ്ധിതനായ എന്‍.ആര്‍.മാധവമേനോനോ ശശി തരൂരോ   നിര്‍ദ്ദേശിച്ചതു പോലെ സമവായത്തിന്റെയും സാന്ത്വനത്തിന്റെയും വഴിയില്‍ ആകാവുന്നത്ര ദൂരം അവര്‍ സഞ്ചരിക്കുമായിരുന്നു. സി.പി.രാമസ്വാമിഅയ്യരും കെ.കരുണാകരനും കൌടില്യവും ബുദ്ധിശക്തിയും തികഞ്ഞ എകാധിപതികളായിരുന്നു. അവയില്‍ ഒന്ന് മാത്രം പ്രവര്‍ത്തിക്കുന്ന എകാധിപത്യങ്ങളുടെ കെടുതിയാണ് നാമിപ്പോള്‍ കാണുന്നത്. തുലാമാസപൂജക്ക് നടതുറക്കാന്‍ രണ്ടാഴ്ചയിലേറെ സമയമുള്ളപ്പോഴാണ്’ ‘നാളെ തന്നെ വിധി നടപ്പാക്കും’ എന്ന് മുഖ്യമന്ത്രി പറയുന്നത്! നട ഒന്ന് തുറന്നിട്ട്  വേണ്ടേ വിധി നടപ്പാക്കാന്‍? ഈ അതിവിശപ്പ് സാമൂഹ്യധ്രുവീകരണത്തിനുള്ള അത്യാകാംക്ഷയില്‍ കുറഞ്ഞ ഒന്നുമല്ല. അക്രാമകമായി ആദ്യ ആഴ്ച തന്നെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഒരു അതിവര്‍ഷത്തെ ഘോരപ്രളയമാക്കിയത് സര്‍ക്കാരാണെന്ന് ധാരാളം  അഭിജ്ഞര്‍ പറയുന്നുണ്ട്. അതേ നിലവാരത്തിലുള്ള കൃത്യവിലോപവും കുകര്‍മ്മവും ആണ് ശബരിമലവിഷയത്തിലും സര്‍ക്കാര്‍  ആവര്‍ത്തിക്കുന്നത്. പ്രളയത്തില്‍ പെട്ടവരെ സഹായിക്കുന്നതിനു പകരം, ഒരു നിസ്സാരപ്രശ്നത്തെ ആകാവുന്നത്ര സങ്കീര്‍ണ്ണമാക്കി, രാജ്യഭാരത്തിന്റെ മുഴുവന്‍ ശ്രദ്ധയും പോലിസ് രാജില്‍ അര്‍പ്പിച്ച്‌  പരിഹാരം കാണാമെന്നാണ്  അധികാരികള്‍ കരുതുന്നത്.

സംഘപരിവാറും കോണ്‍ഗ്രസ്സും എല്ലാ ഘട്ടത്തിലും ഈ കേസിന്‍റെ വിധിയെ കുറിച്ച് ഉദാസീനരായിരുന്നു. മിക്കവാറും പരപ്രേരണയില്ലാതെ തന്നെ വിധിയാല്‍ ബാധിതരായ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് ഈ അവസരത്തിന്റെ സാധ്യതയേയും വെല്ലുവിളിയെയും അവര്‍ തിരിച്ചറിയുന്നത്‌. കേരളത്തെ ജാതീയമായി ധ്രുവീകരിച്ച്  തിരഞ്ഞെടുപ്പു നേട്ടം കൊയ്യാന്‍ ആദ്യം മുതലേ ജാഗരൂകരായിരുന്നത് സി.പി.എം. മാത്രമാണ്. വിവിധ മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പിന്റെ ചരിത്രമേ അവര്‍ക്കുള്ളൂ. ഭരണഘടനാലംഘനത്തിന്റെയും നിയമവാഴ്ച തകര്‍ക്കുന്നതിന്റെയും കാര്യത്തില്‍ സംഘപരിവാറിനോടും ശിവസേനയോടും മാത്രമേ അവരെ തുലനം ചെയ്യാനാവൂ. കണക്കെടുത്താല്‍, പൊതുമുതല്‍ തകര്‍ക്കുന്നത് വഴി കഴിഞ്ഞ എഴുപതു വര്‍ഷമായി സംസ്ഥാന സമ്പത്തിന്‍റെ അഞ്ചിലൊരുഭാഗമെങ്കിലും ഈ പാര്‍ട്ടിയും അതിന്‍റെ സന്താനങ്ങളും നശിപ്പിച്ചിട്ടുണ്ടാവും. എന്നിട്ടും  മുഖ്യമന്ത്രി സുപ്രീം കോടതി വിധിയേയും ഭരണഘടനാബാധ്യതയെയും നിയമവാഴ്ചയെയും കുറിച്ച് നിരന്തരം ഗദ്ഗദകണ്‌ഠനാവുന്നു. ഭക്തജനസമരം ഏറിയപങ്കും സമാധാനപരമായിരുന്നെങ്കിലും, ഒരുഘട്ടത്തില്‍ സംഘപരിവാറിന്‍റെ താലിബാനി ഡി.എന്‍.എ.യെ താന്‍ ആഗ്രഹിച്ച വിധം പ്രകോപിപ്പിക്കാന്‍ യഥാസമയം അദ്ദേഹത്തിനായി. സംഘപരിവാറിന്‍റെ പരമേശ്വര്‍ജിയേക്കാളും മാരാര്‍ജിയേക്കാളും ശ്രദ്ധയോടെ സംഘപരിവാറിനെ കേരളത്തില്‍ വളര്‍ത്തിയത് സി.പി.എം.ആണെന്ന  ആവര്‍ത്തിതസത്യം ഒരിക്കല്‍ കൂടി നിറവായി.

മുന്‍പ് പറഞ്ഞ പോലെ, സംഘപരിവാറിനും സി.പി.എമ്മിനും കോണ്‍ഗ്രസിനും ഇത് അപൂര്‍വാ വസരമാണ്. കേരളത്തിലെ ബി.ജെ.പി. നേതൃത്വം ജന്മവശാല്‍ തന്നെ തീര്‍ത്തും സംഘടനാസാമര്‍ത്ഥ്യം ഇല്ലാത്തവരുടേതാണ്. അമിത്ഷായുടെയോ പിണറായി വിജയന്റെയോ പത്തിലൊരംശം സംഘാടനപാടവം അവരിലാര്‍ക്കെങ്കിലും  ഉണ്ടായിരുന്നെങ്കില്‍ എണ്‍പതുകള്‍ ആദ്യം മുതലേ തന്നെ അവര്‍ മലയാളി ഹിന്ദുക്കളെ ഫലപ്രദമാം വിധം രാഷ്ട്രീയമായി സംഘടിപ്പിച്ച് അധികാരത്തിന് സമീപമെത്തുമായിരുന്നു. അതിനു രണ്ടു ദശകങ്ങള്‍ മുന്‍പ് മുതലുള്ള പാഷണ്ഡത വിട്ട് ഹിന്ദുക്കള്‍ കൂട്ടത്തോടെ ക്ഷേത്രാരാധകര്‍ ആയ കാലമായിരുന്നു എണ്‍പതുകള്‍. ഒരു ഈര്‍ക്കിലി പാര്‍ട്ടി പ്രകടിപ്പിക്കുന്ന പ്രതിഭ പോലും സംഘാടനകാര്യത്തില്‍  ബി.ജെ.പി.ക്ക് ഈ ദശകങ്ങളില്‍ പ്രകടിപ്പിക്കാനായില്ല. എന്നാല്‍ കോടതിവിധി ഇന്നവര്‍ക്ക് വലിയൊരവസരം നല്‍കിയിരിക്കുന്നു. ഇത്രക്കധികം ബഹുജന പിന്തുണ അവര്‍ക്ക് ഇതിനു മുന്‍പൊരിക്കലും സമാഹരിക്കാനായിട്ടില്ല. എന്നാല്‍  ഏറെക്കുറെ സമാധാനപരമായി തുടര്‍ന്ന പ്രതിരോധം, മുന്‍പ് പറഞ്ഞ പോലെ, അവരുടെ താലിബാനി മുഖം വെളിവാക്കിയാണ് അവസാനിച്ചത്‌. സ്ത്രീ പത്രപ്രവര്‍ത്തകരും  ആരാധനയ്ക്ക്  വന്ന സ്ത്രീകളും വരെ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. നമ്മുടെ മുഖ്യധാരാ മാദ്ധ്യമപ്രവർ ത്തകർക്ക്  ശാരീരികാക്രമണം ഭയന്ന് മലമുകളില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത്‌ ആപല്‍ക്കരമായ ഒരു ദുര്നിമിത്തമായാണ് ഞാന്‍ കാണുന്നത്.

ഇതെഴുതുമ്പോള്‍ കളി പാതിവഴി പോലും ആയിട്ടില്ല. സംഘപരിവാറിന്റെ ഹിന്ദുക്രോഡീകരണം എന്ന ആപത്ത് ഒഴിച്ച് നിര്‍ത്തിയാല്‍ ദൂരവ്യാപക ഫലമുള്ള വിപത്തായി എനിക്ക് തോന്നുന്നത് പിണറായി വിജയന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജാതിധ്രുവീകരണമാണ്. ഇന്ത്യന്‍ രാഷ്ട്രീയനഭോമണ്ഡലത്തില്‍ രാഷ്ട്രീയ വിവേകത്തിന്റെ കാര്യത്തില്‍ സഞ്ജയ്‌ഗാന്ധി കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും ആദരവുള്ള ആളാണ്‌ പിണറായി വിജയന്‍. അക്കാര്യത്തില്‍ അദ്ദേഹം വളരെ ഉയരത്തില്‍ ഉള്ള ഒരു ദീപസ്തംഭമാണ്; ദിശാസൂചിയുമാണ്. അദ്ദേഹം ചൂണ്ടുന്ന ദിശക്കെതിരെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ധാര്‍മ്മികതയുടെ പാതയില്‍ നിശ്ചയമായും എത്താം. അദ്ദേഹം മതേതരത്വത്തെ കുറിച്ച് പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും നിരങ്കുശമായ രീതിയില്‍ ന്യൂനപക്ഷ പ്രീണനം- അല്ല, ന്യൂനപക്ഷ നേതൃപ്രീണനം- നടത്തുന്ന നേതാക്കളില്‍ പ്രധാനപ്പെട്ട ഒരാളാണദ്ദേഹം. സംഘപരിവാറിനെ കുറിച്ചുള്ള ഇടതു വിമര്‍ശനങ്ങള്‍ ഭൂരിഭാഗവും ശരിയാണ്. അതുപോലെ തന്നെ ശരിയാണ്, സംഘപരിവാര്‍  ഇടതുപക്ഷത്തെ കുറിച്ച്  ഉന്നയിക്കുന്ന ന്യൂനപക്ഷപ്രീണനാരോപണങ്ങളില്‍ മിക്കതും. പിണറായിയുടെ ‘എന്തു പിഴച്ചു, ആ കുരിശ്’ എന്ന പാപ്പാത്തിചോലയിലെ തകര്‍ന്ന കുരിശിന്‍കീഴിലെ പ്രസംഗം വൈകാരികതയുടെ കാര്യത്തില്‍ ചർച്ചിലിന്റെയും  ഡിഗോളിന്റെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും പ്രസംഗങ്ങളോളം തന്നെ  പ്രഗത്ഭമാണ്.

നരേന്ദ്ര മോദി ഇന്ത്യയില്‍  മതധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുന്ന അതേ വിധത്തിലും വേഗത്തിലും ആണ് പിണറായിയുടെ ജാതിധ്രുവീകരണവും. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ഉണ്ടാകുന്നത് നമ്മുടെ നവോത്ഥാനത്തിന്‍റെ നവോത്ഥാനമല്ല; അതിന്‍റെ മരണമണിമുഴക്കമാണ്. ഇത് ഏറെ നോവിക്കുക ,അവര്‍ണ്ണരോ സവര്‍ണ്ണരോ ആവട്ടെ, നവസ്റ്റാലിനിസത്തിന്റെ കീഴില്‍ ശബ്ദിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെയാണ്. സവര്‍ണ്ണചരിത്രം നിസ്സംശയമായും കൊടിയ കുടിലതകളുടെയും ക്രൂരതകളുടെയും ചൂഷണങ്ങളുടേതും  കൂടിയാണ്. എന്നാല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാം സവര്‍ണ്ണജാതര്‍ കൂടിയില്ലാതെ കേരളത്തിന്‌ നവോത്ഥാനചരിത്രമില്ലെന്ന്. അവര്‍ക്കറിയാം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെ തന്നെ  ത്യാഗോജ്ജ്വലമായിരുന്നു സവര്‍ണ്ണരായി ജനിച്ച ആയിരക്കണക്കിനു നേതാക്കളുടെയും അണികളുടെയും അപവര്‍ഗ്ഗീകരണവും അപവര്‍ണ്ണീകരണവും. കേരളത്തില്‍ കമ്മ്യൂണിസത്തിന്‍റെ ബീജാവാപം എങ്ങിനെയാണ്? ആദ്യമായി കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ സംഘടന രൂപീകരിക്കപ്പെടുന്നത് 1931ൽ പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ ആണ്. കമ്മ്യൂണസ്റ്റ്‌  ലീഗ്  എന്ന ആ രഹസ്യസംഘടനയിലെ  എഴില്‍ എഴംഗങ്ങളും സവര്‍ണ്ണരായിരുന്നു. 1937ല്‍ കോഴിക്കോട് ചേര്‍ന്ന നിര്‍ണ്ണായകസംഘാടനത്തില്‍ ഉണ്ടായിരുന്ന ഇ.എം.എസ്സും ഘാട്ടെയും ഉള്‍പ്പടെയുള്ള അഞ്ചംഗങ്ങളും സവര്‍ണ്ണരായിരുന്നില്ലേ? 1939ല്‍ പിണറായിയില്‍ ഉണ്ടായ പാര്‍ട്ടിയുടെ ഔപചാരികമായ സമാരംഭത്തിന് നേതൃത്വം നല്‍കിയത് ഇ.എം.എസ്സും, കൃഷ്ണപിള്ളയും, കെ.ദാമോദരനും, എന്‍.ഇ.ബലറാമും, പി.എസ്.നമ്പൂതിരിയും, എന്‍.സി.ശേഖറും ആണ്. വിമോചനത്തിന്റെ വിത്തുകള്‍ മുളച്ച ഇടങ്ങളില്‍ പിന്നീട് അന്തകവിത്തുകളാണ് മുളച്ചത്‌ എന്നത് വിധിവൈപരീത്യം.

പിണറായിയുടെ ഈയിടത്തെ പൊതുപ്രസംഗങ്ങളെ  അനുകരിച്ച്  പിന്നീടുണ്ടായത് സവര്‍ണ്ണനിന്ദയുടെ ഒഴുക്കാണ്. സവര്‍ണ്ണസ്ത്രീചാരിത്ര്യചര്‍ച്ചകളില്‍, ‘ചാരിത്ര്യം ‘ എന്ന വാക്കിനെ ഇരുപത്തിനാല് മണിക്കൂറും   അപനിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സ്ത്രീവാദികളും പുരോഗമനവാദികളും കൂടി    പങ്കെടുത്തുകൊണ്ടിരിക്കുന്നു. ‘ചാരിത്ര്യം’    എന്നതൊക്കെ ഹോര്‍മോണുകളല്ലേ നിയന്ത്രിക്കുന്നത്‌? ഹോര്‍മോണുകള്‍ക്ക് ഇന്ന സമുദായം എന്നൊക്കെയുണ്ടോ? വളരെ കാലം മുന്‍പ്, കോവിലനുമായി ഒരു സുഹൃത്സംഘം സംസാരിക്കുമ്പോള്‍  കൂട്ടത്തിലൊരാള്‍ ഏതോ ഒരു സമുദായത്തിന്റെ ചാരിത്ര്യമാഹാത്മ്യം  വിളമ്പി. കോവിലന്‍ പറഞ്ഞത് ‘പടിഞ്ഞാറ് തുറന്ന് മലർന്ന്  കിടക്കുന്ന കടല്‍ത്തീരവും, കിഴക്ക് ധാരാളം ചുരങ്ങളും ഉള്ള ഒരു ദേശത്ത് എല്ലാരും പിഴച്ചുപെറ്റവരുടെ പിന്മുറക്കാര്‍ തന്നെ’ എന്നാണ്. ഈ ചാരിത്ര്യചര്‍ച്ച തുടരാവുന്നതേ ഉള്ളൂ. പക്ഷെ അത്, ക്ലാസ്സ്മുറികളില്‍, കളിസ്ഥലങ്ങളില്‍, വായനശാലയില്‍, ക്ലബ്ബുകളില്‍, ഹോസ്റ്റലുകളില്‍, തൊഴിലിടങ്ങളില്‍, പാര്ട്ടിപ്രവര്‍ത്തനത്തില്‍, പത്രമാഫീസില്‍, മദ്യശാലയില്‍ ഒക്കെ ഒരു പ്രഖ്യാപനങ്ങളുമില്ലാതെ ഞങ്ങളുടെ തലമുറ നിശ്ശബ്ദമായി ജീവിച്ച മതേതരത്വത്തെയും ജാതിവിരുദ്ധതയേയും അപമാനിക്കുന്നതിനു തുല്യമാവും.

പിണറായി വിജയന്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒരു ദ്രോഹം ശബരിമലപ്രശ്നം ഉപയോഗിച്ച്  കേരളത്തിലെ എല്ലാ ‘പുരോഗമനവാദികളെ’യും തന്റെ സ്റ്റാലിനിസ്റ്റ് സേനയിലെ കാലാളുകള്‍ ആക്കി എന്നതാണ്. ശബരിമലപ്രശ്നത്തെ സി.പി.എം. കൈകാര്യം ചെയ്ത വിധത്തെ കുറിച്ച്‘പുരോഗനവാദി’കളില്‍ ആര്‍ക്കും എതിരഭിപ്രായമില്ലാതായി. പിണറായിയുടെ പിന്നില്‍ അങ്ങിനെ അണിനിരക്കുന്നവര്‍, മോദിയുടെ പിന്നില്‍ അണിനിരക്കുന്നവരെ പോലെ തന്നെ, നൂറു കണക്കിന് നരഹത്യകളെ, അഴിമതികളെ, വമ്പിച്ച ഭരണപരാജയങ്ങളെ, സ്വജനപക്ഷപാതങ്ങളെ, നിരന്തരമായ വര്‍ഗ്ഗീയധ്രുവീകരണശ്രമങ്ങളെ, സാമ്പത്തികധൂർത്തിനെ ഈ നവോത്ഥാനാഘോഷങ്ങളില്‍ പെട്ട് മറന്നുപോകുന്നു. പഴയ കഥകള്‍ പോട്ടെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍ദ്ദിഷ്ടമായ ഏതുസമയത്തും ഒരു പോലിസ് കൊലപാതകമോ, പാർ ട്ടിക്കാരന്റെയോ അനുഭാവിയുടെയോ സ്ത്രീ പീഡനമോ, വന്‍ അഴിമതിയോ, ഞെട്ടിക്കുന്ന സ്വജനപക്ഷപാതമോ വാര്‍ത്തയിലുണ്ടാകും. സാധാരണ നിലയിലുള്ള  അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ശരീരത്തിന്‍റെ  ദൈനംദിനകോശപ്രവര്‍ത്തനം പോലെയോ ശ്വാസോച്ഛാസം പോലെയോ  അത്ഭുതം തോന്നിപ്പിക്കാത്ത വിധം സാമാന്യമാണ്. സ്ത്രീതുല്യതയുടെയും സ്ത്രീക്ഷേമത്തിന്റെയും ചരിത്രപ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ  നാരായണ ഗുരുവിനും അയ്യങ്കാളിക്കും ശേഷം കേരളത്തില്‍ ഉണ്ടായ നവോത്ഥാനനായകന്‍റെ മേശപ്പുറത്ത്. സി.പി.എമ്മിന്‍റെ ഖാപ് പഞ്ചായത്ത്  രക്ഷിച്ചെടുത്ത രണ്ട് സ്ത്രീപീഡകരായ എം.എല്‍.എമാരുടെയും ഒരു യുവനേതാവിന്റെയും ഫയലുകളുണ്ട്. പല മന്ത്രിമാരെയും എം.എല്‍.എ.മാരെയും  കുറിച്ചുള്ള  ഒരു കെട്ട് സ്വജനപക്ഷപാതാരോപണങ്ങളുണ്ട്‌. ഇടതുമദ്യനയം ആത്യന്തികമായി അടിസ്ഥാനവര്‍ഗ്ഗസ്ത്രീകളുടെ ദുരന്തമാണ്. ആ നയത്തിന്‍റെ വിജയവൈജയന്തി ആകുമായിരുന്ന, കയ്യോടെ പിടിക്കപ്പെട്ട ബ്രുവറി അഴിമതിയുടെ ഫയലുകളും ആ മേശപ്പുറത്ത് ഉണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കും, പോലീസുകാര്‍ക്കും, പാര്‍ട്ടിയുടെ ധനികബന്ധുക്കള്‍ക്കും ഭരണഘടനയോ നീതിന്യായവ്യവസ്ഥയോ ശിക്ഷകളോ ഇല്ല. ഖാപ് പഞ്ചായത്തില്‍ ഒന്ന് ചര്‍ച്ച ചെയ്യും. അത്ര മാത്രം.

 കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങിയവര്‍ അന്ധവിശ്വാസികള്‍ ആയിരിക്കാം. എന്നാല്‍ കോടതിവിധി ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന  പുരോഗമനവാദികളില്‍ നല്ലൊരു പങ്കും അന്ധവിശ്വാസികളെന്നത് പോലെ തന്നെ കപടനാട്യക്കാരും ആണ്. ഭരണഘടനയും നിയമവാഴ്ചയും കോടതികളും മറ്റ് ഭരണഘടനാസ്ഥാപനങ്ങളും  ഇന്ത്യയില്‍ അന്യൂനമായി നിലനില്‍ക്കുന്നു എന്ന വിശ്വാസം തന്നെ ഒരു അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ്  ചരിത്രം അപ്രമാദിത്വമുള്ളതാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടികള്‍ ഇടതുപക്ഷമാണെന്നും വിശ്വസിക്കുന്നതും പുരോഗമനവാദപരമായ അന്ധവിശ്വാസമാണ്. കേരളത്തിലെ പുരോഗമനവാദികള്‍ക്കിടയിലെ മതാനാചാരങ്ങളെ കുറിച്ചുള്ള ഇരട്ടത്താപ്പ് പുതിയതല്ല. ഉദാഹരണത്തിന് അവരില്‍ ഏറിയ പങ്കും എക്കാലത്തും  അഭിപ്രായപ്പെട്ടിട്ടുള്ളത് മുസ്ലീം സമൂഹത്തിലെ മുത്തലാഖ് പോലുള്ള നിരവധി അനാചാരങ്ങള്‍ ഉയര്‍ത്തുന്ന ലിംഗനീതിപ്രശ്നങ്ങള്‍ സമൂഹത്തിനുള്ളിലെ ക്രമികപരിണാമസമ്മര്‍ദ്ദം കൊണ്ട് അതിനുള്ളില്‍ തന്നെ   പരിഹരിക്കപ്പെടേണ്ടതാണ് എന്നാണ്. സര്‍ക്കാരോ ഇതരമതക്കാരോ ഇടപെടേണ്ട എന്നാണ്. പാര്‍ട്ടിയിലുള്ള ഡല്‍ഹിയിലെ സ്ത്രീനേതാക്കള്‍ വിമതാഭിപ്രായം പുലര്‍ത്തുമ്പോള്‍, പിണറായിയും കോടിയേരിയും അവരുടെ പതിനായിരക്കണക്കിന് ഉള്ള കേരളത്തിലെ അനുയായികളും ഇക്കാര്യത്തില്‍ ഇസ്ലാമിലെ പൌരോഹിത്യത്തിന്റെയും പ്രതിലോമശക്തികളുടെയും   അനുഭാവികളാണ്. അത് പോട്ടെ. അധികാരത്തിലില്ലാത്ത  മാവോയിസ്റ്റുകളും, ആം ആദ്മി പാര്‍ട്ടിക്കാരും പോലും യാഥാസ്ഥിതികപക്ഷത്താണ്. ഹിന്ദുക്കളെ ഒഴിച്ചുള്ള അന്യസമുദായങ്ങളെ കുറിച്ച്‌  പറയുമ്പോള്‍ തീവ്രസ്വത്വവാദം ഉന്നയിക്കുകയും നാനാത്വഘോഷണം നടത്തുകയും നവോത്ഥാനസങ്കല്‍പ്പങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന   ഉത്തരാധുനികര്‍ ആണ്   ഏറ്റവും വലിയ ഇരട്ടത്താപ്പുകാര്‍. എല്ലാവരും ആഗ്രഹിക്കുന്നത് ഒന്ന് തന്നെ. കേരളത്തിലെ മതപരിഷ്കാരാവശ്യങ്ങള്‍ക്ക്  ഇന്ന് ഒരു സന്തുലിതത്വവുമില്ല. മുസ്ലീം-കൃസ്ത്യന്‍ ആചാര-നിയമപരിഷ്കാരങ്ങള്‍ക്ക് വേണ്ടി അവയിലെ ന്യൂനപക്ഷം കരഞ്ഞുവിളിച്ചാലും അത് കേരളത്തിലെ പുരോഗമനവാദികളെ ചലിപ്പിക്കാറില്ല. വിവാഹമോചനം, ബഹുഭാര്യാത്വം, സ്ത്രീസ്വത്തവകാശം, അറബിക്കല്യാണം, സ്ത്രീ ചേലാകര്‍മ്മം, ക്രമേണ കൂടുതല്‍ കൂടുതല്‍ നീതിരഹിതമായ തടവറകളാകുന്ന കന്യാസ്ത്രീ മഠങ്ങള്‍ എന്നിവയൊന്നും ദൃഢമായ സെമിറ്റിക് അടിത്തറ, കൂടുതല്‍ശക്തവും നിര്‍ണ്ണായകവും ആയ രാഷ്ടീയ-സാമ്പത്തികസാഹചര്യം, ഇപ്പോള്‍ ലാഭകരമെന്ന് പരസ്പരം കണ്ടെത്തിയിട്ടുള്ള സി.പി.എം. ബാന്ധവം എന്നിവ മൂലം പൊതുവേ നമ്മുടെ ബുദ്ധിജീവികളുടെ ഭാവനയെ ഉത്തേജിപ്പിക്കാറില്ല. അത്തരം ഒരു മനോഭാവം മലയാളിയുടെ പൊതുബോധത്തില്‍ തന്നെ ഉണ്ട്. നാലഞ്ചുകൊല്ലം മുന്‍പ്ഒരു ഹിന്ദു ആള്‍ദൈവസ്ഥാപനത്തിലെ പഴക്കം ചെന്ന ലൈംഗികപീഡനാരോപണം അന്തര്‍ദേശീയതലത്തിലേക്ക്  പോലും എത്തിച്ച് ആഘോഷിച്ചു. എന്നാല്‍, ഇന്ന് സോളാര്‍ ലൈംഗികാരോപണങ്ങളുടെ കൂട്ടത്തില്‍ ബഹുമാന്യമായ ഒരു പൌരോഹിത്യ-രാഷ്ട്രീയ കുടുംബത്തിലെ ഒരു അംഗം കൂടി ഉണ്ടെന്ന് തിരിച്ചറിയാന്‍ പോലും സ്ഥിരം പ്രക്ഷോഭകര്‍ മാത്രമല്ല, മലയാളി പൊതുബോധം പോലും വിസമ്മതിക്കുന്നു. ഷുഹൈബ് വധക്കേസിലും സീറോ –മലബാര്‍ ഭൂവില്‍പ്പന കേസിലും ജ.കെമാല്‍ പാഷയുടെ സിംഗിള്‍ ബഞ്ച്  വിധികള്‍ തിരുത്തി രാഷ്ട്രീയ-മതനിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഒരു വിധി ചീഫ് ജസ്റ്റിസിന്റേതായി ഉണ്ടായി. സി.പി.എം. ഏതാണ്ട് ഒരാഴ്ചക്കകം തന്നെ, പ്രകടമായ വര്‍ഗ്ഗീയ-രാഷ്ട്രീയ ആഴങ്ങളോടെ ,  അദ്ദേഹത്തെ മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാനായി പുനര്‍നിയമനം കൊടുത്തു. ’വരമ്പത്തുകൂലി’ എന്ന പ്രശസ്ത മാര്‍ക്സിസ്റ്റ് പ്രയോഗത്തിന് അങ്ങിനേയും ഒരു വ്യത്യസ്തമാനം ഉണ്ടായി. നമ്മുടെ ബുദ്ധിജീവിതൊടിയില്‍ ഒരു ഇല പോലും ചലിച്ചില്ല. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട  സംഭവത്തില്‍ സ്ത്രീവാദികളില്‍ നിന്ന് ഒരു പ്രതിഷേധം ഉണ്ടായത് കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയതിനു ശേഷമാണ്. പ്രമുഖര്‍ ഒപ്പിട്ട ആ ആദ്യപ്രസ്താവന, ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിയെ നോവിക്കാതിരിക്കാന്‍ ഒരു പ്രാര്‍ത്ഥന പോലെ ആവതും ശ്രദ്ധിച്ചായിരുന്നു. ന്യൂനപക്ഷമതങ്ങളിലെ പരിഷ്കാരങ്ങളെകുറിച്ചുള്ള ഇടതുപക്ഷ-സ്ത്രീവാദ വാദമുഖങ്ങള്‍ കേരളത്തില്‍ വളരെ വികലമാണ്. മുത്തലാഖിനേയോ ഏകസിവില്‍ കോഡിനെയോ അവര്‍ വിലയിരുത്തുന്ന മാനദണ്ഡം അവ എട്ടു കോടി വരുന്ന മുസ്ലിംസ്ത്രീകളെ എങ്ങിനെ ബാധിക്കും എന്ന് നോക്കിയല്ല, മറിച്ച് അവ മുസ്ലിം പൌരോഹിത്യത്തിന് ദോഷകരവും സംഘപരിവാറിന് പരോക്ഷമായി ഗുണകരവും ആകുമോ എന്ന് നോക്കിയാണ്. അതായത്, സംഘപരിവാര്‍ ആചന്ദ്രതാരം നിലനില്‍ക്കുകയാണെങ്കില്‍ ആ സ്ത്രീകള്‍ക്ക് ആ വിമോചനം ഒരിക്കലും വേണ്ട എന്നാണ് അവരുടെ അഭിപ്രായം!

ഭൂരിപക്ഷമതം ആപാദചൂഡം പരിഷ്കരിക്കപ്പെട്ട് ശുഭ്രശോഭയോടെ നിലനില്‍ക്കണമെന്നും ന്യൂനപക്ഷമതപരിഷ്കാരങ്ങള്‍ക്ക് നമ്മുടെ രാഷ്ട്രീയബന്ധുക്കളായ പുരോഹിതന്മാര്‍ അനുവദിക്കുന്നത് വരെ  കാക്കാം എന്നും ഉള്ള നിലപാട് എന്തൊരു ഏങ്കോണിച്ച സമൂഹത്തെ യാണ് ഉണ്ടാക്കുക. എല്ലാ  ഉല്‍പ്പതിഷ്ണുത്വത്തിന്‍റെയും  പരമാവധിയായി കാണപ്പെടാറുള്ള  ഈ നാഗരിക കുലസ്ത്രീകള്‍ പിണറായി വിജയന്‍റെ വ്യവഹാരോല്സുകതയുമായും പോലീസ്‌രാജുമായും ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളുമായും എത്ര പെട്ടെന്നാണ് പൊരുത്തപ്പെട്ടത്. ചുരുങ്ങിയത്, ഇനിയും നട്ടെല്ല് പണയം വക്കാതെ അവശേഷിക്കുന്ന ഇടത് വ്യക്തിത്വങ്ങള്‍, RMP, SUCI, CPI(ML) തുടങ്ങിയ അധികാരത്തില്‍ വരാത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍, കോണ്‍ഗ്രസ്സിലെയും  യൂത്ത് ലീഗിലെയും ചെറുപ്പക്കാര്‍ -ഇവരെങ്കിലും കേരളത്തിലെ ഇടതുപക്ഷകപടാവബോധതിന്റെ കുത്തൊഴുക്കിനാല്‍ വിജയിച്ചു കൊണ്ടിരിക്കുന്ന ഈ കാപട്യത്തിനെ തിരിച്ചറിയണം  .

സാമൂഹ്യമാധ്യമങ്ങളിലും പുറത്തുമായി എനിക്കുള്ള പ്രബുദ്ധരായ പത്തിരുപത് സ്ത്രീസുഹൃത്തുക്കളുടെ മൂല്യബോധം എന്നെ അമ്പരപ്പിക്കുന്നു. ഇവരൊക്കെ അടിയുറച്ച സ്ത്രീവാദികളും പ്രസ്താവങ്ങളില്‍ ഒക്കെ വലിയ മാനുഷികതയുള്ളവരും ആണ്. അതേ സമയം , അവര്‍ക്ക് കേരളത്തിലെ ഏറ്റവും വലിയ  സ്ത്രീവിരുദ്ധ-മനുഷ്യ വിരുദ്ധസംഘടനയോട് കടുത്ത അഭിനിവേശവുമാണ്. അതില്‍ ചിലര്‍ സി.പി.എം. കൊടുത്തിട്ടുള്ള അപ്പക്കഷ്ണങ്ങളുടെ ഗുണഭോക്താക്കള്‍ ആണെന്നതോ മിക്കവരും എസ്.എഫ്.ഐ. നല്‍കുന്ന ഗതകാലസുഖസ്മരണകളില്‍  മുഴുകുന്നവര്‍ ആണെന്നതോ ആശയക്കുഴപ്പത്തെ ലഘുകരിക്കുന്നില്ല. മിക്കവാറും ഇവര്‍ക്ക്, രണ്ടു മണിക്കൂര്‍ വിചാരണ ചെയ്യപ്പെട്ട്, പട്ടാപ്പകല്‍ നിരവധി പേര്‍ കണ്ടു നില്‍ക്കെ കശാപ്പു ചെയ്യപ്പെട്ട ഷുക്കൂര്‍, കണ്ടംതുണ്ടം വെട്ടി കൊലപ്പെടുത്തപ്പെട്ട ഷഫീക് എന്നീ ഇരുപതുകാരുടെ പ്രായത്തിലുള്ള ആണ്മക്കള്‍ ഉണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. എന്നിട്ട് പോലും, ഇവര്‍ക്ക് പിണറായിയോട് ഉള്ള അയുക്തികമായ ആരാധന, സിനിമാനടന്‍ ജയനോട് എണ്‍പതുകളിലെ കോളേജ് കുമാരിമാര്‍ക്ക്   ഉണ്ടായിരുന്ന ആരാധനയോട് തുല്യമാണ്. ഇക്കൂട്ടര്‍ സ്ത്രീവാദികളുമാണത്രേ. വിനീത കോട്ടായിയോടോ, ചിത്രലേഖയോടോ, കെ.കെ.രമയോടോ, കോഴിക്കോട്ടെ ഗർഭം കലക്കപ്പെട്ട സിബ്ബിയോടോ, പ്രാകൃതമായ പാര്‍ട്ടി ഖാപ് പഞ്ചായത്തിനാല്‍ അടിച്ചമര്‍ത്തപ്പെടുന്ന DYFI യിലെ യുവതികളോടോ ഇവര്‍ ചെയ്തിട്ടുള്ള പാതകങ്ങള്‍ ഓര്‍ത്താല്‍ പെണ്ണൊരുത്തി ഈ സ്ത്രീവിരുദ്ധപാര്‍ട്ടിയുടെ എഴയല്‍പ്പക്കത്ത് പോകില്ല. എന്നിട്ടും, ശബരിമല എന്ന  വോട്ടു സമ്പാദനയത്നത്തിന്‍റെ ഭാഗമായുള്ള ഹീനമായ ജാതീയധ്രുവീകരണം നടത്തുന്നവരില്‍ നിന്ന് നവോത്ഥാനനായകരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരില്‍ ഈ സ്ത്രീ സുഹൃത്തുക്കളുമുണ്ട്. എന്‍.എസ്.മാധവനെ പോലെ, ഈ സ്ത്രീകളും പിണറായി വിജയന് ശരിക്കും രണ്ടു ഹൃദയങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ്.   മുന്‍പ് സൂചിപ്പിച്ച പാര്‍ട്ടിനേതൃത്വത്തിന്‍റെ നരഹത്യകളെ, അഴിമതികളെ, വമ്പിച്ച ഭരണപരാജയങ്ങളെ, സ്വജനപക്ഷപാതങ്ങളെ, നിരന്തരമായ വര്‍ഗ്ഗീയധ്രുവീകരണ ശ്രമങ്ങളെ ,സാമ്പത്തികധൂർത്തിനെകുറിച്ച് ഈ സ്ത്രീ സുഹൃത്തുക്കളോട് പറഞ്ഞു നോക്കു. അവര്‍ അതേക്കുറിച്ച് ഒന്നും അറിയാത്തവരെ പോലെ ‘എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ!’എന്ന് തങ്ങളുടെ ഓമനയെ കുറിച്ച് പാടി നില്‍ക്കുകയെ ഉള്ളൂ.

സര്‍ക്കാര്‍ നവകേരളനിര്‍മ്മാണത്തെ  കുറിച്ച് പറയുന്നു. ഞാന്‍ ഉറപ്പിച്ചു പറയാം. ഒന്നും നടക്കില്ല.അല്ലെങ്കില്‍, പ്രളയത്തിന്റെ ആഘാതം ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ വെളിവുള്ളവര്‍ ആരെങ്കിലും പത്തു വോട്ട് കിട്ടാന്‍ ഇത്ര ദാരുണമായ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും മുതിരുമോ? ജനങ്ങളില്‍ നമ്മെ പോലെ കെല്‍പ്പുള്ളവര്‍ ഇഴഞ്ഞിഴഞ്ഞ് പ്രളയാനന്തരജീവിതങ്ങള്‍ ആകും വിധം കരുപ്പിടിപ്പിക്കാന്‍ നോക്കും. ബാക്കിയുള്ളവര്‍ ഇപ്പോഴേ പ്രാന്തവല്‍ക്കരിക്കപ്പെട്ട  ലക്ഷക്കണക്കിനുള്ളവരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടും.സഖാക്കള്‍ വിധ്വംസകതക്കും അഴിമതിക്കുമല്ലാതെ, സല്‍ഭരണത്തിന് പരിശീലനം ലഭിച്ചവരല്ല. ആകെയുണ്ടാകാവുന്ന നിര്‍മ്മാണം ഇത്രയുമാണ്: കേരളം സ്വര്‍ഗ്ഗമാക്കാന്‍ സസ്യ, ശ്യാമള, സുഫല, സുജല, സുഭദ്ര, സുതാര്യ, സുരത, ഗോത്രവല്‍സല , ഋണമുക്തി, മത്സ്യ, മാവേലി എന്നിങ്ങനെ കുറെ സംസ്കൃത പേരിട്ട പദ്ധതികള്‍ അവതരിപ്പിക്കും. കരാറുകാരന്റെയും രാഷ്ട്രീയക്കാരന്റെയും ഉദ്യോഗസ്ഥമേധാവിയുടെയും വിഹിതം കഴിഞ്ഞ് ബാക്കിയുള്ളത് അല്പ്പായുസ്സായ കെട്ടിടങ്ങളിലും ,റോഡുകളിലും നിക്ഷേപിക്കപ്പെടും.

എന്‍റെ ഒരു മദ്യപസുഹൃത്ത് തന്‍റെ ഒരു സ്വപ്നത്തെകുറിച്ച് ഇന്നലെ എന്നോട് പറഞ്ഞു: നാലു പ്രളയങ്ങള്‍  കൂടിവന്നാലെ എല്ലാം നശിപ്പിക്കുന്ന മലയാളിയുടെ  കക്ഷിരാഷ്ട്രീയ ഭ്രാന്തും മാരകമായ കപടാവബോധങ്ങളും കഴുകിയൊലിച്ചു പോകൂ. ഭക്ഷണത്തിന് പോലും വക  ഇല്ലാതെ ഇവര്‍  തെണ്ടണം. ആളുകള്‍ തല്ലിക്കൊല്ലുമോ എന്ന് ഭയന്ന് വോട്ടുതെണ്ടികള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം.നാലു യുവതികള്‍ എങ്കിലും വന്നെങ്കില്‍ എന്ന് ആശിച്ച്  ദേവസ്വം ബോര്‍ഡും  തന്ത്രിമാരും പൂജാരിമാരും ശബരിമലയിലെ കട തുറന്ന് ഈച്ചയാട്ടിയിരിക്കണം. ആരും വരുന്നില്ലെന്ന് കണ്ട് പഴയ സുവര്‍ണ്ണകാലങ്ങളെ ഓര്‍ത്ത് നെടുവീര്‍പ്പിട്ട് കട പൂട്ടിയിറങ്ങണം. ഒരൊറ്റ കാലവര്‍ഷം കൊണ്ട്  കോണ്‍ക്രീറ്റ് പാതകളും അമ്പലക്കള്ളന്മാരുടെ എടുപ്പുകളും കാട് മൂടണം. അവിടത്തെ ഒരു പ്രത്യേക നിലാവും വെയിലുമൊക്കെ ആസ്വദിച്ച് പൊന്നമ്പലവാസന്‍ നൂറ്റാണ്ടുകളില്‍ ആദ്യമായി സ്വസ്ഥതയെന്തെന്നറിയണം.–
Comments
Print Friendly, PDF & Email