പൂമുഖം നിരീക്ഷണം ശബരിമല : നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള സംഘപരിവാർ അജണ്ട

ശബരിമല : നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള സംഘപരിവാർ അജണ്ട

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

sabarimala protest 8sep18 1_1

ോകം ഉറങ്ങുന്ന കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നീതിസംഹിതയായ മനുസ്മൃതി പരിഗണിക്കാതെയാണ് ഇന്ത്യൻഭരണഘടനക്ക് രൂപം നൽകിയതെന്ന് ഭരണഘടനാ ശില്പി അംബേദ്കർക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചവരാണ് സംഘപരിവാർ ആചാര്യന്മാർ.സ്‌ത്രീ എക്കാലത്തും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണെന്നും അവൾ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന മനുസ്മൃതി ആധുനിക ഇന്ത്യയുടെ നിയമസംഹിതയാവണം എന്നു സ്വപ്നം കാണുന്നവരുമാണവർ. രാഷ്ട്രീയ സ്വയം സേവകരുടെ എല്ലാ പ്രവർത്തനങ്ങളിലും പഥസഞ്ചലനങ്ങളിലും സ്ത്രീകൾക്ക് ഭ്രഷ്ടു കല്പിക്കപ്പെട്ടിട്ടിരിക്കുന്നതിനു കാരണവും ഈ മനുസ്മൃതി ഭക്തിയാണ്.രാജ്യ ചരിത്രത്തിൽ ഇന്നേവരെ സ്ത്രീസ്വാതന്ത്ര്യവും ലിംഗനീതിയും നിഷേധിക്കപ്പെട്ട ഏതെങ്കിലും സമര രംഗങ്ങളിൽ സംഘ്പരിവാരങ്ങൾ ഇടപെട്ടതായി രേഖപ്പെടുത്തിക്കാണുന്നുമില്ല. അതുപോലെ സമൂഹത്തിൽ നിലനിന്നിരുന്ന ഏതെങ്കിലും സാമൂഹ്യ അനാചാരങ്ങൾക്കെതിരെ പോരാടിയ ചരിത്രവും സംഘ്പരിവാറിനില്ല.

സംഘപരിവാർ മുന്നോട്ടുവെക്കുന്ന സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തിനും ചരിത്ര ബോധ്യങ്ങൾക്കും വിരുദ്ധമായ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ഘടനയാണ് കേരളത്തിനുള്ളത്.നവോത്ഥാന സ്വാതന്ത്ര്യ സമരപ്രസ്‌ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയും പോരാടി സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ ഹിന്ദുത്വ ദർശനങ്ങളോട് സമരസപ്പെടാൻ വിസമ്മതിക്കുന്ന കേരളത്തിന്റെ മതേതര ജനാധിപത്യ പുരോഗമന സാമൂഹ്യഘടനയും ബോധപരിസരവുമാണ് കേരളത്തിൽ നിലനിൽക്കുന്നത്.അതുകൊണ്ടുതന്നെ മതങ്ങളുടെയും ദൈവത്തിന്റെയും പേരിൽ വിദ്വേഷപരവും വിഭാഗീയവുമായ കുൽസിതപ്രവർത്തനങ്ങൾ പതിറ്റാണ്ടുകളായി തുടർന്നിട്ടും സംഘപരിവാറിന് കേരളത്തിൽ ക്ലച്ച് പിടിക്കാനായിട്ടില്ല.ഈ വെല്ലുവിളി മറികടക്കാനുള്ള ഏറ്റവും വലിയ സാധ്യത സർവ്വമത ദൈവമായ അയ്യപ്പനെ മുൻനിർത്തി സാധിച്ചെടുക്കാമെന്നു കണ്ടെത്തിയ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട ആസൂത്രണമാണ് ഇപ്പോൾ കേരളത്തിലെ തെരുവുകളിൽ രാഷ്ട്രീയ സ്വയം സേവകർ ഒളിഞ്ഞു നിന്ന് നയിക്കുന്ന തെരുവ് പേക്കൂത്തുകൾ.

ഇന്ന് നിലനിൽക്കുന്ന എല്ലാ മതങ്ങളും അതിന്റെ പേരിൽ നിലകൊള്ളുന്ന സംഘടനകളും ഇതുവരെ ലിംഗസമത്വത്തിന് എതിരായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്.ഹിന്ദു മതതീവ്രവാദ പ്രസ്‌ഥാനമായ സംഘപരിവാറും സ്ത്രീസ്വാതന്ത്ര്യം അംഗീകരിക്കുന്നില്ല.എന്നിട്ടും 2006 ൽ യങ് ലോയേഴ്സ് ഫോറത്തിന്റെ പേരിൽ ശബരിമലയിലെ സ്ത്രീവിവേചനത്തിനെതിരെ കേസ് ഫയൽ ചെയ്തത് സംഘപരിവാറിനോട് ആത്മബന്ധം പുലർത്തുന്ന ഏതാനും സ്ത്രീകളാണ്.കേരളവും ശബരിമലയുമായി ഇവർക്ക് യാതൊരു ബന്ധവും മുൻ പരിചയവുമില്ല.ശബരിമലയിലെ നീതിനിഷേധത്തിനെതിരെ കേസ് കൊടുത്ത യങ് ലോയേഴ്സ് സംഘടനയുടെ സെക്രട്ടറി ഭക്തി പസ്റീജ സേഥി, സംഘടനാ പ്രവർത്തകരായ പ്രേരണ കുമാരി,ലക്ഷ്മി ശാസ്ത്രി,അൽക്കാ ശർമ്മ, സുധാപാൽ എന്നിവരെല്ലാം അറിയപ്പെടുന്ന സംഘ്‌ – ബിജെപി ബാന്ധവമുള്ളവരാണ്.ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഭക്തി സേഥി സംഘ്‌ പരിവാർ പ്രവർത്തകയാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ്‌ ശംഭു ആർഎസ്എസ് പ്രവർത്തകനും ബിജെപി നേതാവ് അമിത് ഷായോടൊപ്പം വേദിപങ്കിടുന്ന വ്യക്തിയുമാണെന്നും മാധ്യമങ്ങൾ പറയുന്നു. ലിംഗസമത്വത്തിനെതിരായ നിലപാടുകൾ മാത്രം സ്വീകരിച്ചിട്ടുള്ള സംഘപരിവാറിന്റെ പ്രവർത്തകരായ ഈ അഭിഭാഷകർ കേരളത്തിലെ ക്ഷേത്രമായ ശബരിമലയിലെ സ്ത്രീവിവേചനത്തിൽ ഇത്രയധികം വേവലാതിപ്പെടുന്നതിൽ എന്തോ കുടിലതന്ത്രമുണ്ടെന്നു സാമാന്യ ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാവുന്നതേയുള്ളു. സ്വാതന്ത്ര്യവും ലിംഗനീതിയും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും നെഞ്ചിൽചേർത്തുപിടിക്കുന്ന ഒരു ജനതയുടെ ഹൃദയത്തിൽ നൂറ്റാണ്ടുകളായി പടർന്നുകിടക്കുന്ന ചില വിശ്വാസങ്ങളെ കരുവാക്കി സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് മണ്ണൊരുക്കാമെന്ന കണക്കുകൂട്ടലിലാണ് ശബരിമലയിലെ സ്ത്രീവിവേചന വിഷയത്തെ അവർ തന്ത്രപൂർവം ആസൂത്രണം ചെയ്തുപയോഗിച്ചത്.

ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ശബരിമലയിലെ സ്ത്രീപ്രവേശനനിഷേധം എന്നു വിലയിരുത്തി സെപ്റ്റംബർ  28 ന് സുപ്രീം കോടതി വിധി പറഞ്ഞയുടനെ അതിനു പിന്തുണയുമായെത്തിയത് ലിംഗസമത്വത്തെ സർവ്വഥാ എതിർത്ത ചരിത്രം മാത്രമുള്ള ആർഎസ്എസ് – ബിജെപി ദേശീയ നേതാക്കളായിരുന്നു.ശബരിമല വിഷയത്തിൽ സംഘപ്രവർത്തകരായ സ്‌ത്രീ അഭിഭാഷകരുടെ കോടതി ഇടപെടൽ സംഘ തന്ത്രമാണെന്ന സംശയത്തെ ഇതു കൂടുതൽ ബലപ്പെടുത്തുന്നു. ശ്രീധരൻപിള്ളയെ പോലുള്ള കേരള നേതാക്കളും ഉടൻതന്നെ കോടതിവിധിയെ സ്വാഗതം ചെയ്തതോടുകൂടി കേരളത്തെ തകർക്കാൻ സംസ്‌ഥാനത്തെ ബിജെപി കൂടി അറിഞ്ഞു ആസൂത്രണം ചെയ്‌ത തന്ത്രമാണ് സംഘിസ്ത്രീ അഭിഭാഷകരുടെ കോടതി ഇടപെടൽ എന്നു പകൽപോലെ വ്യക്തമായി.

പക്ഷേ മണിക്കൂറുകൾക്കകം തന്നെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ കേരളത്തിലെ സംഘപരിവാർ – ബിജെപി നേതാക്കൾ രംഗത്തെത്തി ഈ കുടിലതന്ത്രങ്ങൾക്ക് അടിവരയിടുന്ന തെരുവുനാടകങ്ങളുടെ തിരശ്ശീല ഉയർത്തിയതോടെ സംഘപരിവാർ അജണ്ട എല്ലാവർക്കും ബോധ്യപ്പെട്ടു. ശബരിമലയെ തകർക്കാനുള്ള ഇടതു ഗൂഢാലോചനയായി അവർ സുപ്രീം കോടതി വിധിയെ ചിത്രീകരിച്ചു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന വിശ്വാസപ്പേക്കൂത്തുകൾ ഇപ്പോൾ കേരളത്തിന്റെ തെരുവീഥികളിൽ നടമാടിക്കൊണ്ടിരിക്കുകയാണ്.

2006 മുതൽ ഏകദേശം പന്ത്രണ്ടു വർഷക്കാലം  സുപ്രീം കോടതിയിൽ നടന്ന ശബരിമല സ്ത്രീപ്രവേശന വാദപ്രതിവാദങ്ങളിൽ ആർഎസ്എസോ ബിജെപിയോ കക്ഷി ചേർന്നിരുന്നില്ല.ശബരിമല ക്ഷേത്രത്തോടും അവിടെ നിലനിന്ന യുവതീ പ്രവേശന നിഷേധത്തോടും അതിലുള്ള വിശ്വാസങ്ങളോടും ഇത്രയധികം പ്രതിബദ്ധത ബിജെപി – സംഘപരിവാർ നേതാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ കോടതിയിൽ നടന്നുവന്ന കേസിൽ കക്ഷിചേർന്ന് ഇപ്പോൾ തെരുവിലേക്ക് വലിച്ചിറക്കപ്പെട്ട വിശ്വാസികളുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ അവർക്ക് നിയമപരമായി പോരാടാമായിരുന്നു.അതു ചെയ്യാതെ നിഷ്കളങ്കരായ വിശ്വാസികളുടെ ചോരകുടിച്ച്, രാഷ്ട്രീയലാഭം കൊയ്തെടുക്കാനുള്ള ജന വഞ്ചനയുടെ നേർസാക്ഷ്യമാണ് സംഘ്പരിവാരങ്ങൾ നേതൃത്വം നല്കി കേരളത്തിലെ തെരുവുകളിൽ നടമാടുന്ന നിയമവിരുദ്ധമായ വിശ്വാസ പേക്കൂത്തുകൾ.

Sabarimala_temple_PTI

കോടതി കേസിൽ കക്ഷിചേർന്ന്, വാദപ്രതിവാദങ്ങൾ നടത്തി, പരാജയപ്പെട്ട എൻ എസ്‌ എസ്സും പന്തളം രാജകുടുംബവും തന്ത്രികുടുംബവും സംഘപരിവാർ ഒരുക്കിയ ഈ കൊടുംചതി തിരിച്ചറിയാതെ ‘അങ്ങാടിയിൽ തോറ്റതിനമ്മയോട് ‘ എന്നു പറഞ്ഞതുപോലെ കേരള സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സംഘപരിവാർ അജണ്ട അറിഞ്ഞോ അറിയാതെയോ തെരുവിൽ നടമാടുന്ന വിശ്വാസപേക്കൂത്തുകളിൽ അവരും പങ്കാളികളാണ്. നവോത്ഥാന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പൈതൃകം അവകാശപ്പെടുന്ന കോൺഗ്രസ്സും കേരളത്തിൽ ബിജെപി അജണ്ടതന്നെയാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിവിധിയെ അഖിലേന്ത്യാടിസ്‌ഥാനത്തിൽ ബിജെപി യെപോലെത്തന്നെ കോൺഗ്രസ് നേതൃത്വവും സ്വാഗതം ചെയ്യുന്നുണ്ട്.പക്ഷേ കെപിസിസി നേതൃത്വം ഇടതുപക്ഷത്തെയും സർക്കാരിനെയും തകർക്കാൻ ബിജെപി യോടും സംഘ്പരിവാറിനോടുമൊപ്പം ചേർന്ന്,  വിശ്വാസ ഭ്രാന്തിളക്കിവിട്ട്, മറ്റൊരു വിമോചനസമരത്തിനു ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്.അയോധ്യയിൽ ബാബറിമസ്ജിദ് പൊളിക്കാൻ സംഘപരിവാറിന് ചൂട്ടുപിടിച്ച  കോൺഗ്രസിന്റെ ദുർവ്വിധിയാണ് ഭാവികേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് അവരറിയുന്നില്ല.

2006 മുതൽ 2011 വരെ കേരളം ഭരിച്ച എൽഡിഎഫ് സർക്കാർ ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സുപ്രീം കോടതിയിൽ നല്കിയ സത്യവാങ്മൂലം തന്നെയാണ് ഇപ്പോഴും സമർപ്പിച്ചിട്ടുള്ളത്.കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന നിലപാടാണത്.അതിനു ജനങ്ങളുടെ അംഗീകാരമുള്ളതുകൊണ്ടാണ് എൽഡിഎഫ് ഇപ്പോഴും കേരളം ഭരിക്കുന്നത്.നവോത്ഥാന മുന്നേറ്റങ്ങളുടെ ഗുണഭോക്താക്കൾ ജനസംഖ്യയിലെ ഭൂരിപക്ഷംവരുന്ന അധഃസ്‌ഥിത പിന്നോക്ക ജനവിഭാഗങ്ങ ളാണ്.ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മുൻ നിർത്തി നവോത്ഥാന നന്മകളും മതേതര ജനാധിപത്യ പുരോഗമന രാഷ്ട്രീയ ബോധവും തകിടംമറിച്ച്‌, നേട്ടംകൊയ്യാൻ ബിജെപി യും സംഘപരിവാറും കോൺഗ്രസ്സും ചേർന്നു നടത്തുന്ന പരിശ്രമങ്ങളെ അർഹിക്കുന്ന അവഗണനയോടെ കേരള ജനത തിരസ്കരിക്കുകതന്നെ ചെയ്യും.

Comments
Print Friendly, PDF & Email

You may also like