Home LITERATUREലോകകഥ ജിവിതത്തിന്റെ വിളി – ക്നുട്ട് ഹാംസൺ

ജിവിതത്തിന്റെ വിളി – ക്നുട്ട് ഹാംസൺ

 

ോപ്പൻഹാഗെൻ തുറമുഖത്തിനടുത്തായി വെസ്റ്റെർവോൾഡ് എന്നു പേരുള്ള ഒരു തെരുവുണ്ട്; താരതമ്യേന പുതിയതെങ്കിലും ആൾപ്പെരുമാറ്റം കുറഞ്ഞ, വീതിയേറിയ ഒരു വഴി. വീടുകൾ വളരെ ചുരുക്കമായേ കാണാനുള്ളു, ഗ്യാസ് ലൈറ്റുകളും ചുരുക്കം, ആളുകളെ കാണാനില്ലെന്നുതന്നെ പറയാം. ഈ വേനല്ക്കാലത്തു പോലും അപൂർവ്വം ചിലരേ അവിടെ നടക്കാനിറങ്ങിയതായി കാണാനുള്ളു.

എന്നെ അത്ഭുതപ്പെടുത്തിയതെന്നു പറയാവുന്നതൊന്ന് പോയ രാത്രിയിൽ ആ തെരുവിൽ വച്ചുണ്ടായി.

ഞാൻ നടപ്പാതയിലൂടെ ഒന്നുരണ്ടു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞപ്പോഴാണ്‌, ഒരു സ്ത്രീ എനിക്കെതിരേ വരുന്നതു ഞാൻ കാണുന്നത്. അടുത്തെങ്ങും മറ്റാരെയും കാണാനില്ല. ഗ്യാസ് ലൈറ്റുകൾ കത്തിച്ചിരുന്നുവെങ്കിലും നല്ല ഇരുട്ടായിരുന്നു- ആ സ്ത്രീയുടെ മുഖം തിരിച്ചറിയാൻ പറ്റാത്ത വിധമുള്ള ഇരുട്ട്. ഓ, ഇതാ രാത്രിജീവികളിൽ പെട്ടതാണ്‌, എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അവളെക്കടന്നു നടന്നുപോയി.

വഴി അവസാനിക്കുന്നിടത്തു ചെന്നിട്ട് ഞാൻ തിരിച്ചുനടന്നു. ആ സ്ത്രീയും അതേപോലെ തിരിച്ചുനടന്നു, ഞാൻ അവളെ പിന്നെയും എതിരേ വരുന്നതായി കാണുകയും ചെയ്തു. അവർ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞു; അവൾ ആരെയാണു പ്രതീക്ഷിക്കുന്നതെന്നറിയാൻ എനിക്കൊരു കൗതുകം തോന്നി. ഞാൻ പിന്നെയും അവളെ കടന്നുപോയി.

മൂന്നാമതും അവൾ എതിരേ വന്നപ്പോൾ ഞാൻ തൊപ്പിയൊന്നു പൊന്തിച്ചിട്ട് അവളോടു പറഞ്ഞു.

“ഗുഡ് ഈവനിംഗ്! ആരെയെങ്കിലും കാത്തുനില്ക്കുകയാണോ?”

അവൾ ഒന്നു ഞെട്ടി. അല്ല, എന്നുപറഞ്ഞാൽ, അതെ, താൻ ഒരാളെ കാത്തുനില്ക്കുകയാണ്‌.

അവൾ പ്രതീക്ഷിക്കുന്നയാൾ എത്തുന്നതുവരെ താൻ ഒപ്പം നടക്കുന്നതിൽ നിങ്ങൾക്കു വിരോധമുണ്ടാവുമോ?

ഇല്ല, അവൾക്കതിൽ ഒട്ടും വിരോധമില്ല, അതിനവൾ നന്ദി പറയുകയും ചെയ്തു. വാസ്തവം പറഞ്ഞാൽ, അവൾ വിശദീകരിച്ചു, താൻ ആരെയും കാത്തുനില്ക്കുകയുമല്ല. താൻ ശുദ്ധവായു ശ്വസിക്കാൻ മാത്രം പോന്നതാണ്‌- എന്തു പ്രശാന്തതയാണിവിടെ!

ഞങ്ങൾ ഒരുമിച്ച് അവിടെ ചുറ്റിനടന്നു. അത്ര പ്രാധാന്യമില്ലാത്ത പലതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഒടുവിൽ ഞാൻ അവൾക്കു നേരെ കൈ നീട്ടി.

“താങ്ക് യു, വേണ്ട,” തലയാട്ടിക്കൊണ്ട് അവൾ പറഞ്ഞു.

ഇങ്ങനെ ഉലാത്തുന്നതിൽ വലിയ രസമൊന്നുമില്ല;. ഇരുട്ടത്ത് എനിക്കവളെ കാണാനും പറ്റുന്നില്ല. സമയം എന്തായെന്നറിയാൻ ഞാൻ ഒരു തീപ്പെട്ടിക്കൊള്ളിയുരച്ചു. അതുയർത്തിപ്പിടിച്ച് ഞാൻ അവളെയും നോക്കി.

“ഒമ്പതു മുപ്പത്,” ഞാൻ പറഞ്ഞു.

തണുത്തുമരവിക്കുന്നപോലെ അവൾ വിറപൂണ്ടു. ഞാൻ അതില്ക്കയറിപ്പിടിച്ചു.

“തണുക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു. “എവിടെയെങ്കിലും ചെന്നിരുന്ന് എന്തെങ്കിലും കുടിച്ചാലോ? തിവോളി? നാഷണൽ?”

“പക്ഷേ എനിക്കിപ്പോൾ എങ്ങോട്ടും പോകാൻ പറ്റില്ല,” അവൾ പറഞ്ഞു.

നല്ല നീളമുള്ള ഒരു കറുത്ത മൂടുപടം അവൾ ധരിച്ചിരിക്കുന്നത് അപ്പോഴാണ്‌ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ അവളോടു ക്ഷമ ചോദിച്ചു; ഇരുട്ടു കാരണം അബദ്ധം പറ്റിയതാണെന്നു വിശദീകരിച്ചു. എന്റെ ക്ഷമാപണം അവൾ സ്വീകരിച്ച രീതി കണ്ടപ്പോൾ എനിക്കു മനസ്സിലായി, പതിവു രാത്രിഞ്ചരികളിൽ പെട്ടതല്ല അവളെന്ന്.

“എന്റെ കൈയിൽ പിടിച്ചുകൂടേ?” ഞാൻ ഒന്നുകൂടി എന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. “നിങ്ങൾക്ക് ഒരല്പം ചൂടു കിട്ടിയേക്കാം.”

അവൾ എന്റെ കൈ പിടിച്ചു.

ഞങ്ങൾ കുറച്ചു നേരം വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സമയം എന്തായെന്നു നോക്കാൻ അവൾ വീണ്ടും എന്നോടു പറഞ്ഞു.

“പത്തായി,” ഞാൻ പറഞ്ഞു. “നിങ്ങൾ താമസിക്കുന്നതെവിടെയാണ്‌?”

“ഗാംലെ കോൻഗെവേയിൽ.”

ഞാൻ അവളെ പിടിച്ചുനിർത്തി.

“ഞാൻ നിങ്ങളെ വീടു വരെ കൊണ്ടാക്കിത്തരട്ടെ?” ഞാൻ ചോദിച്ചു.

“വേണ്ട, അതിന്റെ ആവശ്യമില്ല,” അവൾ പറഞ്ഞു. “നിങ്ങളെ ബുദ്ധിമുട്ടിക്കാൻ…നിങ്ങൾ ബ്രെഡ്ഗേഡിലാണല്ലോ താമസിക്കുന്നത്, അല്ലേ?”

“അത് നിങ്ങൾക്കെങ്ങനെ അറിയാം?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഓ, എനിക്ക് നിങ്ങളെ അറിയാം,” അവൾ പറഞ്ഞു.

അല്പനേരം ആരും ഒന്നും മിണ്ടിയില്ല. വിളക്കുകൾ തെളിഞ്ഞ തെരുവുകളിലൂടെ കൈ കോർത്തു ഞങ്ങൾ നടന്നു. അവൾ ധൃതിയിൽ നടന്നു; നീണ്ട മുഖപടം അവളുടെ പിന്നിൽ പാറിനടന്നു.

“നമുക്കൊന്നു വേഗം നടക്കാം,” അവൾ പറഞ്ഞു. ഗാംലെ കോൻഗെവെയിൽ അവളുടെ വീടിന്റെ വാതില്ക്കലെത്തിയപ്പോൾ, അതുവരെ തന്നോടൊപ്പം ചെല്ലാൻ കാണിച്ച സൗമനസ്യത്തിനു നന്ദി പറയാനെന്നവണ്ണം, അവൾ എനിക്കു നേരെ തിരിഞ്ഞുനിന്നു. ഞാൻ അവൾക്കു വേണ്ടി വാതിൽ തുറന്നുകൊടുത്തു; അവൾ സാവധാനം ഉള്ളിൽ കടന്നു. ഞാൻ തോളു കൊണ്ട് പതുക്കെ വാതിലിൽ അമർത്തി അവളുടെ പിന്നാലെ ഉള്ളിൽ കയറി. ഉള്ളിലെത്തിയതും അവൾ എന്റെ കൈയിൽ കയറിപ്പിടിച്ചു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

രണ്ടു കോണിപ്പടികൾ കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി. അവൾ തന്നെ തന്റെ ഫ്ലാറ്റിന്റെ വാതിൽ താക്കോലിട്ടു തുറന്നിട്ട് രണ്ടാമതൊരു വാതിൽ തുറന്ന് എന്റെ കൈ പിടിച്ച് ഉള്ളിലേക്കു കൊണ്ടുപോയി. അത് സ്വീകരണമുറി ആയിരിക്കണം; ചുമരിൽ ഒരു ക്ലോക്കിന്റെ സ്പന്ദനം ഞാൻ കേട്ടു. വാതിൽ കടന്നതും ആ സ്ത്രീ ഒരു നിമിഷം ഒന്നു നിന്നിട്ട് പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു വിറയലോടെ എന്റെ ചുണ്ടിൽ തീക്ഷ്ണമായി ചുംബിച്ചു. നേരേ ചുണ്ടത്തു തന്നെ.

“ഇരിക്കുകയല്ലേ?” അവൾ പറഞ്ഞു. “ഇവിടെയൊരു സോഫയുണ്ട്. അപ്പോഴേക്കും ഞാനൊരു വിളക്കെടുത്തുകൊണ്ടു വരാം.”

അവൾ ഒരു വിളക്കു കത്തിച്ചുവച്ചു.

ഞാൻ അത്ഭുതത്തോടെ, അതേ സമയം ജിജ്ഞാസയോടെ, ചുറ്റും നോക്കി. വിശാലവും അത്യാഡംബരപൂർവ്വം സജ്ജീകരിച്ചതുമായ ഒരു മുറിയിലാണ്‌ ഞാൻ. പാതി തുറന്ന വാതിലുകൾ ഒരു വശത്തുള്ള മറ്റു പല മുറികളിലേക്കുമുള്ളതാണ്‌. എനിക്കു പരിചയപ്പെടാനിട വന്ന ഈ വ്യക്തി ഏതു തരക്കാരിയാണെന്ന് എങ്ങനെയൊക്കെ നോക്കിയിട്ടും എനിക്കു പിടി കിട്ടിയില്ല.

“എത്ര മനോഹരമായ മുറി!“ ഞാൻ പറഞ്ഞു. ”നിങ്ങൾ ഇവിടെയാണോ താമസം?“

”അതെ, ഇതെന്റെ വീടാണ്‌,“ അവൾ പറഞ്ഞു.

”ഇത് നിങ്ങളുടെ വീടാണെന്നോ? അപ്പോൾ അച്ഛനമ്മമാരുടെ കൂടെയാണോ നിങ്ങൾ താമസിക്കുന്നത്?“

”അയ്യോ, അല്ല,“ അവൾ ചിരിച്ചു, ”എനിക്കു നല്ല പ്രായമായി, ഇതാ, ഇത്രയും!“

എന്നിട്ടവൾ തന്റെ മൂടുപടവും മേലുടുപ്പും മാറ്റി.

”കണ്ടില്ലേ! ഞാനെന്താ പറഞ്ഞത്!“ അവൾ പറഞ്ഞു; എന്നിട്ട് തടുക്കരുതാത്ത ഒരു ത്വരയോടെ അവളെന്നെ പെട്ടെന്ന് വീണ്ടും കെട്ടിപ്പിടിച്ചു.

അവൾക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സായിട്ടുണ്ടാവണം, വലതു കൈയിൽ ഒരു മോതിരമുണ്ടായിരുന്നു, അക്കാരണം കൊണ്ടുതന്നെ അവൾ വിവാഹിതയാണെന്നു കരുതുകയുമാവാം. സുന്ദരിയാണോ? അല്ല, അവളുടെ തൊലി പാടു വീണതായിരുന്നു, പുരികമെന്നു പറയാൻ ഒന്നുമുണ്ടായിരുന്നതുമില്ല. എന്നാൽ അവൾക്കു ചുറ്റും ജീവൻ നുരഞ്ഞുപൊന്തുകയായിരുന്നു, അവളുടെ ചുണ്ടുകൾ അസാധാരണമാം വിധം സുന്ദരവുമായിരുന്നു.

അവൾ ആരാണ്‌, ഭർത്താവുണ്ടെങ്കിൽ അയാൾ എവിടെയാണ്‌, ഞാനിരിക്കുന്ന ഈ വീട് ആരുടേതാണ്‌ എന്നൊക്കെ എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു; എന്നാൽ ഞാൻ വായ തുറക്കുമ്പോഴൊക്കെ അവൾ എന്നെ പൂണ്ടടക്കം പിടിച്ച് എന്റെ ജിജ്ഞാസയെ പുറത്തുവരാൻ അനുവദിച്ചില്ല.

”എന്റെ പേര്‌ എല്ലെൻ എന്നാണ്‌,“ അവൾ പറഞ്ഞു. ”കുടിക്കാൻ എന്തെങ്കിലും എടുക്കാമല്ലോ? ഞാൻ ബെല്ലടിച്ചാൽ ആർക്കുമതു ശല്യമാകില്ല. നിങ്ങൾക്കു വേണമെങ്കിൽ ഈ കിടപ്പുമുറിയിലേക്കു വന്നിരിക്കാം.“

ഞാൻ കിടപ്പുമുറിയിലേക്കു കയറി. സ്വീകരണമുറിയിൽ നിന്നുള്ള വെളിച്ചം അതിനെ ഭാഗികമായി വെളിച്ചപ്പെടുത്തിയിരുന്നു. രണ്ടു കട്ടിലുകൾ ഞാൻ കണ്ടു. എല്ലെൻ ബെല്ലടിച്ച് വൈൻ കൊണ്ടുവരാൻ പറഞ്ഞു; ഒരു വേലക്കാരി വൈൻ കൊണ്ടുവരുന്നതും പിന്നെ തിരിച്ചുപോകുന്നതും ഞാൻ കേട്ടു. അല്പം കഴിഞ്ഞപ്പോൾ എല്ലെനും കിടപ്പുമുറിയിലേക്കു വന്നു; പക്ഷേ അവൾ വാതില്ക്കൽത്തന്നെ നിന്നതേയുള്ളു. ഞാൻ അവളുടെയടുത്തേക്ക് ഒരു ചുവടു വച്ചു. അവൾ ഒരമർത്തിയ കരച്ചിലോടെ എന്റെ നേർക്കു വന്നു.

ഇത് കഴിഞ്ഞ രാത്രിയിൽ നടന്നതാണ്‌.

പിന്നെ എന്തുണ്ടായി? ഹാ, ക്ഷമിക്കെന്നേ! ഇനിയും പറയാനുണ്ട്!

ഇന്നു കാലത്ത് ഞാൻ ഉറക്കമുണരുമ്പോൾ വെട്ടം പരന്നുതുടങ്ങിയിരുന്നു. കർട്ടന്റെ ഇരുവശങ്ങളിലൂടെയും പകൽവെളിച്ചം മുറിയിലേക്കരിച്ചുകയറുകയായിരുന്നു. എല്ലെനും ഉണർന്നു കിടക്കുകയായിരുന്നു; അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ കൈകൾ വെളുത്ത്, പട്ടു പോലെ മൃദുലമായിരുന്നു, അവളുടെ മാറിടം അസാധാരണമാം വിധത്തിൽ ഉയർന്നതുമായിരുന്നു. ഞാൻ അവളെ നോക്കി എന്തോ മന്ത്രിച്ചു, അവൾ എന്റെ ചുണ്ടുകൾ ആർദ്രത കൊണ്ടു മൂകമായ തന്റെ ചുണ്ടുകൾ കൊണ്ടടച്ചു. പകലിനു വെളിച്ചം കൂടിവരികയായിരുന്നു.

രണ്ടു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഞാൻ പോകാനായി എഴുന്നേറ്റു. എല്ലെനും എഴുന്നേറ്റ് വസ്ത്രം ധരിക്കുകയായിരുന്നു- അവൾ ഷൂസിട്ടു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ഒരു ഘോരസ്വപ്നം പോലെ ഇപ്പോഴും എന്നെ ഞെട്ടിക്കുന്ന ഒരനുഭവം എനിക്കുണ്ടായത്. ഞാൻ വാഷ് ബേസിനടുത്തു നില്ക്കുകയായിരുന്നു. എല്ലെന്‌ അടുത്ത മുറിയിൽ എന്തോ ചെയ്യാനുണ്ടായിരുന്നു. അവൾ വാതിൽ തുറന്നപ്പോൾ ഞാൻ തിരിഞ്ഞ് ഉള്ളിലേക്കൊന്നു പാളിനോക്കി. ആ മുറിയുടെ തുറന്ന ജനാലയിൽ നിന്നുള്ള ഒരു തണുത്ത കാറ്റ് എന്റെ നേർക്കിരച്ചുവന്നു; മുറിയുടെ നടുക്ക് ഒരു മേശ മേൽ നിവർന്നുകിടക്കുന്ന ഒരു ജഡം എന്റെ കണ്ണുകൾ കഷ്ടിച്ചു കണ്ടെടുത്തു. ഒരു ജഡം, വെളുത്ത വസ്ത്രം ധരിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തിയിരിക്കുകയാണതിനെ, നരച്ച താടിയുള്ള ഒരു പുരുഷന്റെ ജഡം. അയാളുടെ എല്ലിച്ച കാൽമുട്ടുകൾ മുറുക്കിപ്പിടിച്ച മുഷ്ടികൾ പോലെ വിരിപ്പിനടിയിൽ നിന്ന് എറിച്ചുനിന്നിരുന്നു; അയാളുടെ മുഖം വിളറിമഞ്ഞിച്ചതും അങ്ങേയറ്റം ബീഭത്സവുമായിരുന്നു. പകൾവെളിച്ചത്തിൽ എനിക്കെല്ലാം നന്നായി കാണാമായിരുന്നു. ഞാൻ നോട്ടം മാറ്റി; ഞാൻ ഒന്നും മിണ്ടിയില്ല.

എല്ലെൻ മടങ്ങി വന്നപ്പോൾ ഞാൻ വേഷം മാറി പുറത്തേക്കിറങ്ങാൻ തയാറായി നില്ക്കുകയായിരുന്നു. അവളുടെ ആലിംഗനങ്ങൾ എന്നിൽ ഒരുണർവ്വും ഉണ്ടാക്കിയില്ല. അവൾ ഇട്ടിരുന്നതിന്റെ കൂടെ പിന്നെയും എന്തൊക്കെയോ എടുത്തിട്ടു; തെരുവിലേക്കുള്ള വാതിൽ വരെ എന്റെ കൂടെ വരാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു; അതിനു ഞാൻ എതിരു പറഞ്ഞില്ല; എന്നാൽ അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. വാതില്ക്കലെത്തിയപ്പോൾ ആരും തന്നെ കാണാതിരിക്കാൻ അവൾ ചുമരിനോടു പറ്റിച്ചേർന്നു നിന്നു.

“എന്നാല്പിന്നെ, ഗുഡ് ബൈ,” അവൾ മന്ത്രിച്ചു.

“നാളെ വരെ?” അവളെ ഒന്നു പരീക്ഷിക്കാൻ കൂടിയായി ഞാൻ ചോദിച്ചു.

“വേണ്ട, നാളെ വേണ്ട.”

“അതെന്താ, അങ്ങനെ?”

“ഇത്രയും ചോദ്യങ്ങൾ വേണ്ട, ഡിയർ. നാളെ എനിക്കൊരു സംസ്കാരച്ചടങ്ങിനു പോകാനുണ്ട്, എന്റെയൊരു ബന്ധു മരിച്ചു. ഒളിക്കുകയൊന്നും വേണ്ട- നിങ്ങൾക്കതറിയാം.”

“എന്നാൽ മറ്റേന്നാൾ?”

“അതെ, മറ്റേന്നാൾ, ഈ വാതില്ക്കൽ. ഞാൻ ഇവിടെ ഉണ്ടാവും. ഗുഡ് ബൈ.”

ഞാൻ പോയി.

ആരാണവൾ? ആ ജഡമോ? മുറുക്കിപ്പിടിച്ച കൈകളും കോടിയ വായ്ക്കോണുകളുമായി – എത്ര ബീഭത്സവും വികടവുമാണത്! മറ്റേന്നാൾ അവൾ എന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഞാനവളെ പിന്നെയും കാണാൻ പോകണോ?

ഞാൻ നേരേ ബർണിന കഫേയിൽ ചെന്ന് ഡയറക്ടറി കൊണ്ടുവരാൻ പറഞ്ഞു. ഗാംലെ കോൻഗെവേയിലെ വീട്ടുനമ്പരുകൾ ഓരോന്നായി ഞാൻ പരതി; അതാ കിടക്കുന്നു, ആ പേര്‌. രാവിലത്തെ പത്രങ്ങൾ വരുന്നതുവരെ ഞാൻ അവിടെയിരുന്നു. ധൃതിയിൽ ഞാൻ ചരമപ്പേജെടുത്തു നോക്കി. സംശയിച്ചപോലെ തന്നെ അവൾ കൊടുത്ത ചരമഅറിയിപ്പും ഞാൻ കണ്ടു; കട്ടിയുള്ള അക്ഷരത്തിൽ തുടക്കത്തിൽത്തന്നെ കൊടുത്തിരിക്കുന്നു :“എന്റെ ഭർത്താവ്, അമ്പത്തിമൂന്നു വയസ്സ്, ദീർഘകാലത്തെ രോഗത്തിനു ശേഷം ഇന്നു മരിച്ചു.” അറിയിപ്പ് കൊടുത്തിരിക്കുന്നത് ഇന്നലെയാണ്‌.

ഞാൻ ഏറെ നേരം ചിന്താധീനനായി ഇരുന്നു.

ഒരാൾ വിവാഹം കഴിക്കുന്നു. അയാളുടെ ഭാര്യക്ക് അയാളെക്കാൾ മുപ്പതു വയസ്സ് കുറവാണ്‌. അയാൾക്ക് വിട്ടുമാറാത്ത ഒരസുഖം പിടിക്കുന്നു. എന്നിട്ടൊരു ദിവസം അയാൾ മരിച്ചും പോകുന്നു.

ചെറുപ്പക്കാരിയായ വിധവ ആശ്വാസത്തോടെ ഒരു നെടുവീർപ്പിടുന്നു.

Hamsun_bldsa_HA0341

Knut Hamsun 1859ൽ നോർവ്വേയിൽ ജനിച്ചു. തന്റെ പല നോവലുകൾക്കും കഥകൾക്കും പശ്ചാത്തലമായ വടക്കൻ നോർവ്വേയിലാണ്‌ ബാല്യകാലം കഴിച്ചത്. എഴുത്തുകാരനായി പേരെടുക്കുന്നതിനു മുമ്പ് അദ്ദേഹം ചെയ്യാത്ത ജോലികളില്ല- ക്ലർക്കായി, വഴിവാണിഭക്കാരനായി, ചെരുപ്പുകുത്തിയായി, തുറമുഖജോലിക്കാരനായി, പോലീസുകാരനായി, അദ്ധ്യാപകനായി, പിന്നെ സഞ്ചാരിയായും. പട്ടിണി കിടക്കുന്ന ഒരു മനുഷ്യന്റെ മനസ്സിൽ നടക്കുന്ന അയുക്തികപ്രക്രിയയെ കാവ്യാത്മകമായി പ്രകീർത്തിക്കുന്ന “വിശപ്പ്” എന്ന നോവൽ അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീടെഴുതിയ “മണ്ണിന്റെ വളർച്ച” എന്ന ഐതിഹാസികനോവൽ 1920ലെ നൊബേൽ സമ്മാനത്തിന്‌ അദ്ദേഹത്തെ അർഹനാക്കുകയും ചെയ്തു. വ്യവസായവത്കൃത-ജനാധിപത്യസമൂഹത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന വെറുപ്പ് ഒടുവിൽ തന്റെ രാജ്യം ആക്രമിച്ച നാസികളോടു പൊരുത്തപ്പെടുന്നതിൽ കൊണ്ടെത്തിച്ചു. യുദ്ധാനന്തരം രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണ നേരിടേണ്ടിവന്ന ഹാംസൺ പ്രായാധിക്യം കാരണം ജയിൽ ശിക്ഷയിൽ നിന്നൊഴിവായി. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി; ഓസ്ലോയിലെ ഒരു മനോരോഗാശുപത്രിയിൽ അദ്ദേഹത്തെ നിർബ്ബന്ധപൂർവ്വം പ്രവേശിപ്പിക്കുകയും ചെയ്തു. ശിഷ്ടകാലം സ്വന്തം വീട്ടിൽ കഴിച്ചുകൂട്ടി. 1952ൽ അന്തരിച്ചു.

പരിഭാഷ വി. രവികുമാർ. കൊല്ലം സ്വദേശി. റയിൽവേയിൽ ബുക്കിംഗ് ക്ലർക്ക് ആയിരുന്നു. കാഫ്ക്ക, ബോദ്‌ലേർ, റിൽക്കെ തുടങ്ങിയവരുടെ കൃതികൾ മലയാളത്തിലാക്കിയിട്ടുണ്ട്.

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like