ലേഖനം

അരാജകവാദത്തിന്റെ രാഷ്ട്രീയം 

രാജകവാദം എന്നു കേൾക്കുമ്പോൾ പലർക്കും അതൊരു കുഴപ്പം പിടിച്ച സംഗതിയാണെന്ന് തോന്നും. യാതൊരു അച്ചടക്കവും പാലിക്കാത്ത, ഒരു ക്രമവും അംഗീകരിക്കാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു വിഭാഗമാണ് അരാജകവാദികൾ എന്നാണ് പലരുടെയും ധാരണ.

എന്നാൽ നേരെ തിരിച്ചാണ് കാര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെയും ലിബറലിസത്തിന്റെയും സംഗമത്തിലൂടെ നാമിന്ന് അറിയുന്ന അരാജകവാദം രൂപമെടുത്തത്. മനുഷ്യൻ മനുഷ്യനുമേലെ നടത്തുന്ന ചൂഷണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യം തന്നെയാണ് അരാജകവാദികൾക്കും ഉള്ളത്. ആ നിലയ്ക്ക് അവർ സോഷ്യലിസ്റ്റുകൾ തന്നെയാണ്.അതേ സമയം അവർ വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുകയും ഭരണകൂട സംവിധാനങ്ങൾ ഇല്ലായ്മ ചെയ്യണം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.

ഭരണകൂടം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകുമ്പോൾ മാത്രമേ ,ഉച്ചനീചത്വങ്ങൾ ഇല്ലാതെ ജനങ്ങൾ സാമൂഹ്യമായ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കാൻ തുടങ്ങൂ എന്നാണ് അവരുടെ പക്ഷം. അങ്ങനെ മാത്രമേ മേലെ നിന്നും അടിച്ചേൽപ്പിക്കുന്നതും, നിയന്ത്രണങ്ങളിൽ അധിഷ്ഠിതവുമായ കൃത്രിമമായ ക്രമത്തിനു പകരം നൈസർഗ്ഗികമായ ഒരു ക്രമം രൂപപ്പെടൂ.

ഭരണകൂട അധികാരം പിടിച്ചെടുക്കണം എന്ന് വാദിക്കുന്ന സോഷ്യലിസ്റ്റുകളെ, സ്വേച്ഛാധിപത്യ സ്വഭാവമുള്ള സോഷ്യലിസ്റ്റുകൾ (Authoritarian Socialists) എന്നാണ് ഇക്കൂട്ടർ വിളിക്കുന്നത്‌. ഭരണകൂട അധികാരം ചുവപ്പൻ ഉദ്യോഗസ്ഥമേധാവിത്വത്തിലേക്കും collectivist ജയിലിലേക്കും നയിക്കും എന്നാണ് ബകുനിൻ വാദിച്ചത്. അതിനാൽ പല അരാജകവാദികളും തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്ലിബർട്ടേറിയൻ സോഷ്യലിസ്റ്റുകൾ എന്നാണ്.

കേരളത്തിലെ അരാജകവാദികളെപ്പറ്റി കോടിയേരി ബാലകൃഷ്ണൻ അടുത്തയിടെ ചിലത് സൂചിപ്പിച്ചിരുന്നു. കന്യാസ്ത്രി സമരത്തിന്റെ മറവിൽ, ബീ.ജേ പിയുടെയും ആർ.എസ്.എസിന്റെയും വർഗ്ഗീയതയക്കും എൽ.ഡി.എഫ് വിരുദ്ധതയ്ക്കും വളമിടുന്ന ഒരു വിഭാഗമായിട്ടാണ് അദ്ദേഹം അവരെ ചിത്രീകരിച്ചത്.അരാജകവാദികളുടെ രാഷ്ട്രീയ പദ്ധതികൾ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വിഭാഗങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഞാൻ കരുതുന്നത്. അരാജകവാദി എന്ന പദത്തിന്റെ നിഷേധാത്മകമായ ധ്വനികൾ ഉപയോഗിച്ചുകൊണ്ട് ,കേരളത്തിലെ മൂന്നു മുന്നണികളിലും ഉൾപ്പെടാത്ത ആക്റ്റിവിസ്റ്റുകളെ താറടിയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാഷ്ട്രീയമായ ഒരു സംജ്ഞയെ അദ്ദേഹം ഒരു ശകാര പദമാക്കുകയാണ്.

കോടിയേരി എഴുതിയത് വായിച്ച് അരാജകവാദികളെ കൈകാര്യം ചെയ്യാൻ ആഞ്ഞു നിൽക്കുന്ന സഖാക്കൾ, മേയ് ദിന പരേഡുകളിൽ അനുസരണയോടെ അണിനിരന്ന്, ഷിക്കാഗോയിലെ രക്തസാക്ഷികളെപ്പറ്റി മുദ്രാവാക്യം വിളിക്കുന്നവർ ആയിരിക്കുമല്ലോ? 1880 കളിൽ ഷിക്കാഗോയിലെ ട്രേഡ് യൂണിയൻ രംഗത്ത് അരാജകവാദികൾക്ക് മേൽക്കൈ ഉണ്ടായിരുന്നുവെന്നും, മേയ് ദിന ചരിത്രത്തിലെ ഒരു സുപ്രധാന ഏടായ “ഹേ മാർക്കറ്റ് കലാപം” എന്ന് അറിയപ്പെടുന്ന സംഭവത്തിനു ശേഷം തൂക്കിലേറ്റപ്പെട്ട നാലുപേരും ( ഓഗസ്റ്റ് സ്പീസ്, ജോർജ് എംഗെൽ, അഡോൾഫ് ഫിഷർ, ആൽബെർട്ട് പാഴ്സൺസ്) അരാജകവാദികളായിരുന്നുവെന്നും നിങ്ങൾ അറിയണം. എത്ര എതിർപ്പ് ഉണ്ടങ്കിലും അരാജകവാദികളുടെ ചരിത്രപരമായ സംഭാവനകളെ നിങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല

2001 നവംബറിൽ തിരുവനന്തപുരത്തെ ഇ.എം.എസ്.അക്കാദമിയിൽ ,അമേരിക്കയിൽ നിന്നും എത്തിയ ഒരു അരാജകവാദി പ്രഭാഷണം നടത്തിയിരുന്നു. കേരളത്തിലെ മറ്റു പല വേദികളിലും അദ്ദേഹം എത്തിയിരുന്നു. നോം ചോംസ്കി ഒരു അരാജകവാദിയാണ്, അതിനാൽ അമേരിക്കൻ വിദേശനയത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് യാതൊരു സാധുതയുമില്ല എന്ന് അക്കാലത്ത് ആരും പറഞ്ഞു കേട്ടില്ല എന്നോർത്ത് ആശ്വാസം കൊള്ളുന്നു.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.