അങ്ങനെയിരിക്കേ, അവർ പളനിയിലേക്ക് കാൽനട പോകാൻ തീരുമാനിച്ചു. വരിവരിയാണ് നടത്തം. കുറെ ദൂരം ചെന്നപ്പോൾ ഇട്ടിക്കണ്ടപ്പൻ വീണുപോയി.
‘ഇട്ടിരാരിശ്ശേട്ടാ’ ,ഇട്ടിക്കോരൻ വിളിച്ചു. ‘മ്മടെ ഇട്ടിക്കണ്ടപ്പൻ വീണു പോയി.’
‘തിരിഞ്ഞു നോക്കണ്ട.’, ഇട്ടിരാരിശ്ശൻ പറഞ്ഞു. ‘അവന് പുഴുങ്ങിയ ചേമ്പിനോട് വലിയ ആർത്തിയായിരുന്നു. അതിൻ്റെ ഫലമാ അനുഭവിക്കുന്നത്.’
അവർ മുന്നോട്ടു നടന്നു.
അല്പം കഴിഞ്ഞപ്പോൾ ഇട്ടിക്കോരൻ വീണ്ടും വിളിച്ചു.
‘ഇട്ടിരാരിശ്ശേട്ടാ, മ്മടെ ഇട്ടിക്കുഞ്ഞപ്പനും വീണു പോയി. അവൻ പാവല്ലേ?’
‘അല്ല.’ ഇട്ടിരാരിശ്ശൻ പറഞ്ഞു. ‘അവന് ചെകിള വലിയ മീനിനോട് ആർത്തിയായിരുന്നു. തിരിഞ്ഞുനോക്കണ്ട.’
വീണ്ടും മുന്നോട്ട്. അൽപ്പം കൂടി കഴിഞ്ഞപ്പോൾ ഇട്ടിക്കോരൻ വീണ്ടും വിളിച്ചു.
‘ഇട്ടിരാരിശ്ശേട്ടാ, മ്മടെ ഇട്ടിപ്പാച്ചുവും വീണു.’
‘നന്നായിപ്പോയി.’ ഇട്ടിരാരിശ്ശൻ പറഞ്ഞു.’ വലിയ പകിടകളിക്കാരനാണെന്നാ അവൻ്റെ വിചാരം. അവൻ്റെ മേലാ മ്മടെ നാണിക്കുട്ടിയ്ക്ക് പെരുത്ത്റങ്ക്.. വീണോട്ടെ. തിരിഞ്ഞുനോക്കണ്ട.’
വീണ്ടും മുന്നോട്ട്.
അല്പം നടന്നപ്പോൾ ഇട്ടിക്കോരൻ വിളിച്ചു, അല്ല, നിലവിളിച്ചു.
‘ഊയി എൻ്റെ ഇട്ടിരാരിശ്ശേട്ടാ. ഞാനും വീണല്ലോ!’
‘അസ്സലായിപ്പോയി. പത്താൾക്കുള്ള ചോറ് ഒറ്റക്ക് തിന്നുന്ന ആർത്തിപ്പണ്ടാരല്ലെടോ നീ. മിണ്ടാണ്ട് കെടന്നോ അവിടെ.’
ഇനി നാണിക്കുട്ടിയും ഇട്ടിരാരിശ്ശനും മാത്രം.
‘ഇപ്പഴാ ഒര് സ്വസ്ഥത വന്നത്.’ ഇട്ടിരാരിശ്ശൻ പറഞ്ഞു. ‘ ആരേം കണക്കിലെടുക്കാണ്ട് നിന്നോട് മിണ്ടീം പറഞ്ഞും നടക്കാലോ.’
അവർ നടന്നു.
‘ഊയി ഇട്ടിരാരിശ്ശേട്ടാ’
‘എന്തേനും ഇബളേ?’
‘ഞാനും വീണല്ലോ!’
‘നന്നായിപ്പോയി’. ഇട്ടിരാരിശ്ശൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു. ‘വലിയ കൊടുമല കുങ്കിയാന്ന് നിനക്കൊരു വിചാരണ്ട്. അതിൻ്റെ ഫലമാ . അനുഭവിച്ചോ.’
‘എടോ ‘ നാണിക്കുട്ടി നീട്ടി വിളിച്ചു.’ ഒരാള് ചാകാൻ കിടക്കുമ്പോഴല്ല ചെറ്റവർത്തമാനം പറയേണ്ടത്. വലിയ സത്യസന്ധനാണത്രേ, കോപ്പൻ! നിൻ്റെ കൂടെ വരാൻ പറ്റാഞ്ഞത് എന്തായാലും നന്നായി. ഇനി ഏതെങ്കിലും നായിനെയും കൂട്ടി പൊയ്ക്കോ പളനിക്ക്.’
കൃതാർത്ഥതയോടെ നാണിക്കുട്ടി കണ്ണടച്ചു.
ഇട്ടിരാരിശ്ശൻ്റെ മുന്നിൽ ഒരു കൊടിച്ചിപ്പട്ടി പ്രത്യക്ഷപ്പെട്ടു.
‘വാ നായേ. നമ്മക്ക് പളനിക്ക് പോകാം.’ ഇട്ടിരാരിശ്ശൻ പറഞ്ഞു.
നായ പിറകെ നടന്നു. ഇവൻ്റെ കൂടെ നടക്കാൻ വേറേത് നായയെക്കിട്ടും എന്ന ആത്മഗതത്തോടെ. ആ ആത്മഗതത്തെയാണ് ഇതിഹാസമാനം എന്നു പറയുന്നത്.
നിരൂപകൻ. സാസ്കാരികപ്രവർത്തകൻ. മടപ്പള്ളി ഗവ. കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.