ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ശ്രീ രാജീവ് ഗാന്ധി 1989 ൽ കോഴിക്കോട് സന്ദർശിക്കുകയുണ്ടായി ഫാറൂക്ക് കോളജിൻറെ ഒരു പരിപാടിയിൽ സംബന്ധിക്കാൻ എത്തിയ അദ്ദേഹം ഫറൂഖ് നഗരത്തിൻറെ ചരിത്രവും മറ്റും ഉദ്യോഗസ്ഥർ വിവരിക്കുമ്പോൾ അങ്ങോട്ട് ഒരു ചോദ്യം: ഇവിടെ ടിപ്പു സുൽത്താൻ പണിത ഒരു കോട്ട ഉണ്ടായിരുന്നല്ലോ അതെവിടെയാണ് ?. വലിയ വാചകമൊക്കെ അടിച്ചു നിന്ന ആളുകൾ അന്തം വിട്ടു പോയി . അങ്ങിനെ ഒരു കോട്ടയെപ്പറ്റി അവർ കേട്ടിട്ടില്ല അവർക്ക് അങ്ങനെ ഒരു കോട്ട കാണിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല . പക്ഷെ അങ്ങിനെ ഒരു കോട്ട ടിപ്പു അവിടെ പണിതിരുന്നു അദ്ദേഹം മലബാർ പിടിച്ചടക്കി, അതിൻറെ തലസ്ഥാനം ഫാറൂഖ് നഗരമാക്കി മാറ്റുകയും ചാലിയാറിന് അഭിമുഖമായി നഗരത്തിനു അടുത്തു തന്നെ കുന്നിൻ പുറത്തു കോട്ട പണിയുകയും ചെയ്തിരുന്നു . തന്റെ 9000 പടയാളികൾ അഹോരാത്രം പണിയെടുത്തതു കൊണ്ടാണ് ആ കോട്ട കെട്ടാൻ ടിപ്പുവിനായത് . അപ്പോൾ ചെറിയ ഒരു കോട്ടയല്ല അതെന്നും ചരിത്രത്തിൽ അതിനു സ്ഥാനം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കണം നമ്മുടെ നാട്ടുകാർക്ക് അതൊന്നും വലിയ പിടി ഇല്ലായിരുന്നു ഉദ്യോഗസ്ഥർക്ക് തീരെയും. ഇന്ന് ഫാറൂക്ക് കോട്ട അവിടെ ഉണ്ടോ എന്ന് ഫാറൂഖ് കാർക്ക് പോലും പറഞ്ഞുതരാൻ കഴിയില്ല. പക്ഷെ രാജീവ് ഗാന്ധിയെന്ന നെഹ്രുവിൻറെ പിൻഗാമിക്ക് അതറിയാമായിരുന്നു. റോയൽ കോളജിൽ പഠിച്ചതിൻറെ ഗുണമാവാം. അല്ലെങ്കിൽ ഇന്ത്യൻ ചരിത്രം മനോഹരമായി അവതരിപ്പിച്ച നെഹ്രുവിൻറെ കൊച്ചു മകന് ചരിത്രം ഇഷ്ടവിഷയം ആയിരുന്നിരിക്കാം പക്ഷെ കേരള ജനത നാണം കെട്ട അവസരമായിരുന്നു അത്. സ്വന്തം നാടിൻറെ ചരിത്രം മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാൻ ആവാത്ത അത്ര ചരിത്ര ബോധം ഇല്ലാത്ത ഒരു ജനതയാണ് നാം എന്ന് അവിടെ രേഖപ്പെടുത്തപ്പെട്ടു .
ഇതിപ്പോൾ പറയുന്നത് രാജീവ് ഗാന്ധിയെ ആളുകൾ മനസ്സിലാക്കിയതിലെ ഒരു ശരികേട് സൂചിപ്പിക്കാൻ മാത്രമാണ് . അച്ഛൻ ഫിറോസ് ഗാന്ധിക്ക് ഏറെ ഇഷ്ടം ഉള്ള മകൻ രാജീവ് തന്നെ ആയിരുന്നു . രണ്ടിടത്തായി താമസിക്കുകയായിരുന്നു ഇന്ദിരയും ഫിറോസുമെന്നാലും അവധി ഉള്ള സമയങ്ങളിലെല്ലാം കുട്ടികളുമൊത്ത് പാർക്കുകളിലും പഠന കേന്ദ്രങ്ങളിലും ചരിത്ര സ്മാരകങ്ങളിലും പോകാൻ ഫിറോസ് സമയം കണ്ടെത്തിയിരുന്നു, ഒരു പക്ഷെ ഇന്ദിരയെക്കാൾ ലിബറലും നെഹ്രുവിനൊപ്പം ഉയർന്ന പാണ്ഡിത്യവും ,ചരിത്രബോധവും ഉ ള്ളയാളും , സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവും, ആയ ഫിറോസ് ഗാന്ധി മക്കൾക്ക് രാഷ്ട്രതന്ത്രത്തിനപ്പുറം ചരിത്രം പകർന്നു നൽകിയിരിക്കാം എന്ന് കരുതണം . അത് കൊണ്ടാണ് കമേഴ്‌സ്യൽ പൈലറ്റായി മാത്രം നാം മനസ്സിലാക്കിയ താരതമ്യേന ചെറുപ്പക്കാരനായ അദ്ദേഹം കേരളത്തിലെ ജനത്തിനു പോലും അറിയാത്ത സൂക്ഷ്മ മായ അറിവുകളിൽ കൌതുകം കൊണ്ടത് . സഞ്ജയ് ഗാന്ധിയെ കുറിച്ചാണ് എങ്കിൽ നമുക്ക് ഗുണപരമായ കാര്യം ഒന്നും എടുത്തു പറയാൻ സാധിക്കില്ല . ഇന്ദിരയുടെ അധികാരത്തിന്റെ തണലിൽ ഡൽഹിയിൽ കിരീടം വയ്ക്കാത്ത രാജാവായി വാണ ഒരാൾ . മന്ത്രി സഭയിൽ പോലും അംഗം ആയിട്ടില്ലാത്ത അയാൾക്ക് വേണ്ടി ദില്ലിയുടെ തെരുവീഥികളിൽ ട്രാഫിക് മണിക്കൂറുകൾ തടഞ്ഞു കൊണ്ട് ജനതയെ ബുദ്ധി മുട്ടിച്ചു ; മുസഫർപൂരിലെ അതിക്രമങ്ങളുടെയും തുർക്കുമാൻ ഗെയ്റ്റിലെ നിർബന്ധവന്ധ്യംകരണം പോലുള്ള സംഭവങ്ങളുടെയും പേരിൽ അറിയപ്പെട്ട അയാളിൽ, നല്ലത് പറയാനായി വല്ലതും ഉണ്ടായിരുന്നുവോ ? എന്നാൽ രാജീവ് ഗാന്ധി വ്യത്യസ്തനായിരുന്നു അധികാരത്തിൻറെ ഇടനാഴികളിൽ നിന്ന് ഒഴിഞ്ഞു നിന്ന് തൻറെ പ്രണയവും വിവാഹവും കുട്ടികളും ഒക്കെയായി ശാന്തനായി കഴിഞ്ഞിരുന്ന ഒരു ആകാശ സഞ്ചാരിയായിരുന്നു അദ്ദേഹം . പക്ഷെ ഇന്ദിരാഗാന്ധിയുടെ കൊലപാതകവും അത് വഴി ഉണ്ടായ ശൂന്യതയും നികത്താൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു . തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിച്ചു അദ്ദേഹം പ്രധാന മന്ത്രിയായി . അതെല്ലാം നമുക്ക് അറിയാവുന്ന വിഷയങ്ങൾ .
ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ൽ ബോംബെയിൽ ആണ് രാജീവ് ഗാന്ധി ജനിക്കുന്നത് . അദ്ദേഹത്തിൻറെ അന്ത്യം തമിഴ്നാടിലെ ശ്രീ പെരുമ്പത്തൂരിൽ വച്ചായിരുന്നു. നമ്മുടെ നാട് ഇലക്‌ട്രോണിക് രംഗത്ത് കുതിപ്പ് നടത്തിയതും ഗ്രാമീണ വിദ്യാഭ്യാസം സാർവത്രികമാക്കാനായി നവോദയ വിദ്യാലയങ്ങൾക്കു തുടക്കമിട്ടതും സി ഡോട്ട് എന്ന സ്ഥാപനം വഴി ടെലികമ്യൂണിക്കേഷൻ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്നതും ആധുനിക ആയുധങ്ങൾ ഇന്ത്യൻ പട്ടാളത്തിന് ലഭ്യമാക്കി ശക്തിപ്പെടുത്തിയതും പഞ്ചായത്ത് രാജിന് തുടക്കം കുറിച്ചതും ശാസ്ത്ര സാങ്കേതികരംഗത്തെ കുതിപ്പിന് കാരണമായതുമെല്ലാം രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയത് കാരണം ആണ് . ഇന്ദിരാഗാന്ധിയുടേത് , മിശ്ര സോഷ്യലിസ്റ്റ് സമ്പദ് ഘടനാ നയവും , ചേരിചേരാനയത്തിൽ ഊന്നുമ്പോഴും സോവിയറ്റ് ചായ്‌വ് പ്രകടമാക്കിയ വിദേശനയവും ആയിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നല്ല സുഹൃത്തായിരിക്കാൻ ഇന്ദിരാഗാന്ധിയുടെ കാലത്ത് സാധ്യമായിരുന്നില്ല എന്നാൽ രാജീവ് ഗാന്ധിയുടെ കാലത്ത് അതിൽ പ്രകടമായ മാറ്റം ഉണ്ടായി വന്നു . അത് പോലെ അയൽ രാജ്യങ്ങളുമായുള്ള ബന്ധം ചിലപ്പോൾ ഊഷ്മളവും ചിലപ്പോഴെല്ലാം രാഷ്ട്രീയ വൈരുദ്ധ്യം നിറഞ്ഞത് എന്ന് തോന്നലുളവാക്കുന്നതും ആയിരുന്നു. മാലിദ്വീപിൽ നടന്ന അട്ടിമറിയിൽ ഇന്ത്യയുടെ സുഹൃത്തായിരുന്ന അന്നത്തെ പ്രസിഡണ്ട് അബ്ദുൾ ഗയ്യൂമിനെ സഹായിക്കാൻ രാജിവ് ഗാന്ധി എടുത്ത നടപടികൾ പരക്കെ ശ്ലാഘിക്കപ്പെട്ടു . നേരെ മറിച്ചായിരുന്നു ശ്രീലങ്കയിൽ സമാധാന സേനയെ അയച്ച നടപടി . അത് തന്നെയായിരുന്നു തമിഴ് തീവ്രവാദി സംഘടന അദ്ദേഹത്തെ അതിദാരുണമായി വധിക്കാനുണ്ടായ കാരണവും ..
സത്യത്തിൽ രാജീവ് ഗാന്ധി എടുത്ത നടപടി ശരിയായിരുന്നു . അയൽ രാജ്യത്ത് കലാപം നടക്കുകയും അത് നമ്മുടെ രാജ്യത്ത് അഭയാർത്ഥി പ്രവാഹം സൃഷ്ടിക്കയും ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമ്പോൾ അത്തരം ഒരു നടപടി അനിവാര്യമായിവരാം, പക്ഷെ ഇന്ത്യൻ സൈനിക മേധാവികളും സൈന്യവും അത് പഴയ ആര്യൻ അധിനിവേശകാലം എന്നതുപോലെ ആഘോഷമാക്കി. അധാർമ്മികതയുടെ താണ്ഡവ നൃത്തം തമിഴ് ജനതയുടെ മേൽ ആടി തിമിർത്തപ്പോൾ തമിഴ് ജനത മാത്രമല്ല സിംഹള ജനത പോലും ഇന്ത്യൻ സേനയ്ക്ക് എതിരായി അണി നിരന്നു എന്നതാണു സത്യം . അതിൻറെ ആത്യന്തിക ഫലമായി ആ നല്ല മനുഷ്യന് തൻറെ ജീവൻ ബലി നൽകേണ്ടിവന്നു. പിന്നീട് ആ ജീവനു വില പറഞ്ഞ പ്രഭാകരനും അതേ വിധി സ്വീകരിക്കേണ്ടി വന്നു എന്നത് ചരിത്രത്തിൻറെ ക്രൂരമായ ചിരിയോ നീതിയോ തന്നെയാണ് .
ഇത്രയും നീണ്ട ആമുഖം വേണ്ടി വന്നത് , ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പറയാൻ വേണ്ടിയാണ് . രാജിവ് ഗാന്ധി വധക്കേസിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട പേരറിവാളൻ, നളിനി തുടങ്ങിയവരുടെ മോചനം സാധ്യമാക്കുന്ന തരത്തിൽ തമിഴ്നാട് ഭരണകൂടം തീരുമാനം കൈകൊണ്ടിരിക്കുന്നു. സുപ്രീം കോടതിയുടെ കശനമായ ഇടപെടൽ മൂലമാണ് കഴിഞ്ഞ ഇരുപത്തി എട്ടു വര്ഷങ്ങൾ ആയി തടവറയിൽ കഴിയുന്ന ഇവരുടെ മോചനം സാധ്യമാകുന്നത്. നളിനിയുടെ കാര്യത്തിൽ, ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് ലഭിക്കേണ്ടിയിരുന്ന പരിഗണനകൾ പലതും തട്ടി മാറ്റപ്പെട്ടു എന്നത് സത്യമാണ് അവരുടെ പേരിലെ വലിയ കുറ്റം ശിവരശൻ എന്ന തീവ്രവാദിയുടെ കൂടെ ആയിരുന്നു അവരെന്നതാണ് . ശിവരശൻ ആരായാലും അയാളുടെ കൂടെയായിരിക്കുക കൊണ്ട് വധത്തിൽ അവർക്ക് പങ്കാളിത്തം ഉണ്ടായെന്നോ ചാവേർ ബോംബ് ആയ സ്ത്രീയുമായി അവർക്ക് ബന്ധം ഉണ്ടായെന്നോ വരികയില്ല . തീവ്രവാദികൾ പലപ്പോഴും സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചു ചാവേർ ആക്കി എന്ന് വരാം. പൊട്ടിത്തെറിക്കുന്ന നിമിഷം വരെ ആ സ്ത്രീ ചാവേർ, ഒരു പക്ഷേ, താൻ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയിട്ടുണ്ടാവില്ല, പലപ്പോഴും തീവ്രവാദ സ്വഭാവം ഉള്ള സംഘടനകളുടെ പ്രവർത്തന രീതി അങ്ങിനെയാണ്. പക്ഷെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് തമിഴിലെ മിക്ക പാർട്ടി തലവന്മാർക്കും അറിവുണ്ടായിരുന്നിരിക്കാം അത് കൊണ്ടുതന്നെയാവാം മറ്റു നേതാക്കൾ ഒന്നും അപ്പോൾ ആ പരിസരങ്ങളിൽ ഇല്ലാതെ ഇരുന്നത് . ഞാൻ പേരെടുത്തു പറയാൻ ആഗ്രഹിക്കാത്ത പലരും ശരിയായി തമിഴ് തീവ്രവാദികളിൽ നിന്ന് സൂചന ലഭിച്ചവർ തന്നെ ആയിരുന്നിരിക്കണം . അങ്ങിനെയാണ് അവരിൽ പലരും തലവേദനയും മറ്റു കാരണങ്ങളും പറഞ്ഞ് തിരഞ്ഞെടുപ്പ് വേദിയിൽ നിന്ന് അകലെ ആയതും. പിന്നീട് ഉണ്ടായ അന്വേഷണം പോലും പ്രഹസനമാക്കി മാറ്റാൻ കേന്ദ്ര ഭരണകൂടം നിർബന്ധിതമായതും. സി ബി ഐ ഡയരക്ടർ ആയിരുന്ന നാരായണൻ അന്വേഷണ റിപ്പോര്ട്ട് അട്ടിമറിച്ചു എന്ന് പരസ്യമായി തന്നെ മാധ്യമങ്ങൾ ആരോപിക്കയും ചെയ്തിരുന്നു .
പേരറിവാളൻ എന്ന യുവാവിൽ നിന്ന് ഇന്നിപ്പോൾ കാണുന്ന മദ്ധ്യവയസ്ക്കനിലേക്ക് ഈ ആറടി മനുഷ്യൻ വളർന്നത് നിന്ന് തിരിയാൻ ഇടമില്ലാത്ത ഒരു ജെയിൽ സെല്ലിൽ കഴിഞ്ഞാണ്. പെരിയോർ രാഷ്ട്രീയം ഇഷ്ടപ്പെട്ടിരുന്ന ഈ ഇലക്ട്രിക്- ഇലക്‌ടോണിക്ക് ഡിപ്ലോമാക്കാരൻ വിദൂര വിദ്യാഭ്യാസം വഴി ബി സി എ ,എം സി എ എന്നിവ കരസ്ഥമാക്കിയത് ജയിലിൽ വച്ചാണ്. അതിനായിപോലും മനുഷ്യാവകാശ സംഘടനകൾ ഇടപെടേണ്ടി വന്നു . ഒരിക്കൽ പോലും തമിഴ് തീവ്രവാദ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലാത്ത ഈ മനുഷ്യൻ എങ്ങനെ രാജീവ് ഗാന്ധി വധത്തിൽ പ്രതിയാക്കപ്പെട്ടു എന്ന് അന്വേഷിച്ചാൽ അത് വിചിത്രമായി തോന്നും . ഇദ്ദേഹത്തിന് എതിരെയുള്ള കുറ്റപത്രത്തിൽ ഒരിടത്തും ഇയാൾ തമിള് പുലികളോ മറ്റു തീവ്രവാദി സംഘങ്ങളോ ആയി ബന്ധം ഉള്ള ആളാണെന്ന് ആരോപണം ഇല്ല . പിന്നെ എങ്ങനെ അറിവ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ?
ഗോവർദ്ധൻറെ യാത്രകൾ എന്ന നോവലിൽ ആനന്ദ് പറയുന്നതുപോലെ ലോക വിചാരത്തെ തൃപ്തിപ്പെടുത്താൻ കുരുക്കിന് പാകമായ ഒരു കഴുത്ത് വേണമായിരുന്നു ഭരണകൂടം നോക്കിയപ്പോൾ വലിയ പൊക്കമുള്ള, ശക്തമായ ഉടലുള്ള, കുരുക്കിന് പാകത്തിലുള്ള ഒരു കഴുത്ത് കിടക്കുന്നു എന്നാൽ അയാളെ അങ്ങ് തൂക്കി ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താം എന്ന് അധികാരി വർഗ്ഗം തീരുമാനിച്ചു .
കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ മൊഴി ഇങ്ങനെ, ‘സുഹൃത്തു ക്കളിൽ ഒരാൾ വന്നു പറഞ്ഞു, ഒരു 9 വോൾട്ട് ബാറ്ററി നഗരത്തിൽ നിന്ന് വാങ്ങി നൽകണം എന്ന് സ്വാഭാവികമായും ഞാൻ വാങ്ങി നൽകി പക്ഷേ അത് സ്‌ഫോടനത്തിനു വേണ്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു . പിന്നീട് പോലീസ് ഉദ്യോഗസ്ഥരാണ് അത് പറഞ്ഞത് . എനിക്ക് ബാറ്ററി വാങ്ങി നൽകിയതിൽ ഖേദം തോന്നി ‘എന്ന് അറിവ് മൊഴി നൽകി ‘. പക്ഷേ ത്യാഗരാജൻ എന്ന സി ബി ഐ ഓഫീസര് ആ മൊഴി മുഴുവനായും കോടതിയിൽ അവതരിപ്പിച്ചില്ല ബാറ്ററി വാങ്ങി നൽകിയെന്ന കാര്യം മാത്രം ഉൾപ്പെടുത്തി . തുടർന്ന് അയാൾ പറയുന്നു ‘ഞാൻ കരുതിയത് ആ മൊഴി തള്ളിപ്പോകും എന്നാണ് .പക്ഷേ അത് കുറ്റസമ്മത മൊഴി ആയി കണക്കിലെടുത്ത് അറിവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിക്കയും ചെയ്തു ‘. പിന്നീട് ഈ ത്യാഗരാജൻ അത് തെറ്റായിപ്പോയി എന്നും അങ്ങിനെ ഒരു വിധി ഉണ്ടാകും എന്ന് താൻ കരുതിയില്ല എന്നും പറയുകയും ചെയ്തു . ഇപ്പോൾ ത്യാഗരാജൻ മന:സാക്ഷിക്കുത്ത് സഹിയാഞ്ഞാവും ഭക്തശിരോമണി ആയി നടക്കുന്നു എന്ന് പറയപ്പെടുന്നു [ സുഹൃത്തുക്കൾ തന്ന വിവരം ] .
പിന്നീട് കോടതി വധശിക്ഷ റദ്ദാക്കി എങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തോളമായി അറിവ് ജയിലിലാണ് . നോക്കൂ; കേവലം ഒരു ചെറിയ തിരുത്ത് ഒരു മനുഷ്യനെ എങ്ങനെ കൊലക്കയറിലേയ്ക്ക് അയക്കുന്നു എന്നും ഭരണകൂടം എങ്ങനെ ഗോവർദ്ധന്മാരെ സൃഷ്ടിക്കുന്നു എന്നുമുള്ളതിനു ഉദാഹരണമായി ഈ സംഭവം എടുത്ത് പറയാനാകും ,ചെറു കുറ്റങ്ങൾക്ക് ചിലപ്പോൾ അകത്തായിപ്പോകുന്ന കുട്ടികൾക്കും യുവാക്കൾക്കും എങ്ങനെ ഭരണകൂടം മഹാകുറ്റങ്ങൾ ചുമത്തി തൂക്കുകയർ നൽകുന്നു എന്നതിന്റെ നേർചിത്രം തരുൺ തേജ്പാൽ തന്റെ സ്റ്റോറി ഓഫ് മൈ അസാസിൻസ് എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . ഉത്തരേന്ത്യൻ നഗരങ്ങളിലെ വഴിതെറ്റി പോകുന്ന കുട്ടികളുടെ ജീവിതത്തിൻറെ നേർ ചിത്രം പകർത്തി വയ്ക്കുകയാണ് ആ നോവലിൽ വെറും കല്പിത കഥയല്ല അത് . ഒരു പത്രപ്രവർത്തകൻ അയാൾ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ ഭാവനയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചതാണ് .
പക്ഷെ കൂട്ടരേ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പലപ്പോഴും കടുത്ത ആന്ധ്യം ബാധിച്ച ഒന്നായി പ്രവർത്തിക്കുമെന്ന് കൂടിയാണ് പേരറിവാളൻറെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് . തെറ്റായ ഒരു രേഖപ്പെടുത്തൽ മൂലം ഒരു യുവാവിന്റെ ജീവിതം ഇരുട്ട് നിറഞ്ഞ ഒരു മുറിയിലേക്ക് ഇരുപത്തി എട്ടുവർഷങ്ങളോളം തള്ളപ്പെട്ടതിൻറെ നേർ ചിത്രം നമുക്ക് വായിച്ചെടുക്കാം. ഇപ്പോൾ അതേ കോടതി തന്നെ ഇടപെട്ട് മധ്യവയസ്സിനു അടുത്തെത്തിയ നിലയിൽ പേരിനെ മോചിപ്പിക്കുമ്പോൾ ഇത്രകാലം അയാൾക്ക് നഷ്ടമായ യൌവനവും ജീവിതവും ആശകളും അഭിലാഷങ്ങളും ആര് തിരിച്ചു നൽകും ? ഇതേ പോലൊരു കഥ ഞാൻ മുൻപ് എന്റെ എഫ് ബി പേജിൽ എഴുതിയിരുന്നു കാസർഗോഡു നിന്ന് മദ്രാസിൽ എത്തി പച്ചക്കറി കച്ചവടം നടത്തിയ പയ്യനെ ബോംബു സ്‌ഫോടനം നടന്നതിൻറെ പേരിൽ പോലീസ് പിടിച്ചു കൊണ്ടു പോകുകയും നീണ്ട പതിനൊന്നു വർഷങ്ങൾ എന്തിനാണ് താൻ തടവിൽ അടക്കപെട്ടത് എന്നറിയാതെ ജയിലിൽ കഴിയുകയും ചെയ്ത ഒരു പയ്യൻറെ കഥ . അവൻറെ കഥ എന്നോട് പറഞ്ഞത് ഖത്തറിൽ ടാക്സി ഓടിക്കുന്ന അവൻറെ മൂത്താപ്പയാണ് . അവനോടു ഒരു ദിവസം ഒരു പോലീസുകാരൻ വന്ന്, ‘ഇതാ കുറച്ചു പൈസ നീ നാട്ടിൽ പൊയ്ക്കോ ‘എന്ന് പറഞ്ഞു . അന്നും ഇന്നും അവനു മനസിലായിട്ടില്ല, അവനു ജയില് ജിവിതം നല്കപ്പെട്ടത് എന്തിനെന്ന് . തീർച്ചയായും ഇങ്ങനെ അനേകായിരം ജീവിതങ്ങൾ ആരെന്നോ എന്തെന്നോ എന്തിനെന്നോ അറിയാതെ ഇന്ത്യൻ തടവറകളിൽ കഴിയുന്നു പലപ്പോഴും മറ്റാരാലോ ബലിയാട് ആക്കപ്പെടുന്നു .
ഇതാ ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നു അറിവിന്റെയും കൂട്ടുകാരുടെയും മോചനം സാധ്യമാക്കണം എന്ന് . പക്ഷേ വലതു തീവ്രവാദസ്വഭാവം ഉള്ള കേന്ദ്ര ഭരണകൂടം അത് വൈകിപ്പിക്കാൻ ഉള്ള ശ്രമം നടത്തുന്നു , തമിഴ് ജനതയെ കൈയിലെടുക്കാൻ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അവരെ മോചിപ്പിക്കാൻ അനുമതി കൊടുത്തു എന്ന് വരുത്തി തീര്ക്കാൻ ആണ് ശ്രമം .
തന്റെ പ്രിയപ്പെട്ട അച്ഛനെ വധിച്ചവരെന്ന് വിശ്വസിക്കപ്പെടുന്ന ആളുകൾക്ക് മാപ്പ് നൽകിക്കൊണ്ട് രാഹുൽ ഗാന്ധി എടുത്ത തീരുമാനം അഭിനന്ദനീയം ആണ് ,അതോടൊപ്പം തന്റെ മകന് വേണ്ടി ജീവിതം പോരാട്ടമാക്കിയ അർപ്പുതം അമ്മാൾ എന്ന ധീര വനിതയെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല . അതിനു പിന്തുണ നൽകിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും .
നമുക്ക് കാത്തിരിക്കാം അറിവിൻറെ മോചനത്തിനായി .പേരിന്റെ കാര്യത്തിൽ അവൻറെ അമ്മ അര്പ്പുതം അമ്മാൾ തളരാതെ ഈ ഇരുപത്തി എട്ടു വർഷങ്ങളും പോരാടുക തന്നെയായിരുന്നു മനുഷ്യാവകാശ സംഘടനകളെ കൂട്ട് പിടിച്ചും തനിച്ചും അവർ നടത്തിയ പോരാട്ടത്തിന് സമാനത ഇല്ലേയില്ല തീർച്ചയായും അവരാണ് ഈ തടവുകാരുടെയെല്ലാം മോചനത്തിന് പിന്നിൽ പ്രവർത്തിച്ച ചാലക ശക്തി . ആ വൃദ്ധ മാതാവിന്റെ കണ്ണീരിനും കൂപ്പുകൈകൾക്കും മുന്നിൽ രാജ്യത്തെ പരമോന്നതനീതിപീഠം കണ്ണ് തുറന്നിരിക്കുന്നു , അഭിനന്ദിക്കാം നമുക്കവരെ. അവരുടെ സ്നേഹത്തിനു മുന്നിൽ, ലക്ഷ്യവേധിയായ പോരാട്ടനൈരന്തര്യത്തിനു മുന്നിൽ കൂപ്പു കൈകളോടെ ..
Comments