പൂമുഖം ഓർമ്മ വേറിട്ട അധ്യാപക ചിന്തകൾ

വേറിട്ട അധ്യാപക ചിന്തകൾ

 

ഈ അധ്യാപക ദിനത്തിൽ ഓർമ്മകളുടെ അറയിൽ നിന്നും ചില അധ്യാപകരുടെ ചിതലരിക്കാത്ത ചിത്രങ്ങളെടുത്തു എന്‍റെ  മനസ്സിന്‍റെ ചുവരിൽ വീണ്ടും വരച്ചു ചേർക്കട്ടെ .

ഞാൻ താമസിച്ചിരുന്ന റെയിൽവേ കോളനിക്കു സമീപത്തുള്ള ഹേമാംബിക സംസ്കൃത ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ഞാൻ. വിദ്യാഭ്യാസ വർഷം 1958-1959. അന്നത്തെ ഞങ്ങളുടെ സംസ്കൃതാധ്യാപകനായിരുന്നു ശ്രീ പരമേശ്വരൻ കർത്താവ് .പഠിക്കുന്ന വിദ്യാർത്ഥികളായ ഞങ്ങളോടെല്ലാം മാഷ ക്ക് പ്രിയമായിരുന്നു. ഒരു ദിവസം കോടി മുണ്ടുടുത്തുവന്ന എന്നോട് സ്നേഹപൂർവ്വം ‘ നീ കോടീശ്വരനായി രിക്കുന്നുവല്ലോ’ എന്ന് അദ്ദേഹം പറയുകയുണ്ടായി. പിൽക്കാലത്ത് പക്ഷെ ഞാൻ സൗഹൃദങ്ങളുടെ കോടീശ്വരനായി മാറുകയാണ് ഉണ്ടായത് .

അന്നത്തെ പ്രധാനാധ്യാപകനായിരുന്നു സുന്ദരേശമേനോൻ മാഷ് .പിന്നീട് ഞാൻ 8 ,9 ,10 ക്ലാസ്സുകളിൽ പഠിക്കാൻ വേണ്ടി ഒരിടവേളക്ക് ശേഷം വീണ്ടും ഹേമാംബിക സ്‌കൂളിൽ എത്തുമ്പോൾ സുന്ദരേശമേനോൻ മാഷ് ഹെഡ് മാസ്റ്റർ പദവി വേണ്ടെന്നു വെച്ച് സാധാരണ അധ്യാപകനായി ക്ലാസുകൾ എടുക്കുകയായിരുന്നു.മുണ്ടും, ഫുൾ കൈ ഷർട്ടും, കഴുത്തിന് ചുറ്റും ഒരു വേഷ്ടിയും ധരിക്കുന്ന നീണ്ടു മെലിഞ്ഞ ഒരു സുന്ദരരൂപം -അതായിരുന്നു സുന്ദരേശമേനോൻ മാഷ് .മാഷെ കുറിച്ച് ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ശിവശങ്കരൻ മാഷ് എഴുതിയ , വഞ്ചിപ്പാട്ട് വൃത്തത്തിലുള്ള നാലു വരികൾ ഇങ്ങനെയാണ്

“സുന്ദരേശ മേനവൻ, സുമന്ദഹാസ സന്നിഭൻ
വിശിഷ്ട വിശ്വനാഥ ദേവനൊപ്പമെത്തി നിത്യവും
ബസ്സു നമ്പർ നാലിലാണ് മേനവൻ വരുന്നതും
ഈ സരസ്വതീ നികേതമെത്തിടുന്നതും മോദാൽ. ”

വിശ്വനാഥൻ മാഷ് ജനറൽ സയൻസ് ആണ് എടുത്തിരുന്നത് .
പ്രാസപ്രിയനായിരുന്ന ശിവശങ്കരൻ മാഷ് ദുഷ്യന്തനെക്കുറിച്ചു ക്ലാസ്സിൽ പറഞ്ഞതും എനിക്കോർമ്മ വരുന്നു .
“എട്ടും പൊട്ടും തിരിയാത്ത പൊട്ടിപ്പെണ്ണിനെ പട്ടമഹിഷിയാക്കാമെന്നു പറഞ്ഞു പാട്ടിലാക്കിയ പാര്‍ത്ഥിപന്‍………..” സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകനായിരുന്ന സുന്ദരേശമേനോൻ മാഷ്, ചിലപ്പോൾ, ശിവശങ്കരൻ മാഷ് ലീവെടുക്കുമ്പോൾ മലയാളം എടുക്കാറുണ്ടായിരുന്നു.”ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ- കാട്ടിലെ പൊയ്കയിൽ പോയി നീന്താം ” എന്ന പദ്യം ഗദ്യത്തിൽ ചൊല്ലിത്തുടങ്ങും .കുറച്ചു കഴിയുമ്പോൾ പിൻ സീറ്റിലിരിക്കുന്ന ഉയരമുള്ള കുട്ടികൾ ‘മതി സാർ ‘എന്ന് പറഞ്ഞാല്‍ ‘ഇനി നാളെയാകാം’ എന്ന് പറഞ്ഞു അദ്ദേഹം നിർത്തും .ഞങ്ങളും മാഷും പിന്നെ അടുത്ത പീരിയഡ് വരെ വെറുതെ ഇരിക്കും.

പിൻ ബെഞ്ചിലെ കുട്ടികൾക്കാണ് ക്ലാസ്സിൽ എപ്പോഴും മേൽക്കൈ ഉണ്ടായിരുന്നത്.സോഷ്യൽ സ്റ്റഡീസിന്‍റെ മാർക്കിട്ട ഉത്തരക്കടലാസ്സുകൾ വിതരണം ചെയ്യുമ്പോൾ അദ്ദേഹം പറയും.
‘എല്ലാവരും നന്നായി എഴുതിയിട്ടുണ്ട്; എല്ലാവർക്കും ഞാൻ നല്ലവണ്ണം മാർക്കിട്ടിട്ടുണ്ട് ‘മുൻ ബെഞ്ചിലിരിക്കുന്ന ഞങ്ങൾ പലർക്കും മാർക്ക് കുറവായിരിക്കും കാരണം ചില ഉത്തരങ്ങൾക്കു മാർക്കിട്ടിട്ടുണ്ടാവില്ല. അത് പറയുമ്പോൾ പിൻ ബഞ്ചിലിരിക്കുന്ന കുട്ടികൾ എതിർക്കും. ‘സർ, ഇവൻ എല്ലാ ക്‌ളാസ്സിലും ഇങ്ങനെയാണ് ‘ എന്ന് അവർ പറയുമ്പോൾ ഉടനെ മാഷ് പറയും
“ശരിയാണ് അവർ പറയുന്നത്; നീ കിട്ടിയ മാർക്ക് കൊണ്ട് തൃപ്തിപ്പെടണം “

ഒരു ദിവസം, മുൻസീറ്റിലെ കുട്ടിയെ ഒരു തർക്കത്തിനിടയിൽ മാഷ്, അടുത്തിരുന്ന കുട്ടിയുടെ പ്ലാസ്റ്റിക് സ്കെയിൽ എടുത്തു അടിച്ചപ്പോൾ സ്കെയിൽ പൊട്ടി .ഉടനെ മാഷ് അടികിട്ടിയ കുട്ടിയോട് പറഞ്ഞു.
” നിന്നെ അടിച്ചിട്ടാണ് അവന്‍റെ സ്കെയില്‍ പൊട്ടിയത്.നാളെ നീ അവന് പുതിയ  സ്കെയിൽ വാങ്ങി കൊടുക്കണം “

സുന്ദരേശമേനോൻ മാഷ് ഒരു കുട്ടിയെ പോലെ നിഷ്കളങ്കനായിരുന്നു. ഞാൻ മാഷുടെ പ്രിയപ്പെട്ട വിദ്യാർത്ഥി അല്ലായിരുന്നവെങ്കിലും മാഷ് എന്‍റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു.

നാലുപേരും ഇന്നില്ല ഞാൻ മാത്രം ബാക്കിയായി. കാലയവനികക്കു പിന്നിൽ ഇരുന്ന് അവർ എന്‍റെ മേൽ അനുഗ്രഹാശിസ്സുകൾ ചൊരിയട്ടെ .

Comments

രാമചന്ദ്രന്‍ കോഴിപ്പുറത്ത് -വിരമിച്ച ബാങ്ക് ഓഫീസര്‍ (SBI)- പാലക്കാട് വിശ്രമ ജീവിതം -വായനക്കാരന്‍ -സാഹിത്യാസ്വാദകന്‍- ഒരു വലിയ സുഹൃദ് വലയത്തിന്‍റെ ഉടമ .

You may also like