പൂമുഖം LITERATUREലേഖനം ചായത്തിലേക്കു തിരിച്ചു പോയ ചിത്രങ്ങൾ

ചായത്തിലേക്കു തിരിച്ചു പോയ ചിത്രങ്ങൾ

 

ണ്ട്ദിവസം മുൻപാണ് ക്യാമ്പിൽ നിന്ന് വന്നത് .., മെസ്സേജുകൾ കണ്ടിരുന്നു . ഒന്നിനും സമയമുണ്ടായിരുന്നില്ല “

പ്രളയം തുടങ്ങിയ അന്നു തൊട്ട് അറിയാവുന്ന വഴിയൊക്കെ നോക്കിയിട്ടും പ്രിയ സുഹൃത്തിനെ കുറിച്ച് വിവരം കിട്ടിയിരുന്നില്ല.അയൽ ഗ്രാമത്തിലുള്ള കൂട്ടു കാരിയുടെ മകൾ, തൻറെ വീട് താണ നിലത്തുള്ള ഗ്രാമവാസികൾക്ക് തുറന്നിട്ട് കൊടുത്തു കുടുംബ വീട്ടിലേക്കു പോവുന്നതറിയിച്ചിരുന്നു.പിന്നെ അവിടെയും മൊബൈൽ നിശ്ശബ്ദമായി. വീട്ടിൽ വെള്ളം കയറിയതിനാൽ അടുത്തുള്ള ബഹുനിലക്കട്ടിടത്തിൻറെ മുകളിലേക്കു കൂടു മാറിയ മറ്റൊരാൾ ക്യാമ്പിലെ അടുക്കളയിൽ ജീവനകല ആവിഷ്കരിക്കുകയാണെന്നും അറിഞ്ഞു. . പ്രദേശം പൂർണമായും വെള്ളത്തിലാണെന്നു വാർത്തകളിൽ കണ്ടു സുഹൃത്തിന് ,ഭാര്യയും, മകനും, വയസ്സായ അച്ഛനും അമ്മയും, അൽപ്പം പരസഹായം ആവശ്യമുള്ള സഹോദരിയും ഉണ്ട് . വെച്ചൂർ പശുവും കാസർഗോഡ് കുള്ളനും ഉണ്ട് വിശ്വസ്തൻ നായ എ പ്പോഴും കൂടെയുണ്ട് . തോട്ടത്തിൽ വള്ളിക്കുടിലുകൾ പണിതു കിളികൾക്കു വിരുന്നൊരുക്കിയിട്ടുണ്ട്.ഓണത്തിനും വിഷുവിനും അല്ലാത്തപ്പോഴും ഒരു മുറം പച്ചക്കറി കിട്ടുന്ന തൊടിയാണ് . ഉണ്ണാനുള്ള നെല്ല് വിളയുന്ന പാട ങ്ങളാണ് അതിർത്തി.. ജോലി കഴിഞ്ഞു വന്നാൽ വീട്ടുജോലി ചെയ്യുന്നഭാര്യയും ഡിഗ്രി വിദ്യാർത്ഥിയായ മകനും ചേർന്ന് അന്തിയാവുന്നതുവരെ തൊടിയിലും പറമ്പിലുമാണ്.
കഴിഞ്ഞില്ല . പെരിയാറൊഴുകുന്ന ഗ്രാമത്തിലെ വീട്ടിൽ ചുമരിലും മതിലിലും മുഴുവൻ രണ്ടുപേരും ചേർന്ന് വരച്ച ചിത്രങ്ങളാണ് . അങ്ങിങ്ങായി മണ്ണ് കൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും മെനഞ്ഞ ശില്പങ്ങ ളും സ്ഥാനം പിടിച്ചിരിക്കും.. മൂന്നു ദശാബ്ദക്കാലത്തെ തിരഞ്ഞെടുത്ത ആഴ്ചപ്പതിപ്പുകൾ ,നൂറുകണക്കിനുള്ള പുസ്തകങ്ങൾ എന്നിവയുള്ള മുറി കിടപ്പറയേക്കാൾ നന്നായി ക്രമീകരിക്കപ്പെട്ടതാണ് . ….

എന്തായിട്ടുണ്ടാവും …വല്ല വീട്ടിലേക്കും മാറിയിട്ടുണ്ടാവും . അപ്പോൾ വളർത്തു മൃഗങ്ങൾ ?

അപ്പോഴാണ് വിളി വന്നത്.ശബ്ദത്തിൽ ഒരു പ ത ർച്ചയും കണ്ടില്ല . സമാധാനമായി .അത്ര വേഗം പതറുന്ന ആളല്ല .
,
“എനിക്ക് വിഷമമില്ല. എന്നല്ല എനിക്ക് സന്തോഷമാണ് ..ഞങ്ങൾ എല്ലാവരും ശുദ്ധീകരിക്കപ്പെട്ടതു പോലെ .
അച്ഛൻ ‘അമ്മ .എല്ലാവരും ശാന്തരായിരിക്കുന്നു ….അഞ്ചു ദിവസങ്ങൾ പുതിയ ഉൾക്കാഴ്ചകൾ തന്നു എന്നെ ഭാരമില്ലാത്തവനാക്കി..കയ്യിൽ കരുതിയ കുറച്ചുപണം പുഴയിലായിരിക്കും കളഞ്ഞു പോയത് മൊബൈൽ ബാങ്കിങ് നു പുറമെ,പേ ടി എം ,യു പി ഐ എന്നിവ സജ്ജമാണ് . പക്ഷെ കരയിലെത്തുമ്പോൾ തന്നെ ചാർജ് കഴിയാറായിരുന്നു .. ഒന്നിന്റെയുംആവശ്യവും വന്നില്ല. എല്ലാം സൗജന്യം . കൈനീട്ടി ഭക്ഷണപ്പൊതി വാങ്ങാൻ വരിനിന്നപ്പോൾ . ഒരു മുഖവും താണി രുന്നില്ല .
മടങ്ങി വന്ന ദിവസം തന്നെ വീട് വൃത്തിയാക്കാൻ ആരൊക്കെയോ വന്നു..ഇന്ന് പോയി വീട്ടിൽ എല്ലാവർക്കും രണ്ട് ജോഡി വസ്ത്രങ്ങളും ഓരോ ജോടി ബെഡ് ഷീറ്റുകളും വാങ്ങി. പാത്രങ്ങൾ എ വിടെ പോയെന്നറിയില്ല.ഒഴുക്കിൽ പെട്ടതാവും . മറ്റുപകരണങ്ങളൊക്കെ തൊടിയിൽ അവിടവിടെ ഉണ്ടെന്നു തോന്നുന്നു. ക്യാമ്പിൽ വെള്ളം ഏറ്റവും കുറവ് ചിലവാക്കേണ്ടത് മുൻനിർത്തി , പൊതിയല്ലാത്തപ്പോഴൊക്കെ ഞങ്ങൾ എല്ലാവരും ഒരേ പാത്രത്തിൽ നിന്നാണ് കഴിച്ചത് . അവസാനം ഒന്ന് വെടിപ്പാക്കിയാൽ മതിയല്ലോ . ഇപ്പോഴും അത്യാവശ്യം പാ ത്രങ്ങളെ വാങ്ങിയു ള്ളൂ..ക്യാമ്പിൽ നിന്ന് സ്വീകരിച്ചില്ല .മുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു അമ്മയുടെ ഉറപ്പ് .തിരിച്ചു വന്നപ്പോൾ മുകളിലു മില്ല ചുവ ട്ടിലു മില്ല എല്ലായിടത്തും വെള്ളം കയറിയിറങ്ങിപോയ പാടുണ്ട് . ഇറയത്തു ഒന്നുരണ്ട് മൺപാത്രങ്ങൾ മാത്രം കമിഴ്ന്നു കിടന്നിരുന്നു .

വെള്ളം പൊങ്ങി തുടങ്ങിയപ്പോൾ ഉയരത്തിലുള്ള ബന്ധു വീട്ടിലേക്കു മാറിയാലോ എന്നു അച്ഛനോട് ചോദിച്ചിരുന്നു. വേണ്ട ,ചുറ്റുമുള്ളവരോടൊ പ്പം നമുക്കും നീങ്ങാമെന്നായിരുന്നു തൊണ്ണൂറു കഴിഞ്ഞയാളുടെ മറുപടി. ‘നമുക്ക് നോക്കാം. ഇത്രക്കൊക്കെ വെള്ളം കേറുംന്നു തോന്നുന്നില്ല ‘ എന്നായിരുന്നു, മറ്റൊരു വീട്ടിൽ അന്തിയുറങ്ങാൻ മടിയുള്ള അ മ്മയുടെ നിലപാട് .ഇടക്കിടെ മുറ്റത്തിറങ്ങി വയൽക്കരയിലേക്കു എത്തി നോക്കുന്നുണ്ട് പക്ഷെ ,വെള്ളംകയറിയപ്പോൾ മുൻവശത്തെ പടി കടന്നല്ല വന്നത് . ക്ലോസറ്റിലും അടുക്കളയിലും ഒപ്പം കയറുകയാണ്.ഇറങ്ങാൻ തീരുമാനിക്കുമ്പോഴേക്കും മുഖ പരിചയമുള്ള വരും ,പേരിതുവരെ ചോദിക്കാത്തവരുമായ രണ്ടാളുകൾ ഓടി വന്നു അച്ഛനെ കസേരയിലിരുത്തി പുറത്തേക്കു കൊണ്ടു പോയി . പിന്നാലെ ഞങ്ങളും വെള്ളത്തിൽ കൈപിടിച്ചും കെട്ടിപ്പിടിച്ചും വെള്ളത്തിനെതിരെ നടന്ന് , കുന്നുംപുറത്തെ അമ്പല മുറ്റത്തെ ക്യാമ്പിലെത്തി . പ്രസവിക്കാറായ പശുവിനെ തലേദിവസം തന്നെ അയൽക്കാർ ക്യാമ്പിനടുത്തെത്തിച്ചിരുന്നു.

ക്യാമ്പിൽ മേൽവസ്ത്രങ്ങൾ ഉടൻ ലഭിച്ചു. അടിവസ്ത്രങ്ങൾ മാറിയിട്ടില്ല എന്ന് നാലാം ദിവസം പുതിയവ കയ്യിലെത്തിയപ്പോഴാണോ ർത്തതു .ഏതു കാലത്തും രണ്ടുനേരം കുളിമുടക്കാറില്ല എന്നത് പോലും ഓർത്തില്ല .ഓർക്കാനെവിടെ അവസരം… ക്യാമ്പിലെ കുട്ടികളിൽ ചിലരെ കൂട്ടി ചുറ്റി നടന്നു കിട്ടിയിടത്ത് നിന്ന് കഴിച്ചു. കപ്പയും കട്ടനുമൊക്കെ എന്ത് ര സമെന്നു മകൻ . വിഷമിച്ചു, വയ്യാതായവരോടൊക്കെ കഴിയുന്നത്ര തമാശകൾ പറയാൻ ശ്രമിച്ചു .
.
ആദ്യദിവസം രാത്രി രണ്ട് മണിയായപ്പോൾ മൂത്ര ശങ്ക. ഒരു ബെഞ്ചിൽ മകനും ഞാനും രണ്ട് ദിശയിലേക്കു തലവെച്ചു കിടക്കുകയായിരുന്നു. കാൽ താഴെ ഊന്നിയാൽ ആരെയെങ്കിലും ചവിട്ടും . കറന്റ് ഇല്ല മൊബൈലിൽ ചാർജും. വൈകി കയറിയത് കൊണ്ട് ശുചിമുറികൾ ഏതുവശത്താണെന്നു നോക്കി വെച്ചിരുന്നില്ല. പിന്നെ ഉറക്കം വരില്ല എന്നതാണല്ലോ രീതി. അത് കൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു ഇരുട്ടിലേക്ക് കണ്ണ് കൂർപ്പിച്ചു വഴി കണ്ട്പിടിക്കാൻ ശ്രമിച്ചു . ഇടതു വശത്തു ഒരു വാതിലാണോ..?. അങ്ങനെ ഇരുന്നു മണിക്കൂറുകൾ. അപ്പോൾ എന്റെ ഒരേയൊരു പ്രാർത്ഥന എന്താ യിരുന്നെന്നോ? രണ്ട് മൂന്നുപേർക്കും കൂടി മൂത്രമൊഴിക്കാൻ തോന്നണേ എന്ന്.. ..

ഞാൻ മനുഷ്യൻറെ ഈഗോയെക്കുറിച്ചു ചേച്ചിയോടെപ്പോഴും പറയാറുണ്ട്..ഞാൻ എളിയവൻ എന്ന് വ്യംഗ്യ ഭാഷയിൽ സൂചിപ്പിക്കുകയായിരുന്നുവോ ഞാൻ ? ആത്മാർഥമായി ജീവിച്ചവൻ , മണ്ണിൽ പണിയാൻ മടി യില്ലാത്തവൻ , ലളിത വസ്ത്ര ധാരി,വീട്ടിൽ വിളയുന്നതെന്തും വഴിപോക്കർക്കും പറവകൾക്കും യഥേഷ്ടം എടുക്കാമെന്ന് കണ്ണടക്കുന്ന പ്രകൃതി സ്‌നേഹി, ചിത്രം വരയ്ക്കാൻ രാവേറെ ചെല്ലും വരെ ഉറക്കമൊഴിക്കുന്ന കലാകാരൻ ..ആ ഞാനാണ് ക്യാമ്പിൽ പോയി ജ്ഞാനസ്നാനം ചെയ്യപ്പെട്ടത് .

.ഒപ്പം മറ്റുള്ളവരും.’ഇന്നും നാളെയുംവീട്ടിൽ എല്ലാവർക്കും പുതിയ ഉടുപ്പാണല്ലോ ‘ എന്നാണച്ഛൻറെ ചിരി .’.അല്ലെങ്കിലും നിനക്ക് തുണി വാങ്ങി കൂട്ടിവെക്കല് ഇത്തിരി കൂടുതലായിരുന്നു എന്ന് ‘അമ്മ മരുമകളോട് ..’ഒക്കെ ആവശ്യത്തിനേ വേണ്ടുള്ളൂ.. ഏറെ ചിത്രം ഓട്ട പ്പെടും എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിരിക്കുണു ‘.. .”.അതിപ്പോ ഞാനായിരുന്നോ അതോ അമ്മയോ “എന്ന് ഇനിയൊരാൾ ….

ഇനി ഓടി ചെന്ന് എല്ലാം കൂടി വാങ്ങി കൂട്ടണ്ട .. ‘അമ്മ പറഞ്ഞു. ഇത്തിരിയൊക്കെ മതി നമുക്ക്. അപ്പപ്പോൾ വേണ്ടത് വാങ്ങി ഉണ്ടാക്കി കഴിച്ചാൽ പോരെ ? ‘അങ്ങാടിയിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ മുൻകരുതലായി അധികം വാങ്ങി കരുതിയ പലചരക്കു ഡബ്ബകൾ പടിയിറങ്ങി നിരത്തിലടിഞ്ഞിരുന്നു . മുകളിൽ കയറ്റി വിട്ടു പോയ നായയെ തേടി കോണി ഓടിക്കയറിയപ്പോൾ ഞാൻ തെന്നി വീണത് കണ്ട് മകനും അവന്റെ അമ്മയും നിലവിളിച്ചു. ഒന്നും പറ്റിയില്ല നാലുഭാഗവും കുതിർന്നു വീർത്തു കിടന്ന കുഷനുകളുണ്ടായിരുന്നു താങ്ങാൻ .

മുഴുവനാക്കിയതും പാതി വരച്ചതും ആയ എല്ലാ ചിത്രങ്ങളും ചായത്തിലേക്കു തിരിച്ചു പോയി. ഒരു ബുദ്ധൻറെ കളിമൺ ബിംബം ഓർമ്മയില്ലേ? അത് മാത്രം എവിടെയോ തടഞ്ഞുനിന്നു കണ്ടെടുക്കപ്പെട്ടു .

നീയൊക്കെ ഇത്രയേ ഉള്ളൂ എന്നാണ് ആർത്തലച്ച വെള്ളം വിളിച്ചുപറഞ്ഞിട്ട് പോയത് ..വാഹനങ്ങൾ പറപ്പിക്കാൻ പഠിച്ചതിനൊപ്പം ഇത്തിരി നീന്താൻ കൂടി പഠിച്ചിരുന്നെങ്കിലോ എന്നാണ് തോളിൽ കുഞ്ഞിനെ കിടത്തി ഞങ്ങളെ മറികടന്നു നീന്തി പോയ അർദ്ധ നഗ്നൻ തിരിഞ്ഞു നോക്കിയത് .

തോട്ടത്തിൽ എല്ലാ ചെടികളും ഭയപ്പെട്ടു ചളിയിൽ മുഖം പൂഴ്ത്തിയിരിക്കുന്നു . ചേച്ചി നോക്കിക്കോ , ഞാൻ അവയെ കുളിപ്പിച്ച് തുവർത്തും. വള്ളിക്കുടിലുകൾ പുതുതായി പണിയും..നാളെ ഒരു പക്ഷെ ആദ്യത്തെ കിളി മടങ്ങി വന്നേക്കും .

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like