കേരളം ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ,ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ദിനങ്ങളാണ് കടന്നു പോയത്. അത് ഇപ്പോഴും പല മേഖലകളിലും തുടർന്ന് കൊണ്ടിരിക്കുകയുമാണ്. നിങ്ങളോരോരുത്തരും ആ യന്ത്രത്തിന്റെ ഭാഗമായിരുന്നു. അത് കൊണ്ട് തന്നെ അത്തരം പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങൾ നിരത്തുന്നത് ഭീമാബദ്ധമാവും.
എന്നാലും ഒരുദാഹരണം പറയാതെ വയ്യ. പ്രളയത്തിന്റെ മൂന്നാം ദിവസം ഒരു സന്ദേശം കിട്ടി. ചെങ്ങന്നൂരിലുള്ള ഒരാശുപത്രിയിൽ ഓക്സിജൻ സപ്ലൈ അത്യാവശ്യമാണെന്ന്. ഇനിയും വൈകിയാൽ അത്യാഹിതമുണ്ടാകുമെന്നു. മറ്റു പലരോടുമൊപ്പം ചില എൻ ജി ഓ കളെയും ഐ എം എ യെയുമൊക്കെ ബന്ധപ്പെട്ടു. ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്ന് തന്നെ സന്ദേശം കിട്ടി. താൽക്കാലിക സപ്ലൈ കരുനാഗപ്പള്ളിയിൽ നിന്ന് എത്തിച്ചേർന്നുവെന്നു. വിവിധ ഏജൻസികളും സർക്കാർ സംവിധാനങ്ങളും അത്രയേറെ കോർഡിനേഷനോട് കൂടിയാണ് പ്രവർത്തിച്ചിരുന്നത്. നോക്കൂ ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാതിരുന്നതു മൂലം,പ്രളയമോ ഗതാഗത തടസ്സങ്ങളോ ഇല്ലാതിരുന്ന ഒരു സമയത്തു,നൂറിലധികം കുട്ടികൾ മരിച്ച ഒരു രാജ്യത്തു ഇരുന്നാണ് നാം സംസാരിക്കുന്നതു. സർക്കാരും സമാന്തര സംവിധാനങ്ങളും അത്രയേറെ ഉണർന്നു പ്രവർത്തിച്ചത് കൊണ്ടാണ് ഒരു വലിയ ദുരന്തം ഒഴിവായത്.
വലിയ വലിയ കാര്യങ്ങൾക്കു മുന്നിൽ ചെറിയ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടാവാം എന്ന് ആശ്വസിക്കുന്നവരോട് ഒരു വാക്കു. ശനിയാഴ്ച കിട്ടിയ ഒരു സന്ദേശം എറണാകുളം വെണ്ണലയിലെ ക്യാമ്പിൽ പുരുഷന്മാരുടെ ഷർട്ട് സൈസ് 44 ലഭ്യമല്ല എന്നായിരുന്നു. അത്ര സൂക്ഷ്മമായാണ് കമ്മ്യുണിക്കേഷനും കോർഡിനേഷനും ഉണ്ടായത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം വിവിധ എൻ ജി ഓ കളും, സാധാരണ മനുഷ്യരും, പ്രവാസികളും വിദ്യാർത്ഥികളും കൈമെയ് മറന്നു രാത്രിയും പകലും പ്രവർത്തിച്ചു, ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അല്പം മുമ്പ് കൊല്ലം കോർപറേഷൻ കളക്ഷൻ സെന്ററിൽ നിന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞത് ഇവിടെ മുഴുവൻ വിദ്യാർത്ഥികൾ ആണെന്നാണ്, നമ്മുടെ യുവതയെ ഓർത്തു നമ്മൾ അഭിമാനിക്കണം എന്നാണു, അവർ തീർച്ചയായും ഒരു മഹത്തായ രാജ്യം കെട്ടിപ്പടുക്കും എന്നാണു
വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നല്ല. തീർച്ചയായും ഉണ്ടാവും ഇത്ര വലിയ, നമ്മൾ ഒരിക്കലും കണ്ടോ, കേട്ടോ അറിഞ്ഞിട്ടില്ലാത്ത ദുരന്തത്തെ നേരിടുമ്പോൾ ഒരു വീഴ്ചകളും ഉണ്ടാവാതിരിക്കണമെങ്കിൽ നമ്മൾ അമാനുഷരായിരിക്കണം. മരം കാണുന്നവൻ കാട് കാണുന്നില്ലെന്ന് പറഞ്ഞത് പോലെയാകരുതു വിമർശനങ്ങൾ. നോക്കൂ കുട്ടനാട്ടിൽ ഒരു താലൂക്കിലെ 98 ശതമാനം ജനങ്ങളെയുമാണ് നമ്മൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ദുരിതത്തിൽ അകപ്പെട്ടിരിക്കുന്ന അവസാന ആളെയും അന്വേഷിച്ചാണ് നമ്മൾ പോയത്. മറ്റു പല സംസ്ഥാനങ്ങളിലും അതാവില്ലായിരുന്നു സ്ഥിതി. കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടലുകൾ മറ്റേതൊരു സംസ്ഥാനത്തിനുമെന്നത് പോലെ കൃത്യവും കരുതലോടെയുള്ളതും നില നിൽക്കുന്ന നിയമങ്ങൾക്കനുസരിച്ചും മുൻ കീഴ്‌വഴക്കങ്ങൾ പിന്തുടരുന്നവയും ആയിരുന്നു. പ്രഖ്യാപിച്ച ഇടക്കാല സഹായ ധനവും മറ്റു സംസ്ഥാനങ്ങൾക്ക് മുമ്പ് അനുവദിക്കപ്പെട്ട മാതൃകകൾ പിന്തുടർന്ന് തന്നെയുമാണ്. അത് വിവാദമാകുന്നത് നമ്മുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ നിലവാരവും പ്രതീക്ഷകളും പ്രതികരണങ്ങളും ആ ശരാശരിക്ക് മുകളിൽ ആണെന്നത് കൊണ്ടാണ്. കേരളാ മോഡൽ ദുരന്തത്തിലകപ്പെട്ട അവസാന ആളിനെ കൂടി കണ്ടു കൊണ്ടുള്ളതാണ്. ജീവ രക്ഷയും ദുരിതാശ്വാസ ക്യാമ്പും കടന്നു വീട്ടിലേക്കു മടങ്ങുന്നവരുടെ സുരക്ഷയും പുനർ നിർമ്മാണവും ഒരു വലിയ വികസിത നഗരത്തെ പോലെ ആദ്യ ദിനങ്ങളിൽ തന്നെ നമ്മൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അവർക്കു അപരിചിതമാണ്. ഓർക്കുക 38000 സ്‌ക്വയർ കിലോ മീറ്റർ വരുന്ന ഒരു മുഴുവൻ സംസ്ഥാനത്തെയും നിശ്ചലമാക്കിയ ഒരു ദുരന്തമാണിത്. അത് ഒരു നഗരത്തിലോ എന്തെങ്കിലും പോക്കറ്റിലോ ഒതുങ്ങിയതായിരുന്നില്ല
മൽസ്യ തൊഴിലാളികൾ രാവും പകലും മറന്നു നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കേരള ചരിത്രത്തിൽ എന്നെന്നേക്കുമായി സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടുന്നവയാണ്. കൊല്ലം ശക്തികുളങ്ങരയിലുള്ള ഒരു സുഹൃത്തിനെ അല്പം മുമ്പ് ഒരു അനുഭവക്കുറിപ്പിനായി വിളിച്ചപ്പോൾ അയാൾ പറഞ്ഞത് ഞാൻ ഇപ്പോഴും ചെങ്ങന്നൂരാണെന്നാണ്.
നിരവധി കുടുംബങ്ങളെ ഒപ്പം താമസിപ്പിച്ചവർ, പരിചയമില്ലാത്തവർക്കായി വീടിന്റെ വാതിലുകൾ തുറന്നിട്ടവർ. നെഞ്ചോളം വെള്ളത്തിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ അയൽക്കാരെ അന്വേഷിച്ചു പോയവർ. കിലോ മീറ്ററുകൾ യാത്ര ചെയ്തു പ്രളയമേഖലയിൽ പ്രവർത്തങ്ങൾക്കായി എത്തിയ സാധാരണ മനുഷ്യർ. പ്രളയത്തിലകപ്പെട്ടു പോയവരുടെ ഫോൺ നമ്പറുകൾ ട്രേസ് ചെയ്തു ജിയോ ലൊക്കേഷനുകൾ സുരക്ഷാ സംവിധാനങ്ങളെ അറിയിച്ചവർ, ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കിയവർ, ഉണ്ണാതെ ഉറങ്ങാതെ ദിവസങ്ങളോളം പ്രളയബാധിതരോടൊപ്പം പ്രവർത്തന നിരതരായതു ലക്ഷക്കണക്കിന് വരുന്ന സുമനസ്സുകളാണ്
വെള്ളമിറങ്ങി തുടങ്ങുമ്പോൾ ഗൗരവമായി ചർച്ച ചെയ്യേണ്ടുന്ന പുതു പരിസ്ഥിതി സമീപനങ്ങൾ വിവിധ മേഖലയിലുള്ള വിദഗ്ദർ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാൽ അതിനേക്കാളുപരി അനാവശ്യ വിവാദങ്ങളും ഉത്തരവാദ രഹിതമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമാണ് ചർച്ച ചെയ്യപ്പെടുന്നത്.
ഒരു സമൂഹത്തിൽ എല്ലാ വിധ മനുഷ്യരും എല്ലായിപ്പോഴും ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് വ്യാമോഹിക്കുന്നതു മൂഢതയാവും. മൂന്നു ദിവസം, പ്രവാസത്തിലെങ്കിലും പ്രളയത്തിന് നടുവിലെന്നതു പോലെ കഴിഞ്ഞ ശേഷം ആദ്യ ദിവസം ഓഫീസിൽ പോയപ്പോൾ സഹപ്രവർത്തകയായ, വിദ്യാ സമ്പന്നയായ, എപ്പോഴും പൊളിറ്റിക്കലി കറക്ട് ആയി മാത്രം സംസാരിക്കുന്ന നോർത്തിന്ത്യൻ യുവതി ചോദിച്ചത് ഈ പണമൊക്കെ മുഖ്യമന്ത്രി കൃത്യമായി വിനിയോഗിക്കുമെന്നു ഉറപ്പുണ്ടോ എന്നാണു. അത്തരമൊരു സംശയം അവരിൽ ജനിപ്പിച്ചതിനു കാരണക്കാർ നമ്മിലെ ഒരു തീരെ ചെറിയ ന്യുന പക്ഷം തന്നെയാണ്. അത് പോലെ ഒരു ദ്രോഹം തന്നെയാണ് കണ്ണുമടച്ചു എന്തിനും ഏതിനും നിരന്തരം കേന്ദ്ര ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നവരും ചെയ്യുന്നത്
നമുക്ക് ഒരുമിച്ചു ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്
മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.