പൂമുഖം LITERATUREകവിത കവിതത്തുള്ളികൾ

കവിതത്തുള്ളികൾ

 

ശൂന്യമായ എന്റെ 
ഏകാന്തതയെ
നീ
തിരസ്കാരം കൊണ്ട്
നിറയ്ക്കുന്നുവല്ലോ.

.

കണ്ണിൽ കടൽ തുളുമ്പാതെ നിറുത്തുന്ന
നിന്റെ ഈ അഭ്യാസം കൊള്ളാം.

നിലാവിനെ എന്തിനാണ് നിന്റെ കണ്ണിൽ
ജീവപര്യന്തം തടവിനിട്ടിരിക്കുന്നത്.
.

മുള്ളിന്റെ മുന നീ കൂർപ്പിച്ചോ
പൂവിനു മണം കൊടുക്കുന്ന പണി
ഞാൻ ചെയ്തോളാം.

.

ഈ പരമ ശാന്തതയുടെ
രഹസ്യമെന്തെന്നോ?

എന്നിൽ നിന്നു തടവു ചാടിപ്പോയ ഞാൻ
എന്നെ തടവിലിടൂ എന്ന്
മടങ്ങി വന്നതു തന്നെ.

.
കല്ലിൽ അടിച്ചു പിഴിഞ്ഞ്
നീലം മുക്കി
തോരാനിട്ടിട്ടുണ്ട് നിലാവിനെ.

കാർമേഘങ്ങളുമൊത്ത് കളിക്കാൻ പോയി ‘കറ നല്ലതാണ് ‘ എന്നും പറഞ്ഞു വരും,
എനിക്കറിയാം.

നിലാവിന്റെ യൂസർ മാന്വലിലാണെങ്കിൽ വാഷിങ്ങ് മെഷീനിലിട്ട് അലക്കരുതെന്നുമുണ്ട്.

എത്ര തവണയെന്നു വെച്ചാണ്
ഞാനിങ്ങനെ
നിലാവിനെ അടിച്ചു പിഴിഞ്ഞ് നീലംമുക്കുക

എന്റെ ചിരി നിലാവു പരക്കും പോലെയാണെന്ന് നീ പറഞ്ഞ ഒറ്റക്കാരണം കൊണ്ടാണ് ഞാൻ ഈ കഷ്ടപ്പാടെല്ലാം സഹിക്കുന്നത്.

 ആദിയിൽ അർത്ഥങ്ങൾ നഗ്നരായിരുന്നു.
വാക്കുടുക്കുന്ന പരിഷ്കാരമൊക്കെ പിന്നീടു പഠിച്ചതാണ്.

 

തഴച്ച പച്ചയിൽ വീണ്
നനഞ്ഞു തിളങ്ങുന്ന
ചില രാത്രിമഴകളുണ്ട്.

കണ്ണിൽ കുത്താൻ
അമാവാസിയിരുട്ടിനോടു
മത്സരിക്കുന്നവ.

.

സമാധാനം എന്നു പറയുന്നെന്നേയുള്ളു.
യുദ്ധങ്ങൾക്കിടയിലെ
ഇടവേളയാണത്, ജീവിതത്തിൽ.

.

എന്തൊരു പിശുക്കാണ് നിനക്ക്
ഒരോർമ്മ കടം ചോദിച്ചിട്ടിതെത്ര നാളായി.

.

കറുപ്പ് ഒരു നിറമല്ല.
എല്ലാ നിറങ്ങളെയും
പക്ഷഭേദമില്ലാതെ സ്വീകരിക്കേണ്ടി വരുന്ന നിസ്സഹായതയാണ്.
വെളുപ്പും ഒരു നിറമല്ല.
എല്ലാ നിറങ്ങളെയും
ഒറ്റയടിക്ക് നിരാകരിക്കേണ്ടി വരുന്ന
അനിവാര്യതയാണ്.
ജീവിതം കറുത്തും
മരണം വെളുത്തുമിരിക്കുന്നത്
അതുകൊണ്ടാണ്.
.

വാക്കുകൾ
പുര നിറഞ്ഞാലുടൻ
കെട്ടിച്ചു വിടണം.

കവിതയെ ഗർഭം
ധരിച്ചു കഴിഞ്ഞ്
പറഞ്ഞിട്ടു കാര്യമില്ല.

Comments
Print Friendly, PDF & Email

You may also like