പൂമുഖം LITERATUREലേഖനം മുസ്ലിംകള്‍ ഇത്ര ബോറൻമാരോ?

സിയാവുദ്ദീന്‍ സര്‍ദാര്‍ എഴുതിയ Why Are Muslims So Boring? എന്ന ലേഖനം മൊഴിമാറ്റം നടത്തിയിരിക്കുകയാണ് ബച്ചു മാഹി : മുസ്ലിംകള്‍ ഇത്ര ബോറൻമാരോ?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

നാം മുസ്ലിംകള്‍  പൊതുവേ ആനന്ദവേളകള്‍ പൊലിപ്പിക്കുന്നതില്‍ പിന്നോക്കമാണ്. മതത്തെ നാം യന്ത്രസമാനം ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് ചുരുക്കിയിട്ടുണ്ട്. മുസ്ലിംകള്‍ എന്തെങ്കിലും ആഘോഷിക്കണം എന്ന് തോന്നിയാല്‍ നേരെ പോയി കുറച്ചധികം പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതാണ് കണ്ടുവരുന്നത്. തീർച്ചയായും നമ്മിൽ ചിലർ എല്ലാ ആനന്ദങ്ങളും ഉല്ലാസങ്ങളും എന്നോ പടിക്ക് പുറത്തുനിർത്തിയവരാണ്. മുസ്ലിം ലോകത്ത് എവിടെയെങ്കിലും ചിലപ്പോൾ വല്ല അന്തംകമ്മികളും ‘ഇസ്ലാമിക ഗവണ്‍മെന്‍റ് ‘ എന്ന ഓമനപ്പേരിട്ട ഒന്നിനെ എഴുന്നള്ളിക്കുമ്പോൾ അടുത്തപടിയായി കേൾക്കാം, സംഗീതം ഹറാമായി പ്രഖ്യാപിക്കപ്പെട്ടു, സിനിമാ ഹാളുകൾ അടച്ചുപൂട്ടി, നൃത്ത-നാടക ശാലകൾ നിരോധിച്ചു, കലയും ഭാവനയും പടിക്ക് പുറത്താക്കി എന്നിങ്ങനെ. ഇതൊക്കെ കേൾക്കുന്ന ഇതരർ മുസ്ലിംകള്‍ എന്നാൽ മനുഷ്യസഹജമായ ഭാവങ്ങൾ ഇല്ലാത്തവരാണോ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

ഒരു സമൂഹവും അതെത്ര തന്നെ നേർമാർഗ്ഗത്തിൽ ചരിച്ചാലും സംസ്ക്കാരികതയുടെ ബഹുമുഖമായ ആവിഷ്ക്കാരങ്ങൾ കൂടാതെ അതിജീവിക്കുക സാധ്യമല്ല. പ്രാർത്ഥനയും അനുഷ്ഠാനങ്ങളും നമ്മെ ഉത്തമഭക്തരും സദ്‌വൃത്തരും ആക്കുമായിരിക്കാം, പക്ഷേ സാംസ്ക്കാരിക പ്രകടനങ്ങളാണ് നമ്മിലെ പൂർണ്ണമാനവികതയെ പ്രകാശിപ്പിക്കുന്നത്. പ്രാർത്ഥനയും ആരാധനകളും മാത്രം മതിയെന്ന പറച്ചിൽ മനുഷ്യർ എന്ന നിലയിൽ നമ്മെത്തന്നെ കൊച്ചാക്കിക്കളയലാണ്. സാംസ്ക്കാരിക പോഷണം എന്നത് മനുഷ്യന്‍റെ നൈസർഗ്ഗിക ചോദനയാണ്. ഉള്ളിലെ ഉദാത്തമായ ചിന്തകളെ, ഭാവങ്ങളെ, വികാരങ്ങളെ ആവിഷ്കരിക്കുക എന്നത് മനുഷ്യന്‍റെ  സഹജാഭിനിവേശമാണ്. എന്തിനധികം, നമ്മെപ്പറ്റി നമുക്ക് തന്നെ മതിപ്പ് തോന്നണമെങ്കിൽ, നമ്മുടെ കുറവുകളെപ്പറ്റി ബോധവാന്മാരാകണമെങ്കിൽ, ആഹ്‌ളാദവും സന്തുഷ്ടിയും പ്രസരിപ്പിക്കണമെങ്കിൽ, നാം വിനോദങ്ങളിൽ മുഴുകേണ്ടതുണ്ട്. എല്ലാത്തരം സാംസ്ക്കാരിക ആവിഷ്കാരങ്ങളെയും അവജ്ഞയോടെ കാണുകയാണെങ്കിൽ ഇതെങ്ങനെ സാധ്യമാകും?

ആദ്യമായി, സംഗീതം നിഷിദ്ധമാക്കപ്പെട്ടതാണെന്ന അസംബന്ധം പരിശോധിക്കാം. ഇത് ശരിയാണെങ്കിൽ നമുക്ക് ആദ്യം അവഗണിക്കേണ്ടി വരിക ശബ്ദത്തിന്‍റെ സൗന്ദര്യമാണ്. മറ്റുതരത്തിൽ പറഞ്ഞാൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിനെ, നമ്മെ മനുഷ്യരാക്കി നിർത്തുന്ന അഞ്ചിലൊരു ഭാഗത്തെ നിഷേധിക്കേണ്ടി വരും. ആ അസംബന്ധം, ഇസ്ലാമിക ചരിത്രത്തിന്‍റെ പോഷകനദികളും താഴ്വരകളും സംഗീതമുഖരിതമായിരുന്നു എന്ന യാഥാർഥ്യത്തെയും മുക്കിക്കളയും. ഏറ്റവും പ്രചാരത്തിലുള്ള സംഗീത ഉപകരണമായ ഗിറ്റാർ കണ്ടുപിടിക്കപ്പെട്ടത് മുസ്ലിം സ്‌പെയിനിൽ ആയിരുന്നു. ഇസ്ലാമികചിന്തയുടെ ശാദ്വലതീരങ്ങളിൽ പ്രമുഖമായ സൂഫിസത്തിൽ സംഗീതത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടോ?! അവിടെ ആത്മജ്ഞാനപരമായ ഔന്നത്യത്തിലേയ്ക്കും , ദൈവസാമീപ്യത്തിലേയ്ക്കുമുള്ള പടവുകൾ ആയിത്തന്നെയാണ് സംഗീതം നിത്യം ഉപാസിക്കപ്പെട്ടത്.

മറ്റൊരു അസംബന്ധമാണ് ഇസ്ലാം ചിത്രങ്ങൾ / പ്രതിബിംബങ്ങൾ (images) നിരോധിച്ചിട്ടുണ്ട്; അക്കാരണത്താല്‍ സിനിമയും ടെലിവിഷനും ചിത്രകലയും ശില്പകലയും പ്രതിബിംബങ്ങളെ ആധാരമാക്കുന്ന മറ്റെന്തെല്ലാം കലകളുണ്ടോ അവയൊക്കെയും ഇസ്ലാമികസമൂഹങ്ങളിൽ നിരോധിക്കപ്പെടണം എന്നത്! ഇസ്ലാം വിഗ്രഹാരാധനയെ വർജ്ജിക്കുന്നു എന്നത് നേരാണ്. എന്നാൽ സിനിമയിലെയോ ശില്പകലയിലെയോ ഇമേജ് കണ്ട്  മുസ്ലിംകള്‍ അതിനെ പൂജിച്ചുകളയും എന്ന് അഭിപ്രായപ്പെടുന്നവര്‍ എന്തുമാത്രം പോഴന്മാരാണ്! പ്രതിബിംബങ്ങളാൽ മൂടപ്പെട്ട ഒരുലോകത്ത് അവയിൽ നിന്നൊഴിഞ്ഞു ജീവിക്കണം എന്ന് ആരെങ്കിലും ശഠിക്കുകയാണെങ്കിൽ അവർ നമ്മെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ്. കാരണം ഒരു സന്ദേശം ഏറ്റവും എളുപ്പത്തിൽ വിനിമയം ചെയ്യാനും ആളുകളെയും സമൂഹത്തെയും അടയാളപ്പെടുത്താനും അധികാരാവകാശങ്ങൾ പ്രകടിപ്പിക്കാനുമൊക്കെയുള്ള ഏറ്റവും ഫലപ്രദവും പ്രബലവുമായ ഉപായം എന്ന നിലക്കാണ് ഇന്ന് ചിത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത്.

സമകാലികലോകത്ത് സാംസ്കാരികത എന്നത് ഏറ്റവും പ്രാമുഖ്യമുള്ള അധികാരസ്രോതസ്സ് കൂടിയാണ്. ബോളിവുഡ് സ്വാധീനം ലണ്ടനിൽ മാത്രമല്ല ഇന്ന് ലോകം മുഴുക്കെയുണ്ട്. ഹോളിവുഡ് അമേരിക്കൻ സംസ്ക്കാരത്തെ ലോകം മുഴുക്കെ ആധിപത്യം നിലനിർത്താൻ സഹായിക്കുന്നു. ഹോങ്കോങ്, ചൈനീസ് ആക്ഷൻ പടങ്ങൾ എങ്ങനെ ഹോളിവുഡ് സിനിമകളെ രൂപാന്തരപ്പെടുത്തി എന്നതും നോക്കിക്കാണുക. യൂറോപ്യൻ സാഹിത്യം ലോകത്തിന്‍റെ ഇതരഭാഗങ്ങളിൽ ചെലുത്തിയ സ്വാധീനം പരിഗണിക്കുക. വൈകല്യങ്ങളെ തുറന്നുകാട്ടാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും പലസമൂഹങ്ങളിലും കലയെ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് ചിന്തിച്ചുനോക്കുക. സംഗീതവും നൃത്തവും എങ്ങനെ ആളുകളെ എല്ലായിടത്തും ഒരുമിച്ച് കൂട്ടുന്നു എന്നത് നിരീക്ഷിക്കുക.

സംസ്ക്കാരികത എന്നത് പ്രതിരോധത്തിന്‍റെ സ്രോതസ്സ് കൂടിയാണ്. നമ്മുടെ തനതായ സാംസ്ക്കാരിക ഉല്പന്നങ്ങൾ കൊണ്ട് മാത്രമേ കൊക്കക്കോളയും മക്‌ഡൊണാൾഡ്സും പ്രചരിപ്പിക്കുന്ന ആഗോളവൽക്കരണ സംസ്ക്കാരത്തെ ചെറുക്കാനാകൂ. നാം സ്വന്തമായി ഒന്നും ഉണ്ടാക്കുന്നില്ലെങ്കിൽ, കലയുടെയും വാസ്‌തുവിന്‍റെയും വകഭേദങ്ങളും, സിനിമയും സാഹിത്യവും നൃത്തവും നാടകവും സംഗീതവും എല്ലാം വർജ്ജ്യമായി കരുതുന്നുവെങ്കിൽ ചെറുത്തുനിൽക്കാനായി നമ്മുടെ വശം ഒന്നുമില്ലെന്നാണ്; കിട്ടാവുന്ന അവസരങ്ങളിൽ പുറത്തെടുത്ത് ഉരുണ്ടുപിരളുന്ന ഇരവാദമൊഴികെ.

ഒരു കലാവിഷ്ക്കാരത്തെ ദൈവത്തിന് നന്ദിപ്രകാശനത്തിനുള്ള അവസരമാക്കാം. ഒരു ഖവാലിയോ സിത്താറോ ശ്രവിക്കുമ്പോൾ, അഭിനവമായ ഒരു ഇറാനിയൻ മാസ്റ്റർപീസ് സിനിമ കാണുമ്പോൾ, ത്രസിപ്പിക്കുന്ന ഒരു കലാസൃഷ്ടിയിലേക്ക് നോക്കുമ്പോൾ, ഉള്‍ക്കാഴ്ചയേകുന്ന ഒരു നോവൽ വായിക്കുമ്പോൾ ആനന്ദാതിരേകത്തിൽ ഞാൻ ആർക്കുന്നത് ‘അൽഹംദു ലില്ലാഹ്’ എന്നാണ്. ദൈവം തൻ്റെ അനന്തമായ കാരുണ്യത്താൽ നമ്മെ ജ്ഞാനാർജ്ജിതരാക്കാനും ഗുണസമ്പുഷ്‌ടരാക്കാനുമുള്ള വിസ്‌മയജനകമായ അനേകം വഴികൾ ഒരുക്കിയിരിക്കുന്നു. അവൻ്റെ അടയാളങ്ങളും സാമീപ്യവും കണ്ടെത്താനുമുള്ള അനവധി ഭിന്നവഴികൾ.

കലാവിഷ്കാരങ്ങളെ അടിച്ചമർത്തുക എന്നത് ഒരർത്ഥത്തിൽ നന്ദികേടാണ്. ദൈവത്തിന്‍റെ സൗകുമാര്യവും സാംസ്ക്കാരികദാനവും നിഷേധിക്കലാണത്. ആയതിനാലാണ്, നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും നിന്ദ്യരായ  മുസ്ലിംകള്‍ തങ്ങളിലേക്ക് ചുരുങ്ങിയ, സാംസ്ക്കാരികതയെ വന്ദിക്കാത്ത, കലാവിഷ്ക്കാരങ്ങളോടുള്ള ജുഗുപ്സയാലും പുച്ഛത്താലും വീർപ്പുമുട്ടുന്നവരായിരിക്കുന്നത്. സാംസ്ക്കാരിക ആവിഷ്ക്കാരങ്ങളിലൂടെ മാനുഷികപൂർണ്ണിമയെ ലക്ഷ്യം വെയ്ക്കാത്തവരായി തുടരുവോളം നാം അങ്ങേയറ്റം വിരസരായിരിക്കും; ദൈവത്തോട് നന്ദികെട്ടവർ ആകുന്നത് കൊണ്ടുകൂടിയാണത്.

Comments

എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ ബച്ചൂ , മാഹി സ്വദേശിയാണ്. അച്ചടിമാധ്യമങ്ങളിലും വെബ് പോർട്ടലുകളിലും എഴുതാറുണ്ട്.

You may also like