പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. ‘നോക്കട്ടെ അറിയിക്കാം’ എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന് പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽ എത്തുമ്പോൾ മിനിഞ്ഞാന്ന് രാത്രി ഏഴു മണിയായിരുന്നു. മനസ്സും ശരീരവും ഏതോ വിഷാദത്തിൽ സൂക്ഷ്മമായി, പോയിരുന്നു. ബിയാസ് നദിക്കു കുറുകെയുള്ള പണ്ടൊഹ് ഡാമിനടുത്തെത്തിയപ്പോഴായിരുന്നു പിയൂഷ് നുസ്രത് ഫത്തേഹ് അലി ഖാന്റെ പാട്ടുകളിലേക്ക് ചുവടു മാറ്റിയത്. വരണ്ട കുന്നുകളിലൂടെ ഒലിച്ചിറങ്ങുന്ന അരുവിപോലെ ഓർമകളും, വേദനകളും നിശബ്ദമായ രക്തസ്രാവം പോലെ എന്നിൽ ഊർന്നിറങ്ങിക്കൊണ്ടിരുന്നു. അവനറിഞ്ഞിരുന്നില്ല പഞ്ചാബിലെ അഞ്ചു ദിവസങ്ങൾ അവളുമായുള്ള പ്രണയകാലത്തെ, ഓർമകളെ, ഉണങ്ങാത്ത മുറിവുകളെ വീണ്ടും ഉണർത്തിയെന്ന്. “ഇക് ആഗ് കാ ദരിയാ ഹെ ഔർ ഡൂബ് കേ ജാനാ ഹെ” നുസ്രത് പാടുന്നു.


