പൂമുഖം POLITICS ഒരു വെടിക്ക് പല പക്ഷികൾ

ഒരു വെടിക്ക് പല പക്ഷികൾ

ണികൾക്കിടയിൽ വിവാദമായെങ്കിലും രാജ്യസഭാ സീറ്റ് നേതാക്കൾക്കിടയിൽ എന്നേ തീരുമാനമായതായിരുന്നു. ഉമ്മൻ ചാണ്ടിയും എം എം ഹസ്സനും രമേശ് ചെന്നിത്തലയും എ കെ ആന്‍റണിയുടേയും ഹൈക്കമാന്‍റിന്‍റേയും പിന്തുണയോടെ പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കെ എം മാണിയെ യു ഡി എഫിലേക്കു മടക്കി കൊണ്ട് വരുവാൻ നടന്ന ചർച്ചയിൽ മാണി മുന്നോട്ടു വച്ച പ്രധാന ആവശ്യമായിരുന്നു ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ്.
കോട്ടയത്ത് നിന്നുള്ള എം പി ആയ ജോസ് കെ മാണി എന്തിന്, ഒരു വര്‍ഷം കാലാവധി ശേഷിക്കെ, രാജ്യസഭയിൽ പോകണം? മാണിക്കും മകനും മാത്രമല്ല, കോട്ടയത്തെ കോൺഗ്രസുകാർക്കും അതിനു പിന്നിലെ ചാണക്യ സൂത്രം വ്യക്തമായും അറിയാം. കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രധാന പാർട്ടിയായിട്ടാണ് കേരള കോൺഗ്രസ് അറിയപ്പെടുന്നതെങ്കിലും രണ്ടു ജില്ലകളിലും കോൺഗ്രസിനേക്കാൾ വളരെ പിന്നിലാണ് അവരുടെ വോട്ടർമാരുടെ എണ്ണം. കോൺഗ്രസിനോടോ എൽ ഡി എഫിനോടോ ഒപ്പം നിന്നില്ലെങ്കിൽ മാണിക്കോ കേരള കോൺഗ്രസിനോ ഈ രണ്ടു ജില്ലകളിലും ഒരു നിയമസഭ സീറ്റിൽ പോലും ജയിക്കാനാവില്ല. മിക്ക ഇടങ്ങളിലും പേരിലും, ചില തല മൂത്ത നേതാക്കന്മാരിലും മാത്രമേ കേരള കോൺഗ്രസ്സ് നിലവിൽ ഉള്ളൂ. കോട്ടയം ജില്ലയിലെ കോൺഗ്രസ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വളരെ ശക്തമാണ്. കോട്ടയം ലോകസഭാ മണ്ഡലത്തിലെ കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിൽ മാത്രമാണ് മാണി കേരള കോൺഗ്രസിന് എം എൽ എ മാരുള്ളത്. ടി എം ജേക്കബിന്‍റെ മകന്‍ കേരള കോൺഗ്രസ് (ജേക്കബി)ന്‍റെ പേരിൽ എം എൽ എ ആയ പിറവം മാണിയുടെ പാർട്ടിക്ക് ബാലികേറാമലയാണ്. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യത്തിൽ പോലും തിരുവഞ്ചൂർ രാധാകൃഷ്ണനേയും ഉമ്മൻ ചാണ്ടിയേയും മുപ്പത്തിനായിരത്തിനു മേൽ ഭൂരിപക്ഷത്തിനു വിജയിപ്പിച്ച മണ്ഡലങ്ങൾ ആണ്. എന്നും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന വൈക്കവും സുരേഷ് കുറിപ്പിലൂടെ സി പി എം കൈയടക്കി വച്ചിരിക്കുന്ന ഏറ്റുമാനൂരും കേരള കോൺഗ്രസ്സിനേക്കാൾ കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങൾ ആണ്. പാലായിലും പിറവത്തും കടുത്തുരുത്തിയിലും കേരള കോൺഗ്രസിനേക്കാൾ വളരെയധികം വോട്ടുകള്‍ കോൺഗ്രസിന് കിട്ടുമെന്ന് മാണിക്ക് വ്യക്തമായറിയാം.
കോട്ടയത്ത് ഏറെക്കാലമായി കോൺഗ്രസ് നേതൃത്വവും കേരള കോൺഗ്രസും തമ്മിൽ കടുത്ത ഭിന്നതയിലാണ്. തരം കിട്ടുമ്പോഴെല്ലാം അന്യോന്യം പാര വയ്ക്കുക അവരുടെ ഹോബിയുമാണ്. കേരള കോൺഗ്രസിലെ സ്കറിയ തോമസിന്‍റെ 1984 ലെ പരാജയത്തിനു പ്രധാനകാരണം കോൺഗ്രസിന്‍റെ കാലുവാരൽ ആയിരുന്നു. കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് സസൂക്ഷ്മം വീക്ഷിച്ചിരുന്ന എന്നോട്, കോൺഗ്രസിലെ ഉന്നതനായ ഒരു നേതാവ് അന്ന്‍ പറഞ്ഞത് ഇങ്ങനെയാണ്. “വ്യക്തിപ്രഭാവത്തിൽ സ്കറിയ തോമസ്, സുരേഷ് കുറിപ്പിനെക്കാൾ വളരെ പിന്നിലാണ്, ഇതൊരു സാധ്യതയാണ്. ഈ തെരഞ്ഞെടുപ്പിൽ സ്കറിയ തോമസ് പരാജയപ്പെട്ടാൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയം സീറ്റ് പിടിച്ചെടുക്കും” അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു കോൺഗ്രസുകാർക്കിടയിൽ. പിന്നീട് നടന്ന മൂന്നു ലോകസഭാ തെരഞ്ഞെടുപ്പിലും (1989, 1991, 1996 ) രമേശ് ചെന്നിത്തലക്കും കോൺഗ്രസിനും കോട്ടയം മണ്ഡലം പിടിച്ചെടുക്കാനായത് അങ്ങനെയാണ്. സുരേഷ് കുറുപ്പിനോട് 1998 ൽ രമേശ് ചെന്നിത്തലയും 1999 ല്‍ പി സി ചാക്കോയും 2004 ല്‍ ആന്‍റോ ആന്‍റണിയും പരാജയപ്പെടുന്നത് മണ്ഡലത്തിലെ കേരള കോൺഗ്രസിന്‍റെ പാരവെപ്പുകൾ കാരണമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന നീക്കുപോക്കുകളിലൂടെയാണ് 2009 ൽ കേരള കോൺഗ്രസിന് സീറ്റു തിരികെ കിട്ടുന്നതും ജോസ് കെ മാണി വിജയക്കുതിപ്പ് തുടർന്നതും.
പക്ഷെ ഇന്ന് കോട്ടയം മണ്ഡലത്തിലെ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ യു ഡി എഫിനൊപ്പം ഉറച്ചു നിന്ന പ്രധാന ജില്ലയായിരുന്നു കോട്ടയം. കോൺഗ്രസിന് എട്ടും കേരള കോൺഗ്രസിന് ആറും ജില്ലാ പഞ്ചായത്തു മെമ്പർമാർ ഇവിടെ ഉണ്ട്. സി പി എമ്മിന് ആറും, സി പി ഐ. , പി സി ജോർജിന്‍റെ ജനപക്ഷം എന്നിവയ്ക്ക് ഓരോ സീറ്റും. 2016 ലെ നിയമ സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം യു ഡി എഫിൽ നിന്നുള്ള മാണിയുടെ വിടവാങ്ങലോടു കൂടി കോട്ടയത്തെ കോൺഗ്രസ് – കേരള കോൺഗ്രസ് ബന്ധം പൂർണ്ണമായും തകർന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ ആദ്യ മൂന്നു വര്‍ഷം കോൺഗ്രസ്സും ബാക്കി രണ്ടു വര്‍ഷം കേരള കോൺഗ്രസും പ്രസിഡന്‍റ് സ്ഥാനം പങ്കു വെച്ചുള്ള തീരുമാനപ്രകാരം കോൺഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്‍റായി. തുടര്‍ന്നുണ്ടായ പി സി സി പുനഃസംഘടനയിൽ ജോഷി കോട്ടയം പി സി സി പ്രസിഡന്‍റ് ആയി. അദ്ദേഹം രാജി വച്ച ഒഴിവിൽ കേരള കോൺഗ്രസ് (മാണി) യുടെ സക്കറിയാസ് കുതിരവേലി സി പി എമ്മിന്‍റെ പിന്തുണയോടെ കോൺഗ്രസിലെ സണ്ണി പാമ്പാടിയെ തോൽപ്പിച്ച് പ്രസിഡണ്ട് ആയി. ഇതിനു പിന്നിൽ പ്രവർത്തിച്ച ജോസ് കെ മാണിയെ ഇനി ഒരിക്കലും കോട്ടയത്ത് നിന്നും ഡൽഹിയിലേക്ക് വിടില്ലെന്ന് കോട്ടയത്തെ കോൺഗ്രസുകാരും തീരുമാനമെടുത്തു. അത് മാണിക്കും ജോസിനും നന്നായറിയാം. യു ഡി എഫിലേക്കു മടങ്ങി പോകാൻ മാണിയുടെ മേൽ സമ്മർദ്ദമുണ്ടായപ്പോൾ പലപ്പോഴും ജോസ് കെ മാണിയുടെ എം പി സ്ഥാനം ആയിരുന്നു കീറാമുട്ടി ആയത്. അതാണ്‌ ഹൈക്കമാന്‍റിന്‍റേയും ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എം എം ഹസ്സന്‍റേയും നേതൃത്വത്തിൽ ഡൽഹിയിൽ ഒഴിവായതും. അങ്ങനെയാണ് മാണി വീണ്ടും യു ഡി എഫിൽ എത്തിയത്.
2016 ലെ നിയമസഭ പരാജയത്തിന് ശേഷം പാർട്ടി പദവികളിൽ നിന്നൊക്കെ മാറി നില്‍ക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കേന്ദ്രനേതൃത്വത്തിൽ എത്തിക്കുവാൻ പല പ്രാവശ്യമായി നടന്ന ചർച്ചകളിൽ പി ജെ കുര്യൻ സ്ഥാനമൊഴിയുമ്പോൾ കിട്ടുന്ന രാജ്യസഭാ സീറ്റും എ ഐ സി സി സെക്രട്ടറി സ്ഥാനവും ആയിരുന്നു ഓഫർ. ജനങ്ങളുടെ പിന്തുണയോടെ, മത്സരിച്ചു മാത്രമേ എം പി ആകൂ എന്ന ഉമ്മൻ ചാണ്ടിയുടെ പിടിവാശി കാരണമാണ്, അദ്ദേഹത്തിന്‍റെ എ ഐ സി സി സെക്രട്ടറി നിയമനം പോലും നീണ്ടു പോയത്. രാജ്യസഭ സീറ്റിൽ ജോസ് കെ മാണിയെ ഡൽഹിയിൽ സുരക്ഷിതമായി എം പി ആക്കുന്നതിലൂടെ കെ എം മാണിയുടെ ഭീതി അകറ്റാനും ഒഴിവു വരുന്ന കോട്ടയം ലോകസഭാ സീറ്റിൽ 2019 ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് മത്സരിക്കുവാനും ഇതോടെ വഴി ഒരുങ്ങുകയും ചെയ്യും. (കോട്ടയത്തു നിന്ന് ഉമ്മൻ ചാണ്ടിയാവും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് നാലു  മാസങ്ങൾക്കുമുൻപേ  ഫേസ് ബുക്കിൽ ഞാന്‍ എഴുതിയിരുന്നു)  ബി ജെ പിയോട് കേന്ദ്രത്തിൽ മൃദു സമീപനം കാട്ടിയ പി ജെ കുര്യനെ ഒതുക്കാനും ഈ അട്ടിമറിയിലൂടെ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. ഉമ്മൻ ചാണ്ടി കാഞ്ചി വലിക്കുന്നതെപ്പോഴും പല പക്ഷികളെ ഒരേ സമയം ഉന്നം വച്ച് കൊണ്ടായിരിക്കും എന്നതിന് നല്ല ഉദാഹരണമാണ് രാജ്യസഭാ സീറ്റു വച്ചു മാറൽ. ഷാഫി പറമ്പിലും വി ടി ബാലറാമും അടങ്ങുന്ന യുവ എം എൽ എ മാരേയും അഭിജിത്തിനെ പോലെയുള്ള കെ എസ് യു നേതാക്കളേയും മുന്നിൽ നിർത്തി ചില കളികൾ കളിച്ചതോടെ പി ജെ കുര്യനോടുള്ള പ്രിയം ഹൈക്കമാൻഡിനു നഷ്ടമായി. ഇത്തവണ അദ്ദേഹം വളരെ വിദഗ്ദ്ധമായി രമേശിനെയും എം എം ഹസ്സനെയും കൂടെ നിർത്തി. രമേശിനെ മെരുക്കാൻ പി കെ കുഞ്ഞാലിക്കുട്ടിയെ വിദഗ്‌ധമായി ഉപയോഗിച്ചു . ഉമ്മൻ ചാണ്ടിയോട് എന്നും അസൂയ പുലർത്തിയിരുന്ന സുധീരനും പി ജെ കുര്യനുമൊക്കെ ഇതൊരു പാഠമാവുമോ? നേതാക്കൾക്ക് പാർട്ടിയേക്കാൾ വലുത് സ്ഥാനമാനങ്ങൾ ആണല്ലോ. ഉമ്മൻ ചാണ്ടിയും അതിൽ നിന്ന് വ്യത്യസ്തനല്ല.

വാൽക്കഷണം :- ഉമ്മൻ ചാണ്ടി ഡൽഹിക്കു പോയാൽ, ചെന്നിത്തലക്ക് എതിരില്ല എന്ന ആശ്വാസത്തിൽ ആണ് രമേശ്, ഉമ്മൻ ചാണ്ടിയെ പിന്തുണച്ചത് എന്നാണ് കൊട്ടാരം ലേഖകർ പറഞ്ഞു നടക്കുന്നത്. അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകളും പിഴയ്ക്കാതെ പോകട്ടെ .

Comments
Print Friendly, PDF & Email

You may also like