പൂമുഖം LITERATUREകഥ അനാഥൻ

അനാഥൻ

ുഞ്ഞമ്മാവന്റെവീടിന്റെ തെക്കേ കോലായിലായിരുന്നു അമ്മയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരുന്നത്. രാത്രിയുടെ ഏതോ യാമത്തിൽ ആരുമറിയാതെയാണ് അവർ പോയത്. അല്ലെങ്കിലും ജീവിതത്തിലെ എല്ലാ യാത്രകളിലും അവർ ഒറ്റക്കായിരുന്നല്ലോ

അച്ഛന്റെ മരണ ശേഷമാണ് തറവാട് വിറ്റ് സഹോദരങ്ങൾക്ക് വീതം വക്കേണ്ടി വന്നത്. നാല്പത് വർഷം ജീവിച്ച വീട്ടിൽ നിന്ന് അച്ഛന്റെ ഭാഗമായ് കിട്ടിയ വിഹിതവും വാങ്ങി പടിയിറങ്ങുമ്പോൾ മാത്രമാണ് ആദ്യമായ് അമ്മ ദിശയറിയാതെ പകച്ചു നില്ക്കുന്നതു കണ്ടത്. കയറിക്കിടക്കാൻ ഇടമില്ലാത്തവളുടെ മിഴികളിലെ പകപ്പ് അന്ന് തനിക്കും മനസ്സിലായില്ല. ഇത്തിരി തുണ്ട് ഭൂമിക്കും കയറിക്കിടക്കാൻ ഒരിടത്തിനും വേണ്ടി അച്ഛന്റെ സഹോദരങ്ങളോട് മകൻ പടവെട്ടുമെന്ന് അമ്മ കരുതിയിട്ടുണ്ടാകണം.

കാലം കഴിയാറായൊരമ്മക്കും അവധൂതനായൊരുവനും കയറിക്കിടക്കാനൊരു കൂരയും തുണ്ടു ഭൂമിയുമെന്തിനെന്നേ കരുതിയുള്ളൂ താൻ! ചെന്നിടം കൈലാസവും വീണിടം വിഷ്ണു ലോകവുമാണല്ലോ ഈയുള്ളവനെന്നും! അതുകൊണ്ട് കിട്ടിയ പണവും വാങ്ങി പടിയിറങ്ങി.

സമാധാനം തേടിയുള്ള അലച്ചിലുകളായിരുന്നു എന്നും.. വിപ്ളവപ്രസ്ഥാനത്തിന്റെ ചോരച്ചുവപ്പുകളിൽ നിന്നുമാണ് എന്നോ ഒരിക്കൽ ശാന്തിയുടെ ബോധിവൃക്ഷച്ചുവടുകൾ തേടി നടക്കാൻ തുടങ്ങിയത്.

ആ യാത്രകളിലൊന്നും ഒരിക്കലും ഓർമ്മകളായിപ്പോലും അമ്മ കടന്നു വന്നിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ഒരു മിന്നൽ ശരീരത്തിലൂടെ കടന്നുപോയി. അവർക്കും തനിക്കുമിടയിലെ അന്തരങ്ങൾ പതിനാലു വയസ്സ് മുതൽ ദിവസക്കണക്കിലും വർഷക്കണക്കിലും വളരുകയായിരുന്നു. അമ്മയോ മകനോ ബോധപൂർവ്വം ശ്രമിക്കാതിരുന്നതിനാലാവണം സമാന്തരപാതകൾ പോലെ ഒരിക്കലും അടുക്കാനാവാതെ രണ്ടു ജീവിതങ്ങൾ അങ്ങിനെ പോയത്.

അച്ഛൻ വീടിന്റെ പടിയിറങ്ങി പകച്ചു നിന്ന അമ്മയുടെ കൈ പിടിച്ചത് കുഞ്ഞമ്മാവനായിരുന്നു. ‘ഏച്ചീ’ എന്ന ഒറ്റ വിളിയിലും വലതു കൈ ചേർത്ത് മുറുക്കിയൊരു പിടുത്തത്തിലും കുഞ്ഞമ്മാവൻ അങ്ങിനെ അമ്മയുടെ രക്ഷാകർത്താവായി.

അമ്മക്ക് അങ്ങിനെ കുഞ്ഞമ്മാവന്റെ വീടിന്റെ അകത്തളങ്ങളിലൊരു മുറി പതിച്ചു കിട്ടിയതിന്റെ മൂന്നാം നാളാണ് താൻ വീണ്ടുമൊരു യാത്ര പുറപ്പെട്ടത്. ‘പോകരുത്’ എന്ന് അമ്മ പറഞ്ഞില്ലാ..’നിനക്കിന്നു തന്നെ പോകണോ’ എന്ന് കുഞ്ഞമ്മാവൻ മാത്രം ചോദിച്ചു.

‘പോകണം’ എന്നു പിറുപിറുത്തുവെന്നു തോന്നുന്നു, മുഖമുയർത്താനായില്ല എന്നതു മാത്രം ഓർക്കുന്നു! തന്റേത് ഒട്ടുമല്ലാത്തൊരു ചുറ്റുപാടിൽ തന്നെത്തന്നെ തളച്ചിടാൻ ഒരിക്കലും ഈയുള്ളവനാകില്ലെന്ന് അമ്മയേക്കാളുമേറെ അറിയുന്നതു കൊണ്ടാവണം കുഞ്ഞമ്മാവൻ ‘എന്നാൽ ആവട്ടെ’ എന്നനുവദിച്ചത്. അതോ മരുമകനെന്ന ഭാരം ഏറ്റെടുക്കേണ്ടെന്നു കരുതിയോ!!

പടിയിറങ്ങുമ്പോൾ എന്തിനെന്നറിയില്ല കരയാനാണ് തോന്നിയത്. കണ്ണീരിന്റെ കാൽവരിയിൽ ബന്ധങ്ങളുടെ ബന്ധനങ്ങൾക്കെല്ലാം കുരിശുമരണം വിധിച്ചാണന്ന് നടന്നകന്നത്. ഒടുവിൽ ഒരു നാൾ ദോഗ്രാ സാബിന്റെ പഴയ ലോഡ്ജിന്റെ സ്വീകരണമുറിയിലിരിക്കുന്ന ആ പഴയ ഫോണിലേക്ക് അമ്മയുടെ അസുഖം ഒരു വാർത്തയായി എത്തുമ്പോഴാണ് ബന്ധങ്ങൾ ഉയിർത്തെഴുന്നേറ്റത് വീണ്ടും.

അമ്മയും ബന്ധുക്കളുടെയുമൊക്കെ നടുവിലും അതി കഠിനമായ് ചൂഴ്ന്നു നിന്ന അനാഥത്വവും അന്യതാ ബോധവും നാട്ടിലേക്കൊരു യാത്രയെന്ന ചിന്തയെ അതിഭ്രാന്തം പിൻവിളിക്കവേ തന്നെയാണ്, തൊട്ടടുത്ത ദിവസം നിസ്സാമുദ്ദീനിൽ നിന്നും പുറപ്പെടുന്ന ട്രെയിനിൽ നാട്ടിലേക്ക് ടിക്കറ്റെടുത്തത്!! പിന്നെയും രണ്ടു നാൾ കഴിഞ്ഞൊരു വെളുപ്പിന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി രണ്ടു ബസ്സുകൾ മാറിക്കയറി കുഞ്ഞമ്മാവന്റെ വീട്ടിലെത്തുമ്പോഴെക്കും അമ്മയെ കുളിപ്പിച്ച് വെള്ള പുതപ്പിച്ച് കിടത്തിയിരുന്നു…!!

ഒരു നോക്കു കണ്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ പടിഞ്ഞാറേ മുറ്റത്തൊരു കോണിലായ് വെറുതെ നിൽക്കവേ കുഞ്ഞമ്മാവൻ അടുത്തു വന്നു

“പാവം എന്റേച്ചി..!! ജീവിച്ചിരുന്നത്ര നാൾ ഒരനാഥയെപ്പോലെ നിന്റച്ഛന്റെ വീടിന്റകത്തളങ്ങളിലും പിന്നീടുള്ള കാലം ഈ വീട്ടിലും..”
മറുപടികൾ വറ്റി വരണ്ട ചുണ്ടുകൾ വെറുതെ ചലിച്ചതല്ലാതെ ശബ്ദം പുറത്തു വന്നില്ല.
“നീയെന്നെങ്കിലും വരുമെന്നും കൂടെക്കൂട്ടുമെന്നും കൊതിച്ചിരുന്നു പാവം”
കുഞ്ഞമ്മാവൻ മറുപടിക്ക് കാത്തു നില്ക്കാതെ നടന്നകലവേ ഞാനറിയുകയായിരുന്നു ഒരാൾ തീർത്തും അനാഥനായി പോകുന്നതെപ്പോഴെന്ന്…!!

സ്നേഹമില്ലായ്മയാണ് ഒരാളെ തീർത്തും അനാഥനാക്കുന്നതെന്ന് എന്തേ എനിക്കാരും പറഞ്ഞു തന്നില്ല..!! സ്നേഹപർവ്വങ്ങളുടെ ഉത്തുംഗങ്ങളിലാണ് ശാന്തിയുടെ തീരങ്ങളെന്ന് അതിന്റെ കൊടുമുടികൾ കീഴടക്കിയിരുന്ന കുഞ്ഞമ്മാവൻ പോലുമപദേശിച്ചില്ലല്ലോ ഒരിക്കലും!!

Comments

You may also like