പൂമുഖം LITERATUREകവിത കവിതകൾ

കവിതകൾ

 

1  പുസ്തകങ്ങൾക്കകത്ത്
അടഞ്ഞുകിടക്കുന്നു
തുറക്കുമ്പോൾ വായിക്കാനാകാത്ത
ഇരുൾ

പുസ്തകങ്ങൾക്കിടയിൽ
ഷെൽഫിനകത്ത്
തൊട്ടു നോക്കാം
മണത്തറിയാം

പുതിയ പുസ്തകങ്ങൾക്കകത്തെ
നറുമണമുള്ള ഇരുളല്ല
പഴയ പുസ്തകങ്ങളിൽ,
മഞ്ഞച്ച് അഴുകിയിരിക്കും…

വായിക്കാനാകാത്ത അകത്തെ ഇരുളാണ്
ഓരോ പുസ്തകത്തേയും
നിശബ്ദമാക്കുന്നത്
പുസ്തകപ്പുഴുക്കൾ വായിക്കുന്നത്.

2  ഒരു പുൽച്ചാടി
എനിക്ക് മുമ്പേ
മരിച്ചു പോയി

എന്റെ മുറിയിൽ
ജനൽപ്പടിയിൽ
ഒരിടത്ത്

അവിടം
നഷ്ട്ടപ്പെടുന്നു
പുൽച്ചാടിയുടെ
മരണത്തോടെ

ജനൽച്ചില്ല്
വെളിച്ചം
മരപ്പടി
പുൽച്ചാടി
ഞാനും
മറന്നേക്കാം
ആ ഇടം

3  ശരീരത്തിൽ തിണർത്ത
മുറിപ്പാടിൽ തൊടുമ്പോൾ
വിരലിനും വേദനക്കുമിടയിൽ
ഒരു ജീവി കുടുങ്ങുന്നു.

ഷർട്ടിനും ബനിയനുമടിയിൽ
എന്നിൽ പറ്റിക്കിടക്കുന്നു
ഉറങ്ങുമ്പോഴെല്ലാം ഓർമയിലുള്ള
ആ ജീവി.

ഉണങ്ങുന്ന മുറിപ്പാടിലൂടെ
എന്നിൽ നിന്നും മായുന്നു
രാത്രിയെ വകഞ്ഞു മാറ്റി
എന്റെ മുറിയിൽ നിന്നും
കടന്ന പോലെ.

Comments
Print Friendly, PDF & Email

You may also like