പാര്‍ലിമെന്ററി ജനാധിപത്യം ഒരു ഭരണക്രമം എന്ന നിലയിൽ ലോകത്തു നിലവിൽ വന്നിട്ട് അനേക നൂറ്റാണ്ടുകളായി. ഇന്ത്യയിൽ തന്നെ സ്വതന്ത്ര ജനാധിപത്യത്തിന് 70 വയസ്സ് കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിൽ കുതിപ്പുകളും കിതപ്പുകളുമുണ്ടാകാറുണ്ട്, ചിലപ്പോൾ ചരിത്രം വളരെ പതിയെ ഇഴഞ്ഞു നീങ്ങുകയും ചെയ്യും. ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ വലിയ മുന്നേറ്റങ്ങളും വൻ തിരിഞ്ഞു നടക്കലുകളും പലപ്പോഴും ഉണ്ടായിട്ടുണ്ട്, എന്നാൽ കഴിഞ്ഞ കുറെ ദശകങ്ങളായി പുറമേക്ക് ഒന്നും സംഭവിക്കാതെ ലോകമെങ്ങും ജനാധിപത്യം വാർധക്യ സഹജമായ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു, അത് കൃത്യമായി തിരിച്ചറിഞ്ഞു ക്ഷീണിതമായ അവസ്ഥയിൽ നിന്ന് അതിനെ പുറത്തു കൊണ്ട് വരാനുള്ള ഊർജ്ജം കുത്തിവെക്കാൻ സാമൂഹ്യ ശാസ്ത്രജ്ഞർക്കും, പുതിയ കാലത്തിന്‍റെ രീതികൾക്കനുസരിച്ചു മാറാൻ പുത്തൻ ഭരണവർഗ്ഗമായി മാറി സുഖ സൗകര്യങ്ങളുടെ ആലസ്യത്തിലാണ്ടിരുന്ന രാഷ്ട്രീയ നേതാക്കൾക്കും സംഘടനകൾക്കും കഴിയാതെ പോയി.
കഴിഞ്ഞ കുറെ ദശകങ്ങളായി ജനാധിപത്യത്തിന്‍റെ മാർക്കറ്റ് വാല്യൂ കുത്തനെ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനാധിപത്യത്തിൽ ജനത്തിനുള്ള പങ്കു കുറഞ്ഞു കൊണ്ടേയിരുന്നു. ഭരണവർഗം എന്നൊരു പൊളിറ്റിക്കൽ ക്ലാസ്സ് തന്നെയുണ്ടായി. അവരും ജനവും തമ്മിലുള്ള ദൂരം കൂടിക്കൊണ്ടിരുന്നു. ജനം രാഷ്ട്രീയക്കാരെ വെറുത്തു, അപഹസിച്ചു, ഒന്നൊഴിയാതെ ഏതാണ്ട് എല്ലാരേയും അഴിമതിക്കാരെന്നു വിളിച്ചു. രാഷ്ട്രീയ പ്രവർത്തനം അവരുടെ ജീവിത മാർഗ്ഗമാണെന്നു തിരിച്ചറിഞ്ഞു. അവർ സുഖലോലുപരായിരിക്കുന്നതു അടുത്ത് നിന്നും അകലെ നിന്നും കണ്ടു. ദരിദ്രരായിരുന്ന രാഷ്ട്രീയ നേതാക്കൾ കോടീശ്വരരായി മാറുന്നത് കണ്ടു, എന്നിട്ടും ആവശ്യങ്ങൾക്കായി അവന്‍റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും ചെയ്തു. അവൻ സമ്പൂർണ്ണമായും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടു
നാലോ അഞ്ചോ ദശകങ്ങൾക്ക് മുൻപ് ജനിച്ചവർക്കു , ഇന്ത്യയിൽ ആണെങ്കിൽ 70 കൾക്ക് ശേഷമെന്ന് പറയാം, ലോകമഹായുദ്ധങ്ങൾ എന്നാൽ, ഫാഷിസം എന്നാൽ, വംശീയ കൂട്ടക്കൊലകൾ എന്നാൽ, ജനാധിപത്യ അവകാശങ്ങൾ റദ്ദു ചെയ്യപ്പെട്ട സമൂഹം എന്നാൽ കേട്ട് കേൾവി മാത്രമാണ്.
80 കൾക്ക് ശേഷമുള്ള തലമുറയാകട്ടെ ജനാധിപത്യത്തിന്‍റെ മഹത്വത്തെക്കാൾ ന്യുനതകളാണ് കണ്ടും കേട്ടും വളർന്നത്. ധനികൻ അധികാരത്തിന്‍റെ ഇടനാഴികളിലൂടെ ഉലാത്തുന്നത്, സമ്പത്തു കൂടുതൽ കൂടുതലായി അവനിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത്, സാമൂഹ്യ സാമ്പത്തിക നയങ്ങൾ അവനാൽ തീരുമാനിക്കപ്പെടുന്നത്, രാഷ്ട്രീയ നേതൃത്വങ്ങൾ കേവലം ബ്രോക്കറേജ് സെന്‍ററുകൾ ആയിമാറുന്നത് അങ്ങിനെ അങ്ങിനെ ജനാധിപത്യത്തെ അതിന്‍റെ ഏറ്റവും ക്ഷീണിതമായ രൂപത്തില്‍ കണ്ടാണവന്‍ വളര്‍ന്നത്. ജനാധിപത്യത്തെ തെരഞ്ഞെടുക്കുന്ന സ്വേച്ഛാധിപത്യം കൊണ്ട് പോലും റീപ്ളെയ്സ് ചെയ്യാൻ അവൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ടി എൻ ശേഷൻ ഇന്ത്യൻ പ്രസിഡന്‍റ് ആകണമെന്ന് ഒരു ഘട്ടത്തിൽ ഭൂരിഭാഗം വരുന്ന ഇന്ത്യൻ മധ്യവർഗം ആഗ്രഹിച്ചിരുന്നു, ഇത് ഇന്ത്യയിൽ മാത്രമുണ്ടായ സാഹചര്യമല്ല ലോകമാകമാനം ഇത്തരത്തിൽ ജനാധിപത്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയായിരുന്നു. റഷ്യയിലും തുർക്കിയിലും തെരഞ്ഞെടുക്ക പ്പെട്ട സേച്ഛാധിപത്യങ്ങളാണ് ഇന്ന് നില നിൽക്കുന്നത്ഈയൊരു ഇടത്തിലേക്കാണ് പോപ്പുലിസം കടന്നുവരുന്നത്.
ജനങ്ങളോട് ചേർന്ന് നിൽക്കുന്ന, ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന, അധികാരം കൂടുതലായി ജനങ്ങളിലേക്കെത്തിക്കുന്ന ഒരു പുതിയ രാഷ്ട്രീയത്തിന്‍റെ വക്താക്കൾ ആകേണ്ടതുണ്ട് നമ്മൾ. ജനാധിപത്യത്തിന്റെ ഒരു കുഴപ്പം അത് ഒരുപാട് കീഴ്‌വഴക്കങ്ങൾ പിന്തുടരുന്നു എന്നതാണ്, ലിഖിത നിയമങ്ങൾക്കു പകരം അലിഖിത നിയമങ്ങളെ അത് പിന്തുടരുന്നു. അത് സാധാരണ സാഹചര്യങ്ങളിൽ യാതൊരു കുഴപ്പവും സൃഷ്ടിക്കുന്നില്ല. ജനാധിപത്യം സ്ഥിരതയുള്ളതായിരിക്കുമ്പോൾ അത് എല്ലാ നല്ല കീഴ്‌വഴക്കങ്ങളും പിന്തുടരും പക്ഷെ അത് അസ്ഥിരമാകുമ്പോൾ, ഇപ്പോഴത്തേത് പോലെയുള്ള അശാന്തമായ ഘട്ടങ്ങളിൽ അത് കീഴ്‌വഴക്കങ്ങളെ കീഴ്മേൽ മറിക്കും. അമിതാധികാര പ്രവണത ജനാധിപത്യത്തെ സേച്ഛാധിപത്യത്തോളം നയിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൂടുതൽ ലിഖിത നിയമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു
ക്ഷീണിത ജനാധിപത്യം പുത്തൻ ഊർജ്ജം ആവശ്യപ്പെടുന്നുണ്ട്, സമൂല പരിഷ്കരണങ്ങളുടെ രൂപത്തിൽ. ജനാധിപത്യത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഒരുപാട് ഒരുപാട് വർദ്ധിക്കേണ്ടിയിരിക്കുന്നു
മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.