പൂമുഖം ചുവരെഴുത്തുകൾ വചനത്തിന്റെ രാഷ്ട്രീയം

വചനത്തിന്റെ രാഷ്ട്രീയം

 

ഴിഞ്ഞ കൊല്ലങ്ങളിലായി കർണാടകത്തിൽ കൊല്ലപ്പെട്ട എം എം കൽബുർഗിക്കും ഗൗരി ലങ്കേഷിനും ചില സമാനതകളുണ്ട്. ഹിന്ദു തീവ്രവാദത്തെ എതിർക്കുകയും മതേതരത്വത്തിനു വേണ്ടി വാദിക്കുകയും ചെയ്തവരായിരുന്നു ഇരുവരും. കൊല്ലപ്പെട്ട രീതിയിലും സമാനതയുണ്ടെന്നു വ്യക്തം. കർണാടകത്തിൽ പ്രബലരായ ലിംഗായത-വീരശൈവ വിഭാഗങ്ങളെപ്പറ്റി വിശദമായി പഠിച്ചവരായിരുന്നു രണ്ടു പേരും എന്നതാണ് മറ്റൊരു പ്രത്യേകത. അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും രണ്ടു പേരും പങ്കെടുത്തിരുന്നു. തന്റെ പഠനങ്ങളിലെ വിവാദപരമായ ചില പരാമർശങ്ങൾ കൽബുർഗിക്കു പിൻവലിക്കേണ്ടി വന്നപ്പോൾ തന്റേത് ‘ബൗദ്ധികമായ ആത്മഹത്യ’യാണെന്നും ‘കുടുംബത്തിന്റ രക്ഷയ്ക്കുവേണ്ടി മാത്രമാണ് ഇതു ചെയ്യുന്നത്’ എന്നുമാണു കൽബുർഗി കുമ്പസാരിച്ചത്.

ലിംഗായത-വീരശൈവ സമുദായക്കാരുടെ ഒരു സവിശേഷത, പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ കന്നട വചനകവിതാപ്രസ്ഥാനത്തിന്റെ പാരമ്പര്യം ഒരേപോലെ അവകാശപ്പെടുന്നു എന്നതാണ്. ഇന്ത്യയിൽ നടന്ന ഏറ്റവും വിപ്ലവകരമായ ഒരു പ്രസ്ഥാനമായിരുന്നു ഇത്. കർണാടകത്തിലെ കല്യാണ എന്ന സ്ഥലമായിരുന്നു ആസ്ഥാനം. പ്രസ്ഥാനനായകനായ ബസവണ്ണ അന്നത്തെ ഭരണാധികാരിയായ ബിജ്ജളരാജാവിന്റ മന്ത്രിയും സഹോദരീഭർത്താവുമായിരുന്നു. ബ്രാഹ്മണസമുദായത്തിൽ ജനിച്ച ബസവണ്ണ ചെറുപ്പത്തിൽ ഉപനയനം നിഷേധിക്കുകയും പിന്നീട് അദ്ദേഹത്തെ നിർബന്ധിച്ച് അണിയിച്ച പൂണുനൂൽ ഉപേക്ഷിക്കുകയും ചെയ്തതായി പറയപ്പെടുന്നു. എന്തായാലും പിന്നീട് അദ്ദേഹം ജാതിവ്യവസ്ഥയെയും വർണാശ്രമസിദ്ധാന്തങ്ങളെയും ശക്തമായി എതിർത്തു; വൈദികവും ആഗമികവുമായ ചിന്താപദ്ധതികളെ തിരസ്കരിച്ചു; ശൈവാദ്വൈതത്തിന്റെ ഒരു നവീനരൂപം ആവിഷ്കരിച്ചു; എല്ലാ തൊഴിലിനും ഒരേ പോലെ മാന്യതയുണ്ടെന്നു വാദിക്കുകയും ജാതിഭേദമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവരെയും ചേർത്ത് ആധ്യാത്മികവും മതപരവും സാമൂഹികവുമായ ഒരു സംവാദസ്ഥലത്തിനു രൂപം കൊടുക്കുകയും ചെയ്തു. കല്യാണയിൽ സ്ഥാപിച്ച ഈ ചർച്ചാവേദിക്ക് അനുഭവമണ്ഡപം എന്നായിരുന്നു പേര്. പ്രഭുദേവ എന്നുകൂടി അറിയപ്പെടുന്ന അല്ലമ പ്രഭുവായിരുന്നു ആദ്യകാലത്ത് ഇതിന്റെ അധ്യക്ഷൻ. അക്ക മഹാദേവിയാണ് ഈ പ്രസ്ഥാനത്തിലെ പ്രമുഖയായ മറ്റൊരു കവി.

ചെരുപ്പുകുത്തികൾ, നെയ്ത്തുകാർ, അലക്കുകാർ, തെരുക്കൂത്തുകാർ, തൂപ്പുകാർ തുടങ്ങി മോഷ്ടാക്കൾ വരെ അനുഭവമണ്ഡപത്തിൽ ഒത്തുകൂടി ചർച്ചകളിൽ പങ്കെടുക്കുകയും അവരവരുടെ തൊഴിലുമായി ബന്ധപ്പെട്ട വചനകവിതകളെഴുതുകയും ചെയ്തു. ബസവണ്ണയുടെ ഭാര്യമാരായ ഗംഗാംബിക, നീലാംബിക എന്നിവരും സഹോദരി നാഗലാംബികയുമൊക്കെ ഇക്കൂട്ടത്തിലെ വചനകവികളാണ്. കേരളത്തിൽനിന്നുള്ള ധൂപദ ഗൊഗ്ഗവ്വെയാണ് മറ്റൊരു കവി. ഗദ്യാത്മകവും ജൈവികവുമായ എഴുത്തുരീതിയാണ് വചനകവിതകളിലുള്ളത്. ആധ്യാത്മികമെന്നതുപോലെ സാമൂഹികവുമായ വിഷയങ്ങൾ ഈ കവിതകളിൽ ഉൾച്ചേർന്നിരിക്കുന്നു. ഓരോ തൊഴിലിന്റെയും മാന്യതയിലും ജാതിയുടെ അർത്ഥശൂന്യതയിലും സ്ത്രീപുരുഷസമത്വത്തിലും ഊന്നുന്നതാണ് ഈ കവിതകളെല്ലാംതന്നെ.

ശിവലിംഗം ധരിക്കുന്നവർ എന്ന നിലയിൽ ലിംഗായതർ എന്നാണ് ഈ പ്രസ്ഥാനത്തിലുൾപ്പെട്ടവർ അറിയപ്പെട്ടത്. ശരണർ എന്നും വിളിപ്പേരുണ്ട്. ജാതിവ്യവസ്ഥയോടുള്ള എതിർപ്പ് സാമൂഹിക തലത്തിലും നടപ്പാക്കാനുള്ള ഇവരുടെ ശ്രമം അന്നത്തെ യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. അവർ ബസവണ്ണയ്ക്കെതിരേ രാജാവിനോടു പരാതിപ്പെട്ടു. ഒരു ബ്രാഹ്മണന്റെ മകളും ചെരുപ്പുകുത്തിയുടെ മകനും തമ്മിലുള്ള വിവാഹത്തിനു മുൻകൈയെടുത്തതോടെ ശരണകവികളോടുള്ള എതിർപ്പ് രൂക്ഷമായി. യാഥാസ്ഥിതികരും ശരണരും തമ്മിലുള്ള വലിയൊരു കലാപമാണു പിന്നീടു സംഭവിച്ചത്. അതിൽ ബിജ്ജളരാജാവുതന്നെ കൊല്ലപ്പെട്ടതോടെ ശരണർക്കെതിരേയുള്ള യാഥാസ്ഥിതികരുടെ ആക്രമണത്തിനു ശക്തികൂടി. തുടർന്നു ബസവണ്ണ കൊല്ലപ്പെട്ടു എന്നും ആത്മഹത്യ ചെയ്തു എന്നും സമാധിയായി എന്നും പല വാദങ്ങൾ നിലവിലുണ്ട്. എന്തായാലും ഇതോടെ വചനകവിതാപ്രസ്ഥാനം ചിതറിപ്പോയി. കുറേ വചനങ്ങൾ അപ്രത്യക്ഷമായി. ശരണർ പല നാടുകളിലേക്കു പലായനം ചെയ്തു.

പില്ക്കാലത്ത് ഇവർക്കിടയിൽ ആശയപരമായ സംഘർഷങ്ങളും ശക്തമായി. ചിലർ ബസവണ്ണയുടെ ആശയങ്ങളിൽ ഉറച്ചു നില്ക്കുകയും ലിംഗായതർ എന്ന പേരിൽത്തന്നെ അറിയപ്പെടുകയും ചെയ്തു. മറ്റു ചിലർ വീരശൈവർ എന്നറിയപ്പെടുകയും വേദങ്ങളിലും ശൈവാഗമങ്ങളിലും വിശ്വസിക്കുകയും ചെയ്തു. ബസവണ്ണയെക്കാൾ പ്രാചീനമായ മതമാണ് വീരശൈവമതം എന്നു കരുതുന്ന ഇവർ ശിവയോഗി ശിവാചാര്യരുടെ ‘സിദ്ധാന്തശിഖാമണി’ എന്ന ഗ്രന്ഥത്തെ പ്രമാണമായി കരുതുകയും ബസവണ്ണയെക്കാൾ പ്രാചീനത ഈ കൃതിക്കുണ്ടെന്നു വാദിക്കുകയും ചെയ്യുന്നു. വീരശൈവർ ബസവണ്ണയുടെ പാരമ്പര്യവും അവകാശപ്പെടുന്നു എന്നതുകൊണ്ടാണ് ഈ വിഭാഗങ്ങളെ പലരും ഒരുമിച്ചു പരിഗണിക്കാറുള്ളത്. കേരളത്തിലും വീരശൈവരുടെയും ലിംഗായതരുടെയും ഗണ്യമായ സാന്നിധ്യമുണ്ട്. തങ്ങളുടേത് പ്രത്യേകമായ മതമാണെന്നു കരുതുന്നവരും ഹിന്ദുമതത്തിന്റെ ഭാഗമാണെന്നു കരുതുന്നവരും ഇവർക്കിടയിൽത്തന്നെയുണ്ട്. ബസവണ്ണയുടെയും മറ്റു ശരണരുടെയും ആശയങ്ങളും ഹിന്ദുമതത്തിൽ പ്രബലമായ ആശയങ്ങളും തമ്മിലുള്ള ആന്തരികസംഘർഷങ്ങൾ ഇന്നും തുടരുന്നു. ഇവരിൽ ബ്രാഹ്മണ്യത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നവരും ജാതിവ്യവസ്ഥയിൽ വിശ്വസിക്കുന്നവരും ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ പിൻപറ്റുന്നവരുമുണ്ട്; ബസവണ്ണയുടെ സാമൂഹികപരിഷ്കരണശ്രമങ്ങൾ തുടരാൻ ആഗ്രഹിക്കുന്നവരുണ്ട്. സംഘർഷങ്ങളുടെ അടിസ്ഥാനകാരണം ഈ വൈരുധ്യങ്ങളിൽ കണ്ടെത്താം. സാമൂഹികസമത്വം എന്ന യുക്തിയുടെ വക്താവായിരുന്ന ബസവണ്ണയെയും മറ്റു ശരണരെയും ആരാധിക്കുന്ന പാരമ്പര്യം കൂടി ശക്തമായതോടെ വസ്തുനിഷ്ഠമായ വിശകലനങ്ങൾ സാധ്യമാകാതെയും വന്നു. ബസവണ്ണയുടെ സഹോദരീപുത്രനായ ചന്ന ബസവണ്ണയുടെ പിതൃത്വത്തെ സംബന്ധിച്ച തന്റെ നിരീക്ഷണമാണു ലിംഗായതപാരമ്പര്യത്തിനൊപ്പം യുക്തിവാദത്തെയും ചേർത്തു പിടിച്ച കൽബുർഗിക്കു പിൻവലിക്കേണ്ടിവന്നത്.

ഒരു പ്രത്യേക പ്രസ്ഥാനത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞതെങ്കിലും സമാനമായ എത്രയെത്ര ശ്രമങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോയതെന്നും ഓരോ ശ്രമവും എങ്ങനെയൊക്കെ അട്ടിമറിക്കപ്പെട്ടുവെന്നും ഓർക്കാവുന്നതാണ്. ഇപ്പോഴും കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ. പക്ഷേ അസഹിഷ്ണുതയുടെയും നടുക്കുന്ന അക്രമങ്ങളുടെയും അളവ് നാൾക്കുനാൾ കൂടിവരുന്നു. അസഹിഷ്ണുതയെ എതിർക്കുന്നവർ ഇല്ലാതാക്കപ്പെടുന്നു. ചരിത്രത്തിൽനിന്നു നാം എന്താണു പഠിക്കേണ്ടത്?

Comments
Print Friendly, PDF & Email

You may also like