പൂമുഖം LITERATUREപുസ്തകം ‘സുന്ദര ഗാനങ്ങൾ, അകവും പൊരുളും’ – എതിരൻ കതിരവൻ

‘സുന്ദര ഗാനങ്ങൾ, അകവും പൊരുളും’ – എതിരൻ കതിരവൻ

ethir

മലയാളത്തിൽ പാട്ടെഴുത്തുകാർ ധാരാളുണ്ട്. പല ആനുകാലികങ്ങളിലും പാട്ടെഴുത്തുകൾ പതിവായി പ്രസിദ്ധീകരിച്ച് വരുന്നുമുണ്ട്. എന്നാൽ ഓരോ പാട്ടിനെക്കുറിച്ചും സമഗ്രമായ പഠനങ്ങൾ അധികമൊന്നും കാണാറില്ല. ഒരു ഗാനത്തിന്റെ സാഹിത്യ ഭംഗി, അതിനുപയോഗിച്ച പശ്ചാത്തല സംഗീത വാദ്യങ്ങൾ കഥാസന്ദർഭവുമായി ആ ഗാനത്തിന്റെ യോജിപ്പും പ്രസക്തിയും ഇതൊക്കെ പഠന വിധേയമാക്കുമ്പോഴേ അതൊരു സമഗ്ര പഠനമാകുകയുള്ളു. പല പാട്ടെഴുത്തുകളിലും പശ്ചാത്തല സംഗീതം പഠന വിധേയമാകാറേയില്ല. പിൽക്കാലത്ത് പ്രശസ്തരായ പല സംഗീത സംവിധായകരും ആദ്യകാലങ്ങളിൽ പശ്ചാത്തല സംഗീതം നിയന്ത്രിച്ചവരായിരുന്നു എന്നും ഓർക്കണം. എ.ആർ.റഹ്‌മാനെപ്പോലെ നിരവധി പേർ ആ ഗണത്തിലുണ്ട്.

ശാസ്ത്ര സംബന്ധമായ ലേഖനങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ എതിരൻ കതിരവൻ ഒന്നാംതരം സംഗീതജ്ഞനും സംഗീത സംബന്ധമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ അവഗാഹമുള്ളയാളും ആണെന്ന് അടുത്ത കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ട് കൃതികൾ സാക്ഷ്യപ്പെടുത്തുന്നു. പൂർണ്ണ പ്രസിദ്ധീകരിച്ച സുന്ദരഗാനങ്ങൾ – അകവും പൊരുളും,  കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച പാട്ടും നൃത്തവും എന്നിവയാണ് ഈ ഗ്രന്ഥങ്ങൾ. ‘സുന്ദര ഗാനങ്ങൾ  അകവും പൊരുളും  എന്ന ലേഖന സമാഹാരത്തെ ചെറുതായൊന്ന് പരിചയപ്പെടുത്തട്ടെ –

ഉണരുണരൂ തുടങ്ങി വാൽറ്റ്സ് താളങ്ങൾ മലയാളത്തിൽ വരെ പന്ത്രണ്ടോളം ലേഖനങ്ങൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. പി ഭാസ്കരൻ, കെ.രാഘവൻ ടീം അമ്മയെക്കാണാൻ എന്ന സിനിമക്ക് വേണ്ടി അണിയിച്ചൊരുക്കിയ അതി മനോഹരമായ ഈ ഗാനം പാടിയത് എസ്. ജാനകിയാണ്. ഈ ഗാന ചിത്രീകരണത്തിന്റെ പശ്ചാത്തലം, സാഹിത്യ ഭംഗി, എന്നിവയെക്കുറിച്ച് മാത്രമല്ല ഈ ലേഖനം ചർച്ച ചെയ്യുന്നത്. ഗാനാരംഭത്തിലെ ഹമ്മിംഗ്, പല്ലവി, അനുപല്ലവി, ചരണം, ഉപകരണ സംഗീതങ്ങളുടെ സവിശേഷമായ പ്രയോഗങ്ങൾ തുടങ്ങിയവയൊക്കെ വിശകലനത്തിന് വിധേയമാക്കുന്നു. റോസി എന്ന സിനിമക്ക് വേണ്ടി ജോബ് സംഗീത സംവിധാനം ചെയ്ത അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം എന്ന ഗാനത്തിന്റെ പഠനത്തിന് അല്ലിയാമ്പൽക്കടവിലന്നരയ്ക്ക് വെള്ളം – ഗൃഹാതുരതയുടെ പടിഞ്ഞാറൻ കരിക്ക് വെള്ളം എന്ന ശീർഷകം ആലോചനാമൃതം തന്നെ. ആ ഗാനത്തിന്റെ കാൽപ്പനിക സ്വഭാവവും ഗൃഹാതുരതയും പാശ്ചാത്യ സംഗീതത്തോട്ടുള്ള ബന്ധവും ഈ തലക്കെട്ടിൽ നമുക്ക് വായിച്ചെടുക്കാനാകും. ചെമ്മീൻ എന്ന സിനിമക്ക് വേണ്ടി സലിൻ ചൗധരി ഒരുക്കിയ പെണ്ണാളേ പെണ്ണാളേ എന്ന പാട്ടിന്റെ പഠനം നമ്മുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. മൂന്ന് പാട്ടുകളുടെ മിശ്രണമാണ് ആ ഗാനം. അതിലെ ഓരോ ഭാഗത്തെയും അതിന്റെ സവിശേഷതകളെയും ലേഖകൻ നിർദ്ധാരണം ചെയ്യുന്നു.

ഇതു പോലെ വാൽറ്റ്സ് താളങ്ങൾ മലയാളത്തിൽ എന്ന ലേഖനത്തിനും അപൂർവ്വതയുണ്ട്. പശ്ചാത്തല വാദ്യങ്ങൾ മിക്ക പാട്ടെഴുത്തുകാർക്കും വിഷയമാകാറില്ല. സാങ്കേതികജ്ഞാനം ആവശ്യപ്പെടുന്ന മേഖലയാകുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. വാൽറ്റ്സ് താളങ്ങളുടെ സ്വഭാവം വിശദീകരിക്കുകയും ഈ താളങ്ങൾ ഉപയോഗിച്ചിട്ടുള്ള ഗാനങ്ങളെ ഇഴനീർത്തി പരിശോധിക്കുകയും ചെയ്യുന്നു ലേഖകൻ. ഇത്തരത്തിലുള്ള ഗൗരവപൂർണ്ണമായ സിനിമാ സംഗീത പഠനങ്ങൾ മലയാളത്തിൽ അപൂർവ്വമാണ്. ഷിക്കാഗോ യൂനിവേഴ്സിറ്റിയിൽ സീനിയർ സയിൻറിസ്റ്റായ എതിരൻ കതിരവന്റെ സംഗീത സംബന്ധമായ കൂടുതൽ പഠനങ്ങൾ പ്രതീക്ഷിക്കുന്നു.

Comments
Print Friendly, PDF & Email

You may also like