പൂമുഖം നിരീക്ഷണം ചില കീഴാറ്റൂർ ചിന്തകൾ…

ചില കീഴാറ്റൂർ ചിന്തകൾ…

 

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയ പാതാ വികസനം കഴിയുന്നത്ര വീതിയിലും കഴിയുന്നത്ര വേഗത്തിലും ഉണ്ടാകണം എന്ന് തന്നെയാണ് ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ബഹുഭൂരിഭാഗം റോഡുകളും കഴിഞ്ഞ തലമുറ നമുക്ക് തന്നവയാണ് (ഉദാഹരണമായി കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയിൽ കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കിടയിൽ ആകെയുണ്ടായ വികസനം ഒന്നോ രണ്ടോ പാലവും ഒന്നോ രണ്ടോ ഇടങ്ങളിലുണ്ടായ വളവു നിവർത്തലും മാത്രമാണ്. പൊതുവിലുള്ള വീതി അന്നുമിന്നും ഏതാണ്ടൊന്നു തന്നെയാണ്) അക്കാലങ്ങളിൽ യാത്ര ചെയ്തിരുന്നവരുടെ ഒരുപാട് മടങ്ങു വരും ഇപ്പോൾ. അക്കാലത്തു വീടുകൾ ഏറെക്കുറെ സ്വയം പര്യാപ്തമോ (പട്ടിണിയിലോ) ആയിരുന്നു. ചന്തയിൽ സാധനങ്ങൾ കൊണ്ടുവന്നിരുന്നത് തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് തലച്ചുമടായോ കാൽനടയായോ ഒക്കെയായിരുന്നു. ഇന്ന് നമ്മുടെ ഭക്ഷ്യ വസ്തുക്കൾ അധികവും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റു ഉപഭോഗ വസ്തുക്കൾ അന്യ രാജ്യങ്ങളിൽ നിന്നുമൊക്കെയാണ് വരുന്നത്. അതായത് ചരക്കു നീക്കം ഒരുപാട് കൂടിയിരിക്കുന്നു, ജനസംഖ്യാ വർദ്ധനവ് കണക്കിലെടുക്കാതെ തന്നെ. ഇതിത്രയും വിശദീകരിച്ചത് റോഡു വികസനം സമ്പന്നനും മധ്യവർഗ്ഗത്തിനും മാത്രമുള്ളതാണ് എന്ന് ചില തീവ്ര തൊഴിലാളി വർഗ്ഗ പക്ഷപാതികൾ ഉറക്കെ വിളിച്ചു കൂവുന്നത് കണ്ടത് കൊണ്ടാണ്.

kee

സത്യത്തിൽ സംഗതി നേരെ തിരിച്ചാണ്. തമിഴ്‌നാട്ടിൽ നിന്ന് അതിവേഗം പച്ചക്കറി ചീയാതെ കേരളത്തിലെത്തുമ്പോൾ, നീണ്ടകരയിൽ നിന്ന് അതിവേഗം മൽസ്യം തിരുവനന്തപുര ത്തെത്തുമ്പോൾ അതിന്‍റെ ഗുണം ലഭിക്കുന്നത് സാധാരണ കർഷകർക്കും തൊഴിലാളി കൾക്കും കൂടിയാണ്. ആഗോളവൽക്കരണത്തിൽ നിന്ന് ലോകത്തിനൊരു തിരിച്ചു നടത്തമില്ലെന്നു അറിയാവുന്നവർക്ക് ഓരോ ഉത്പന്നത്തിനും കൂടുതൽ കൂടുതൽ ദൂര ദേശങ്ങൾ തേടി പോകേണ്ടി വരും എന്നറിയാം. ഉത്പന്നങ്ങൾക്ക് മാത്രമല്ല തൊഴിലാളികൾക്കും കൂടുതൽ ദൂര ദേശങ്ങളിലേക്കു യാത്ര ചെയ്യേണ്ടി വരും.

നമുക്ക് വിഷയത്തിലേക്കു തിരിച്ചു വരാം. നമ്മൾ ഇപ്പോൾ നിർമ്മിക്കാൻ പോകുന്ന റോഡുകൾ നമുക്ക് വേണ്ടിയുള്ളതല്ല അവ നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കും ഒക്കെ വേണ്ടിയുള്ളതാണ്  ( അപ്പോഴേക്കും റോഡിനു മുകളിലൂടെ പറക്കുന്ന കാറുകളും മറ്റും വരും, ഇപ്പോള്‍ തന്നെ അവ ഏതാണ്ട് യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ അവസാന ഘട്ടങ്ങളിൽ ആയിക്കഴിഞ്ഞു). നോക്കൂ ഒരു പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞ് ഇപ്പോഴുള്ള ദേശീയ പാത വീതികൂട്ടാൻ ശ്രമിക്കുന്നത് എത്രത്തോളം അസാധ്യം തന്നെയായി മാറുമെന്ന്. ഹൈവേയുടെ ഇരു വശവും കേരളമങ്ങോളമിങ്ങോളം ബഹുനില മന്ദിരങ്ങൾ നിറഞ്ഞു കഴിഞ്ഞിരിക്കും അപ്പോഴേക്കും. അത് കൊണ്ട് തന്നെ അടുത്ത ഇരുപതു മുപ്പതു വർഷങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള അടിസ്ഥാന പാതകളെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുണ്ടായിക്കഴിഞ്ഞാൽ ഡബിൾ ഡക്കർ റോഡുകളും മേൽപ്പാലങ്ങളും ഒക്കെയായി നമുക്കതു  വിപുലീകരിക്കാവുന്നതേയുള്ളൂ. മെച്ചപ്പെട്ട റോഡുകൾ രാഷ്ട്ര വികാസത്തിന് അനിവാര്യമാണ്. അത് ജനജീവിതം കൂടുതൽ സൗകര്യപ്രദമാക്കുക മാത്രമല്ല ചെയ്യുന്നത്, ഉൽപ്പാദനക്ഷമത കൂട്ടുകയും ചെയ്യും. ഇന്ന് കൊല്ലത്തു നിന്ന് കൊച്ചിയിൽ പോയി വരികയെന്നാൽ ഒരാളുടെ ഒരു പ്രവൃത്തി ദിനം നഷ്ടമാകുക എന്നാണര്‍ത്ഥം, നല്ലൊരു റോഡുണ്ടെങ്കിൽ ഉച്ചയ്ക്ക് മുൻപ് തിരികെയെത്തി ജോലിയിൽ കയറാൻ കഴിഞ്ഞേക്കും. അത്ര ദൂരെയൊന്നും പോകേണ്ട. യാത്രാസൗകര്യം മെച്ചപ്പെട്ടാല്‍, മൂന്നോ നാലോ കിലോമീറ്റർ ചുറ്റളവിൽ പണിയെടുക്കുന്ന ഒരു ഇലക്ട്രീഷ്യന് അല്ലെങ്കിൽ പ്ലംബർക്കു ഒന്നോ രണ്ടോ മടങ്ങു ദൂര പരിധിയിലേക്കു തൊഴിൽ മേഖല വികസിപ്പിക്കാൻ കഴിയും.

kee 2

റോഡുകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അത് കഴിയുന്നത്ര വേഗത്തിൽ വേണമെന്നും ഏകദേശ ധാരണയിൽ എത്തിക്കഴിഞ്ഞെങ്കിൽ ഇനി നമുക്ക് അവ എങ്ങിനെ വേണമെന്ന ചർച്ചയിലേക്ക് കടക്കാം
റോഡ് വികസനം ചർച്ച ചെയ്യുമ്പോൾ നമ്മുടെ ആദ്യത്തെയും അവസാനത്തെയും പ്രശ്നം സ്ഥലം കണ്ടെത്തലാണ്. ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്തു ഇതൊരു ഗൗരവമുള്ള പരിമിതി തന്നെയാണെന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ജലപാതകൾ വികസിപ്പിക്കുക (പ്രത്യേകിച്ചും ചരക്കു നീക്കത്തിനായി) പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുക, ഒന്നിലധികം സ്വകാര്യ വാഹനങ്ങൾ വാങ്ങുന്നവർക്ക് അധിക നികുതി ഏർപ്പെടുത്തുക എന്നിങ്ങനെയെല്ലാമുള്ള സമാന്തര അന്വേഷണങ്ങൾ മുന്നോട്ടു പോകേണ്ടത് തന്നെയാണ്. എന്നാൽ ഇതൊന്നും, നമ്മുക്കിപ്പോഴും സംസ്ഥാനത്തെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ബന്ധിപ്പിക്കുന്ന ഒരു നാല് വരി പാതപോലുമില്ലെന്ന യാഥാർത്ഥ്യത്തെ മറച്ചു പിടിച്ചുകൊണ്ടാകരുത്. ദേശീയപാതാ വികസനം കഴിയുന്നിടങ്ങളിൽ ആറു വരിയായും അല്ലാത്തിടങ്ങളിൽ നാല് വരിയായും ഉണ്ടാകേണ്ടത് അങ്ങേയറ്റം അനിവാര്യമാണ്
ബിസിഇ മൂന്നുറുകളിൽ ചാണക്യൻ പറഞ്ഞു വെച്ചത്, “ ഒരു രാജ്യത്തിനായി ഒരു ദേശത്തേയും ഒരു ദേശത്തിനായി ഒരു ഗ്രാമത്തേയും ഒരു ഗ്രാമത്തിനായി ഒരു കുടുംബത്തേയും  തകർക്കാം” എന്നാണ് . ചാണക്യനെയൊക്കെ ക്വോട്ട് ചെയ്യുന്നത് പോലും അങ്ങേയറ്റം പൊളിറ്റിക്കലി ഇൻകറക്റ്റ് ആണെന്നറിയാം.  അങ്ങിനെ  ചെയ്യേണ്ടി വരുന്നത് രാഷ്ട്ര വികസനത്തിനായി ചില വിട്ടു വീഴ്ചകളും നാശനഷ്ടങ്ങളും സ്വീകരിക്കേണ്ടി വരും എന്നോർമ്മിപ്പിക്കാനാണ്

kee 3

അത്തരത്തിൽ എന്തെങ്കിലും തകർക്കേണ്ടി വരുമെങ്കിൽ അതെന്തായിരിക്കണം എന്ന മുൻധാരണ നമുക്ക് ഉണ്ടായിരിക്കണം. ഇവിടെ അതാണ് ആദ്യ വില്ലൻ. ക്ഷേത്രങ്ങൾ, പള്ളികൾ, പൊതു സ്ഥാപനങ്ങൾ, കടകൾ, വീടുകൾ, വയലുകൾ, കുന്നുകൾ, തണ്ണീർത്തട ങ്ങൾ എന്നിങ്ങനെയുള്ളവ പൊതു ആവശ്യങ്ങൾക്കായി ഇല്ലാതാക്കപ്പെടേണ്ടതുണ്ടെങ്കിൽ ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് പുനർ നിർമ്മിക്കാവുന്നവ മാത്രമേ നാം തകരാനനുവദിക്കാവൂ എന്നതാണ്. മുകളിലെ ലിസ്റ്റിൽ നമ്മൾ ആദ്യം ഏറ്റെടുക്കേണ്ടത് ആരാധനാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും ഭൂമിയാണ്. അവ മാറ്റി സ്ഥാപിക്കുന്നത് ആർക്കും ദോഷകരമാകുന്നില്ല. കടകളും വീടുകളും ഈ ലിസ്റ്റിൽ രണ്ടാമതായി വരും. അവ മനുഷ്യ നിർമ്മിതമാണ്, പുനർനിർമ്മിക്കാവുന്നവയും. ഒടുവിൽ മാത്രമാണ് വയലുകളും തണ്ണീർത്തടങ്ങളും വരിക,  അവ തകർത്തുകൊണ്ടുള്ള യാതൊരു വികസനവും വികസനം അല്ല തന്നെ. അടുത്ത തലമുറയ്ക്ക് വയലുകളും അവശേഷിച്ച തണ്ണീർ തടങ്ങളും കൈമാറണോ വികസിത ദേശീയ പാത കൈമാറണോ എന്നാണ് ചോദ്യമെങ്കിൽ ആദ്യത്തേത് എന്നാവും എന്‍റെ ഉത്തരം. കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് ഉത്തരം പറയുന്നവർക്ക് വേണ്ടിയാണ് മുകളിൽ ചാണക്യനെ ഉദ്ധരിച്ചത്. അത്തരം ബുദ്ധിമുട്ടുകൾ അംഗീകരിക്കാതെ തരമില്ല. നോക്കൂ വികസനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇരയുടെ വേദനയല്ല അവിടെ ചർച്ചയാകേണ്ടത് അത്തരത്തിൽ നമ്പറാടത് ജാനകിയെ മുന്നിൽ നിർത്താൻ ശ്രമിക്കുന്നവരും കേവലം വൈകാരികമായ ഇരവാദം തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്.
വയലുകളെ നശിപ്പിച്ചു വഴിയോരത്തെ വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട് പഴയ ഗ്രാമീണ ചന്തകളിൽ നിന്ന് നമ്മുടെ വാങ്ങലും വിൽക്കലും പ്രധാന തെരുവുകളിലേക്കു മാറിയത് പോലെ തന്നെ ഒരു വലിയ മാറ്റം വീണ്ടും ഈ മേഖലയിൽ വരികയാണ്. നമ്മുടെ ഷോപ്പിംഗ് ഏതാണ്ട് സമ്പൂർണ്ണമായി തന്നെ ഷോപ്പിംഗ് മാളുകളിലേക്കു ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ മാറും. പല വികസിത രാജ്യങ്ങളിലും ഹൈ സ്ട്രീറ്റ് ഷോപ്പിംഗ് ഇപ്പോൾ തന്നെ പഴങ്കഥയായി കഴിഞ്ഞു. മൾട്ടി നാഷണൽ റീട്ടെയിൽ കമ്പനികൾ അത്തരം ഷോപ്പുകൾ പൂട്ടുന്ന തിരക്കിലാണ്. ചില രാജ്യങ്ങളിൽ ഓൺ ലൈൻ ഷോപ്പിങ്ങിന്‍റെ വളർച്ച ഷോപ്പിംഗ് മാളുകളെ തന്നെ തകർത്തു തുടങ്ങിയിരിക്കുന്നു. പറഞ്ഞു വന്നത്, നിങ്ങൾ ഇപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന വൻകിട വ്യാപാര സ്ഥാപനങ്ങൾ അവർ തന്നെ ഏറിയാൽ പത്തു വർഷങ്ങൾക്കുള്ളിൽ മാളുകളിലേക്കു റീലൊക്കേറ്റ് ചെയ്യും എന്നാണ് . പിന്നെ അവശേഷിക്കുന്ന ചെറുകിടക്കാരിൽ വലിയൊരു ശതമാനം വൻകിട മാളുകളിലെ സെയിൽസ്മാന്‍മാരും സെയില്‍സ് ഗേള്‍സുമായിമാറും. ബ്രിക്ക് ആൻഡ് മോർട്ടാർ വ്യാപാര മേഖല അതിന്‍റെ അന്ത്യത്തോടടുക്കുകയാണ് എന്ന് വാറൻ ബുഫേട് പറഞ്ഞത് ഇക്കഴിഞ്ഞ മാസമാണ്
വയലുകൾക്കു പകരം ദേശീയ പാത എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നവർ ഓർക്കേണ്ടുന്ന ഒന്നുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥ പ്രവാസികളുടെ മണിയോർഡറിന് മേലും ഐ ടി, സർവീസ് മേഖലകളെ ആശ്രയിച്ചും  നിൽക്കുന്ന, തലതിരിഞ്ഞ, ഒരു കേരള മോഡൽ ആണെന്നതാണത്. എണ്ണ രാജ്യങ്ങൾ ഇത് വരെ ഉണ്ടാകാത്ത വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ലോകം കൽക്കരിയിൽ നിന്ന് ഏതാനും ചില ദശകങ്ങൾ കൊണ്ട് എണ്ണയിലേക്ക് മാറിയത് പോലെ അടുത്ത മാറ്റത്തിന് തയ്യാറെടുക്കുകയാണ്. മദ്ധ്യേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് വമ്പിച്ച തോതിലുള്ള പ്രവാസികളുടെ മടക്കം നമ്മുടെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കാൻ പോകുകയാണ്. സൗദി അറേബിയയിൽ നിന്ന്‍ ഈ വര്‍ഷം  തന്നെ ആ തിരിച്ചൊഴുക്ക് ദൃശ്യമായി തുടങ്ങും

kee 4

മറ്റൊന്ന് ഐടി, സർവീസ് മേഖലകളാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഈ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ പ്രവചിച്ചു കഴിഞ്ഞു. ചുരുക്കത്തിൽ, കൊട്ടിഘോഷിക്കപ്പെട്ട കേരളാ മോഡൽ  എല്ലാക്കാലവും പ്രവര്‍ത്തിക്കില്ലെന്ന് സാരം.  വയലുകൾക്കു മീതെ പണിഞ്ഞ റോഡുകൾ അപ്പോള്‍ നമുക്ക് അന്നം തരില്ല .

കൊട്ടിഘോഷിച്ച ജനകീയാസൂത്രണം കൊണ്ട് വന്നത് ഇടതു പക്ഷം തന്നെയാണ്. അത് കേവലം കോഴിമുട്ടയും കോഴിയും വിതരണം ചെയ്യുന്നതിൽ ഒതുങ്ങിപ്പോയി എന്നതാണ് നമ്മുടെ പരാജയം

ജില്ലാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും വികസന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സ്ഥിരം സമിതികളുണ്ടാകണം. അവയിൽ സർവകക്ഷി നേതാക്കളും പരിസ്ഥിതി, കൃഷി, എഞ്ചിനീയറിങ്, സാമൂഹ്യ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ തുടങ്ങിയവര്‍ ഉണ്ടാകണം. ഇത്തരം തർക്കങ്ങൾ കഴിയുന്നത്ര നീതിപൂർവ്വം, സംസ്ഥാന താല്പര്യം മുന്നിൽ നിർത്തിക്കൊണ്ട് ചർച്ച ചെയ്തു പരിഹരിക്കാനും തീരുമാനം നടപ്പാക്കാനും   അതോറിറ്റികൾക്ക്  കഴിയണം.  ഏതോ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നു പറയുന്നത് അപഹാസ്യമാണ്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ തന്നെ കളിയാക്കുന്നതിനു തുല്യമാണ്.

ഓരോ ഭരണകർത്താവും നമ്മൾ ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് എല്ലായ്പ്പോഴും ഓർക്കേണം . ധാർഷ്ട്യം ഒഴിച്ച് നിർത്തി തുറന്ന ചർച്ചകൾക്ക് ഭരണാധികാരികൾ തയ്യാറാകണം. കുറഞ്ഞ പക്ഷം ഇത്തരം വിഷയങ്ങളിൽ അവസാനവാക്ക് പറയാനുള്ള പ്രാഗൽഭ്യം തങ്ങൾക്കില്ലെന്നെങ്കിലും അവർ മനസ്സിലാക്കണം. അവയില്‍ ലോക നിലവാരത്തിൽ തന്നെ പ്രാഗൽഭ്യം തെളിയിച്ച നിരവധി മലയാളികൾ നമുക്കൊപ്പമുണ്ട്. അത്തരക്കാരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ ചെയ്തു തീരുമാനമെടുത്താൽ പൊതു സമൂഹം ആ തീരുമാനത്തോടൊപ്പമുണ്ടാകും

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like