പൂമുഖം EDITORIAL കാത്തിരിപ്പ്

കാത്തിരിപ്പ്

 

യാത്രികൻ ഞാനീ
നിശീഥത്തിലെപ്പഴോ
ചേർത്തുവച്ചീ മൺവിളക്കിന്നൊളിയും
മറന്നെപ്പഴോ നിൻ
വാർമുടിച്ചുരുളിലെൻ്റെ
മിന്നാമിനുങ്ങുകൾ
നുറുങ്ങി കിനിഞ്ഞൊരാ
കൊച്ചരിപ്പൂമുല്ല
പൂത്തപോലുള്ളൊരാ പുഞ്ചിരി.
പാതിരാവിൽ പൂക്കും
നിലാവിലും
കാത്തുവയ്ക്കുന്നു
ഞാൻ സഖീ നിന്നുടെ
കാട്ടിലഞ്ഞി പൂത്തപോലീ
രാവിലോടിയെത്തുന്ന
കാച്ചെണ്ണതൻ മണം.
മാനമിപ്പൊഴും ചോർന്നൊലിക്കുന്നു
രാക്കിളിപ്പാട്ടു പോലുള്ള തുള്ളികൾ
കാത്തുവയ്ക്കുന്നു
ഞാനെൻ്റെ കണ്ണീരുപ്പുവീണൊരീ പാഥേയം
പാരിജാതം മിഴിതുറക്കുന്നപോൽ
പാട്ടുപാടുന്നു രാക്കിളിപ്പുള്ളുകൾ
കാത്തുവച്ചൊരീ നീലക്കടമ്പിൻ്റെ
കാട്ടുനീലക്കനമുള്ള പൂവുകൾ
കോർത്തുകെട്ടി കാത്തിരിക്കുന്നു ഞാൻ
ഈ വഴിത്താരതന്നിലിന്നേകനായ്.

Comments

You may also like