പൂമുഖം LITERATUREലേഖനം കേരള മുസ്ലിം ജീവിതത്തിന്‍റെ പരിണാമ വഴികൾ.

കേരള മുസ്ലിം ജീവിതത്തിന്‍റെ പരിണാമ വഴികൾ.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

യാ നബീ സലാം അലൈക്ക…
യാ റസൂല്‍ സലാം അലൈക്ക…
ഇന്നലെ രാത്രി 10 മണി.
ഒരു ബന്ധു വീട്ടിലെ മൈലാഞ്ചിക്കല്യാണം കഴിഞ്ഞ് എത്തിയതേയുള്ളൂ. തൊട്ടടുത്തുള്ള പള്ളിയങ്കണത്തില്‍ നിന്നാണ്,
ഏതോ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ, താളലയരസപ്രദമായി പെയ്യുന്ന മൌലിദ് ബൈത്തുകള്‍……
പിന്നെയത്,
ബുര്‍ദ നഷീദയായി പരിണമിച്ചു …
മൌലായ സ്വല്ലി വസല്ലിം ദായിമന്‍ അബദന്‍…
അലാ ഹബീബിക്ക ഖൈരില്‍ ഖല്ഖി കുല്ലിഹിമി…
വീണ്ടും,
ഭക്തിരസപ്രദാനമായ മാപ്പിളപ്പാട്ടിലെത്തി നിന്നു:
മാണിക്യമലരായ പൂവി….
ഒട്ടകങ്ങള്‍ വരിവരിയായി…

ആരോഹണാവരോഹണങ്ങളിലൂടെ പതിനൊന്ന് പതിനൊന്നരയോടെ പെയ്തു തീര്‍ന്നു..
കുറേ നേരത്തെക്ക് സ്ഥലജലവിഭ്രമത്തിലായിരുന്നു. ഉണര്‍ച്ചയിലോ സ്വപ്നത്തിലോ? ഏതോ നൊസ്റ്റാള്‍ജിയയുടെ തീരത്ത് സ്വയം നഷ്ടപ്പെട്ട കുഞ്ഞുബാലനായി പരിണമിച്ചു.
തീക്കാറ്റും ചുടുമണലും വീശിയ മരുഭൂമിയില്‍ പ്രത്യാശയറ്റ നേരത്ത്, കുളിര്‍ക്കാറ്റും മഴയും പെയ്യുന്നു; ശുദ്ധജല അരുവി ഒഴുകുന്നു.

Why Are Muslims So Boring?
സിയാവുദ്ദീന്‍ സര്‍ദാര്‍ 2004-ല്‍ എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ടാണ്. സംഗീതം സ്വയം നിഷിദ്ധമാക്കിയ, സിനിമ നിഷിദ്ധമാക്കിയ മുസ്ലിംകളോടാണ് സര്‍ദാര്‍ ഈ ചോദ്യമെയ്യുന്നത്.
ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നു:
No society, whatever it holds to be true, can survive without culture in all its multiple manifestations. Prayer and rituals may make us pious and righteous, but it is cultural expression that really manifests our full humanity. To say that all we need is prayer and rituals is to diminish ourselves as human beings. As human beings, we have an innate need for cultural nourishment, an innate desire to express our most sublime thoughts, emotions and feelings. Moreover, we also need to be entertained, to feel good about ourselves, to be jolted about our shortcomings, and to communicate joy and contentment.

മുപ്പതോ നാല്പതോ വര്‍ഷം മുമ്പ് വരെ സജീവമായിരുന്ന മാപ്പിള സംസ്കൃതിയെ കുറിച്ച് സിയാവുദ്ദീന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ലോകമുസ്ലിംകള്‍ക്ക് റോള്‍ മോഡല്‍ ആയി അവരെ പരിചയപ്പെടുത്തുമായിരുന്നു. ഒപ്പനയും ദഫും കോല്‍ക്കളിയും പാട്ടും സജീവമായിരുന്ന, ആഘോഷാവസരങ്ങളില്‍ ഒറ്റ പ്രവേശന കവാടത്തിലൂടെ ആണും പെണ്ണും പ്രവേശിക്കുമായിരുന്ന, പര്‍ദ്ദ പരിചിതമല്ലായിരുന്ന, എന്നാല്‍ സ്ത്രീകള്‍ അകത്തും പുറത്തും വേഷവൈവിധ്യങ്ങള്‍ കൈക്കൊണ്ട, പരിചിതരും അപരിചിതരും ബന്ധുക്കളും അന്യരും ഇസ്ലാമീങ്ങളും അനിസ്ലാമീങ്ങളുമായ ആണുങ്ങളോട് നരകത്തിലെ വിറകാകുമെന്ന സങ്കോചമില്ലാതെ ബോള്‍ഡ് ആയി ഇടപ്പെട്ടിരുന്ന മാപ്ലച്ചികള്‍ സാര്‍വത്രികമായിരുന്ന, ആ സാംസ്ക്കാരിക സമ്പന്നതയെ അദ്ദേഹം അറിഞ്ഞു കാണില്ലായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം മതമെന്നാല്‍ ലളിതമായി ഇല്ലിളം കാറ്റായി തലമുറ കൈമാറി തഴുകിയെത്തിയ ഒരു സാംസ്ക്കാരിക വ്യതിരിക്തതയായിരുന്നു. നന്മയും സത്യസന്ധതയും ഭൂതദയയുമൊക്കെ ആയിരുന്നു. അവര്‍ മതത്തെയും മതാചാര്യന്മാരെയും മിത്തുകളിലും കാവ്യങ്ങളിലും ശീലുകളിലും പുന:സൃഷ്ടിച്ച് കസ്റ്റമൈസ് ചെയ്തിരുന്നു.

അയല്‍ക്കാരനോട് ‘ങ്ങക്ക് ങ്ങടെ മതം, മ്മടെത് മ്മള്ക്ക്’ എന്ന് അതിരിട്ട സഹവര്‍ത്തിത്വം സൂക്ഷിച്ചിരുന്നു. അവരിലെ ആണുങ്ങളില്‍ ചിലര്‍ കൃത്യമായി 5 നേരം പള്ളിയില്‍ പോയി, ചിലര്‍ വെള്ളിയാഴ്ച മാത്രവും ചിലര്‍ വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനത്തില്‍ മാത്രവും. വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ച് വന്നിട്ടും പള്ളിയില്‍ കേറാത്ത ബാപ്പമാരും അവരില്‍ സാധ്യമായിരുന്നു. അവരെ ആരും കല്ലെറിഞ്ഞില്ല, രൂക്ഷമായി നോക്കിയില്ല, ദീനില്ലാത്തവന്‍ എന്ന് പരിഹസിച്ചില്ല. അവരില്‍ ചിലര്‍ സന്ദേഹവാദികളോ പദപ്രയോഗം ഇല്ലെങ്കിലും എത്തീയിസ്റ്റുകളോ പോലുമായിത്തന്നെ ആ സമൂഹത്തിന്റെ അതിരുകളില്‍ നിലകൊണ്ടു. ജനങ്ങള്‍ പാതിരാപ്രസംഗങ്ങള്‍ കേള്ക്കാന്‍ പോകുകയും പൂര്‍വികരുടെ ത്യാഗകഥകള്‍ കേട്ട് കണ്ണീര്‍ വീഴ്ത്തുകയും അരിയായും കല്ലായും പണമായും സംഭവനകള്‍ കൊടുക്കുകയും മോയ്ല്യാര്‍ പറഞ്ഞത് കൊറച്ചൊക്കെ കേട്ടും കൊറേയേറെ കടല കൊറിച്ച് വഴുതി വീണ ഉറക്കത്തിന് വിട്ടു കൊടുത്തും കൌമാരക്കാരായ ആണും പെണ്ണും പള്ളി മൈതാനത്തില്‍ വെളിച്ചം കുറഞ്ഞ ഭാഗത്ത് ലൈനടിച്ചും അവരൊക്കെയും നേരം പുലരുവോളം പള്ളിമൈതാനീല്‍ ചെലവിട്ടു.. നാടൊട്ടുക്കും നേര്ച്ചകള്‍, ഉറൂസുകള്‍, മൌലിദുകള്‍ എന്നൊക്കെ പേരിട്ട് ഭക്തിയും ആഘോഷവും ഇടകലര്ന്ന ആനന്ദവേളകള്‍ ഉണ്ടായിരുന്നു. കാല്‍ നൂറ്റാണ്ട്‌ കടന്നാലും രുചി നാക്കില്‍ നിന്ന് പോകാത്ത എറച്ചിച്ചോറും ഖാവയും വിളമ്പിയിരുന്നു. അത് ഇഷ്ടമുള്ള ഹിന്ദൂനും ക്രിസ്ത്യനിക്കും വിളമ്പാനോ ഓലെ ഓണത്തിന്റെം ക്രിസ്മസിന്റെം സദ്യേം പായസോം കഴിക്കാനോ അവര്ക്ക് ഹറാമോ ഹലാലോ എന്ന് ശകലവും ശങ്കിക്കേണ്ടി വന്നില്ല. ആരും അതിനവരെ ഉല്ബോധിപ്പിച്ചുമില്ല.

പോകപ്പോകെ ഈ കേരളത്തിലേക്കും എണ്ണമതം ഇറക്കുമതി ചെയ്യപ്പെട്ടു. അതിനായി ഫണ്ട് ഒഴുകി… സംഘങ്ങള്‍ ഇരപിടിക്കാന്‍ പാത്ത് നിക്കുന്ന മാതിരി അവര്‍ വളരെ റിച്ചായ ഒരു സംസ്കൃതിയെ, പ്യൂരിറ്റന്‍ മതവാദം ഉയര്ത്തി ഡീമനൈസ് ചെയ്ത് തകര്‍ത്ത് കൊണ്ടിരുന്നു. ‘സ്ത്രീ വിദ്യ അഭ്യസിക്കരുത്’ തുടങ്ങി ചില വിടുവാ പറച്ചിലുകളെ ആ കാലത്തിന്‍റെ സാര്‍വത്രിക സിമ്പലാക്കി ചിത്രീകരിച്ചു. “ജാഹിലിയ’ എന്ന് ഇസ്ലാം പൂര്‍വ അറേബ്യയെ ഡീമനൈസ് ചെയ്ത പോലെ…

ലോകമാകെ ഏകീകരിച്ച ഒറ്റ എണ്ണമതം എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ പ്യൂരിറ്റന്‍ വാദക്കാരും പാന്‍ / പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും അണിയറയില്‍ കൈകോര്ത്തു . അവര്‍ അജണ്ടകള്‍ സെറ്റ് ചെയ്തു. അങ്ങനെ ഓടിട്ട അമ്പല മാതൃകയുള്ള പള്ളികള്‍ അപ്രത്യക്ഷമായി… പകരം ഏകീകൃത മിനാരങ്ങള്‍ ഉള്ള കോണ്ക്രീറ്റ് സൗധങ്ങള്‍ ഉയര്ന്നു . അവര്‍, ഉടുമ്പ് പിടിച്ച പോല്‍ പിടികൂടിയ സ്ത്രീകളോട് പറഞ്ഞത് ഞങ്ങള്‍ യഥാസ്ഥിതികരില്‍ നിന്ന് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ എത്തിയവരെന്നായിരുന്നു. അത് വരെ ആണ്‍ മുല്ലമാര്‍ മാത്രം പഠിച്ച ഖുര്ആന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പഠിപ്പിച്ചു തരുന്നു എന്ന പ്രലോഭനത്തില്‍ അവര്‍ വേഗം വീണു. സാമോദം “ഖുര്ആന്‍ ക്ലാസ്” എന്ന എണ്ണമത റിക്രൂട്ട്മെന്റ്കളില്‍ പങ്കെടുത്തു. അവരുടെ പരിചിതവൃന്ദത്തിലുള്ളവരെയും എത്തിച്ച് കൊണ്ടിരുന്നു. ഒരു വീട്ടില്‍ ഒരു സ്ത്രീ മതിയായിരുന്നു. ആ വീടിനെയാകെ ഏകശിലാ ഇസ്ലാമിലേക്ക് മാറ്റാന്‍.

ക്രമേണ സ്ത്രീ വേഷത്തില്‍ നിന്ന് വൈവിധ്യങ്ങളും നിറങ്ങളും അപ്രത്യക്ഷമായി, പകരം കറുത്ത പര്ദ്ദ മതചിഹ്നവും ഐഡന്റിറ്റിയുമായി യൂണിഫോം വേഷമായി. ക്രമേണ മുഖം മറക്കലും, കൈകാല്‍ വിരലുകള്‍ വരേയ്ക്കും സോക്സിട്ടു മറക്കലും നിഷ്ഠയായി. അവരെ നഖശിഖാന്തം എതിര്ത്തിരുന്ന ‘യാഥാസ്ഥിതികര്‍’ എന്ന് പരിഹസിച്ച് ഒതുക്കിയിരുന്ന പാരമ്പര്യ ടീംസ് വരെ പള്ളികളുടെ നിര്മ്മിതിയിലും സ്ത്രീവേഷ നിഷ്കര്ഷയിലും ‘പുത്തന്‍മതക്കാരെ’ തന്നെ അനുധാവനം ചെയ്യാന്‍ തുടങ്ങി, രാജാവിനെക്കാള്‍ രാജഭക്തിയോടെയെന്ന വണ്ണം സ്വയമറിയാതെ അവര്‍ സെറ്റ് ചെയ്ത അജണ്ടകളില്‍ സഞ്ചരിച്ചു കൊണ്ടിരുന്നു.. അപ്പോഴും പരസ്പര വാഗ്വാദങ്ങള്ക്കും ഗാഗ്വാ വിളികള്ക്കും കുറവില്ലായിരുന്നു എന്ന് മാത്രം.

ക്രമേണ ഒരു സമുദായത്തില്‍ നിന്നും എല്ലാ ആനന്ദങ്ങളും മാറി നിന്നു. അവര്‍ ചിരിക്കാത്ത മുഖങ്ങളായി… പാട്ടും ഡാന്സും എല്ലാം കൊടും നിഷിദ്ധങ്ങളായി. കല്യാണ വീട്ടില്‍ നിന്ന് ഒപ്പനയും മാപ്പിളപ്പാട്ടും പോലും അപ്രത്യക്ഷമായി. ആണിനും പെണ്ണിനും പന്തലില്‍ കേറാന്‍ രണ്ട് പ്രവേശന കവാടങ്ങള്‍ രൂപപ്പെട്ടു. പണ്ട് ഏത് ഖതീബിന്റെ മോള്‍ ആണേലും കല്യാണത്തിനു ഒരുങ്ങുമ്പോള്‍ മുടിയില്‍ മുല്ലപ്പൂ വെച്ച് തല തുറന്നിട്ട്‌ ഹാഫ് കൈ കാഞ്ചിപുരം / പട്ടു സാരിയൊക്കെ അണിഞ്ഞ് അന്നനടയില്‍ പുയ്യാപ്ല വീട്ടിലേക്ക് പോയിടത്ത്, പുതുപ്പെണ്ണ് നിഖാബ് (മുഖാവരണം) അണിഞ്ഞ് പോകുന്ന തരത്തിലേക്ക് പലയിടത്തും ‘പരിഷ്ക്കരിക്ക’പ്പെട്ടു. ദീനിനിഷ്ഠയായി അത് ആഘോഷിക്കപ്പെട്ടു. അയല്‍വാസി ഓണസദ്യക്ക് വിളിച്ചാലോ ക്രിസ്മസ് കെയ്ക്ക് തന്നാലോ സ്വീകരിക്കാമോ തിന്നാമോ എന്ന് അന്നോളം ഇല്ലാത്ത ശങ്കകള്‍ രൂപപ്പെട്ടു… ചിലര്‍ കാടടച്ച് ഫതവകള്‍ പുറപ്പെടുവിച്ചു. ‘ശുദ്ധമതം’ തേടുന്നവരുടെ എണ്ണം വര്ദ്ധിച്ചു. ചില വിഭാഗങ്ങള്‍ മരുഭൂമിയിലേക്കും കാടുകളിലേക്കും പലായനം ചെയ്യിച്ചു.
***
ഒമര്‍ ലുലു…
നീ വിഡ്ഢിയോ കപടനോ കച്ചവടക്കാരനോ മിസോജിനിസ്റ്റോ എന്ത് തേങ്ങയുമാകട്ടെ. ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് നിനക്കായി നന്ദി പെയ്യുന്നുണ്ട്. നിന്റെ ധീരമായ ഒരു നീക്കം ഒറ്റയടിക്ക് ഒരു സമൂഹത്തെ നാല്പത് വര്ഷം മുമ്പുള്ള അവരുടെ സാംസ്ക്കാരിക സമ്പന്നതയിലേക്ക്, നഷ്ടപ്രതാപത്തിലേക്ക് തിരിച്ച് നടത്തിയിരിക്കുന്നു. ഇപ്പോള്‍ എന്നിലേക്കും പ്രത്യാശയുടെ കിരണങ്ങള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരു ശുഭവാര്ത്ത മുസ്ലിം ബഹുസ്വരതയെ അട്ടിമറിച്ച് ഒറ്റ ഇസ്ലാം വാര്പ്പിനെ സൃഷ്ടിക്കാന്‍ എണ്ണപ്പണം കയറ്റുമതി ചെയ്ത് കൊണ്ടിരുന്നവര്‍ ആ നടപ്പ് ഒക്കെ നിര്ത്തുകയോ നിര്ത്താന്‍ പോകുകയോ ചെയ്യുന്നു എന്നതാണ്. (അവര്‍ നന്മനിറഞ്ഞവരോ ക്രൗര്യമിയന്നവരോ എന്നത് ഇവിടെ പ്രസക്തമല്ല.) അതിന്റെ അനുരണങ്ങള്‍ താമസിയാതെ ഇവിടെയും പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീര്ച്ച.
****
മറ്റൊന്ന് കൂടി തീര്ച്ചയായി… ഗതകാലപ്രതാപത്തില്‍ നിന്ന് ഏത് നിമിഷവും ഊര്ജ്ജം കൈക്കൊണ്ട് മുന്നേറാന്‍ പൊട്ടന്ഷ്യല്‍ ഉള്ള സമൂഹം കൂടിയാണിത്.

മുസ്ലിം നവോത്ഥാനം എന്ന് കൊണ്ടാടപ്പെട്ടത് വ്യാജനിര്മ്മിതി ആണെന്ന തിരിച്ചറിവ് ഇപ്പോള്‍ വ്യപകമാകുന്നുണ്ട്. പണ്ട് ശുഭ്രവേഷധാരികള്‍ സ്റ്റേജില്‍ എന്ത് പറഞ്ഞാലും അതവിടെ കേട്ട് വിടുകയായിരുന്നു സമൂഹം. പാട്ടും ബാന്‍ഡും ഡാന്‍സും വീഡിയോ റിക്കോഡ്‌ ഒക്കെയും ഹറാമെന്ന് ഏതേലും ഉസ്താദ്‌ പറഞ്ഞാല്‍ തലകുലുക്കിക്കേട്ടു അതെല്ലാം ഉള്ള മങ്ങലത്തിനു അങ്ങേരെതന്നെ വിളിച്ചു വയറ് നിറച്ചു ബിരിയാണിയും കൈമടക്കും കൊടുത്ത് വിടുന്ന സൂത്രശാലികള്‍ ആയിരുന്നു പണ്ടുള്ള ഖൗം. പൌരോഹിത്യത്തിനു എതിരെ പടവാള്‍ മുദ്രാവാക്യവുമായി വന്ന നടെ പറഞ്ഞ എണ്ണമതക്കാര്‍ എന്നാല്‍ യഥാര്ത്ഥ പൗരോഹിത്യം ഇവിടെ നടപ്പാക്കി. ആളുകള്‍ എങ്ങനെ ഇരിക്കണം കിടക്കണം ചിരിക്കണം എന്ത് കഴിക്കണം എല്ലാറ്റിലും അവര്‍ ഫത്വ പുറപ്പെടുവിച്ചു.

ഇതൊരവസരമാണ്. തങ്ങളുടെ മുന്‍ തലമുറകളുടെ മൂല്യങ്ങളിലെക്ക്, നല്ലതൊന്നും നിഷിദ്ധമല്ല എന്ന തിരിച്ചറിവിലേക്ക് മടങ്ങാനുള്ള സുവര്ണ്ണാവസരം. നിങ്ങള്‍ നിങ്ങളെത്തന്നെ നോക്കിക്കണ്ടാല്‍ മതി. ഒപ്പം, പൊളിറ്റിക്കല്‍ ഇസ്ലാമികളുടെ ഔദാര്യം പറ്റി നിങ്ങളെ പാട്രനൈസ് ചെയ്യുന്ന, ഹിജാബിനൊക്കെ ഗമണ്ടന്‍ സൈദ്ധാന്തിക പ്രതലം ഒരുക്കുന്ന, ഏകശിലാ ഇസ്ലാമിനെ ഉണ്ടാക്കാന്‍ പോ.മോ.ജാര്ഗണുകളുമായി ആരുടെയോ അച്ചാരം കൈപ്പറ്റി വരുന്ന സ്വത്വവാദ കുമാരന്മാരോടും കുമാരിമാരോടും ‘കടക്ക് പുറത്ത്’ പറയാനും കഴിയണം: ഞങ്ങടെ കാര്യം ഞങ്ങ തീരുമാനിക്കും! പ്രകടമായ ശത്രുവിനെ എളുപ്പത്തില്‍ തിരിച്ചറിയാം. എന്നാല്‍ രക്ഷാകര്തൃ ഉടയാടകളുമായി വരുന്ന ചെന്നായ്ക്കളെ എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല; അവര്‍ നിങ്ങളെ നടത്തിക്കുന്നത് പ്രതിലോമ പാതയിലേക്ക് തന്നെയാണ് എന്നും.

Comments
Print Friendly, PDF & Email

എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ ബച്ചൂ , മാഹി സ്വദേശിയാണ്. അച്ചടിമാധ്യമങ്ങളിലും വെബ് പോർട്ടലുകളിലും എഴുതാറുണ്ട്.

You may also like