പൂമുഖം EDITORIAL അതിജീവിക്കുന്ന വാക്കുകൾ – ചേരൻ രുദ്രമൂർത്തി

ശ്രീലങ്കൻ തമിഴ്‌കവിയായ ചേരൻ രുദ്രമൂർത്തിയെപ്പറ്റി: അതിജീവിക്കുന്ന വാക്കുകൾ – ചേരൻ രുദ്രമൂർത്തി

ബിരുദപൂർവ വിദ്യാർത്ഥിയായിരുന്ന കാലത്ത് , ചേരൻ രുദ്രമൂർത്തി ,മുകളിലത്തെ തന്‍റെ ഹോസ്റ്റൽ മുറിയിൽ നിന്ന് , ജാഫ്ന നഗരം അഗ്നിക്കിരയാവുന്നതിനും പൊതു വായനശാല ക്കു ശ്രീലങ്കൻ സൈന്യം തീക്കൊടുക്കുന്നതിനും ദൃക്‌സാക്ഷിയായി .അന്ന് അഗ്നിജ്വാലകൾ മേഘപാളികളിൽ കുറിച്ച ഒരു സന്ദേശം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പെട്ടു . .അപ്പോൾ അസ്തമയമായിരുന്നുവെങ്കിലും അതിനെ പുതിയ ഒരു ഉദയം എന്ന് വിളിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടത് .ഭാവി ഇരുളടഞ്ഞതാണെന്ന് അറിയാമായിരുന്നു. കാരണം” നിങ്ങൾ പുസ്തകം തീയിലേക്കെറിയുമ്പോൾ അടുത്തതായി ചുട്ടുകരിക്കാൻ പോകുന്നത് മനുഷ്യരെയാണ് “.ശക്തമായ പ്രവചനാത്മകതയോടെ അദ്ദേഹത്തിന്‍റെ വരികൾ ആസന്നമായ സർവ്വനാശത്തെ വരച്ചിട്ടു.

‘നമ്മുടെ കാലത്തു തന്നെ
നാം ലോകാവസാനം നേരിൽ കണ്ടു
ഭൂമി കബന്ധനൃത്തങ്ങൾ കൊണ്ട്
വി റകൊണ്ടു
കൊടുങ്കാറ്റിൽ ശരീരങ്ങൾ ചിന്നിച്ചിതറി
മഹത്തായ ഒരു ദേശം മാത്രം ബാക്കിയായി
വ്രണിതം
അതിനുമേൽ ഒരു പറവപോലും
ചിറകു വിരിക്കുകയില്ല..
നാം മടങ്ങി വരുംവരെ ‘

30 വർഷങ്ങൾക്കു ശേഷം “കാടാറ്റ്ര് ” Kaadaatru (The Healing of the forest), എന്ന എട്ടാമത്തെ കവിതാ സമാഹാരം പുറത്തുവിടുമ്പോഴേക്കും മുൻ കവിതകളിലെ അശുഭസൂചകമായ ദർശനങ്ങളൊക്കെ യാഥാർത്ഥ്യമായിക്കഴിഞ്ഞിരുന്നു. വെട്ടിമുറിക്കപ്പെട്ട ഭൂഖണ്ഡങ്ങൾ , മൃതുവിന്‍റെ താണ്ഡവം , രക്തക്കണ്ണീർ…. 2009 ആയപ്പോഴേക്കും വംശഹത്യ അരങ്ങേറിയിരുന്നു ജനങ്ങൾ ചുട്ടുകരിക്കപ്പെട്ടിരുന്നു.

ചേരന്‍റെ കവിത ശ്രീലങ്കയുടെയും തമിഴരുടെയും തുടർക്കഥയാണ് തമിഴരുടെ ജീവിതത്തെ ദുരിതമയമാക്കിയ ക്രൂരമായ ആഭ്യന്തര യുദ്ധത്തേയും അനന്തര ഫലങ്ങളേയും  പ്രതിപാദിക്കുന്നവ. കവിയും എഴുത്തും എന്നും അവയോടൊപ്പം ഉണ്ടായിരുന്നു. .പുസ്തകങ്ങളുടേയും കവികളുടേയും കൂട്ടത്തിൽ വളരാനിടയായതും അച്ഛനായ “മഹാകവി”യുടെ സ്വാധീനവും ചേരനെ ചെറുപ്രായത്തിൽ തന്നെ കവിതയുടെ സംസാരശേഷിയെ കുറിച്ച് ബോധ്യപ്പെടുത്തി ..നീണ്ട കവിതകൾ മനഃപാഠമാക്കുകയും വേദികളിൽ ആലപിക്കുകയും നാടകങ്ങളിൽ അഭിനയിക്കുകയും പതിവായിരുന്നു.കവിതകളിലെ രചനാഭംഗിയും സൗന്ദര്യധ്വനികളും കാലക്രമേണ പുറത്തുനിന്നുള്ള അക്രമങ്ങളെക്കുറിച്ചും മരണപ്പെട്ടവർക്കിടയിൽ ജീവിച്ചിരിക്കുന്നതിനെക്കുറിച്ചും ഉള്ള തീപാറുന്ന പ്രതികരണങ്ങൾക്ക് വഴിമാറി.. ആദ്യകാലകവിതകളിൽ പ്രകൃതി സൗന്ദര്യത്തിന്‍റെ വിഹാരരംഗമായിരുന്ന ഭൂവിഭാഗങ്ങൾ തന്നെ പിൽക്കാലത്ത് യുദ്ധത്തിന്‍റെ നിഷ്ടുരതകൾ ചിത്രീകരിക്കാനുള്ള വേദിയായി.ഓരോ കവിതയും ഒരു സാക്ഷിമൊഴിയായിരുന്നു .കലാപത്തെ മനസ്സിലാക്കുവാനുള്ള ഒരു കരടുരേഖ .മറവി കുറ്റകരമാകുന്ന ഒരു കാലത്ത് , വ്യക്തതയ്ക്കു വേണ്ടി കേഴുന്ന ഒരു മനുഷ്യകൃതി . ചിലപ്പോൾ അദ്ദേഹം പ്രത്യേക സംഭവങ്ങളെ കുറിച്ച് എഴുതി. ചിലപ്പോൾ ലോകത്തെമ്പാടുമുള്ളവരുടെ വികാരങ്ങളുടെ സൂക്ഷിപ്പുകാരനായി .അദ്ദേഹത്തിന്‍റെ കവിതകളുടെ വായന സംഭവങ്ങളുടേയും യുദ്ധത്തിന്‍റെ നടുവിൽ ജീവിക്കുന്നതിലെ വൈകാരികാഘാതത്തിന്‍റേയും തീക്ഷ്ണമായ വായനയാണ് .1983 ലെ ഭീകരത, തമിഴ് ചരിത്രത്തിലെ കറുത്ത ജൂലൈ ,അദ്ദേഹത്തിന്‍റെ കാവ്യഭൂമികയെ പൊട്ടിപ്പിളർക്കുന്ന ബിംബങ്ങളായി ‘എനിക്കിതൊക്കെ മറക്കാൻ കഴിഞ്ഞു’ എന്ന കവിതയിൽ കവി ഓർമ്മകൾ ചൂഴ്ന്നെടുക്കുകയാണ് .

‘എനിക്കിതൊക്കെ മറക്കാൻ കഴിഞ്ഞു.
എല്ലാം മറക്കാൻ
ഓരോന്നും മറക്കാൻ
പക്ഷെ ,
ഒരു മൂവന്തിക്ക് , ആരും കാണാതെ
കലത്തിലെ പിടിയരി
– നാളുകൾക്കു ശേഷം കണ്ടെടുത്തത് –
വേവുന്നതു കാത്തിരിക്കെ
തട്ടിയെടുത്തു ദൂരേക്കെറിയപ്പെട്ട
എന്‍റെ പെൺകുട്ടി,
തേയില പൊന്തകൾക്കടിയി-
ലൊളിച്ച നിന്‍റെ കുഞ്ഞുങ്ങൾ
മണ്ണിൽ ചിതറിക്കിടന്ന
വരണ്ടുണങ്ങിയ വറ്റുകളെ
ഞാൻ എങ്ങിനെ മറക്കും?’

എല്ലവട്രെയും മറന്തു വിടലാം )
(Elllavattraiyum Maranduvidalaam, 1983)

“കാടാറ്റ്ര് ” , (Healing the Forest) എന്ന കവിതയിൽ ഓർമ്മകളിൽ വ്യാപൃതനാവാനുള്ള കവിയുടെ ആഭിമുഖ്യം പ്രകടമാണ് ഓർമ്മയും വിസ്മൃതിയുമായി അദ്ദേഹത്തിന്‍റെ കവിതകൾ നടത്തുന്ന നിരന്തര കലാപത്തിന്‍റെ സാക്ഷ്യമാണ് 2009 ലെ സംഘർഷത്തെ തുടർന്ന് രചിച്ച “കാടാറ്റ്ര് ” . .ശവസംസ്കാരം കഴിഞ്ഞു മൂന്നാം ദിവസം അസ്ഥിപെറുക്കുന്ന ചടങ്ങാണ് കാടാറ്റ്ര് . അതായത് അവസാനത്തിന്‍റെ ആരംഭം .പക്ഷെ എല്ലാം അവസാനിപ്പിക്കുന്നതിലെ വൈഷമ്യവും നിസ്സഹായതയുമാണ് കവിത പ്രതിപാദിക്കുന്നത് . ചേരൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നില്ല ;കാരണം അദ്ദേഹത്തിന്‍റെ കവിതയ്ക്ക് അതിർത്തികളില്ലായിരുന്നു. എങ്കിലും ആ കവിതകളിൽ രാഷ്ട്രീയമുണ്ടായിരുന്നു. എല്ലാ വിധത്തിലുള്ള സൈന്യവൽക്കരണത്തേയും അവ വിമർശിച്ചു .നനയാതെ നിന്ന ഒരു താമരയിലയല്ല എല്ലാം ഉൾക്കൊള്ളുന്ന, .യുദ്ധത്തിന്‍റെ കെടുതികൾ തകർത്ത മനുഷ്യവികാരങ്ങൾ തിരയടിക്കുന്ന കടലായിരുന്നു ചേരന്‍റെ കവിത. അദ്ദേഹത്തിന്‍റെ ഭാവനയും .അതിൽ നിന്നൊഴുകിയ വരികളും രക്തത്തിൽ കുതിർന്നവയും ,ക്രൂരമായ മനുഷ്യ വഞ്ചനയുടെ ദുർഗന്ധം പേറുന്നവയും ആയിരുന്നു. ആ കവിതകളിലെ ചില ബിംബങ്ങൾ കണ്ട് നാം ചൂളിപ്പോകുന്നുണ്ടെങ്കിൽ അവ നമ്മൾ നടത്തിയ വഞ്ചനയെ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് .ഒരു അയൽ ദേശത്തിന്‍റേയും അതിലെ ജനതയുടെയും ദുസ്ഥിതി കണ്ടില്ലെന്നു നടിച്ചു സാധാരണമട്ടിൽ ജീവിച്ചതിന്‍റെ പേരിലാണ് .ശ്രീലങ്കയിൽ നടന്ന വംശഹത്യയിൽ ഇന്ത്യ ഒത്തുകളിച്ചുവെന്ന്‍ ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ചേരൻ നമ്മുടെ ക്രൂരമായ നിശ്ശബ്ദതക്കു നേരെയാണ് വിരൽ ചൂണ്ടുന്നത്.,അദ്ദേഹത്തിന്‍റെ കവിതകൾ മറക്കാനുള്ള വിസമ്മതമാണ് , മൗനം പാലിക്കുന്നതിനോടുള്ള എതിർപ്പാണ് ; നാടുകടത്തപ്പെട്ട ഒരു ജീവിതത്തിന്‍റെ ഒസ്യത്താണ്. വംശീയ സ്വത്വങ്ങളെ തുടർച്ചയായി അട്ടിമറിക്കുകയും , ജാതിയുടേയും വംശത്തിന്‍റേയും പേരിൽ വർഗീകരിക്കുന്നതിൽ സംഭവിക്കാവുന്ന പിഴവുകൾ വെളിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ പേരിലാണ് ആ രചനകൾ വ്യത്യസ്തമാവുക. തവിട്ടു നിറമുള്ള തൊലി ഇപ്പോഴും വേട്ടയാടപ്പെടുന്നു.എന്നും സ്ഥായിയായ അക്രമത്തിനുള്ള ഘടകങ്ങൾ നമ്മുടെ ഉള്ളിൽ വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു . പുതിയ രചനയായ ‘റോഹിൻഗ്യ കവിതകളി’ൽ അദ്ദേഹം തവിട്ടു നിറമുള്ള തൊലി മൂലം ഉണ്ടാവുന്ന അക്രമസാധ്യതകളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്.

‘നാം അതിർത്തികൾക്കപ്പുറത്തേക്കു കടക്കുമ്പോൾ

അടുത്തചുവട് വെക്കുന്നതിന് മുൻപായി

പാഞ്ഞടുക്കുന്ന ബുദ്ധസംഘത്തിനു മുൻപാകെ

ബംഗ്ലാദേശിയല്ലെന്നു

തെളിയിക്കാനാവാതെ

ഞാൻ പലായനം ചെയ്തു

എൻറെ തവിട്ടു തൊലി സംരക്ഷിക്കാൻ .

അടുത്ത വിമാനത്തിൽ

തിരിച്ചു വന്ന്

ഞാൻ ആംഗ് സാൻ സൂകിക്ക്

ഒരു താമരപ്പൂ സമ്മാനിച്ചു

(റോഹിൻഗ്യ കവിതകൾ , അപ്രകാശിതം )

(ചേരൻ ഇപ്പോൾ മൂന്നു കവിതാ സമാഹാരങ്ങളുടെ പണിപ്പുരയിലാണ് ഈ വർഷം പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.സൗഭിക് ഡി സർക്കാർ ചേരൻ കവിതകൾ ബംഗാളിയിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന കേരളാ സാഹിത്യോത്സവത്തിൽ ചേരൻ പങ്കെടുക്കുകയും കവിത ചൊല്ലുകയും ചെയ്യും )

Comments
Print Friendly, PDF & Email

You may also like