Home LITERATUREകവിത ഇരുട്ടിനെ ഓർക്കുകയെന്നാൽ…

ഇരുട്ടിനെ ഓർക്കുകയെന്നാൽ…

 

ിഴക്കേലെ വൽസേച്ചീടെ 
ഓടിട്ട ഇരട്ടമുറി വീട്ടിൽ ന്നും
കുപ്പിവിളക്കും തെളിച്ചിറങ്ങുന്നുണ്ട് ഓർമ്മകൾ.

ഇടയിൽ
ഈയലുകളും, വണ്ടുകളും കുറുകെച്ചാടുമ്പോൾ കെടാനായുന്നെന്ന് വെറുതെ പേടിപ്പിക്കുന്ന വിളക്ക്.
ബാല്ല്യം മുതൽക്ക് ന്ന്
ഓർമ്മകൾ ആരോഹണക്രമത്തിലേയ്ക്ക് ചേരുമ്പോ
കുപ്പിവിളക്ക് അവിടെ ഉമ്മറപ്പടിയിലിരിപ്പാണ്.

മൂന്ന് ഓട്ടു വിളക്കും (അതിലൊന്നൊരു കുംഭവയറൻ)
ഒരു മുട്ട വിളക്കും പിന്നൊരു പെട്രോമാക്സിന്റെ
കുഞ്ഞു പതിപ്പുമായിരുന്നു നമ്മുടെ വീട്ടിൽ;
ഇരുട്ടിനോടെതിരിടാനുള്ള പടയാളികൾ.

ആഴ്ചയിലൊരിക്കൽ അമ്മുവേച്ചി
കോൽപ്പുളീം,
ചാരോം ചേർത്തു തേച്ചുപിടിപ്പിച്ച്
സ്വർണ്ണം തോൽക്കും വിധം തിളങ്ങിക്കും, അവരെ.
രണ്ടീസത്തേയ്ക്ക് മാത്രം ആയുസ്സുള്ള അഹങ്കാരം _ആ നിറം.
പറന്നുവീഴുന്ന പ്രാണികളുടെ
പ്രാണൻ പിടച്ച നിലവിളികളിൽ,
കരിഞ്ഞു കറുക്കും വീണ്ടും.

കറുപ്പിലൂടെ ഇരുട്ടിലേയ്ക്ക് _വീണ്ടും.

നിയ്ക്കിഷ്ടാണ് ഇരുട്ടിനെ.
മഴക്കാലം പെറ്റിടുന്ന രാത്രികളിലെ ഇരുട്ടിനെ.
ഇരുട്ടിലൂടൂർന്നു വീണ്
ഓട്ടിൻപുറത്ത് പഞ്ചാരി തീർക്കുന്ന
മഴത്താളങ്ങളെ ആസ്വദിക്കണംച്ചാൽ
ഇരുട്ട് തന്നേം കൂട്ടുവേണം.

കുറെയേറെ ദൂരം പുറകോട്ടു നടക്കുമ്പോൾ;
പഴയൊരു ഓടിട്ട വീടുണ്ട്.
കർക്കിടകം കനത്തു പെയ്യുന്ന രാവുകളിൽ
ഇരുട്ടു മാത്രം കൂട്ടിരുന്നവ.
അമ്മൂമ്മയുടെ കഥാസാഗരം,
ഏട്ടന്റെ പേടിപ്പിക്കലുകൾ, പൊട്ടിച്ചിരികൾ
അമ്മയുടെ ചിലമ്പിച്ച സ്നേഹം നിറച്ച ശകാരങ്ങൾ
അച്ഛന്റെ പഴയ നാടകഗാനങ്ങൾ
റാഫിയുടെ മുകേഷ് ന്റെ ഹിന്ദി പാട്ടുകൾ
_ല്ലാം ഇരുട്ടിലെ വെട്ടങ്ങൾ.

കിഴക്കേപ്പാടം നിറഞ്ഞു കവിയുമ്പോൾ
തവളക്കോറസ്,
തവളയെപ്പിടിക്കാൻ ചാക്കുമായെത്തുന്ന
അന്ത്രപ്പായിയുടേം കൂട്ടരുടേം പെട്രോമാക്സ് വെളിച്ചത്തുണ്ടുകൾ,
‘കാലറ്റാലും അവറ്റോള് പിന്നേം ചാടും ന്ന്’ അമ്മൂമ്മ പറയുമ്പോ /
മനസ്സിലേയ്ക്ക് ഏന്തിച്ചാടിയെത്തുന്ന
മാംസപിണ്ഡങ്ങൾക്ക്
തവളക്കണ്ണുകളുടെ നിസ്സഹായത.

പിന്നൊരിക്കലൊരു മഴപ്പെയ്ത്തിൽ….
ഇരുട്ടിൽ;
ആകാശത്തേയ്ക്ക് കത്തിയുയർന്നു കൈനീട്ടി യാചിക്കും പോലെ
-പാടത്തിനപ്പുറത്തെ കൊക്കർണ്ണി,
താന്തോന്നിയായ മകനെ
ശാപങ്ങളിൽ ന്നും കാക്കാൻ അന്നൊരമ്മമനസ്സ്
നാഗദൈവങ്ങളോട് യാചിച്ചുവെന്ന്.
മുത്തശ്ശിയമ്മ്യാരുടെ
വെളുത്ത പട്ടുപോലുള്ള നിറഞ്ഞ മുടി
ഇന്നും ഓർമ്മയിലുണ്ട്;
ചില മുനിഞ്ഞുകത്തലുകൾ.

നിറങ്ങൾ നിറച്ച വെളിച്ചങ്ങൾ ഇഷ്ടല്ല
,അന്നുമിന്നും.
_മത്താപ്പൂ ന്റെ ചോപ്പും നീലേം പച്ചേം അല്ലാതൊന്നിനോടും കൂട്ടില്ല
അതുകൊണ്ടാവോ,, വളർന്നിട്ടുമിന്നും
തെളിഞ്ഞ വെളിച്ചങ്ങളോടൊന്നും കൂട്ടുകൂടാനാവാത്തത് ?
പഴയ ആ ചിമ്മിനിവെട്ടത്തോട് കൂട്ടുള്ള
ഇളം മൂടലുള്ള വെളിച്ചമാണ് ഇന്നുമിഷ്ടം.

ഇൻവെർട്ടറുകൾ _
വൈദ്യുതിയില്ലാതാകുമ്പോഴും ഇരുട്ടിലാഴാതെ കാക്കുമ്പോ//
ഞാനിടയ്ക്ക് അതുമങ് ഓഫ് ചെയ്യും.
ന്നിട്ട് കണ്ണനേം കൂട്ടി കിഴക്കേ പൂമുഖത്ത് ചെന്നിരിക്കും.
അമ്പിളിമാമനടുത്ത്
അതാ വല്ലാത്തൊരു തെളിച്ചമുള്ള _ന്ന്
അവൻ പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും
ഞാൻ ഇടയിൽ കേറി //ആ കണ്ടു കണ്ണാ.. ആ നക്ഷത്രല്ലേ, തെളിച്ചമുള്ള ……ന്ന് പൂരിപ്പിക്കാനായുമ്പോ അവനമ്മയെ തിരുത്തും.
“അല്ലമ്മാ, അത് നക്ഷത്രല്ലാ.. നക്ഷത്രം ബ്ലിങ്ക് ചെയ്യും. ദ് പ്ലാനെറ്റ് ആണ്; ജൂപ്പിറ്റർ” ന്ന് ഒരീസം.

അതെ _ഇരുട്ടാണ് വെളിച്ചത്തെ പറഞ്ഞു തരുന്നത്.
ഇരുട്ടിനോളം __അവനവനിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും; നിശബ്ദതയുടെ
ശബ്ദ ഭാഷണങ്ങളിലേയ്ക്കും
ഇത്രമേൽ ചേർന്നുപറയാൻ
മറ്റൊന്നിനുമാവില്ല തന്നെ !

Comments
Print Friendly, PDF & Email

You may also like