നമ്മുടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച ശാസ്ത്രജ്ഞന്‍റെ ആത്മകഥ എന്ന നിലയിലല്ല നമ്പി നാരായണന്‍റെ ‘ഓര്‍മകളുടെ ഭ്രമണപഥത്തില്‍’ വായന ക്കാരന്‍ കൈയിലെടുക്കുക. അത് മറ്റാരെക്കാളും അറിയുന്നുണ്ടാവുക അദ്ദേഹത്തിന് തന്നെയാവും.
അതുകൊണ്ടുതന്നെ, ചാരക്കഥയ്ക്കെത്രയോ മുമ്പ് തുടങ്ങിയ തന്‍റെ ജീവിതകഥയുടെ ഓരോ ഘട്ടവും വിസ്തരിച്ചവസാനിപ്പിക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ അദ്ദേഹം അടിവരയിട്ടും ആവര്‍ത്തിച്ചും ഊന്നുന്നു.
ഒന്ന്‍, റോക്കറ്റ് ശാസ്ത്രം പോലെ സങ്കീര്‍ണ്ണമായ വിഷയത്തില്‍, രാജ്യം ഗവേഷണം നടത്തി സ്വായത്തമാക്കിയ സാങ്കേതിക ജ്ഞാനം ഏതാനും രേഖകളിലൂടെ മറ്റൊരു രാജ്യത്തിനു കൈമാറാനോ നേടിയെടുക്കാനോ ആവില്ല.
കേസില്‍ പരാമര്‍ശിക്കുന്ന സംഭവത്തെ മാത്രമല്ല അങ്ങനെയൊന്നു നടക്കാനുള്ള സാധ്യതയെ തന്നെ തള്ളിക്കളയുന്നതാണ് ഈ വാദം.
‘ഉദാഹരണത്തിന്, വൈക്കിംഗ് എന്‍ജിന്‍ ടെക്നോളജി കരസ്ഥമാക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ 150 മനുഷ്യവര്‍ഷം ഫ്രാന്‍സില്‍ താമസിച്ചു…………………………………………….. അസ്സംബ്ലിംഗ്, ഫാബ്രിക്കേഷന്‍, ടെസ്റ്റിംഗ്, ടെസ്റ്റ് റിസള്‍ട്ട് അനാലിസിസ് തുടങ്ങിയ എല്ലാ മേഖലകളിലും ഞങ്ങള്‍ക്ക് നല്ല പരിശീലനം അവിടെ കിട്ടിയിട്ടുണ്ട്. ഈ പരിശീലനം മുഴുവന്‍ കിട്ടിയിട്ടും നമ്മള്‍ വൈക്കിംഗ് എന്‍ജിന്‍ ഉണ്ടാക്കാന്‍ പത്ത് വര്‍ഷത്തില്‍ കൂടുതലെടുത്തു. അതുകൊണ്ടുതന്നെ റോക്കറ്റ് ടെക്നോളജി ഡോക്യുമെന്‍റ്സായിട്ടോ ഡ്രോയിങ്സായിട്ടോ കൈമാറ്റം ചെയ്യാന്‍ പറ്റില്ല. ആര്‍ക്കും അത് വാങ്ങാനും കഴിയില്ല.’
‘…കൂടാതെ കണ്‍സെപ്ച്വല്‍ ഡ്രോയിംഗ്സ് എല്ലാ ടെക്സ്റ്റ് ബുക്കുകളിലും ജേര്‍ണല്‍സിലും ലഭ്യമാണ്. ആര്‍ക്കും അത് പണം കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല.’
രണ്ട്, രാജ്യത്തിനു വേണ്ടി സ്വന്തം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ, വലിയ സാമ്പത്തിക നഷ്ടങ്ങള്‍ സഹിച്ചും ജോലിയെടുക്കാന്‍ കീഴുദ്യോഗസ്ഥരേയും നിര്‍ബന്ധിതരാക്കിയ, പ്രതികൂല സാഹചര്യങ്ങളില്‍, ഒരു വിഭാഗം സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നിരന്തരം നിരുത്സാഹപ്പെടുത്തിയിട്ടും ശുഭാപ്തി വിശ്വാസത്തോടെ റോക്കറ്റിന് ദ്രാവക ഇന്ധനം എന്ന സ്വന്തം ലക്ഷ്യവുമായി മുന്നോട്ടു പോകുകയും ലക്‌ഷ്യം നേടുകയും ചെയ്ത വ്യക്തിയാണ് താന്‍. അങ്ങനെയൊരാള്‍ക്ക് ഒരു ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒരിക്കലും ഭാഗഭാക്കാകാനാവില്ല. സ്വയം കുറ്റവിമുക്തനാക്കുന്ന പ്രഖ്യാപനമാണ് അത്.
പുസ്തകത്തിന്‍റെ ഒരു വലിയ ഭാഗം, ആത്മകഥയുടെ താളം പിഴയ്ക്കാതെ തന്നെ, ഈ വാദം ഉറപ്പിക്കാനുള്ള പശ്ചാത്തല നിര്‍മ്മിതിയാണ്.
സ്വന്തം കഥ പറഞ്ഞുപോകുന്നതോടൊപ്പം ഉത്സാഹശാലികളായ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ വിക്രം സാരാഭായ്, സതീഷ് ധവാന്‍, പ്രഫസര്‍ യു.ആര്‍.റാവു എന്നീ ദീര്‍ഘദര്‍ശികളുടെ സമര്‍ത്ഥമായ സാരഥ്യത്തിന്‍ കീഴില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തേയും ഐ.എസ്ആര്‍.ഒ. വിനേയും ഇന്നത്തെ നിലയിലേയ്ക്ക് വളര്‍ത്തിക്കൊണ്ടുവന്നതിന്‍റെ ആവേശകരമായ ചരിത്രവും വിസ്തരിക്കുന്നുണ്ട്. സ്വന്തമായി ഒരു വാക്വം പമ്പോ ലെയ്ത്തോ വര്‍ക്ക്ഷോപ്പോ വാഹന സൌകര്യമോ ഇല്ലാതിരുന്ന ആദ്യകാലം.. അഞ്ചു പേര്‍ക്ക് ജോലി ചെയ്യാന്‍ നാല് മേശ മാത്രം കടപ്പുറത്തെ വലിയൊരു ക്രിസ്ത്യന്‍ പള്ളിയായിരുന്നു അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്. തൊട്ടടുത്തുള്ള ബിഷപ് ഹൌസിലായിരുന്നു ഡയരക്റ്റര്‍ മൂര്‍ത്തി സാറിന്‍റെ മുറി.
തിരുവനന്തപുരത്തെ തുമ്പയ്ക്കടുത്ത് കടപ്പുറത്തെ വിശാല ഭൂമിയില്‍ കെട്ടിയുയര്‍ത്തിയ ആ പഴയ ചര്‍ച്ചും അവിടത്തെ ബിഷപ് ഹൌസുമായിരുന്നു അന്നത്തെ തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍ എന്ന TERLS.
കേസിന്‍റെ കയ്ക്കുന്ന ഓര്‍മ്മകളുമായി ജീവിച്ചിരിക്കുന്ന പ്രതികള്‍, അനുകൂലമായ കോടതിവിധിയില്‍ തൃപ്തരായി, മറ്റൊരു വിധിക്ക് കീഴടങ്ങി ഒതുങ്ങിക്കഴിയുന്നു.
ഒരാള്‍ മാത്രം, അന്ന്‍ ചോദ്യം ചോദിച്ചവരെ ചോദ്യങ്ങളുമായി നേരിടുന്നു. രണ്ടു ദശകങ്ങള്‍ക്ക് ശേഷം, അന്ന് ജയിച്ചു നിന്നവരെ ‘ഇപ്പോഴെങ്കിലും’ സത്യം ‘പറഞ്ഞു തുലയ്ക്കാന്‍’, അതികായനായി നിന്ന്‍, വെല്ലുവിളിക്കുന്നു. കള്ളക്കേസില്‍ കുടുക്കി തങ്ങളുടെ ജീവിതം നശിപ്പിക്കുകയും രാജ്യത്തിന്‍റെ ശാസ്ത്ര പുരോഗതിയേയും സാമ്പത്തിക വളര്‍ച്ചയേയും മന്ദഗതിയിലാക്കുകയും ചെയ്തു എന്നാരോപിച്ചുകൊണ്ട് അന്നത്തെ പോലീസിനും ഐ.ബി.ക്കും എതിരെ ഇനിയുമൊരങ്കത്തിനുള്ള ബാല്യവുമായി പുസ്തകരചന നടത്തുന്നു.
336 പേജുള്ള പുസ്തകത്തിന്‍റെ അവസാന 78 പേജുകള്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. റിപ്പോര്‍ട്ടിന്‍റെ മലയാള പകര്‍പ്പ് ആണ്.
ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചാരക്കേസ്, പ്രകടമായ ദിശാവ്യതിയാനത്തോടെ., അഭിമുഖങ്ങളായും ചര്‍ച്ചകളായും, സംസ്ഥാനത്ത്, ഒരു തവണ കൂടി മാധ്യമ അരങ്ങിലെത്തുകയാണ്. നടന്നതെന്ത് എന്ന്‍ അന്തിമമായി കണ്ടുപിടിക്കപ്പെടാതിരിക്കുന്ന കാലത്തോളം ആരൊക്കെ എത്രയൊക്കെ കാര്‍പ്പെറ്റിനടിയിലേയ്ക്ക് തള്ളിയാലും ഈ ഭൂതകാലം സമൂഹ മന:സാക്ഷിയുടെ ഉറക്കം കെടുത്താന്‍ എത്തിക്കൊണ്ടേയിരിക്കും. മുഴുവനായി തെളിയിക്കപ്പെടാതെ കിടക്കുന്ന അഭയ – ചേകന്നൂര്‍ മൌലവി കേസുകളില്‍ നിന്ന്‍ ഒരുപാട് വ്യത്യാസമുണ്ട് ഈ കേസിന്. വിഷയം, രാജ്യത്തിന്‍റെ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്നതാണെന്ന്, രണ്ടു കൂട്ടരും കരുതുന്നു- രണ്ടു വിധത്തിലാണെങ്കിലും! കേസില്‍ മുഖ്യപ്രതിയാക്കപ്പെട്ടയാള്‍ പരമോന്നത കോടതിയില്‍ നിന്നും കുറ്റവിമുക്തി നേടി, തന്നെ കുറ്റവാളിയാക്കിയവരുടെ മുന്നില്‍ ഒരു ജീവന്മരണ പോരാട്ടത്തിന് തയ്യാറായി എത്തിയിരിക്കുന്നു എന്നതാണ് കാതലായ വ്യത്യാസം. താന്‍ കുറ്റവിമുക്തനായി എന്നതില്‍, കൂട്ടുപ്രതികളെ പോലെ, ‘സംതൃപ്തി’ കണ്ടെത്താന്‍ തയ്യാറല്ല നമ്പി നാരായണന്‍. ആരാണ് കുറ്റം ചെയ്തതെന്നും എന്തായിരുന്നു അതിനു പിന്നിലെ ലക്ഷ്യമെന്നും കണ്ടെത്താന്‍ ഒരന്വേഷണം കൂടി വേണമെന്ന വാശിയിലാണദ്ദേഹം. ഇത് രാജ്യത്തെ കുറ്റാന്വേഷണ- നീതിന്യായ ചരിത്രത്തില്‍ അസാധാരണമാണ്.
“What the CBI said was that it was a false case. Not that it is not proved. False means it was fabricated by someone. There must be a motive for fabricating a case. I suspect there are people outside the country behind it,” “What I have lost is gone, nothing can be recovered. What the government needs to do is simple; order a fresh probe in the case and subject the suspect to one-tenth the torture that I have gone through, then the truth will come out”.
ഐ.എസ്.ആര്‍.ഒ യിലെ തന്നെ ശാസ്ത്രജ്ഞനും കൂട്ടുപ്രതിയുമായ ശശികുമാരന്‍ ഒരാരോപണവും ഉന്നയിക്കാത്തത് ചാരപ്രവര്‍ത്തനം നടന്നു എന്നതിന്‍റെ വ്യക്തമായ തെളിവായി അന്നത്തെ ഡി.ഐ.ജി. സിബി മാത്യൂസ് കരുതുന്നു.
എങ്കില്‍ വീണ്ടുമൊരന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന നമ്പി നാരായണന്‍ അങ്ങനെയൊന്നു നടന്നിട്ടില്ല എന്നും തെളിയിക്കുന്നില്ലേ? അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിലെ കുറ്റാരോപിതരാവില്ലേ ഒരു പുതിയ അന്വേഷണത്തെ ആദ്യമേ എതിര്‍ക്കുക? സി.ബി.ഐ. ക്കാരുടെ കൈയില്‍ വന്നതിനു ശേഷം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന്‍ കോടതി മുമ്പാകെ പറഞ്ഞത് ഉദ്ധരിച്ച് ആ ആദ്യദിവസങ്ങളില്‍ പോലീസ് മൂന്നാംമുറ പ്രയോഗിച്ചിട്ടില്ലെന്ന്‍ സമര്‍ത്ഥിക്കാനും സിബി മാത്യൂസ് ശ്രമിക്കുന്നു. യുക്തിഭദ്രമായി ചിന്തിക്കുന്ന ആരെങ്കിലും ഈ വാദങ്ങളെ ഗൌരവബോധത്തോടെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല
പോലീസ്- ഐ.ബി.- മാധ്യമ വൃത്തങ്ങളിലെ ഒരു വിഭാഗം ചാര പ്രവര്‍ത്തനം നടന്നു എന്നും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഉള്‍പ്പെടെ ശക്തരായ ചിലരുടെ ഇടപെടലിനെ തുടര്‍ന്ന്‍, സി.ബി.ഐ., കേസ് അട്ടിമറിച്ചു എന്നും കരുതുന്നു. കേസന്വേഷണം തുടങ്ങിവെച്ച സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ വിജയന്‍, തന്‍റെ സംശയത്തിന് കെ.മുരളീധരനേയും കൂട്ടുപിടിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ പുറത്താക്കാന്‍ ആന്‍റണി വിഭാഗത്തിലെ ചിലര്‍ കളിച്ച കളിയാണ് കേസായി വളര്‍ന്നത് എന്നും പൂര്‍ണമായും ഇതൊരു കള്ളക്കേസാണെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിനിടയില്‍ എവിടെയോ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സാന്നിദ്ധ്യവും നമ്പി നാരായണന്‍ സംശയിക്കുന്നു. ഒരു അഗതാക്രിസ്റ്റി കഥ പോലെ സംശയത്തിന്‍റെ ഒട്ടേറെ മുനകളുള്ള അസാധാരണമായ കേസാണ് ചാരക്കേസ് സാഹചര്യത്തെളിവുകളില്‍ ഊന്നി, എളുപ്പം തള്ളിക്കളയാനാവാത്ത ചില അനുമാനങ്ങളില്‍ നമ്പി നാരായണന്‍ എത്തുന്നുണ്ട്.
‘എങ്ങനെയാണ് മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരക്കേസായി മാറിയതെന്നും, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്‍റലിജെന്‍റ്സ് ബ്യൂറോ ആഗോളതലത്തിലെ പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പിനു തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു’ . ഇതുമായി ബന്ധപ്പെട്ട ഒരു ടി.വി. ചര്‍ച്ചയില്‍ ഇതിലെ കോണ്‍ഗ്രസ് കക്ഷിയെ കുറിച്ചുള്ള പരാമര്‍ശം അന്ന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ചെറിയാന്‍ ഫിലിപ് ശരിവെയ്ക്കുന്നുണ്ട്.
കേസിനെക്കുറിച്ച് ഏറെ പഠിക്കുകയും പുസ്തകമെഴുതുകയും ചെയ്ത രാജശേഖരന്‍ നായര്‍ പറയുന്നത് ഇങ്ങനെ: അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതില്‍ നിന്ന് തത്വത്തില്‍ പിന്മാറുകയും അതിന് നഷ്ടപരിഹാരം കൈപ്പറ്റുകയും ചെയ്തു കഴിഞ്ഞ്, രഹസ്യമായി റഷ്യ, അത് ഐ.എസ്.ആര്‍.ഓ.വിന് എത്തിച്ചു കൊടുത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടാവുക. അങ്ങനെ നിയമവിരുദ്ധമായ കാര്യം ചെയ്ത ഐ.എസ്.ആര്‍.ഓ.ആണ് ആദ്യം നിയമനടപടി നേരിടേണ്ടത്.
ആത്മകഥകളും സര്‍വീസ് സ്റ്റോറികളും, സാധാരണ, എഴുത്തുകാരന്‍റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ, സമൂഹത്തില്‍ അയാള്‍ നടത്തുന്ന ഇടപെടലുകളെ, അവ നടന്ന ക്രമത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ആദ്യത്തെ അഞ്ച് അധ്യായങ്ങളില്‍ കേസിന്‍റെ ആദ്യനാളുകളിലൂടെ നമ്പി നാരായണന്‍ നമ്മെ കൊണ്ടുപോകുന്നുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ ഇനിയൊരു വിശദീകരണം ആവശ്യമില്ലാത്തത്ര നമുക്ക് സുപരിചിതമാണ്
താഴെ ചേര്‍ത്തിരിക്കുന്ന ഉദാഹരണങ്ങള്‍ തരുന്ന, ആത്മകഥാകാരന്‍റെ തിളങ്ങുന്ന വ്യക്തിത്വചിത്രങ്ങളാണ് പുസ്തകം വായിച്ചവസാനിപ്പിക്കുന്ന വായനക്കാരന്‍ കൂടെ കൊണ്ടുപോകുക
– ഖര ഇന്ധന മിശ്രിതം ഉപയോഗിച്ച് എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ നേതൃത്വത്തില്‍ ഉള്ള ടീം റോക്കറ്റ് വിക്ഷേപണ രംഗത്ത്, സാമ്പത്തികമായതടക്കമുള്ള പരിമിതികള്‍ക്കുള്ളില്‍ സാധ്യമാവുംവിധം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലം കാര്യക്ഷമതയില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നറിയാമായിരുന്നിട്ടും സാങ്കേതിക ബുദ്ധിമുട്ടുകള്‍ മറികടന്ന് ദ്രാവക ഇന്ധനം പരീക്ഷിക്കാന്‍ സമയമായിട്ടില്ല എന്നായിരുന്നു കലാം ഉള്‍പ്പെടെ നല്ലൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വിശ്വാസം. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ നമ്പി നാരായണന്‍റെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം റോക്കറ്റുകളില്‍ ദ്രവ ഇന്ധനം ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് തന്നെയാണ്. തട്ടിയും തടഞ്ഞും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഒരു ശാസ്ത്രശാഖയ്ക്ക് വഴിത്തിരിവായതും മംഗള്‍യാന്‍ വരെ എത്തിനില്‍ക്കുന്ന ആ യാത്രയില്‍ പി.എസ്.എല്‍.വി., ജി. എസ്.എല്‍.വി. റോക്കറ്റുകളുടെ ഊര്‍ജ്ജസ്രോതസ്സായ വികാസ് എഞ്ചിന്‍ ഒരു യാഥാര്‍ത്ഥ്യമാക്കിയതും ഈ പ്രിന്‍സ്റ്റോണിയന്‍ തലച്ചോറാണ്.
– ‘1980കളില്‍ ഒരിക്കല്‍ റോക്കറ്റിന്‍റെ സെക്കന്‍റ് സ്റ്റേജ് എയര്‍ ലിക്വിഡ് ടാങ്ക് ആവശ്യമായി വന്നപ്പോള്‍ ഞങ്ങള്‍ ഒരു ഫ്രഞ്ച് കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി.’ രണ്ടെണ്ണമേ ഒരു വിമാനത്തില്‍ കൊണ്ടു വരാനാവു. വേണ്ടിയിരുന്ന നാല് ടാങ്കുകളില്‍ ഒന്ന്‍ മാത്രമേ പൂര്‍ത്തിയായ നിലയില്‍ ഉണ്ടായിരുന്നുള്ളു. അന്താരാഷ്‌ട്ര സാഹചര്യങ്ങളില്‍ അവിചാരിതമായി വരുന്ന എതെങ്കിലും മാറ്റത്തിന്‍റെ പേരില്‍, വിദേശ കമ്പനികള്‍ കരാറുകള്‍ റദ്ദാക്കിയ ഉദാഹരണങ്ങളുണ്ട്. ടാങ്കിന്‍റെ സങ്കീര്‍ണമായ ഘടന കാരണം നമുക്കവ സ്വന്തമായി നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേയ്ക്കും. തയ്യാറായിക്കഴിഞ്ഞ ഒരു ടാങ്ക് മാത്രമായി ഇന്ത്യയിലെത്തിച്ച്, ബാക്കിക്ക് കാത്തിരിക്കാന്‍ നമ്പി നാരായണന്‍ തീരുമാനിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ ക്രമത്തില്‍ ബാക്കി മൂന്നെണ്ണവും പിന്നീട് വന്നുചേര്‍ന്നു. രണ്ടിനു പകരം മൂന്നു തവണ വിമാനസര്‍വീസിനെ ആശ്രയിക്കേണ്ടിവന്നത് കൊണ്ട് വന്ന സാമ്പത്തിക നഷ്ടം 30 ലക്ഷം രൂപയായിരുന്നു. വകുപ്പില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. മറുപടി കൊണ്ട് തൃപ്തിപ്പെടാതെ അധികൃതര്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ വരെ എത്തിച്ചു.)
– നമ്മുടെ റോക്കറ്റ് ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക്, ഫ്രാന്‍സില്‍, വേര്‍നോണില്‍ സ്ഥിതി ചെയ്യുന്ന സൊസൈറ്റി യൂറോപ്യന്‍ ദ പ്രോപല്‍ഷന്‍ കമ്പനിയില്‍ നിന്ന്, 40 ടണ്‍ ത്രസ്റ്റ് ഉള്ള M 40 എഞ്ചിന്‍റെ വിവര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒരു സഹകരണം വേണ്ടിയിരുന്നു. നിര്‍മ്മാണ ഘട്ടത്തിലിരുന്ന M 50 എഞ്ചിന്‍റെ കാര്യത്തിലും! ടെക്നോളജി കൈമാറുന്നത് കോടിക്കണക്കിന് ഫ്രാങ്ക് ചെലവുള്ള ഏര്‍പ്പാടാണ്. നമ്മുടെ നൂറോളം എഞ്ചിനീയര്‍മാര്‍ അവരോടൊപ്പം അഞ്ചു വര്‍ഷമെങ്കിലും ജോലിചെയ്ത് വേണം പരിശീലനം നേടാന്‍ എന്നായിരുന്നു കണക്കുകൂട്ടല്‍. സാമ്പത്തികമായി ഏറെ ക്ഷീണിച്ചു നിന്ന ഐ.എസ്.ആര്‍.ഒ. വിന് ആലോചിക്കാന്‍ കൂടി ആവാത്ത വിലയായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. നമ്പി നാരായണന്‍, രണ്ടു കൂട്ടര്‍ക്കും ഗുണപ്രദമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് അവര്‍ കൊടുക്കാന്‍ തയ്യാറായ 25000 ഫ്രാങ്ക് ശമ്പളത്തില്‍, അവിടെ ജീവിക്കാന്‍ ആവശ്യമായ 2500 ഫ്രാങ്ക് മാത്രം കൈപ്പറ്റി, ബാക്കി കമ്പനിക്ക് കൊടുക്കേണ്ട തുകയിലേയ്ക്ക് വകയിരുത്താം. അങ്ങനെ 50 ശാസ്ത്രജ്ഞര്‍ മൂന്നു വര്‍ഷം ജോലി ചെയ്‌താല്‍ കമ്പനി ആവശ്യപ്പെട്ട തുക അവര്‍ക്ക് കിട്ടും. സംശയിച്ചു കൊണ്ടാണെങ്കിലും കമ്പനി അധികൃതര്‍ സമ്മതിച്ചു. ഇതേ വിഷയത്തില്‍ തുടര്‍ന്നും രണ്ടു ഘട്ടങ്ങളില്‍ കൂടിയെങ്കിലും അദ്ദേഹം ഈ രീതിയില്‍ കാര്യങ്ങള്‍ നമുക്ക് പ്രയോജനപ്രദമാവുന്ന രീതിയില്‍ നേടിയെടുത്തതായി പുസ്തകത്തിലുണ്ട്..
-ഫ്രാന്‍സിലെ കമ്പനിയുമായുണ്ടാക്കിയ, തൊഴിലെടുത്ത് കടം വീട്ടുന്ന, കരാറനുസരിച്ച് 53 ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഫ്രഞ്ച് ശാസ്ത്രജ്ഞരുമായി ചേര്‍ന്ന്‍ പരിശീലനം നടത്തുന്ന കാലം- ഒരു മലയാളി എഞ്ചിനീയറുടെ മൂന്നു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടലോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇടതു ശ്വാസകോശത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഹാര്‍ട്ട്-ലങ്ഗ് മെഷീനിലേയ്ക്ക് മാറ്റി. സോഷ്യല്‍ സെക്യൂരിറ്റി ഇല്ലാത്ത അവസ്ഥയില്‍, ദിവസം 800 ഫ്രാങ്ക് ചെലവ് വരുന്ന ചികിത്സ അവസാനിപ്പിക്കുന്നതായിരിക്കും ബുദ്ധിപരം എന്ന് ആസ്പത്രി അധികൃതര്‍ ഉപദേശിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മറ്റേ ശ്വാസ കോശത്തിലും സുഷിരം രൂപപ്പെട്ട അവസ്ഥയില്‍, വിശേഷിച്ചും, കുട്ടി രക്ഷപ്പെടാനുള്ള സാധ്യത തീര്‍ത്തും കുറവായിരുന്നു. ബോധപൂര്‍വം ഒരു ജീവന്‍ ഒടുക്കാന്‍ വിസമ്മതിച്ച്, ചികിത്സ തുടരാന്‍ നമ്പി നാരായണന്‍ ഡോക്റ്റര്‍മാരോട് അഭ്യര്‍ഥിച്ചു. ചികിത്സയുടെ ഫലമായി ശ്വാസകോശത്തിലെ സുഷിരങ്ങള്‍ അടയുകയും സുഖപ്പെട്ട്, കുട്ടിയും അമ്മയും ആസ്പത്രി വിടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് പാര്‍ത്ഥാസില്‍ നില്‍ക്കുമ്പോള്‍ ആ അമ്മയും ബാംഗ്ലൂരില്‍ ഡോക്റ്റര്‍ ആയി ജോലി ചെയ്യുന്ന കുട്ടിയും അപ്രതീക്ഷിതമായി തന്നെ വന്നു കണ്ടത് നമ്പി നാരായണന്‍ ഓര്‍മ്മിക്കുന്നുണ്ട്.
– ‘വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന കാലത്ത് സെക്കന്‍റ് സ്റ്റേജ് റോക്കറ്റ് പ്രോജക്ടില്‍ ടൈറ്റാനിയം അലോയ് ഫോര്‍ജിങ്സ് എന്നൊരു സാധനം ആവശ്യമായി വന്നു.’ ഓര്‍ഡര്‍ അനുസരിച്ച് സാധനം കപ്പല്‍ വഴി കയറ്റി അയച്ചതിന് ശേഷമാണ് ഗവണ്മെന്‍റ് ക്ലിയറന്‍സ് കിട്ടിയിട്ടില്ലെന്ന് അമേരിക്കന്‍ കമ്പനി കണ്ടെത്തിയത്. ഇന്ത്യയില്‍ എത്തിയ ഉടന്‍ തിരിച്ചയയ്ക്കണം എന്ന അറിയിപ്പ് ഐ.എസ്ആര്‍.ഒ.യ്ക്കും പോര്‍ട്ട് അതോറിറ്റിക്കും കിട്ടി. അങ്ങനെ ചെയ്യാമെന്ന്‍ നമ്പി നാരായണന്‍ കമ്പനിക്ക് ഉറപ്പ് കൊടുത്തു. കമ്പനിയുടെ അറിയിപ്പ് കിട്ടിയില്ലെന്നും ഐ.എസ്.ആര്‍.ഒ. യില്‍ നിന്നുള്ളവര്‍ സാധനം ഡെലിവറി എടുത്തു പോയി എന്നും അന്വേഷണം വന്നാല്‍ പറയാന്‍ പോര്‍ട്ട് അതോറിറ്റിയെ ചട്ടം കെട്ടി, നമ്പി നാരായണന്‍, ടൈറ്റാനിയം അലോയ് ഫോര്‍ജിങ്സ് കൈപ്പറ്റി. കമ്പനിയുടെ അന്വേഷണം വന്നപ്പോള്‍, ആരാണ് സാധനം ഡെലിവറി എടുത്തതെന്ന് അറിയില്ലെന്നും ഐ.എസ്.ആര്‍.ഒ. യില്‍ അന്വേഷിച്ച് മറുപടി അയയ്ക്കാമെന്നും അറിയിച്ചു. തുടര്‍ന്നൊരു ചോദ്യമോ മറുപടിയോ ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു.
– ചാരനെന്ന് വിളിച്ചും ഇരിപ്പിടം നിഷേധിച്ചും വെള്ളം ചോദിച്ചപ്പോള്‍ അത് മുഖത്തേയ്ക്കൊഴിച്ചും ക്രൂരമായ ചോദ്യം ചെയ്യലിന്‍റെ ഭാഗമായി മൂന്നാം മുറയ്ക്ക് വിധേയനാക്കിയും പീഡിപ്പിച്ച ഐ.ബി.യിലെ ഉദ്യോഗസ്ഥരോട് പറഞ്ഞതായി നമ്പി നാരായണന്‍ പറയുന്നു: ‘ഒരു കാര്യം മറക്കരുത് എന്നെ കൊല്ലാതെ വിട്ടാല്‍ നിങ്ങളെക്കൊണ്ട് ഇതിനെല്ലാം ഞാന്‍ ഉത്തരം പറയിക്കും. നിങ്ങള്‍ക്കും ഇല്ലേ കുടുംബം? എന്‍റെ ജീവിതം തകര്‍ത്തതിന്‍റെ കണക്ക് ഞാന്‍ ചോദിച്ചിരിക്കും’
അദ്ദേഹത്തിന്‍റെ ഒരു FB പോസ്റ്റ് പറയുന്നു: They picked on the wrong guy, to settle their internal squabbles….. Never should they even think of doing this to another person.
-വഞ്ചിയൂര്‍ കോടതിയില്‍ വെച്ച്, തന്‍റെ വശം കേള്‍ക്കാന്‍ താത്പര്യപ്പെടാതെ, പതിനൊന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ തന്നെ വിട്ട അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനില്‍കുമാര്‍, കുറച്ചു കാലത്തിനു ശേഷം, കോളിളക്കം സൃഷ്ടിച്ച ബിസ്കറ്റ് രാജന്‍ പിള്ള കേസില്‍ അനധികൃതമായി ജാമ്യം അനുവദിച്ചതിന് സര്‍വീസില്‍ നിന്ന്‍ ഡിസ്മിസ് ചെയ്യപ്പെട്ടു – നമ്പി നാരായണന്‍ ഓര്‍ക്കുന്നു- ‘ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാക്കിസ്ഥാന് വിറ്റു. അതും 400 കോടിക്ക് !’ എന്നും “മറിയം കിടപ്പറയിലെ റ്റ്യൂണ” എന്ന്‍ ‘മംഗളം’ പത്രത്തില്‍ എഴുതിയ അജിത് കുമാറും വാര്‍ത്ത തുടങ്ങിവെച്ച തനിനിറത്തിലെ ജയചന്ദ്രനുമാണ് ഈ അടുത്ത കാലത്ത് മംഗളം ടി.വി.യുടെ തുടക്കത്തില്‍ മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതിന് അറസ്റ്റിലായത് എന്നും!
അനീതി ചെയ്തവരെ ശിക്ഷിക്കുന്ന അദൃശ്യ ശക്തി…? നമ്പി നാരായണന് സംശയം തോന്നാം .
“സാര്‍ ഇത് കള്ളക്കഥയാണ്. ചാരനല്ലെങ്കില്‍ കേസില്‍ നിന്ന് മോചിതനായി സാര്‍ വരൂ.വന്ന്‍ ആ ചെരിപ്പൂരി ഞങ്ങളെ അടിക്കു. അതു കൊള്ളാന്‍ ഞങ്ങള്‍ റെഡിയായിരിക്കാം”
ഞാന്‍ ചിരിച്ചില്ല പകരം സൂക്ഷിച്ചു വെച്ചു. 23 വര്‍ഷം എന്‍റെ ആ പഴയ ചെരിപ്പുകള്‍.ആ ദ്രോഹികളുടെ കരണത്തടിക്കാനല്ല എന്‍റെ പ്രതിഷേധത്തിന്‍റെ തീയണയാതിരിക്കാന്‍ …..’
അങ്ങനെ, അറിവും ദിശാബോധവും ദീര്‍ഘദര്‍ശിത്വവുമുള്ള ശാസ്ത്രജ്ഞന്‍, വേണ്ട ഘട്ടങ്ങളില്‍ വരുംവരായ്കകളെ മനസ്സില്‍ നിന്ന്‍ മാറ്റിനിര്‍ത്തി സാഹസിക തീരുമാന ങ്ങളെടുക്കാനും നടപ്പാക്കാനും കഴിവുള്ള ടീം ലീഡര്‍, സാമ്പത്തികമായി, രാജ്യത്തിന്‍റെ/ സ്ഥാപനത്തിന്‍റെ കൊക്കിലൊതുങ്ങാത്ത വിവര-സാങ്കേതിക പരിശീലനങ്ങളായാലും വില കൂടിയ യന്ത്രസാമഗ്രികളായാലും അവ കൈക്കലാക്കാന്‍, അന്താരാഷ്‌ട്ര കമ്പോളത്തില്‍, അന്യോന്യം പ്രയോജനപ്പെടുന്ന അസാധാരണ ബാര്‍ട്ടര്‍ രീതികള്‍ കണ്ടെത്തുന്ന തന്ത്രശാലി യായ കച്ചവടക്കാരന്‍, സഹപ്രവര്‍ത്തകരുടെ വ്യക്തിപരമായ കഷ്ടനഷ്ടങ്ങളില്‍ സന്ദര്‍ഭ ത്തിന്‍റെ ഗൌരവം വിലയിരുത്തി യുക്തമായ നടപടി കൈക്കൊള്ളുന്ന പ്രായോഗിക മനുഷ്യസ്നേഹി, ബഹിരാകാശ ശാസ്ത്രരംഗത്തെ ശക്തിയായി രാജ്യത്തെ വളര്‍ത്തി യെടുക്കാനുള്ള ശ്രമത്തില്‍, നിര്‍ണായക ഘട്ടങ്ങളില്‍, കാര്യസാധ്യത്തിനായി സത്യത്തി ന്‍റേയോ ധാര്‍മ്മികതയുടേയോ അതിര്‍ത്തികള്‍ അല്‍പ്പമൊന്നു മാറ്റി സ്ഥാപിക്കുന്നതില്‍ കുറ്റബോധം തോന്നാത്ത സൂത്രശാലി, മുന്നോട്ടുള്ള കുതിപ്പില്‍ രാഷ്ട്രത്തിന്‍റേയും വ്യക്തിപര മായി തന്‍റേയും ഗതി മുടക്കുകയും അവമതിപ്പെടുത്തുകയും ചെയ്ത ശക്തികളെ പിന്തുടരാനും കണക്കു തീര്‍ക്കാനും ക്ഷമയോടെ കാത്തിരുന്ന, പോരാളി— നമ്പി നാരായണന്‍ ഇവരെല്ലാമാണ്.
മലയാളനാട് വെബ് ജേണലിൻറെ മുഖ്യഉപദേഷ്ടാവ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.