പൂമുഖം മറുപക്ഷം മാർക്സിൽ നിന്ന് മാണിയിലേക്കുള്ള ദൂരം.

മാർക്സിൽ നിന്ന് മാണിയിലേക്കുള്ള ദൂരം.

Mani_CPM_760x400

ിപിഎമ്മിന്റെ അടവ് നയങ്ങൾ നിരന്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങളായി മാറുന്നത് അടിസ്ഥാനപരമായ ചില പുനഃപരിശോധനകൾ ആ പാർട്ടിയിൽ ഇനിയും നടക്കാത്തത് കൊണ്ടാണ്. തങ്ങൾ ഒരു വിപ്ലവപാർട്ടിയാണെന്നും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്നെങ്കിലും വരും എന്നുമാണ് അവർ ഇപ്പോഴും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്. അങ്ങിനെയുള്ളൊരു അടിസ്ഥാനപരമായ തെറ്റിദ്ധാരണ തിരുത്തുകയും തങ്ങൾ ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണെന്നു സ്വയം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം കാലം അവർക്കു ‘വർഗ്ഗീയ ഫാസിസത്തിനെതിരെ’ ‘മുതലാളിത്ത ശക്തികളുമായി’ ഒരു കൂട്ടുകെട്ടുണ്ടാക്കുക സാധ്യമല്ല. ഇന്ത്യൻ രാഷ്ട്രീയം ഒരു കൃത്യമായ ഒരു വഴിത്തിരിവിലെത്തി നിൽക്കുമ്പോൾ തങ്ങൾ ആരാണെന്നു സ്വയം നിർണ്ണയിക്കാൻ കഴിയാത്ത ഒരു കക്ഷിക്ക്‌ എങ്ങിനെയാണ് കൃത്യമായ രാഷ്ട്രീയ നിലപാടുകൾ എടുക്കാൻ കഴിയുക


ഇത്തരം ഒരു തെറ്റിധാരണ നിലനിൽക്കുന്നത് സിപിഎമ്മിനുള്ളിൽ മാത്രമല്ല അത് അതിനു പുറത്തുമുണ്ട്. വിപ്ലവം വരും വരാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നവരാണ് അവരിൽ നിന്ന് വിപ്ലവകരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നത്. സിപിഎം ബുദ്ധിജീവികളുടെയും ചിന്തകരുടെയും പാർട്ടിയാണെന്നു ഇപ്പോഴും തെറ്റിദ്ധാരണ വച്ച് പുലർത്തുന്നവർ. 


നോക്കൂ പോളിറ്റ് ബ്യുറോയിൽ അല്ലെങ്കിൽ കേന്ദ്രകമ്മിറ്റിയിൽ ഇന്ന് എത്ര ചിന്തകരും ബുജികളും ബാക്കിയായിട്ടുണ്ട്? ആ പാർട്ടിയുടെ എല്ലാ അത്യുന്നത സമിതികളും ഇന്ന് ചിന്താപരമായി സാധാരണക്കാരിൽ സാധാരണക്കാരായ അടിസ്ഥാനപരമായി ഒരു പാർട്ടി പ്രവർത്തകൻ എന്ന ക്വാളിറ്റി മാത്രം അവകാശപ്പെടാവുന്ന, താഴെത്തട്ടിൽ നിന്ന് ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം വളർന്നു വന്ന, പാർട്ടിക്കുള്ളിലും പുറത്തും രാഷ്ട്രീയ എതിരാളികളെ തോല്പിച്ചും നിശ്ശബ്ദരാക്കിയും അപ്രസക്തരാക്കിയുമൊക്കെ വളർന്നു വന്ന രാഷ്ട്രീയ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ തൊഴിലാളികൾ ബഹുഭൂരിപക്ഷമുള്ള ഒരു സമിതി വോട്ടിനിട്ട് തീരുമാനിക്കുന്നതു അവന്‍റെ തൽക്കാല ദൈനംദിന വയറ്റുപ്പിഴപ്പു മാത്രം മുന്നിൽ കണ്ടുള്ള അടവ് നയങ്ങളായിരിക്കും. അത്തരം ഒരു സമിതിയിൽ നിന്ന് ദീർഘ ദൃഷ്ടിയോടെയുള്ള നയങ്ങൾ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും

എൽഡിഎഫിലേക്കും യുഡിഎഫിലേക്കുമില്ല എന്ന കെ എം മാണിയുടെ സുചിന്തിത അദ്ധ്വാന വർഗ്ഗ തൊഴിലാളി വിലപേശൽ സിദ്ധാന്തത്തെക്കാൾ ഒട്ടും പ്രസക്തമോ ചർച്ച ചെയ്യപ്പെടേണ്ടതോ അല്ല ചുരുങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്‍റെ അടവ് നയം

ഇത്ര കൂലങ്കഷമായ ചിന്തകളും ചർച്ചകളുമില്ലാതെ നായർ സർവീസ് സൊസൈറ്റിയുടെ ഓഫീസിൽ ചെന്ന് ചോദിച്ചിരുന്നെങ്കിൽ നാരായണപ്പണിക്കർ ചുവരിലെ ചിത്രത്തിൽ നിന്ന് ഇറങ്ങി വന്നു പറഞ്ഞു തന്നേനെ സമദൂരം ശരിദൂരം എന്ന്

കാലത്തിനു മുന്നേ നടന്ന മഹാനായിരുന്നു ശ്രീ നാരായണപ്പണിക്കർ

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like