പൂമുഖം LITERATUREകവിത എനിക്ക് ഭ്രാന്താണെന്ന് നീ….

എനിക്ക് ഭ്രാന്താണെന്ന് നീ….

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നീ കേട്ടുവോ
എന്‍റെയുള്ളിലെ
ചങ്ങലക്കിലുക്കങ്ങൾ
നീയറിഞ്ഞുവോ
മനസിനുള്ളിലെ
നിഴലനക്കങ്ങൾ…
ശിരസ്സിനുള്ളിലെ
ഇരട്ടപ്പെരുക്കങ്ങൾ
ഇരുളും വെളിച്ചവും
ഇണ ചേർന്നാടുന്ന
വന്യ നൃത്തങ്ങൾ
ചിന്തകൾ തമ്മിലുരസി_
ത്തെറിക്കും സ്ഫുലിംഗങ്ങൾ!!

കാലംതെറ്റി പൂത്ത
കണിക്കൊന്ന പോൽ
ഉയർന്നു ചിതറുന്ന
പൊട്ടിച്ചിരിപ്പൂക്കൾ
മഴ നോവു പോലെ
സങ്കടപ്പെയ്ത്തുകൾ
പൊരുളറിയാത്ത
മൗനങ്ങൾ …
മരണം പോലെ
നിശ്ശബ്ദവും
തീവ്രവുമായ
പ്രണയം
നീയറിഞ്ഞെന്നോ
നീയറിഞ്ഞെന്നോ

അതെ
ചില നേരങ്ങളിൽ
ഭ്രാന്താണ്
എനിക്കു മാത്രമല്ല
നിനക്കും ….

Comments

You may also like