അധ്യായം – 4
തടവറയ്‌ക്ക് അതിന്‍റേതായ പ്രത്യേക നിയമങ്ങളുണ്ട്. നിയമങ്ങളും നടപടികളും തമ്മില്‍ മിക്കപ്പോഴും വൈരുദ്ധ്യങ്ങള്‍ സംഭവിക്കുന്നു. സൂപ്രണ്ട് പുലികേശന്‍ സാറിന്‍റെ ഭരണത്തിന്‍ കീഴില്‍ നിയമങ്ങളും നടപടികളും രണ്ടും അദ്ദേഹം നിശ്ചയിക്കുന്നതാണ്. ശിവരാജിന്‍റെ കാര്യത്തില്‍ അവ എന്നും കഠിനമായിരുന്നു.
നാല് വര്‍ഷം മുഴുവന്‍ ശിവരാജിനെ അദ്ദേഹം രാവും പകലും ഒറ്റമുറിയില്‍ ബന്ധിച്ചു; പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ ഏകാന്തതടവില്‍ വെയ്‌ക്കാന്‍ ജയില്‍ നിയമം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിലും. തൊട്ടടുത്ത മുറികളിലെല്ലാം മാനസീക രോഗികള്‍; അവരുടെ അലര്‍ച്ച; നിലവിളി; ബഹളങ്ങള്‍; മൂത്രമൊഴിക്കാനുള്ള ഓവുപോലുമില്ലാത്ത ഇരുട്ടുമുറി. സെല്ലിന്‍റെ മൂലയില്‍ ഒരിക്കലും ദുര്‍ഗന്ധം വിടാത്ത മൂത്രച്ചട്ടി. വരാന്തയില്‍ മങ്ങിയ വൈദ്യുതലാമ്പ്. ഏറ്റവും അസഹ്യമായത് ദിനപത്രങ്ങള്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്; കാന്‍റീന്‍ സൗകര്യങ്ങളില്ല; കൂടിക്കാഴ്‌ചയ്‌ക്കുള്ള സൗകര്യമില്ല; തൊഴില്‍ അവകാശമില്ല.
സൂപ്രണ്ട് സാര്‍ വ്യക്തമാക്കിയിരുന്നു: “നമ്മുടെ കൂട്ടത്തില്‍പ്പെട്ട ഒരാളെയാണവന്‍ തീര്‍ത്തത്. അതും ഹോം സിക്രട്ടറിയുടെ ബന്ധുവിനെ. നാളെ ഒരു പോലീസ് ഐ.ജി.പോലും ആകാന്‍ സൗകര്യവും സാധ്യതയുമുള്ള ഒരു ചെറുപ്പക്കാരനെ. നമ്മുടെ ഒരു വാര്‍ഡനെയും അവന്‍ കൊല്ലാന്‍ ശ്രമിച്ചു. ഒരിക്കലും ഞാനവനെ വെളിച്ചം കാണിക്കില്ല; തീര്‍ച്ച.” ക്രൂരമായ ഈ തീര്‍പ്പ് വര്‍ഷങ്ങളോളം നീണ്ടുപോയി.
എങ്കിലും ആ തീര്‍പ്പിനും ഒരു അന്ത്യമുണ്ടായി. ജുഡീഷ്യല്‍ ആക്‌റ്റിവിസത്തിന്‍റെ ഇളംതെന്നല്‍ ജയിലിന്നകത്തെയും തഴുകിയ ഒരു ഹ്രസ്വകാലം. ജയിലിനുള്ളില്‍ ഒരു പരാതിപ്പെട്ടി സ്ഥാപിക്കപ്പെട്ടു. അതിന്‍റെ പ്രയോഗക്ഷമത പരീക്ഷിക്കാനുള്ള ശ്രമം. ഒരു റിട്ടായി പരിഗണിക്കപ്പെടുകയും ശിവരാജിനെ ഹൈക്കോടതി മുമ്പാകെ ഹാജരാക്കാന്‍ ഉത്തരവാകുകയും ചെയ്‌തു. ജയിലധികാരികള്‍ വിരണ്ടുപോയ ഒരു സന്ദര്‍ഭമായിരുന്നു അത്. ശിവരാജിന്‍റെ നാവിനെ അവര്‍ ഭയപ്പെട്ടു. കോടതിയില്‍ ഹാജരാക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി.
ഹൈക്കോടതി മുമ്പില്‍ ശിവരാജിന്‍റെ ചോദ്യം ഇതായിരുന്നു. “എന്തിന് വേണ്ടിയാണ് നിയമങ്ങള്‍ പാലിക്കാന്‍ വേണ്ടിയോ? പാലിക്കാതിരിക്കാന്‍ വേണ്ടിയോ?” ജയില്‍നിയമത്തിലെയും ക്രിമിനല്‍ നടപടി ചട്ടത്തിലെയും മനുഷ്യാവകാശ നിയമത്തിലെയും വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ട് ഓള്‍ ഇന്‍ഡ്യ റൂളിംഗ്സിന്‍റെ പിന്‍ബലത്തോടെ ധ്വംസനങ്ങളുടെ അനുഭവങ്ങള്‍ അയാള്‍ വിവരിച്ചു. കോടതിയുടെ അതിശയം വാക്കുകളില്‍ വ്യക്തമായിരുന്നു: “നീ ശരിക്കും ഒരു ലോയര്‍ ആണോ?”
ശിവരാജ് അപകടകാരിയായ തടവുകാരനാണെന്നും പണിയായുധങ്ങള്‍ ഒന്നും ഏല്‍പ്പിക്കാനാകില്ലെന്നുമുള്ള ജയിലധികാരികളുടെ എതിര്‍വാദത്തെ കോടതി പരിഹസിക്കുകയും പേന ഉപയോഗിച്ച് ചെയ്യാവുന്ന സേവനമേഖലകള്‍ ഒന്നും ജയിലില്‍ ഇല്ലേ എന്ന് വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്‌തു.
അതിനെതുടര്‍ന്ന് ശിവരാജ് ജയിലിലെ എഴുത്തുകാരനായി; അഡ്വക്കേറ്റും ഗുമസ്‌തനുമായി. അയാളുടെ റൈറ്റിങ്ങ് പാഡ് ആശുപത്രിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്‍റെ വരാന്തയില്‍ ഭിത്തിയോട് ചാരികിടക്കുന്നു.
പകല്‍സമയങ്ങളില്‍ സെല്ലില്‍നിന്ന് പുറത്തുനില്‍ക്കാന്‍ അനുവദിക്കേണ്ടിവന്നപ്പോള്‍തന്നെ സൂപ്രണ്ട് സര്‍ വ്യക്തമാക്കിയിരുന്നു. “ഇനി ഒരു അവസരമുണ്ടായാല്‍ സുപ്രീംകോടതിക്കുപോലും നിന്നെ രക്ഷിക്കാനാവില്ല.”
ഇന്നിതാ മറ്റൊരു കടുത്ത ഭീഷണികൂടി അയാളുടെ തലയ്‌ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നു. എന്‍റെ മനസ്സ് തീര്‍ത്തും അശാന്തമായി. ജയില്‍ ഗെയിറ്റിലേക്ക് ഇടക്കിടെ കണ്ണോടിച്ചുകൊണ്ടിരുന്നു. തെങ്ങ് മുറിക്കുന്ന ആരെങ്കിലും കടന്നുവരുന്നുണ്ടോ? കോടാലിയും ഈര്‍ച്ചവാളും മറ്റുമായി ഏതെങ്കിലും വണ്ടി ഇന്നര്‍ഗെയ്റ്റ് കടക്കുന്നുണ്ടോ? എണ്ണിയാല്‍ തീരാവുന്ന കരിക്കുകളും തേങ്ങയും വീശി എത്രനേരം അയാള്‍ക്ക് പ്രതിരോധിക്കാനാവും!
ശിവരാജിന് യാതൊരു കൂസലുമില്ലായിരുന്നു. അന്ത്യശാസനമൊക്കെ അയാള്‍ വിസ്‌മരിച്ചതുപോലെ തോന്നി. തെങ്ങിന്‍റെ നെറുകയില്‍ പൂങ്കുലത്തണ്ടില്‍ ചാരി ഇരുന്നുകൊണ്ട്. തലയ്‌ക്ക് മുകളിലെ സൂര്യനെപോലും മറന്ന് അയാള്‍ മതിമറന്ന് പാടുകയാണ്:
“എന്ത് ശോഭയിതെന്ത് ശാന്തി-
യിതെന്ത് സൗഖ്യമിതെന്തുദാരത
ഈ വസുന്ധര സ്വര്‍ഗ്ഗമാകുന്നു
എന്‍റെ സ്വന്തമാകുന്നു…”
പകല്‍ സെല്ലില്‍നിന്ന് പുറത്തുവിടാന്‍ തുടങ്ങിയത് മുതല്‍ അയാളെ വീണ്ടും അപകടപ്പെടുത്താന്‍ വട്ടമിട്ടുകൊണ്ടിരുന്ന ചെറിയാന്‍ ഹെഡ്ഡിനെയും ജോസ് വാര്‍ഡനെയും രഘുപതിസാറിനെയും മറ്റും ഇതേ കൂസലില്ലായ്‌മയോടെയാണ് അയാള്‍ നേരിട്ടത്. ഒറ്റയ്‌ക്കും അസംഘടിതമായും ശിവരാജിനെ സമീപിക്കാന്‍ അവര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
ആശുപത്രിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്‍റെ വരാന്തയില്‍ അയാള്‍ തന്‍റെ ജോലിയില്‍ മുഴുകി. ഞായറാഴ്‌ചയില്‍ ക്രിസ്‌ത്യന്‍ പള്ളിയായും വെള്ളിയാഴ്‌ച മദ്ധ്യാഹ്നത്തില്‍ മുസ്ലീംപള്ളിയായും മറ്റു പ്രഭാതങ്ങളില്‍ ഹിന്ദുദേവാലയമായും, ഓഫീസ് സമയങ്ങളില്‍, പേരിന്ന് മാത്രമെങ്കിലും, കുടിപള്ളിക്കൂടമായും രൂപാന്തരപ്പെടുന്ന ആ കെട്ടിടത്തിന്‍റെ വരാന്തയില്‍ ഇരുന്ന് ജോലിചെയ്യാന്‍ അയാള്‍ക്ക് സന്തോഷമായിരുന്നു. പുറത്ത് വിശ്വാസികള്‍ക്കിടയില്‍ ഈ ഏകഭാവം എന്തുകൊണ്ടാണ് സംഭവിക്കാത്തതെന്ന് അയാള്‍ സദാ ഉല്‍ക്കണ്‌ഠപ്പെട്ടു.
ഡോക്‌ടര്‍ കമല്‍നാഥിന്‍റെ പിന്തുടര്‍ച്ചക്കാരനായ ഡോ. അന്‍വര്‍ ആസ്‌പത്രി ഗേറ്റ് കടക്കുമ്പോള്‍ എന്നും വിളിച്ച് ചോദിക്കും: “ശിവരാജ് എന്തെങ്കിലും വിശേഷം?” ശിവരാജ് പുഞ്ചിരിയോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്യും.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ശിവരാജ് തടവുകാര്‍ക്കിടയില്‍ സമ്മതനായി. അയാള്‍ എഴുതുന്ന പരാതികള്‍ക്ക് പ്രത്യേകമായൊരു ആകര്‍ഷണമുണ്ടായിരുന്നു; ഫലപ്രാപ്‌തിയും. ധര്‍മ്മാപ്പീലുകള്‍ക്ക് വസ്‌തുതാപരമായ ആഴവും പരപ്പും നിയമപരമായ പിന്‍ബലവുമുണ്ടായിരുന്നു. ജയിലില്‍നിന്ന് കിട്ടുന്ന പോസ്റ്റുകാര്‍ഡുകളില്‍ കുനുകുനെയെങ്കിലും, വടിവൊത്ത രീതിയില്‍ വികാരസാന്ദ്രമായി കത്തുകള്‍ എഴുതിക്കിട്ടുന്നതിനുവേണ്ടി തടവുകാര്‍ ഒഴിവ് സമയങ്ങളില്‍ അയാളുടെ സമീപം എത്തി. മെമ്മോകള്‍ക്ക് മറുപടി എഴുതികിട്ടുന്നതിനുവേണ്ടി ഉദ്യോഗസ്ഥന്മാരും പാത്തും പതുങ്ങിയും ശിവരാജിനെ സമീപിക്കുന്നത് പതിവായി. വെല്‍ഫയര്‍ ഓഫീസര്‍ വിന്‍സന്‍റ് സാറും ഡോക്‌ടര്‍ അന്‍വറും ശിവരാജിനെ അകമഴിഞ്ഞ് സഹായിച്ചു.
സഹതടവുകാരോടും തന്നെ സമീപിക്കുന്ന ഉദ്യോഗസ്ഥന്മാരോടും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അയാളുടെ ശീലമായിരുന്നു. ഒരു ഗവേഷകന്‍റെ കൗതുകത്തോടെ അയാള്‍ കണ്ണും കാതും സദാ കൂര്‍പ്പിച്ചിരുന്നു. ഈ ചര്യ ഒരു ഗവേഷണം തന്നെയാണെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ലായിരുന്നു. തടവുകാരുടെയും ഉദ്യോഗസ്ഥന്മാരുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടും ഓരോ പ്രശ്‌നങ്ങളിലും പ്രതികരിച്ചുകൊണ്ടും അയാള്‍ വിഷയങ്ങളുടെ ആഴങ്ങളിലേക്കും പരപ്പിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. അയാളുടെ അന്വേഷണസ്വഭാവത്തെപ്പറ്റി ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ നിറഞ്ഞ ചിരിയോടെ അയാള്‍ പറയും: “അറിയുകയെന്നതാണ് പ്രധാനം. അജ്ഞതയാണ് ഏറ്റവും വലിയ തടവ്. അറിവില്ലായ്‌മയെ ഭേദിക്കുന്നതാണ് യഥാര്‍ത്ഥ മോചനം.”
തടവുകാരുടെ കൂട്ടായ നിരാഹാരത്തിന്‍റെ രണ്ടു ദിവസം മുമ്പ് ശിവരാജ് എന്നെ ഞെട്ടിച്ച ദിവസമായിരുന്നു അത്.
ശിവരാജിന്‍റെ സെല്‍ കെട്ടിടത്തില്‍ തന്നെയായിരുന്നു എനിക്ക് അന്ന് നൈറ്റ് ഡ്യൂട്ടി. ആറിനും ഒമ്പതിനുമിടയിലെ ആദ്യത്തെ ഷിഫ്‌റ്റില്‍ ശിവരാജിനെ കണ്ട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. പകലത്തെയും രാത്രിയിലെയും ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന ജോയിന്‍റ് സര്‍ച്ചിലായിരുന്നു ഞങ്ങള്‍ ഏവരും. ജോയിന്‍റ് സെര്‍ച്ച് ജയിലുദ്യോഗസ്ഥന്മാരുടെ ശക്തിപ്രകടനവും താക്കീതുമാണ്. തടവുകാരുടെ സമരത്തെപ്പറ്റി പുലികേശന്‍സാര്‍ മണം പിടിച്ചിരുന്നു. ജോയിന്‍റ് സര്‍ച്ച് അതിന്നെതിരായി കൈക്കൊള്ളുന്ന നടപടിയാണ്. ഒരു റെയിഡിലെന്നപോലെ, ഓരോ മുറിയും അരിച്ചുപെറുക്കുന്നു. കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ചെറിയുന്നു. അപരാധികളെന്ന് തോന്നുന്നവരെയെല്ലാം കുനിച്ചുനിറുത്തി ഇടിക്കുന്നു; അവരുടെ നാഭിനോക്കി തൊഴിക്കുന്നു. തമിഴ്‌തെറികള്‍ വിളിച്ച് അപമാനിക്കുന്നു. അന്നത്തെ സര്‍ച്ചും പതിവുപോലെ രൗദ്രതയോടെ കടന്നുപോയി. ശിവരാജിന്‍റെ സെല്ലില്‍ സെര്‍ച്ച് നിത്യേന രാവിലെയും വൈകീട്ടും പതിവുള്ളതിനാല്‍ അയാള്‍ക്കതില്‍ യാതൊരു കൂസലുമുണ്ടാകാറില്ല. ഹൈക്കോടതിയുടെ ഇടപെടലിന് ശേഷം അയാളുടെ സെല്ലില്‍ കയറുന്നവര്‍ തെറിവിളിക്കാന്‍ ധൈര്യപ്പെടാറില്ല. ശിവരാജിന്‍റെ സെല്ലില്‍ അനധികൃതമായ ഒന്നും ഉണ്ടാകാറില്ല. സെല്ലിന്‍റെ മൂലയില്‍ അടുക്കിവെച്ചിട്ടുള്ള ഹരിജികളുടെയും അപ്പീലുകളുടെയും കെട്ടുകള്‍ വലിച്ചുവാരിയിടാന്‍ അയാള്‍ ആരെയും അനുവദിക്കാറില്ലെന്ന് മാത്രം.
രാത്രി പന്ത്രണ്ടിനും മൂന്നിനും ഇടയ്‌ക്കുള്ള ഷിഫ്‌റ്റില്‍ ഞാന്‍ റാന്തല്‍ വീശി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. എനിക്ക് ശിവരാജിനോട് സംസാരിക്കണമെന്ന് തോന്നി. ബാരക്ക് കെട്ടിടത്തിലെ ഡ്യൂട്ടി വാര്‍ഡര്‍ ഹെഡ് വാര്‍ഡറുടെ കൂടെ ഓരോ ബ്ലോക്കിന്റെയും വാതില്‍ക്കലെത്തി ഉള്ളിലേക്ക് നോക്കി അടുത്തതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അദ്ദേഹം മുറ്റം ക്രോസ് ചെയ്‌ത് സെല്‍ കെട്ടിടത്തിലെത്തി ഓരോ മുറിയായി ടോര്‍ച്ചടിച്ചു നോക്കി. ശിവരാജ് നല്ല ഉറക്കത്തില്‍ തന്നെയാണ്. ഹെഡ്‌വാര്‍ഡര്‍ ഗെയ്‌റ്റ് കടന്ന് രണ്ടാം ബ്ലോക്കിലേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. ബാരക്ക് കെട്ടിടത്തിലെ ഡ്യൂട്ടി വാര്‍ഡര്‍ ഉറക്കത്തിലേക്ക് ആണ്ട് കഴിഞ്ഞു. ഡ്യൂട്ടിയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യാറില്ലാത്തതിനാല്‍ ഞാന്‍ വരാന്തയിലൂടെ നടന്നുകൊണ്ടിരുന്നു. നിരാഹാര സമരത്തിന്നിടയില്‍ സ്വയം സംയമനം പാലിക്കണമെന്ന് ശിവരാജിനെ വീണ്ടും ഉപദേശിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അയാളെ വിളിച്ചുണര്‍ത്താന്‍ ഞാന്‍ മടിച്ചു.
ശിവരാജിന്റെ സെല്ലിന്റെ വാതില്‍ക്കല്‍ ആളനക്കം കണ്ട് ഞാന്‍ നിന്നു. കമ്പിയഴികളില്‍ പിടിച്ച് അയാള്‍ പുഞ്ചിരിയോടെ നില്‍ക്കുന്നു.
“ഉറങ്ങിയിട്ടില്ല. കാത്തിരിക്കുകയായിരുന്നു” അയാള്‍ ഒച്ചതാഴ്‌ത്തി പറഞ്ഞു: “ദിനകരന്‍ സാറിന്റെ ഒരു സഹായം വേണം.”
ഒരിക്കലും ഒരു സഹായാഭ്യര്‍ത്ഥനയും നടത്താറില്ലാത്ത അയാള്‍ ഈ പാതിരാനേരത്ത് എന്താകും ആവശ്യപ്പെടുന്നതെന്ന് ഞാന്‍ ആശങ്കപ്പെട്ടു.
കമ്പിയഴികള്‍ക്കിടയിലൂടെ ഒരു കെട്ട് കടലാസുകള്‍ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു: “കാറ്റും കോളും അടങ്ങുന്നതുവരെ ഈ കെട്ട് സാര്‍ സൂക്ഷിക്കണം.”
ഒരു കേസ് കെട്ടുപോലെ മടക്കിയ നിലയില്‍ കവര്‍പേജില്‍ “ഭഗത് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന് എഴുതിയ ആ കെട്ട് എന്റെ കയ്യില്‍ കിടന്ന് വിറച്ചു. ഭയം എന്റെ ശരീരമാകെ പടര്‍ന്നു. നിയമവിരുദ്ധമായ ഒരു കൊടുക്കല്‍ വാങ്ങലുകളും തടവുകാരുമായി നടത്താറില്ലാത്ത ഞാന്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. അത് തിരിച്ചേല്‍പിക്കുകയാണ് നല്ലതെന്ന് വിവേകം ഉപദേശിച്ചു. എങ്കിലും ശിവരാജിന്റെ അപേക്ഷ നിരസിക്കാനും മനസ്സനുവദിച്ചില്ല.
ഉറക്കപായിലേക്ക് മടങ്ങുന്നതിന്നിടയില്‍ ശിവരാജ് പറയുന്നുണ്ടായിരുന്നു. “സാറിന്നത് വായിച്ചുനോക്കാം; ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കഴിഞ്ഞതിന് ശേഷം മാത്രം. വിമര്‍ശനങ്ങള്‍ വേണം”. ശിവരാജിന്റെ ആത്മകഥ ആയിരിക്കുമോ അതെന്നായിരുന്നു എന്റെ വിചാരം. ആ കെട്ട് എന്റെ തൊപ്പിക്കുള്ളില്‍ ഒളിപ്പിച്ചു തലയില്‍നിന്ന് മാറ്റാതെ രാത്രിമുഴുവന്‍ എരിപൊരി സഞ്ചാരത്തോടെ ഞാന്‍ കഴിച്ചുകൂട്ടി.
ആകാംക്ഷ അടക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഉടന്‍ വാതില്‍ കുറ്റിയിട്ട് ഞാനത് വായിക്കാനിരുന്നു. “ഭഗത് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” എന്നത് കേസ് ഫയലാണെന്ന് തോന്നിപ്പിക്കാന്‍ മാത്രം. അടുത്ത രണ്ട് പേജുകള്‍ മുഴുവന്‍ സുപ്രീംകോടതിയുടെ ചില നിരീക്ഷണങ്ങളുടെ പകര്‍പ്പുകള്‍. അടുത്ത പേജുകളില്‍ ജനാധിപത്യമുള്ള ഒരു പരിഷ്‌കൃത സമൂഹത്തിലെ ജയില്‍ എങ്ങനെയായിരിക്കണമെന്ന രൂപരേഖ. അടുത്ത പേജുകള്‍ എന്നെ ശരിക്കും അമ്പരിപ്പിച്ചുകളഞ്ഞു. ജയിലിലെ യഥാര്‍ത്ഥ ജീവിതത്തിന്റെ ഇത്രയധികം വസ്‌തുതകള്‍ ശിവരാജ് എങ്ങനെയാണ് സംഭരിച്ചിട്ടുണ്ടാവുക! എനിക്കുപോലും അജ്ഞാതമായതും, അവ്യക്തമായി മാത്രം അറിയാവുന്നതുമായ നിരവധി കാര്യങ്ങള്‍ സൂപ്രണ്ടും മറ്റു മേലുദ്യോഗസ്ഥന്മാരും നടത്തുന്ന അഴിമതികളുടെ നേര്‍ചിത്രങ്ങള്‍. ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന ക്രൂരമായ മര്‍ദ്ദനങ്ങളുടെ വിവരണങ്ങള്‍ മര്‍ദ്ദനങ്ങള്‍ എങ്ങനെ അഴിമതിയുടെ മറവാകുന്നുവെന്ന വസ്‌തുതകള്‍. തടവുകാരുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ഉദ്യോഗസ്ഥന്മാരുണ്ടാക്കുന്ന അവിഹിതബന്ധങ്ങള്‍. അതുവഴി ജയിലിനുള്ളില്‍ ചില തടവുകാര്‍ നേടുന്ന അനര്‍ഹമായ സ്വാധീനങ്ങളും സ്ഥാനങ്ങളും. കഞ്ചാവും മറ്റും കടന്നുവരുന്ന ഇടനാഴികള്‍. ഉദ്യോഗസ്ഥന്മാര്‍ക്കിടയിലെ ജാതീയവും മതപരവുമായ വിവേചനങ്ങള്‍ അന്യായം പ്രവര്‍ത്തിക്കാനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്മാരുടെ മേലുള്ള സമ്മര്‍ദ്ദങ്ങളും അവര്‍ അനുഭവിക്കുന്ന അവഗണനകളും തടവുകാര്‍ക്കിടയില്‍തന്നെ, വര്‍ഗ്ഗവിശകലനംപോലെ, ചില വിശകലനങ്ങള്‍ നടത്തിയിരിക്കുന്നു. കൊടും കുറ്റവാസനയുള്ളവര്‍, കുറ്റവാസനയുള്ളവര്‍, കുറഞ്ഞ കുറ്റവാസനയുള്ളവര്‍, നിഷ്‌കളങ്കര്‍, ബലിയാടുകള്‍, ബിനാമികള്‍. കുറ്റവാസനയുള്ളവരും, കൊടും കുറ്റവാസനയുള്ളവരും വളരെ ചെറിയൊരു ശതമാനമേ ഉള്ളൂവെന്നും ഈ വിഭാഗവും സാധാരണ തടവുകാരെ ഉദ്യോഗസ്ഥന്മാരെപോലെ നാനാവിധത്തില്‍ ദ്രോഹിക്കുന്നവരാണെന്നും അയാള്‍ നിരീക്ഷിച്ചു. അര്‍ഹതപ്പെട്ടവരാണെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ എന്നും അര്‍ഹതയില്ലെങ്കിലും, ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെന്നും തടവുകാരെ മറ്റൊരുവിധത്തില്‍ കൂടി അയാള്‍ വിഭജിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം തടവുകാരുടെ നേര്‍ക്കുള്ള അനുകമ്പയും സ്‌നേഹവും ആ പ്രബന്ധത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. നിത്യേന കാണുന്ന കാഴ്‌ചകളുടെ വ്യത്യസ്ഥവും വിപരീതവുമായ ഒരു വ്യാഖ്യാനമായിരുന്നു അത്.
അപൂര്‍ണ്ണമെങ്കിലും, ശിവരാജിന്റെ രചന എന്നെ അത്യധികം സ്വാധീനിച്ചു. അതെന്റെ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. ജയിലറകള്‍ മനുഷ്യത്വപൂര്‍ണ്ണമാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും. യഥാര്‍ത്ഥ അവസ്ഥ അതിന് വിപരീതമാണെന്നതിനാല്‍ തൊഴില്‍പരമായി ഞാന്‍ തീര്‍ത്തും നിരാശനുമായിരുന്നു.
ശിവരാജിനോടുള്ള ബഹുമാനവും അടുപ്പവും ഇരട്ടിച്ചു. അയാള്‍ക്ക് ഒരു ആപത്തും സംഭവിക്കരുതെന്ന് ഞാന്‍ ഉല്‍ക്കടമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. പുലികേശന്‍ സാര്‍ കടുംപിടുത്തം ഉപേക്ഷിക്കുമെന്ന വ്യാമോഹമൊന്നും എനിക്കില്ല. ശിവരാജിനെ അപകടപ്പെടുത്താനുള്ള നീക്കവുമായി എന്തെങ്കിലും നടപടി ഉടന്‍ ഉണ്ടാവുമെന്ന് തന്നെ ഞാന്‍ ഉല്‍ക്കണ്‌ഠപ്പെട്ടു.
ഇതേ ഉല്‍ക്കണ്‌ഠ തടവുകാര്‍ക്കെല്ലാം ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന്റെ മഞ്ചല്‍തട്ടുകള്‍ ഓരോ ബ്ലോക്കിലും എത്തിയപ്പോള്‍ തടവുകാരും അത്യധികം ആകുലരാണെന്ന് തോന്നി. ആര്‍ക്കും ഭക്ഷണം വാങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അവരുടെ മനസ്സും കണ്ണുകളും ശിവരാജിന്റെ നേര്‍ക്കായിരുന്നു. അല്ലെങ്കില്‍ ശനിയാഴ്‌ചകളില്‍ ആഹാരത്തിന് മുമ്പിലെത്താന്‍ എന്തൊരു ആവേശമാണവര്‍ പ്രകടിപ്പിക്കാറുള്ളത്. ഇറച്ചികറിക്കുള്ള നാളികേര കഷണങ്ങള്‍ മൂപ്പിക്കുന്ന മണം പരക്കാന്‍ തുടങ്ങുമ്പോള്‍തന്നെ എല്ലാവരും കൊതിയോടെ കാത്തിരിക്കും. ഇന്നാകട്ടെ, വാര്‍ഡര്‍മാര്‍ ലാത്തിവീശുകയും ഒച്ചവെക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രമാണവര്‍ പ്ലേറ്റുകളുമായി മഞ്ചല്‍ തട്ടിന്നടുത്തേക്ക് നീങ്ങികൊണ്ടിരുന്നത്. ശിവരാജ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു: “ആരും ഭക്ഷണം ബഹിഷ്‌കരിക്കരുത്. അന്നം ഊര്‍ജ്ജമാണ്. അന്നം തന്നെയാണ് ദൈവം. ഉണ്ണാവ്രതം ഇന്നത്തെ സമരരൂപമല്ല. കഴിഞ്ഞദിവസം തല്ലിക്കെടുത്തിയ ഉണ്ണാവ്രതത്തിന്റെ പരിഹാരക്രിയയാണിന്ന്. അയാള്‍ കരിക്ക് വെട്ടികുടിക്കുകയും സഹജീവികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
എങ്കിലും ഓരോ ബ്ലോക്കിലെയും വെയ്‌സ്റ്റ് കുഴികള്‍ നിറഞ്ഞു കവിഞ്ഞു.
രണ്ടുമണിക്ക് പകരക്കാരന്‍ ഉണ്ണി കയറിവന്നത് മരവിപ്പിക്കുന്ന വിവരവുമായാണ്. “രഘുപതിസാറിന്റെ ക്യാബിനില്‍ ഹണ്ടര്‍ ഗ്യാങ്ങ് മുഴുവന്‍ ഒത്തുകൂടിയിരിക്കുകയാണ്.” ചെറിയാന്‍ ഹെഡ്ഡിനെയും അയാളുടെ മര്‍ദ്ദകലോബിയെയും ഉണ്ണിവിളിക്കുന്ന പേരാണ് ഹണ്ടര്‍ ഗ്യാങ്ങ്. “ശിവരാജിന്റെ കഥ ഇന്ന് അവസാനിപ്പിക്കുമെന്നാണവര്‍ പറയുന്നത്.”
കൂടുതല്‍ കേള്‍ക്കാന്‍ ആകാതെ ഞാന്‍ ടവറില്‍നിന്നും ഇറങ്ങി.
വിശപ്പ് തോന്നിയില്ല. സ്റ്റാഫ് മെസ്സില്‍ കയറി കണ്ണും മുഖവും ശക്തമായി കഴുകി. ഒരു സിഗരറ്റ് വാങ്ങി തീപ്പെട്ടി ഉരയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ തോളില്‍ പരിചിതമായ ഒരു കൈതലോടല്‍, തിരിഞ്ഞുനോക്കിയപ്പോള്‍ മുമ്പില്‍ കണ്ണന്‍ സാര്‍. അതേ മന്ദഹാസത്തോടെ. രണ്ടുവര്‍ഷം മുമ്പാണദ്ദേഹം ജോലിയില്‍നിന്ന് വിരമിച്ചത്. പിന്നീടദ്ദേഹം ജയില്‍ പരിസരത്ത് വരികയോ, ആരെയെങ്കിലും ഒന്ന് വിളിക്കുകയോ ചെയ്‌തിട്ടില്ല. റിട്ടയര്‍മെന്റിന്റെ യാതൊരു ചടങ്ങുകളും സ്വീകരിക്കാതെ ഒരൊറ്റ അപ്രത്യക്ഷമാകല്‍. ശരിക്കും മാഞ്ഞുപോയതുപോലെ. ഞാന്‍ ജയിലില്‍ എത്തിയ ആദ്യ ദിനം ഓര്‍ത്തുപോയി. അന്ന് അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍. അന്നത്തെ അനുഭവങ്ങള്‍. പിന്നീടും എന്തൊക്കെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരിക്കുന്നു!
സ്‌നേഹപൂര്‍വ്വം എന്റെ കയ്യില്‍ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “വരാനാഗ്രഹിച്ചതല്ല; ഈ നരകത്തിലേക്ക്. എങ്കിലും വന്നു. മകളുടെ വിവാഹമാണ്. അടുത്ത പതിനഞ്ചിന്. പാപക്കറ പറ്റിയിട്ടില്ലാത്ത നിന്നെപോലുള്ള ചുരുക്കം ചില സുഹൃത്തുക്കളുടെ സാന്നിദ്ധ്യം; മകളെ അനുഗ്രഹിച്ച് യാത്രയാക്കാന്‍ ക്ഷണിക്കാനാണ് വന്നത്.
ഞാന്‍ വാത്സല്യത്തോടെ അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ടു നടന്നു. ജയില്‍ കവാടത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു. കൈവിടുവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “വേണ്ട സുഹൃത്തെ, ഇതിന്നകത്ത് ചവിട്ടാന്‍ ഒരു നിര്‍ഭാഗ്യവും ഇനി ഇടവരുത്താതിരിക്കട്ടെ എന്നാണെന്റെ ഒരേ ഒരു പ്രാര്‍ത്ഥന.”
ക്ഷണം ഒരിക്കല്‍കൂടി ആവര്‍ത്തിച്ച് കത്തും നല്‍കി അദ്ദേഹം നടന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചുവന്നു. അകത്ത് തെങ്ങിന്‍ മുകളിലെ മുദ്രാവാക്യത്തിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ഒരു നിമിഷം നെടുവീര്‍പ്പിട്ടു. “എനിക്കു അവനെ ഒന്ന് കാണണം, ഒരു തവണകൂടി. …. ഇനി ഒരുപക്ഷെ ഒരിക്കലും അവനെ കാണാന്‍ സാധിക്കാതെ വന്നെങ്കിലോ!” ജയിലിന്നകത്തേക്ക് കാലെടുത്തുവെയ്‌ക്കാന്‍ ഭാവിച്ച അദ്ദേഹം കാല്‍ പിന്‍വലിച്ചുകൊണ്ട് പറഞ്ഞു: “അല്ലെങ്കില്‍ വേണ്ട; ഞാനവനെ കുരിശുകുന്നിന്റെ മുകളില്‍ ചെന്ന് കാണാം.” എന്റെ കൈകള്‍ രണ്ടും കവര്‍ന്ന് നെഞ്ചിലേക്ക് ചേര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: “പ്രതികരണ മനസ്സും നന്മയും കെടാതെ സൂക്ഷിക്കുന്ന അവനെ ഞാന്‍ കാല്‌തൊട്ട് നമസ്‌കരിക്കുന്നതായി പറയണം, ജീവനോടെ തിരിച്ചുകിട്ടുകയാണെങ്കില്‍.”
അദ്ദേഹം നടന്നുനീങ്ങുന്നതും നോക്കി ഞാന്‍ നിന്നു, വിങ്ങിയ മനസ്സോടെ.