പൂമുഖം തുടർക്കഥ കാലാൾ – മൂന്ന്

കാലാൾ – മൂന്ന്

അദ്ധ്യായം – 3

സ്റ്റാഫ്‌ മെസ്സില്‍ കയറി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ചെന്ന്‌ വരുത്തി പുറത്ത്‌ കടന്നപ്പോള്‍ കണ്ടത്‌ മുന്‍വശത്ത്‌ എന്‍.എച്ച്.ല്‍ വാഹനങ്ങള്‍ നിരനിരയായി നിറുത്തിയിട്ടിരിക്കുന്നതാണ്‌. മെസ്സില്‍ കയറുന്ന സമയത്ത്‌ ട്രാഫിക്ക്‌ ബ്ലോക്കൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന്‌ ആശ്ചര്യപ്പെട്ടുകൊണ്ട്‌ ഞാന്‍ എന്‍.എച്ച്.ന്‍റെ തെക്കും വടക്കും നോക്കി. തെക്കുഭാഗത്ത്‌ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. വടക്കേ അറ്റത്ത്‌ ജയില്‍ വളപ്പും കഴിഞ്ഞ്‌ കുരിശുകുന്നില്‍ വാഹനങ്ങളുടെ അകത്തും പുറത്തും നിന്ന്‌ ആള്‍ക്കാര്‍ ജയില്‍ മതില്‍ക്കെട്ടിനുള്ളിലേക്ക്‌ നോക്കുന്നതും കൈ വീശുന്നതുമാണ്‌ കണ്ടത്‌. റോഡ്‌ കയറ്റം കയറി കുരിശുകുന്നിന്‌ മുകളിലെത്തിയാല്‍ മതില്‍കെട്ടിന്നകത്തെ ഉയരം കൂടിയ തെങ്ങുകള്‍ കാണാന്‍ കഴിയും‌. അവര്‍ ശിവരാജിനേയും അയാളുടെ പ്രകടനങ്ങളും കണ്ടുകഴിഞ്ഞെന്ന്‌ ഉറപ്പായി. ഈ ട്രാഫിക്ക്‌ ബ്ലോക്ക്‌ പ്രശ്‌നമാകുമല്ലോയെന്ന്‌ വിചാരിച്ചുകൊണ്ട്‌ ഞാന്‍ ഡ്യൂട്ടി പോസ്റ്റിലേക്ക്‌ ധൃതിപ്പെട്ട്‌ നടന്നു. ഗാന്ധിപ്രതിമയുടെ അടുത്ത്‌ റൈഫിള്‍ സെന്‍ട്രി തോക്ക്‌ നിലത്ത്‌ കുത്തി അറ്റന്‍ഷനായി നില്‍ക്കുന്നു. തൊട്ടടുത്ത്‌ വാകമരത്തിന്‍റെ തണലില്‍ ആകാശവാണിയുടേയും പ്രമുഖ ദിനപത്രങ്ങളുടേയും പ്രതിനിധികള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഇത്ര വേഗത്തില്‍ മാധ്യമങ്ങള്‍ക്ക്‌ വിവരം എത്തിച്ചത്‌ ആരെന്ന്‌ ഞാന്‍ ആശ്ചര്യപ്പെട്ടു. മതില്‍കെട്ടിന്‍റെ തെക്കെ അറ്റത്തുനിന്ന്‌ സൂപ്രണ്ടിന്‍റെ വാഹനം ജയില്‍ റോഡിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞതിനാല്‍ ഞാന്‍ മതിലോരം ചേര്‍ന്ന്‌ ഒതുങ്ങിനടന്നു. സെന്‍ട്രിയുടെ ബട്ട്‌ സല്യൂട്ടിന്‍റെ ശബ്‌ദം മുഴങ്ങി. സൂപ്രണ്ട്‌ സാര്‍ വണ്ടിയില്‍ നിന്ന്‌ പുറത്തേക്ക്‌ കാലുകുത്തിയതും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞുകഴിഞ്ഞു.

അവര്‍ ഒരേ ശബ്‌ദത്തില്‍ ചോദിച്ചു: “എന്താണ്‌ സാര്‍? എന്താണ്‌ സംഭവം? എന്തെങ്കിലും കലാപം?” സൂപ്രണ്ട്‌ അവരെ മൂര്‍ച്ചയോടെ നോക്കി. എങ്കിലും അദ്ദേഹത്തിന്‍റെ മറുപടി അക്ഷോഭ്യമായിരുന്നു. “നത്തിങ്ങ്‌. ഒരു മാനസീകരോഗി. അയാളുടെ ആത്മഹത്യാശ്രമം, അത്രമാത്രം.” ഇനി ചോദ്യവും പറച്ചിലും വേണ്ട എന്ന ആംഗ്യത്തോടെ അദ്ദേഹം വലിയ ഗെയ്‌റ്റിനുള്ളിലൂടെ അപ്രത്യക്ഷനായി. അദ്ദേഹത്തിന്‍റെ പിന്നാലെ അകത്തേയ്‌ക്ക്‌ കയറാന്‍ ശ്രമിച്ച അവരെ മാറ്റിനിറുത്തി വാതില്‍ ബന്ധിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ കയ്യിലകപ്പെടാതെ ഞാന്‍ ചെറിയ വാതിലിലൂടെ അകത്തേയ്‌ക്ക്‌ കടന്നു.

ഇന്നര്‍ഗെയ്‌റ്റും കടന്ന്‌, ഞാന്‍ ചരല്‍പാതയിലൂടെ ടവറിലേക്ക്‌ വെച്ചുപിടിച്ചു. ശിവരാജിന്‍റെ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. തെങ്ങിന്‍ തടിയില്‍ നാലടി താഴത്തായി രണ്ടുവശത്തും ചവിട്ടുകള്‍ കെട്ടി ഉറപ്പിച്ചതില്‍ ചവിട്ടിയാണ്‌ ഇപ്പോള്‍ നില്‍പ്പ്‌. കൂടുതല്‍ ആയാസരഹിതമായി ചുറ്റും ചലിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നുണ്ടായിരുന്നു. തൂങ്ങിനില്‍ക്കുന്ന തെങ്ങോലകള്‍ എല്ലാം അയാള്‍ വെട്ടിനീക്കിയിരുന്നു.

ടവറിന്‍റെ മുറ്റത്ത്‌ കൊടിമരത്തിന്നടുത്തെത്തിയപ്പോള്‍ വലതുഭാഗത്തുനിന്ന്‌ ജേക്കബ്‌ സാര്‍ കൈമാടിവിളിക്കുന്നു. ചുണ്ടില്‍ വിരല്‍വെച്ച്‌ ശബ്‌ദമുണ്ടാക്കരുതെന്ന്‌ അദ്ദേഹം ആംഗ്യം കാട്ടി. ടവറിന്നകത്ത്‌ റിക്കാര്‍ഡ്‌ റൂമില്‍ നടക്കുന്ന ചര്‍ച്ച ശ്രദ്ധിക്കുകയായിരുന്നു അദ്ദേഹം. ശിവരാജിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ്‌ ചര്‍ച്ച. അലോഷ്യസ്‌ വാര്‍ഡറുടെ ശബ്‌ദം ഞാന്‍ തിരിച്ചറിഞ്ഞു. “നമുക്കവനെ കല്ലെറിഞ്ഞു വീഴ്‌ത്താം. നാലുഭാഗത്ത്‌ നിന്നും കല്ലേറുണ്ടായാല്‍ അവന്‌ ഇറങ്ങാതെ തരമില്ല. അവനെക്കൊണ്ട്‌ എല്ലാവരും ശരിക്കും പൊറുതിമുട്ടി.” അയാള്‍ പറഞ്ഞു.

ആരാച്ചാര്‍ ബാലന്‍സാര്‍ പൊട്ടിത്തെറിച്ചു. “ഞങ്ങള്‍ക്കെന്താ പൊറുതികേട്‌. എല്ലാവരെയും എന്തിനാണ്‌ നീ കൂട്ടുപിടിക്കുന്നത്‌? നിന്‍റെ പോക്കിരിത്തരത്തിന്‌ വേണ്ട മരുന്ന്‌ അവന്‍ തന്നു; അല്ലേ, അലോഷി?”

രാത്രി ഡ്യൂട്ടിയില്‍ റാന്തല്‍ വീശി നടന്നുകൊണ്ട്‌ ഇക്കിളിപ്പെടുത്തുന്ന ലൈംഗികപാട്ടുകള്‍ ഉച്ചത്തില്‍ പാടി തടവുകാരുടെ ഉറക്കംകെടുത്തുന്നതായിരുന്നു അയാളുടെ ഒരു വിനോദം. നേരം വെളുക്കുമ്പോള്‍ ഏതെങ്കിലും ബ്ലോക്കുകളില്‍ നിന്ന്‌ പിടികൂടി ടവര്‍ മുറ്റത്ത്‌ നിരത്തി നിറുത്തുന്ന പ്രകൃതിവിരുദ്ധ ഇണകളെ ഏറ്റവും അറയ്ക്കുന്ന തെറികള്‍ വിളിച്ച്‌ മര്‍ദ്ദിക്കുന്നതും അയാള്‍ക്ക്‌ ആവേശമുള്ള കാര്യമാണ്‌.

ഒരു രാത്രി ഒന്നാം ബ്ലോക്ക്‌ സെല്‍ കെട്ടിടത്തില്‍ പതിവുപോലെ – അലോഷി തെറിപ്പാട്ടു തുടങ്ങിയപ്പോള്‍ ശിവരാജിന്‍റെ സെല്ലില്‍നിന്ന്‌ മറുപാട്ടു മുഴങ്ങി.

“ഭരണിപാട്ട്‌ അലോഷിയെ പുകച്ചു പുറത്ത്‌ ചാടിക്കുക.” ശിവരാജിന്‍റെ പാട്ടിന്‌ അകമ്പടിയായി സെല്‍ കെട്ടിടത്തിലും ഒന്നാം ബ്ലോക്ക്‌ ബാരക്ക്‌ കെട്ടിടത്തിലും കുറച്ചുപേര്‍ കോറസ്സ്‌ പാടി: “താനാരോ… തന്താരോ… താനാരോ… തിന… തന്താരോ.” ശിവരാജ്‌ പാട്ട്‌ തുടര്‍ന്നു:

“ആഭാസ കാഥികന്‍ അലോഷിയെ കെട്ടുകെട്ടിക്കുക.”

“താനാരോ… തന്താരോ…….” ഗാനമേള ഉച്ഛസ്ഥായിയില്‍ ഉയര്‍ന്നു.

ഓടിയെത്തിയ ഹെഡ്‌വാര്‍ഡര്‍ ജേക്കബ്‌ സാറിന്‌ രാത്രി ചുമതലയുള്ള ഓഫീസറെ വിളിച്ചുവരുത്താതിരിക്കാനും, റിപ്പോര്‍ട്ടാക്കാതിരിക്കാനും, തുടര്‍ന്ന്‌ അലോഷിക്ക്‌ സസ്‌പെന്‍ഷനും ഒരു ഇന്‍ക്രിമെന്റ്‌ കട്ടും സമ്പാദിച്ചുകൊടുക്കാതിരിക്കാനും കഴിയാത്തവിധം ആ ഗാനമേള കൊഴുത്തു.

ആരാച്ചാര്‍ ബാലന്‍സാര്‍ തറപ്പിച്ചു പറഞ്ഞു: “വധശിക്ഷ വിധിച്ച ഒരു തടവുകാരന്‍റെ കഴുത്തില്‍ കുരുക്കിട്ട്‌ ലിവര്‍ വലിക്കാന്‍ ഞാന്‍ സദാ തയ്യാര്‍. പക്ഷെ, ശിവരാജിനെപോലെ നല്ലവനായ ഒരുത്തന്‍റെ നേരെ ഒരു വിരല്‍ചൂണ്ടാന്‍ പോലും എനിക്ക്‌ സാധ്യമല്ല.”

ഹെഡ്‌ വാര്‍ഡര്‍ കുഞ്ഞപ്പ സാര്‍ ഇടപെട്ടു. “ശിവരാജിന്‍റെ സ്വഭാവചര്‍ച്ച ഇപ്പോള്‍ നമ്മുടെ വിഷയമല്ല. എന്തുചെയ്യണമെന്ന്‌ നിങ്ങളാരും തര്‍ക്കിക്കേണ്ടതില്ല. സൂപ്രണ്ട്‌ സാര്‍ തീരുമാനിക്കും. അതുപോലെ ചെയ്യാനേ നമുക്ക്‌ പറ്റൂ. അങ്ങനെയല്ലേ ബാലന്‍സാറെ?”

ബാലന്‍സാര്‍ തലയാട്ടി. “സൂപ്രണ്ട്‌ സാര്‍ തീരുമാനിക്കും. അതിപ്പോള്‍ എത്ര കടുത്തതായിരിക്കുമെന്നേ അറിയാനുള്ളൂ.”

ജേക്കബ്‌ സാറിനെ വന്ദിച്ചുകൊണ്ട്‌ ഞാന്‍ ടവറിന്‌ മുകളിലേക്ക്‌ കയറിപ്പോയി. ശിവരാജ്‌ എന്നെ നോക്കി കൈവീശി തെങ്ങിന്‍റെ മറുഭാഗത്തേയ്‌ക്ക്‌ നീങ്ങി. ഞാന്‍ ജയിലിന്‍റെ ചുറ്റും കണ്ണോടിച്ചുകൊണ്ട്‌ നടന്നു. വടക്കേഅറ്റത്ത്‌ നീണ്ട തൊഴുത്തിന്‌ വെളിയില്‍ കന്ന്‌ മേസ്‌തിരിമാര്‍ ശിവരാജിന്‌ നേരെ കൈവീശിക്കൊണ്ടിരിക്കുന്നു. തൊഴുത്തിലെ കന്നുകാലികള്‍ പതിവുപോലെ പുറത്തെ മേച്ചില്‍ സ്ഥലങ്ങളിലേക്ക്‌ പോകാനാവാത്തതിനാല്‍ അമറുകയും, ചിനക്കുകയും, കാലിട്ടടിക്കുകയും ചെയ്യുന്നു. കന്ന്‌ മേസ്‌തിരിമാര്‍ ഒഴിച്ചുകൊടുക്കുന്ന കാടിയും, വിതറിയിടുന്ന വൈക്കോലും അവയെ തൃപ്‌തിപ്പെടുത്തുന്നുണ്ടാവില്ല.

ഓഫീസ്‌ കെട്ടിടത്തിലെ കൂറ്റന്‍ ഘടികാരം പത്തുമണി അടിച്ചു. സൂപ്രണ്ട്‌ സാറിന്‍റെ റൗണ്ട്‌സിന്‌ സമയം അടുത്തുകൊണ്ടിരിക്കുന്നു. ചീഫ്‌ വാര്‍ഡര്‍ ഏതാനും റിസര്‍വ്‌ വാര്‍ഡര്‍മാരെ ടവര്‍ മുറ്റത്തേയ്‌ക്ക്‌ തെളിച്ചുകൊണ്ടുവന്ന്‌ ഫോളിനാക്കി.

“പരേഡ്‌… അറ്റന്‍ഷന്‍… സ്റ്റാന്‍ഡറ്റീസ്‌… അറ്റന്‍ഷന്‍… എബൗട്ടേണ്‍….”

തെങ്ങിന്‍റെ മുകളില്‍നിന്ന്‌ സാകൂതം നിരീക്ഷിച്ചുകൊണ്ട്‌, ശിവരാജ്‌, മൂക്കത്ത്‌ വിരല്‍വെച്ചു. “ചീഫേ… ഇതെന്താണ്‌ സംഭവം? ഇതിനെന്താ പേര്‌? കവാത്തോ… അതോ കാവത്തോ? തടവുകാരുടെ റേഷന്‍ മുഴുവന്‍ വെട്ടിവിഴുങ്ങുന്നതുകൊണ്ട്‌ പെരുമ്പാമ്പിനെപോലെ വീര്‍ത്തിരിക്കുന്നതു കണ്ടില്ലെ ഓരോരുത്തരും! പിന്നെ എങ്ങനെയാണവരുടെ കൈകാല്‍ ചലിക്കുക!” വാര്‍ഡര്‍മാരുടെ മുഖം ക്ഷോഭംകൊണ്ടു വിറച്ചു. ചീഫ്‌ വേഗം തന്നെ അവരെ മാര്‍ച്ച്‌ ചെയ്യിച്ച്‌ ഓഫീസിലേക്കുള്ള പാതയിലൂടെ കൊണ്ടുപോയി. “ലെഫ്‌റ്റ്‌…. റൈറ്റ്‌…. ലെഫ്‌റ്റ്‌… റൈറ്റ്‌…”

ശിവരാജ്‌ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു: “ചീഫേ, നമുക്കീ ലെഫ്‌റ്റും റൈറ്റും വേണ്ട കേട്ടോ! സായ്‌പ്‌ കടല്‌ കടന്നിട്ട്‌ നാല്‌ പതിറ്റാണ്ട്‌ കഴിഞ്ഞില്ലെ? നമുക്ക്‌ നമ്മുടെ സ്വന്തം ഭാഷകളില്ലെ? ഇടത്തേത്‌… വലത്തേത്‌… ഇടത്തേത്‌… വലത്തേത്‌…”

ചീഫ്‌ വാര്‍ഡറുടെ സംഘം അകലെ ഇന്നര്‍ഗെയ്‌റ്റിന്നടുത്തേയ്‌ക്ക്‌ ചുവടുവെച്ചു. അവിടെ പരേഡ്‌ തുടര്‍ന്നു.

ഇന്നര്‍ഗെയ്‌റ്റ്‌ പൂര്‍ണ്ണമായും തുറക്കപ്പെട്ടു. ഗെയ്‌റ്റ്‌ കെട്ടിടത്തിലെ ഓഫീസര്‍മാരുടെ അകമ്പടിയോടെ സൂപ്രണ്ട്‌ പുലികേശന്‍ ജയില്‍ പാതയിലേക്ക്‌ പ്രവേശിച്ചു. ചീഫ്‌ വാര്‍ഡറുടെ കമാന്‍ഡിങ്ങിന്നനുസരിച്ച്‌ അറ്റന്‍ഷനായിനിന്ന്‌ വാര്‍ഡര്‍മാരും ചീഫും സല്യൂട്ട്‌ ചെയ്‌തു. സൂപ്രണ്ടിന്‍റെ ഭാഗത്തുനിന്ന്‌ പ്രത്യഭിവാദ്യം ഉണ്ടായില്ല.

വലതുഭാഗത്തെ ഒന്നാം ബ്ലോക്കില്‍ നിന്ന്‌ ഉയരുന്ന മുദ്രാവാക്യം അദ്ദേഹം അവഗണിക്കുന്നതുപോലെ തോന്നി. പെട്ടെന്ന്‌ അദ്ദേഹം ഇടത്തോട്ട്‌ തിരിഞ്ഞ്‌ വിക്കറ്റ്‌ ഗെയ്‌റ്റിലൂടെ കിച്ചണിലേക്ക്‌ നടന്നു. വിക്കറ്റ്‌ ഗെയ്‌റ്റും, ഇടത്തോട്ടുള്ള തിരിവും അദ്ദേഹത്തിന്‍റെ പതിവല്ലല്ലോ എന്ന്‌ ഞാന്‍ ആശ്ചര്യപ്പെട്ടു. പ്രധാന റോഡിലൂടെയാണ്‌ പതിവ്‌ യാത്ര. എന്നും വലത്‌ ദിശയിലൂടെ റൗണ്ട്‌സ്‌ നടത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. ഉത്തമവൃത്തത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു സാദാ അസി… ജയിലറില്‍നിന്ന്‌ എത്ര പെട്ടെന്നാണ്‌ ചാടിചാടി ജയില്‍ സൂപ്രണ്ടിന്‍റെ പദവിയിലേക്ക്‌ അദ്ദേഹം എത്തിയത്‌!

ആയിരക്കണക്കായ തടവുകാരേയും നൂറുകണക്കായ ഉദ്യോഗസ്ഥന്മാരേയും അദ്ദേഹം വരച്ച വരയില്‍ നിറുത്തി. തന്‍റെ ഭരണത്തിന്‍ കീഴില്‍ തടവറ മേലധികാരികള്‍ക്ക്‌ തലവേദന സൃഷ്‌ടിക്കുകയില്ലെന്ന്‌ അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. അച്ചടക്കത്തിന്‍റേയും സമാധാനത്തിന്‍റേയും താക്കോല്‍ ഭയം സൃഷ്‌ടിക്കലാണെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനുവേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്‌തു. അടിയന്തിരാവസ്ഥയില്‍ അദ്ദേഹത്തെ ചോദ്യംചെയ്‌ത ഒരു ജയില്‍വാര്‍ഡറെ മിസാ പ്രകാരം അറസ്റ്റുചെയ്യിച്ച്‌ അദ്ദേഹത്തിന്‍റെ മുമ്പില്‍ തന്നെ ലോക്കപ്പ്‌ ചെയ്‌ത കഥ നിരന്തരം കേട്ടുവന്നിരുന്നു. ഈ ഭീകരാവസ്ഥയില്‍ നിന്ന്‌ എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടി – ധനം, അംഗീകാരം, പ്രതാപം, അധികാരം. നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ കോണ്‍ട്രാക്‌ടര്‍മാര്‍ അദ്ദേഹത്തെ കാത്തിരുന്നു. ജയില്‍ ഐ.ജി. കസേര താമസിയാതെ അദ്ദേഹത്തിലേക്ക്‌ വന്നുചേരാന്‍ വേണ്ട ഭരണപരമായ കരുനീക്കങ്ങളും രാഷ്‌ട്രീയമായ ചരടുവലികളും എല്ലാം പൂര്‍ണ്ണമാണ്‌. ജയിലന്തരീക്ഷത്തില്‍ ഒരു പ്രതികൂല തീപ്പൊരി ഉണ്ടാകാതെ സൂക്ഷിച്ചാല്‍ മതി.

കിച്ചണില്‍ നിന്നിറങ്ങി സൂപ്രണ്ടും പരിവാരങ്ങളും ഇടതുഭാഗത്തെ കണ്ടംഡ്‌ ബ്ലോക്കിലേക്കാണ്‌ നീങ്ങിയത്‌. അദ്ദേഹത്തിന്‍റെ ഒപ്പമെത്താന്‍ ജയിലറും മറ്റ്‌ ഉദ്യോഗസ്ഥന്മാരും ക്ലേശിക്കുന്നതുപോലെ തോന്നി. അമ്പത്താറിഞ്ച്‌ നെഞ്ച്‌ വിരിച്ച്‌ പടക്കുതിരപോലെ അദ്ദേഹം ചുവടുവെച്ചു സകലരുടേയും മുമ്പില്‍.

മരണം കാത്തുകിടക്കുന്ന വധശിക്ഷാ തടവുകാരോട്‌ ചില കുശലങ്ങളൊക്കെ ചോദിക്കുന്നത്‌ അദ്ദേഹം പതിവാക്കിയിരുന്നു. അവരുടെ മുമ്പില്‍ മാത്രം സൂപ്രണ്ട്‌ സാറിന്‍റെ ഗൗരവം അല്‍പം മയപ്പെടും. മരണാനന്തര ജീവിതത്തെ സംബന്ധിച്ചുള്ള ചില ഗ്രന്ഥങ്ങളൊക്കെ അദ്ദേഹത്തിന്‍റെ ബുക്ക്‌ ഷെല്‍ഫില്‍ കണ്ടിട്ടുണ്ട്‌. ചില മാന്യസദസ്സുകളില്‍ പ്രേതാത്മാക്കളെപ്പറ്റി അദ്ദേഹം പ്രസംഗങ്ങള്‍ നടത്തുന്നതും കേട്ടിട്ടുണ്ട്‌.

കണ്ടംഡ്‌ ബ്ലോക്കിലും അധികസമയം നില്‍ക്കാതെ അദ്ദേഹവും പരിവാരങ്ങളും ടവര്‍ മുറ്റത്തേയ്‌ക്ക്‌ എത്തിച്ചേര്‍ന്നു.

ശിവരാജിന്‍റെ മുദ്രാവാക്യം വിളി ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

“കുറ്റവാളിയായ ജയില്‍ സൂപ്രണ്ടിനെ ശിക്ഷിക്കുക.”

“ക്വാറന്‍റയിനില്‍ മര്‍ദ്ദനമേറ്റു കിടക്കുന്ന ഞങ്ങളുടെ സഹോദരന്മാരെ ജയില്‍ ആസ്‌പത്രിയില്‍ എത്തിക്കുക….”

സൂപ്രണ്ട്‌ സാര്‍ ഒരു നിമിഷം തെങ്ങിന്‍ മുകളിലേക്ക്‌ കണ്ണയച്ചു. അദ്ദേഹം മണ്ണിലും ശിവരാജ്‌ ഉയരത്തിലും നിന്നുകൊണ്ട്‌ ഒരു സംസാരത്തിന്‌ സാധ്യതയില്ലെന്ന്‌ ഞാന്‍ ഉറപ്പിച്ചിരുന്നു. പക്ഷെ, അദ്ദേഹം ടവറിന്‍റെ മുകള്‍നിലയില്‍ കയറിവരുമെന്ന്‌ ചിന്തിക്കാനേ എനിക്ക്‌ സാധിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം ടവറിന്‍റെ മുകള്‍നിലയില്‍ എത്തിയപ്പോള്‍ ഞാന്‍ ശരിക്കും സ്‌തംഭിച്ചുപോയി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക്‌ദിനത്തിലും മാത്രമാണ്‌ ജയില്‍സൂപ്രണ്ട്‌ പരേഡിനെ അഭിസംബോധന ചെയ്യാനായി ടവറിന്‍റെ മുകള്‍തട്ടില്‍ എത്താറുള്ളത്‌.

എന്‍റെ സല്യൂട്ട് ശ്രദ്ധിക്കാതെ അദ്ദേഹം ശിവരാജിന്‌ നേരെ നോക്കിനിന്നു.

ശിവരാജ്‌ വട്ടംകറങ്ങി പാടിക്കൊണ്ടിരുന്നു.

“സേലം ജയിലില്‍ മാധവമേനോന്‍

ഇട്ടുനടന്നൊരു കുപ്പായം

കേരള ജയിലില്‍ പുലി സൂപ്രണ്ടി-

ന്നൊന്നാംതരമായ്‌ ചേരുന്നുണ്ടേ.”

ഒരു നിമിഷം. ശിവരാജിന്‍റെ നോട്ടം ടവര്‍ ടോപ്പിലേക്ക്‌ തിരിഞ്ഞു. സൂപ്രണ്ട്‌ സാറിനെ മുകള്‍തട്ടില്‍ കണ്ടതും വിശ്വസിക്കാനാകാതെ കണ്ണ്‌ തിരുമ്മി അയാള്‍ വീണ്ടും നോക്കി. ചവിട്ടില്‍ കാലുറപ്പിച്ച്‌ ഒറ്റകയ്യില്‍ തൂങ്ങിനിന്നുകൊണ്ട്‌ അയാള്‍ സൂപ്രണ്ടിന്‌ മുഖാമുഖമായി നിന്നു. സൂപ്രണ്ടിന്‍റെ ആംഗ്യം മാനിച്ച്‌ അയാള്‍ മുദ്രാവാക്യം വിളി നിറുത്തി. മാന്യമായി അദ്ദേഹത്തെ അഭിവാദ്യംചെയ്‌തു. “ഗുഡ്‌മോണിങ്ങ്‌ സര്‍!”

“പക്ഷെ ഇന്നത്തെ പ്രഭാതം അത്ര നല്ലതൊന്നുമല്ലല്ലോ ശിവരാജെ”, സൂപ്രണ്ടിന്‍റെ ഘനപ്പെട്ട ശബ്‌ദം അവിടെ മുഴങ്ങി. “നിന്‍റെ അഭ്യാസങ്ങളൊക്കെ നന്നായി. അതൊക്കെ എനിക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു. പക്ഷെ എന്താ പ്രയോജനം! നിന്നെ ജയിപ്പിക്കാനും എനിക്ക്‌ തോല്‍ക്കാനും പറ്റുകേലല്ലോ!”

ശിവരാജിന്‍റെ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു. അയാള്‍ പറഞ്ഞു: “ജയവും തോല്‍വിയും! വലിയ ചിന്തകന്‍മാര്‍ക്കുപോലും തീര്‍പ്പുകല്‍പ്പിക്കാനാവാത്ത വിഷയം. ജയത്തില്‍ തോല്‍വിയും തോല്‍വിയില്‍ ജയവും! അതല്ലെ അതിന്‍റെ ഒരു ശരി. പിന്നെ എന്‍റെ കാര്യം. ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ചുനില്‍ക്കുകയല്ലെ സര്‍? താങ്കള്‍ മറച്ചുവെക്കാനാഗ്രഹിക്കുന്നതെല്ലാം തുറന്നുവെക്കുമ്പോള്‍ ഞാന്‍ ജയിക്കുന്നു. എന്‍.എച്ച്. ലെ ട്രാഫിക്ക്‌ ബ്ലോക്ക്‌ എന്‍റെ ജയമാണ്‌. ട്രാഫിക്ക്‌ ബ്ലോക്കില്‍പ്പെട്ട എന്‍റെ മാധ്യമ സുഹൃത്തുക്കളുടെ വരവ്‌ എന്‍റെ ജയമാണ്‌. ജില്ലാ ജഡ്‌ജിയുടെ ഇടപെടലും കൂടി സംഭവിച്ചാല്‍ എന്‍റെ ജയം പൂര്‍ണ്ണം. താങ്കള്‍ക്ക്‌ ഒരു ശിക്ഷവാങ്ങി തന്നാല്‍ എന്‍റെ ജയം അതിഗംഭീരം!”

സൂപ്രണ്ട്‌ സാറിന്‍റെ മുഖം ക്ഷോഭംകൊണ്ട്‌ ചുവന്നുകഴിഞ്ഞിരുന്നു. റെയിലിംഗില്‍ ആഞ്ഞടിച്ചുകൊണ്ട്‌ അദ്ദേഹം ഗര്‍ജ്ജിച്ചു: “സ്റ്റോപ്പിറ്റ്‌. ഇതെല്ലാം ഉടന്‍ നിറുത്തൂ. ഇല്ലെങ്കില്‍ ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും. തെങ്ങ്‌ മുറിക്കേണ്ടിവന്നാലും നിന്നെ ഞാന്‍ വീഴ്‌ത്തിയിരിക്കും.”

ശിവരാജിന്‍റെ മുഖത്ത്‌ ഒരു പരിഹാസഭാവം നിറഞ്ഞു. അയാള്‍ പറഞ്ഞു: “താങ്കളെപോലെ, ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നവര്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌ സര്‍. ഇത്‌ താങ്കള്‍ക്ക്‌ ശിവരാജ്‌ ഇട്ടുതരുന്ന പദപ്രശ്‌നം.”

അയാള്‍ വെട്ടിത്തിരിഞ്ഞ്‌ തെങ്ങിന്‍റെ മറുഭാഗത്തേക്കു മറഞ്ഞു. അതിന്നിടയില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു “കുറ്റവാളിയുമായി ചര്‍ച്ച ഇല്ല. കുറ്റവിചാരണ മാത്രം.”

സൂപ്രണ്ട്‌ സാര്‍ രണ്ട്‌ നിമിഷംകൂടി റെയിലിംഗില്‍ പിടിച്ചുകൊണ്ട്‌ നിന്നു. പിന്നെ ഉറച്ച കാല്‍വെപ്പോടെ താഴേയ്‌ക്ക്‌ ഇറങ്ങി.

Comments

You may also like