പൂമുഖം LITERATUREപുസ്തകം കവിതയുടെ മഴമരങ്ങൾ

കവിതയുടെ മഴമരങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

3000 BC പ്രസിദ്ധീകരിച്ച പ്രസന്ന ആര്യന്‍റെ കവിതകളുടെയും ചിത്രങ്ങളുടെയും പുസ്തകമാണ് ‘അഴിച്ചു വെച്ചിടങ്ങളിൽ നിന്നും.’ ഇതിലെ കവിതകളെ കുറിച്ച് –


 
രയിലൂടെയും വാക്കുകളിലൂടെയും കവിത കടത്തിപ്പോകുന്ന വിദ്യ എളുപ്പമല്ലാതായിട്ടും എളുപ്പമെന്ന് തോന്നിപ്പിക്കുന്നിടത്താണ് പ്രസന്നയിലെ കവി വിജയിക്കുന്നത് എന്നാണ് ഒറ്റയടിക്ക് കുടിച്ചിറക്കിയ ഒരു കവിൾ വെള്ളം പോലെ ഈ കവിതകൾ വായിച്ചവസാനിപ്പിക്കുമ്പോൾ തോന്നുന്നത്. ഒരുപക്ഷേ, വീണ്ടുമൊരിക്കൽ കൂടി വായിക്കപ്പെടേണ്ടതാണ് എന്ന പൂർണ്ണ ബോധ്യത്തിലാണ് അത്തരമൊരു അഭിപ്രായം രൂപപ്പെടുത്തുന്നതും. അങ്ങിനെ രണ്ടാം വായനയിലോ മൂന്നാം വായനയിലോ ആണ് തിരിച്ചെടുക്കാൻ ആവാത്ത വിധം ഉടൽ പകർന്ന ‘അഴിച്ചുവെച്ചിടങ്ങളിൽ നിന്നും’ എന്ന കവിതാ സമാഹാരം നമുക്ക് പ്രിയതരമാകുന്നത്.

ഏതൊരു കലാകാരനും കലാകാരിയും തന്‍റെ ഉടൽ പരിസരങ്ങൾ താൻ വെളിപ്പെടുത്തുന്ന സങ്കേതത്തിൽ വലിയ ഒരളവോളം ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് തീർത്തും സ്വാഭാവികമായ പ്രക്രിയയാണ്. എത്രകണ്ട് ഗൃഹാതുരമാണ് തന്‍റെ ഓർമ്മകളെങ്കിൽ പോലും ഈയൊരു യാഥാർത്ഥ്യത്തെ അവഗണിക്കാൻ അവനോ അവൾക്കോ ആവില്ല. പ്രസന്നയെന്ന ഉടൽ പ്രവാസിക്കും അതിൽ നിന്നൊരു സ്വാതന്ത്ര്യമില്ലെന്ന് ഉറപ്പിക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കാണാം.’കഥാവശേഷൻ ‘ എന്ന കവിത തന്നെ അതിനു പ്രത്യക്ഷ ഉദാഹരണമാണ്. വഴുതന ചുട്ടെടുക്കുമ്പോൾ ഓർമ്മ വന്നത് ഒരു കലാപത്തിന്‍റെ വാക്കുരിയപ്പെട്ട കഥാവശേഷമാണ് എന്ന് പറഞ്ഞു തുടങ്ങുമ്പോൾ ആ കാലത്തിലൂടെ സഞ്ചരിക്കും വിധം ആ ദേശത്തെ തന്‍റെ വാങ്മയ ചിത്രം കൊണ്ട് ഭംഗിയാക്കാൻ കവിക്കു കഴിഞ്ഞിരിക്കുന്നു. ജാട്ടുകളുടെ പാടങ്ങളും ജാട്ടിണിയുടെ തവിട്ടു മുലകളും തണുത്തുറഞ്ഞ നിസ്സംഗതയും കലാപ കാലത്തെ ഡൽഹിയുടെ വിദൂരമല്ലാത്ത ഓർമ്മകളാണ്. പെട്ടെന്നോർമ്മ വന്നത് വി ബി ജ്യോതിരാജിന്‍റെ കഥയിലെ ഒരു വരിയാണ് ‘കലാപകാലത്തെക്കുറിച്ചോർക്കുമ്പോൾ പിയേഴ്സ് സോപ്പിന്‍റെ മണമാണ്’. ഇവിടെ കവി, തീയിലിട്ട് ചുട്ടെടുക്കുന്ന വഴുതനയിൽ ഇറക്കിവെക്കുന്നു കലാപത്തിന്‍റെ ഒസ്യത്ത്.

ഓർമ്മകൾക്ക് ഏഴുനിറമുള്ള മഴവില്ലിന്‍റെ വൈവിധ്യമാണ് ഈ കവിതകളിൽ. അവയെല്ലാം ചന്തമുള്ളവയാണ് എന്ന അവകാശ വാദങ്ങളൊന്നുമില്ല. ചിലപ്പോൾ അത് വിരഹത്തിന്‍റേതാകാം  . “നീയെന്നെ മറന്നതിനോളം സങ്കടം തന്നെയാണ് ഞാനെന്നെ മറന്നുവെന്നറിയുമ്പോഴും” [കവിത: ഓർമ്മകൾക്കെന്തു സുഗന്ധമാണ്] . അത്രയും അപകടകരമായ ഒന്ന് എന്ന കവിതയിൽ പറയുന്ന വാക്കുകൾക്ക് വരയുടെ ഭംഗികൂടിയുണ്ട്- “ഉറക്കച്ചടവോടെ പാഞ്ഞുവന്നൊരെഞ്ചിൻ / പതുക്കെ കൂടി ചേർന്നപോലെയൊരിടി / അത്ര പതുക്കെയായിരുന്നു ഒരോർമ്മവന്നു ഉമ്മവെച്ചത്” സങ്കടങ്ങളും സന്ദേഹങ്ങളുമില്ലാതെ ഇത്രയും നിർമ്മലമായി ഓർമകളെ സ്വീകരിക്കാൻ സാധിക്കുക എളുപ്പമല്ല.

കിളിയും കാറ്റും കാടും മേടും കടലും പേരറിയാത്ത മൃഗങ്ങളും ഈ കവിതകളിൽ സ്വച്ഛ വിഹാരം നടത്തുന്നുണ്ട്. പക്ഷേ ഇവിടെയൊന്നും തന്നെ ആവർത്തന വിരസതയുണ്ടാക്കുന്നില്ല. നാട്ടിൻപുറത്ത് ആഘോഷിച്ചു തീർത്ത സമൃദ്ധമായ കുട്ടിക്കാലത്തിന്‍റെ നേർചിത്രങ്ങളാണ് ഈ വർണ്ണനകളൊക്കെ തന്നെയും. ഒരു ജീവശാസ്ത്ര വിദ്യാർത്ഥിയുടെ കൃത്യതയിൽ ഈ ചെടികളെ അവയുടെ വർണ്ണങ്ങളെ വിസ്തരിച്ചു മനസ്സിലാക്കാൻ സാധിക്കും വിധത്തിലാണ് ഈ കവിതകളിൽ അവയോരോന്നും പ്രത്യക്ഷപ്പെടുന്നത്.

ഇതൾ വിടർത്തി നിറമഴിച്ചിട്ടും
അവളവളല്ലെന്നയാൾ
തീർത്തു പറഞ്ഞപ്പോഴാണ്
ഇനി പാരിജാതമാകാനില്ലന്നവൾ
ചെമ്പരത്തിയായി പൂത്തത് [ വസന്തസേന ]

പാണവള്ളി
ചിറ്റമൃതുമായി പിണങ്ങിപ്പിരിയും – [ കരിമഷിയെ കാടെന്നു നിരൂപിക്കുമ്പോൾ ]

കൂരിക്കയുടെ പുളിരസം ചവച്ചുതുപ്പി
പുല്ലാനിക്കാടുകൾക്കിടയിലൂടെ നൂണ്ടു
മുയലിനെ പിടിച്ച് – [ ചില ആവിഷ്കാരങ്ങൾ ]

വീട് പ്രസന്നയ്ക്ക് ഒരു സ്ഥിര ബിംബമാണ്. ഏതു ദൂരത്തേക്ക് പോയാലും തിരിച്ചെത്താൻ വെമ്പും വിധം ഒരു കൂടാണത്. ആ വീടിന് തന്നേ മനസ്സിലാകും വിധം മറ്റാർക്കും സാധിക്കാതെ പോകുന്നോ എന്നൊരു തമാശ കലർന്ന സങ്കടത്തിൽ പല വീടുകളെ ചേർത്തു പിടിക്കുമ്പോൾ ആ ‘പല’ യെന്ന അർത്ഥത്തിൽ ഒന്നു പോലും തന്‍റേതല്ലാതാകുന്നില്ല  എന്ന ധ്വനിയിലാണ് ഓരോ വീട് കവിതകളും. അതിൽ തട്ടിൻപുറം നോക്കി വെറുതെ മലർന്നു കിടക്കുന്ന മുറികളുള്ള വീടുണ്ട്. ഇരു വീടുകൾക്കിടയിൽ ഇത്തിരി മുറ്റമില്ലായ്മയുണ്ട്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു നാലുപാടും നോക്കുന്ന വീടുണ്ട്. ഒന്ന് ഇവിടം വരെ വന്നുപോയാലെന്തെന്നു കെറുവിക്കുന്ന വീടുണ്ട്.

പക്ഷേ ഇതിലൊന്നും പെടാത്ത വിധത്തിൽ മാറിനിൽക്കുന്ന ഒറ്റപ്പെട്ട ചില കവിതകളും ഈ സമാഹാരത്തിൽ കാണാം. ഒടിയൻ എന്ന കവിത നോക്കൂ..’പണ്ട് പണ്ടൊരു കാക്ക.. അല്ല പൂച്ചയായിരുന്നു’ എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ തലക്കെട്ടിനോട് പൂർണ്ണമായും നീതി പുലർത്തിയിരിക്കുന്നു. ‘അതനുഭവിച്ചുതന്നെ അറിയണം’ എന്ന കവിത ഏറ്റവും ലളിതമായ ഭാഷയിലാണ് ആവിഷ്കരിച്ചതെങ്കിലും തീവ്ര സ്വഭാവം പുലർത്തുന്നുണ്ട്. ഓരോ പാമ്പിനെ കൊന്നൊടുക്കുമ്പോഴും ഒരേ സമയം വാസുണ്ണി അനുഭവിക്കുന്നത് ആശ്വാസവും പകയുമാണ്. ഒരു പ്രവൃത്തിയിൽ ഈ രണ്ടു വികാരങ്ങളെയും ആവിഷ്കരിക്കുന്നതിൽ വിജയം കണ്ടു എന്നതാണ് കവിതയുടെ മേന്മ. ‘കഥയാണെന്നോ ഏയ്…’ എന്ന കവിതയും ‘മാത്തമോഫോർസിസ്’ എന്ന കവിതയും പുതുകവിതയിലെ പരീക്ഷണ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.’അഴിച്ചു വെച്ചിടങ്ങളിൽ നിന്നും ‘ എന്ന കവിതയിൽ മനോഹരമായ പദ സങ്കലനമാണ് ഭംഗികൂട്ടുന്നത്. ഇതേ പദഭംഗി മറ്റു ചില കവിതകളിലും കാണാൻ സാധിക്കും.’ എത്ര നിറച്ചാലും നിറയാത്ത ദിവസം ‘മഞ്ഞണിഞ്ഞ ഇല ‘ ഇവയൊക്കെ ഉദാഹരണങ്ങളാണ്.

ഒരിലപോലും തണലില്ലാത്ത ഒരോളം കൊണ്ടുപോലും മൗനം ഭഞ്ജിക്കാത്ത ഒരൊഴുക്കു കൊണ്ടുപോലും നോവാത്തൊരു തടാകത്തിൽ ചെരിഞ്ഞു പതിക്കുന്ന ഒരു കല്ലിന്‍റെ ദൗത്യമായിരുന്നു എനിക്ക് പ്രസന്നയുടെ കവിതകൾ. വല്ലാതെ ആഴത്തിലേക്കെത്തിച്ചാലും വേദനിപ്പിക്കാതെ സൗമ്യമായി എന്നോട് പറയാനുള്ളതെല്ലാം പറഞ്ഞു കൊണ്ടിരുന്നു. അതുകൊണ്ട് ശ്വാസം കിട്ടാൻ പ്രയാസമില്ലാത്ത വിധം അവയിലങ്ങനെ ഞാൻ ഒഴുകി നടന്നു. എത്തിപ്പിടിച്ചു ആനന്ദിപ്പിക്കും വിധം വരയുടെ കൽപ്പടവുകൾ ‘മൂളൽ വരമൊഴിയല്ലാതെ ഭാഷയായി മാറുമ്പോൾ, മൂങ്ങകൾ നമ്മളല്ലേയമ്മേ’ എന്ന് പറയുന്നുണ്ട് … കവിതയ്ക്ക് മാത്രം വഴങ്ങുന്ന വാക്കുകൾ അടുക്കിയടുക്കിവെച്ചും കഥക്കും ചേരും വിധമുള്ള നിമിഷങ്ങൾ പകർത്തിവെച്ചും നീണ്ടും ഋജുവുമായ നേർത്ത കോറലുകളിൽ ജീവൻ പകർന്നും കവിതയായി നീട്ടിത്തന്നത് ഓർമ്മകളുടെ മഴമരങ്ങളെയാണ്. മാനം പെയ്തു തോർന്നിട്ടും തോരാതെ പെയ്യുന്ന മഴമരങ്ങൾ.​

Comments
Print Friendly, PDF & Email

വടക്കാഞ്ചേരിക്കടുത്ത് കുണ്ടന്നൂരിൽ ജനിച്ചു. തൃശ്ശൂർ ശക്തൻ തമ്പുരാൻ കോളേജിൽ ഇഗ്ലീഷ് അദ്ധ്യാപിക. സങ്കടമഴ, (അ)വിശുദ്ധമുറിവുകൾ, ദി ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കവിതാ സമാഹാരങ്ങൾ. 2015 ലെ നിള സാഹിത്യ പുരസ്കാരം ലഭിച്ചു.

You may also like