പൂമുഖം നിരീക്ഷണം ഓഖിയിൽ നിന്ന് നാം പഠിക്കേണ്ട പാഠങ്ങൾ

ദുരന്തങ്ങളെ നേരിടാൻ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു.: ഓഖിയിൽ നിന്ന് നാം പഠിക്കേണ്ട പാഠങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ശക്തമായ പ്രകൃതിദുരന്തങ്ങളുടെ അനുഭവങ്ങളില്ലാത്ത കേരളം മാറിവരുന്ന കാലാവസ്ഥയുടേയും ദുരന്തം വിതയ്ക്കുന്ന പുതിയ വഴികളുടേയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും പ്രാപ്തമാകേണ്ടിയിരിക്കുന്നു.

കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ എന്നാല്‍ പ്രധാനമായും ഉരുൾപൊട്ടലും കടൽക്ഷോഭവും മഴക്കാല ദുരിതവും ഇടിമിന്നലും മറ്റുമാണ്. അവ ജീവന് ഭീഷണിയായ
സന്ദര്‍ഭങ്ങള്‍ വിരളവുമായിരുന്നു. 2005 ലെ സുനാമി മോശമായി കൈകാര്യം ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഓഖി ചുഴലിക്കാറ്റ് വിതച്ച നാശവും നഷ്ടപ്പെട്ട, ഇനിയും എത്രയെന്നു തീര്‍ച്ചയില്ലാത്ത, മനുഷ്യജീവനും പ്രകൃതിക്ഷോഭം കൈകാര്യം ചെയ്ത രീതിയും വിരല്‍ ചൂണ്ടുന്നത് സര്‍ക്കാര്‍ ഔദ്യോഗിക നയങ്ങളുടേയും നിയമങ്ങളുടേയും പാളിച്ചകളിലേയ്ക്കും വീഴ്ച്ചകളിലേയ്ക്കുമാണ്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി ഒരു ‘ആക്റ്റ്’ ഉണ്ടാവാന്‍ കാരണമായത് 2001 ലെ ഗുജറാത്ത്‌ ഭൂകമ്പവും 2004 ലെ ത്സുനാമിയുമായിരുന്നു.

പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമാവുന്നതും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നതും ദരിദ്രരും അതില്‍ത്തന്നെ താഴെത്തട്ടിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുമാണ്. ആഗോളാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും കാണാം.

2005 ല്‍ പാസ്സാക്കിയ Disaster Management Act 2005 ഇന്നും മറ്റെല്ലാ സ്റ്റേറ്റ് മാനേജ്‌മെന്‍റ് അതോറിറ്റികള്‍ക്കും ആശ്രയിക്കാവുന്ന മാനദണ്ഡമാണ്. പക്ഷേ രാജ്യത്തെ ജനതയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിലുള്ള അറിവും അധികാരവും പങ്കെടുപ്പും വട്ടപ്പൂജ്യമാണ്. ഇന്നും ദുരന്തനിവാരണം എന്നതില്‍ ഇവിടുത്തെ ജനതയില്ല, അവരുടെ അറിവില്ല, സാമൂഹ്യ കൂട്ടായ്മയില്ല. നമുക്കത് ജില്ലാ കളക്ടര്‍ മുതല്‍ ഉള്ള ഉദ്യോഗസ്ഥ ശ്രേണിയും അവരുടെ ബോക്സ്‌ ചെയ്യപ്പെട്ട അധികാരങ്ങളുമാണ്.

താഴെനിന്ന് മോലോട്ട് പോകേണ്ട അറിവിന്‍റെ, അധികാരത്തിന്‍റെ, സ്വരം പ്രവർത്തിക്കുമ്പോഴേ കേരളത്തിൽ എന്നല്ല എവിടെയും ദുരന്തനിവാരണം യാഥാർത്ഥ്യമാവൂ. 1999 ല്‍ ഒഡിഷയിലെ Super Cyclone, 2001 ല്‍ ഗുജറാത്തിലെ ഭൂകമ്പം, 2004 ല്‍ തമിഴ്നാട്ടിലെ ഏഷ്യൻ സുനാമി, 2008 മുതലുള്ള ബീഹാർ ആസ്സാം വെള്ളപ്പൊക്ക ദുരിതങ്ങൾ, തുര്‍ക്കിയിലെയും ഇറാനിലെയും ഭൂകമ്പങ്ങള്‍,ഹോണ്ടുറാസിലെ ഹറിക്കെയ്ന്‍ മിച്ച്, ഹെയ്തി ഭൂകമ്പം, അമേരിക്കന്‍ ഭരണകൂടം അവഗണിച്ച കത്രീന. ഇതിലൊക്കെ അതത് സ്ഥലങ്ങളിലെ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയുണ്ട്. പല ദുരന്തങ്ങളിലും ദേശീയ ജനതയെ, അവരുടെ അറിവും അനുഭവവും മാനിച്ച്, ഈ പ്രക്രിയയില്‍ പ്രധാന പങ്കാളിയാക്കാറുണ്ട് അവരുടെ നേതൃത്വത്തില്‍ ഉയരുന്ന ദുരന്തനിവാരണ മാര്‍ഗങ്ങള്‍ക്കേ പ്രസക്തിയുള്ളൂ.

നമുക്ക് തീവ്രമായ ദുരന്താനുഭവങ്ങളെയോ പ്രതിസന്ധികളെയോ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പ്രതീക്ഷിക്കാതെ വരുന്ന ഓഖി പോലുള്ള ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ നമുക്കാവാതെ പോയതിന് ഒരു കാരണം അതാവാം. ഇവിടെ രാഷ്ട്രീയമല്ല നാടൻ കൂട്ടായ്മയാണ് വേണ്ടതെന്ന ബാലപാഠം പലരും മറന്നു പോവുന്നു.

ദുരന്തങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ളതല്ല, ഒരുമിച്ചുനിന്ന് നേരിടേണ്ടവയാണ്‌. ജനങ്ങളുടെ ആത്മവിശ്വാസത്തെ, അറിവിനെ, തകര്‍ക്കാതിരിക്കുകയും അവര്‍ക്ക് വേണ്ടപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിക്കാനുള്ള സുതാര്യരീതികള്‍ വികസിപ്പിച്ചെടുക്കുകയും ആണ് വേണ്ടത്. സാങ്കേതികത ഒട്ടേറെ മുന്നോട്ട് പോയ ഈ കാലത്തും ശരിയായ രീതിയില്‍ ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന
ദുരന്തനിവാരണ അതോറിറ്റിക്ക് അലംഭാവം ഉണ്ടായി എന്നത് സത്യമാണ്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (National Disaster Management Authority-NDMA) സ്ഥാപിക്കപ്പെടുന്നത് 2005 ലാണ്. 2001 ലെ ഭൂകമ്പത്തെ തുടര്‍ന്ന്‍, ആദ്യമായി ഗുജറാത്തില്‍ State Disaster Management Authority യും രൂപീകരിക്കപ്പെട്ടു. ദേശീയതലം തൊട്ട് ജില്ലാതലം വരെ ബ്യൂറോക്രസിയുടെ ഒരു നീണ്ടനിരയാണ് പ്രായോഗികമായി ദുരന്ത നിവാരണം.
തുടര്‍ന്ന്‍, ജില്ലയില്‍ നിന്ന്‍ താഴേക്ക് തഹസില്‍ദാറും ബ്ലോക്ക്‌ ഓഫീസറും, വില്ലജ് ഓഫീസറും… ഉദ്യോഗസ്ഥരും. ഇതിനിടയില്‍ ദുരന്തം അനുഭവിക്കുന്ന ജനതയ്ക്കോ, അവിടുത്തെ ക്ലബ്ബുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കോ തീരുമാനമെടുക്കുന്നതില്‍ ഒരു പങ്കുമില്ല. പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍മാര്‍ക്ക് കിട്ടേണ്ട ട്രെയിനിംഗ് കിട്ടാറുണ്ടോ എന്നും അതിനുശേഷം എന്തെങ്കിലും ഫോളോഅപ്പ്‌ ഉണ്ടാകാറുണ്ടോ എന്നതും സംശയമാണ്.

സാങ്കേതികത മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് Early Warning System അതിന്‍റെ ലളിതമായ രീതിയില്‍ മൊബൈല്‍ ആപ്പ് ആയും മറ്റും അവതരിച്ചിട്ടും ഇത്തരം ദുരന്തങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ കൃത്യമായ സമയത്ത് ബാധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്നത് സാങ്കേതികതയുടെ പരാജയമല്ല. ഉദ്യോഗസ്ഥരുടെ മാപ്പര്‍ഹിക്കാത്ത അലംഭാവമോ, അറിവില്ലായ്മയോ അഹങ്കാരമോ ആണ്.

DM Act 2005 വര്‍ഷാവര്‍ഷവും പുതുക്കണമെന്നാണ് നിയമമെങ്കിലും എത്ര ജില്ലകള്‍ തങ്ങളുടെ District Vulnerability Profile അപ്ഡേറ്റ് ചെയ്യാറുണ്ട്?
ഇത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതിയാണ്. പക്ഷെ അറിവില്‍, സാക്ഷരതയില്‍, ഭരണത്തില്‍, സുതാര്യതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നെന്ന് പറയപ്പെടുന്ന കേരളവും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്ന് നാമറിയണം
ജില്ലാപ്ലാനുകള്‍ ഉണ്ടാക്കുമ്പോള്‍ ഒരിക്കലും ജനതയുടെ, നാട്ടുകാരുടെ, അറിവിനെ കണക്കിലെടുക്കാറില്ല. അവരുടെ കൈയിലെ പഴയ മാപ്പും തുരുമ്പ് പിടിച്ച വിവരങ്ങളും വെച്ച് പ്ലാന്‍ ഡിസ്ട്രിക് കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നു.
ഒരു ദുരന്തം ഉണ്ടാവുമ്പോള്‍ എവിടെ, എന്ത്, തയ്യാറെടുപ്പ് വേണമെന്നത് ഒരിക്കലും സുതാര്യമോ അപ്ഡേറ്റഡോ അല്ല.

ഞാന്‍ ആക്റ്റിലേക്ക് കൂടുതല്‍ വിശദമായി പോകുന്നില്ല നിങ്ങള്‍ക്കിതിവിടെ വായിക്കാം.
ഇവിടെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്കും കാര്യമായി റോളില്ല. ജില്ലാ അതോറിറ്റികളില്‍ കലക്റ്ററുടെ കൂടെ ജില്ലാ പരിഷത്ത് പ്രസിഡന്‍റ് ആണ് കോ-ചെയര്‍പെഴ്സണ്‍. തീരുമാനമെടുക്കാനും വിഭവസമാഹരണത്തിനും ഉള്ള അധികാരം അതതിടത്തെ ജനതയ്ക്കോ പഞ്ചായത്തിനോ ലഭിക്കുമ്പോള്‍ മാത്രമേ നമ്മുടെ ദുരന്തനിവാരണ നയങ്ങള്‍ സാര്‍ത്ഥകമാവൂ.

രാജ്യത്തിനകത്തും പുറത്തും പല ദുരന്ത മേഖലകളിലും മലയാളികള്‍ തങ്ങളുടെ കൈയൊപ്പ്‌ വെച്ചത് അതാതിടത്തെ സമൂഹത്തെ നേതൃത്വത്തില്‍ കൊണ്ടുവരുന്നതില്‍ ശ്രദ്ധ കൊടുത്തത് കൊണ്ടാണ്.

അവരില്‍ ചിലരുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു.
ഡോ: വിനോദ് മേനോന്‍. DM 2005 രൂപീകരണത്തിന്‍റെ പ്രമുഖ ശില്‍പ്പി, National Disaster Management Authority (NDMA) Founding മെമ്പര്‍, 1993 ലെ ലാത്തൂര്‍ ഭൂകമ്പം മുതല്‍ തദ്ദേശീയ ജനതയുടെ കൂട്ടായ്മക്കും പങ്കുചേരലിനും വേണ്ടി നിലകൊണ്ടയാള്‍‍.

ദേശീയ-അന്തര്‍ദേശീയ തലങ്ങളിലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡോക്ടര്‍ പീ വീ ഉണ്ണികൃഷ്ണന്‍ (ഇറാഖ്, അഫ്ഘാനിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, കെനിയ, റുവാണ്ട, സോമാലിയ, കോങ്ഗോ ഇങ്ങനെ ഒട്ടേറെ
സ്ഥലങ്ങളില്‍ നടന്ന ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, കണ്ടറിഞ്ഞ് കൈകാര്യം ചെയ്ത ഉണ്ണി). സുനാമിയും കത്രീനയും ബംഗ്ലാദേശും കാലാവസ്ഥാവ്യതിയാനവും തന്‍റെ ഡോകുമെന്‍ററിയിലൂടെ ഒപ്പിയെടുത്ത സുനില്‍ കുപ്പേരി- ജി പദ്മനാഭൻ (ജി പി), പി ചാക്കോ, പി വി കൃഷ്ണന്‍. ഇവരുടെയൊക്കെ അനുഭവങ്ങള്‍ അറിവുകള്‍ ഇനിയും കേരളം വേണ്ടപോലെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് തോന്നുന്നു.

റഫറന്‍സ്:
http://www.ndma.gov.in/images/ndma-pdf/DM_act2005.pdf
http://sdma.kerala.gov.in/…/Kerala%20State%20Disaster%20Man…

റഫറന്‍സ്:
http://www.ndma.gov.in/images/ndma-pdf/DM_act2005.pdf
http://sdma.kerala.gov.in/publications/DMP/Kerala%20State%20Disaster%20Management%20Plan%202016.pdf

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like