പൂമുഖം EDITORIAL കൃഷ്ണഗാഥ തേടിയൊരു യാത്ര – 9

രാധാരമണ്‍ ഖരാനയിലെ നൃത്തസംഗീതാര്‍ച്ചന : കൃഷ്ണഗാഥ തേടിയൊരു യാത്ര – 9

V5

വൃന്ദാവനത്തിലെ രാധാരമണ്‍ ക്ഷേത്രം വളരെ ഖ്യാതി നേടിയ പുണ്യ ആരാധനാ സമുച്ചയമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിന്‍റെ വാസ്‌തു നിര്‍മ്മിതിയിലുള്ള കലാചാതുര്യം ഹൃദ്യമായി അനുഭവപ്പെട്ടു.
സന്ന്യാസി ശ്രേഷ്‌ഠനായിരുന്ന ഗോപാലഭട്ട്‌ ഗോസ്വാമിയുടെ ഭക്തിസാധനാ ബിംബം ഒരു സാളഗ്രാമമായിരുന്നു. അതാണവിടുത്തെ പ്രതിഷ്‌ഠ. കറുത്ത കൃഷ്‌ണഗാഥയില്‍ ഉയര്‍ന്നുവന്ന അത്ഭുത പ്രഭാവമാണത്‌. മറ്റുള്ള ക്ഷേത്രങ്ങളെയപേക്ഷിച്ച്‌ പൂജാ കര്‍മ്മങ്ങളും, ആരതികളുമെല്ലാം നൃത്തസംഗീത താളമേളങ്ങളുടെ അകമ്പടിയോടെ ദിവസേന നടക്കാറുണ്ട്‌.
പകല്‍ മുഴുവന്‍ വൃന്ദാവനത്തില്‍ നിന്നും ദൂര ദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലോ, സന്ദര്‍ശകയിടങ്ങളിലോ അലയുന്നത് കാരണം‍, താമസസ്ഥലത്തിനരികിലുള്ള രാധാരമണ്‍ ക്ഷേത്രത്തില്‍ അതിരാവിലെയും, രാത്രിവൈകിട്ടും നടക്കുന്ന ചടങ്ങുകള്‍ കാണാന്‍ തരപ്പെടാറില്ല.
രാത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ കഞ്ഞിയോ, ഉപ്പുമാവോ തയ്യാറാക്കി കഴിച്ച്‌ ക്ഷീണത്തോടെ ഉറങ്ങാറാണ് പതിവ്. രാധാരമണ്‍ ക്ഷേത്രത്തിലെ ഗസല്‍ രാവ് തന്ന അനുഭൂതിയെ കുറിച്ച് വിനോദ്‌, ശ്രീകുമാര്‍, ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ വിസ്തരിച്ചപ്പോള്‍, ക്ഷീണം വകവെക്കാതെ, ക്ഷേത്രത്തിലെത്തി ആ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാതെ വയ്യെന്നായി. ജീവിതത്തിലെ ഹൃദ്യമായ അനുഭവങ്ങളിലൊന്നായിരുന്നു ആ അനുഭവം.
ഹിന്ദുസ്ഥാനു രാഗത്തില്‍ ശാസ്‌ത്രീയതയിലൂന്നിയ രാധാകൃഷ്‌ണസ്‌തുതികളാണ്‌ ഗീതങ്ങളിലേറെയും, സംഗീതം അനുഭൂതിദായമാകണമെങ്കില്‍ അത്‌ ആലപിക്കുന്നവരും, പക്കമേളക്കാരും, ശ്രോതാക്കളും, സമര്‍പ്പണബുദ്ധിയോടെ ചെയ്യേണ്ട ധ്യാനാത്മക പ്രക്രിയയായി മാറേണ്ടതുണ്ട്‌. അപ്പോഴേ കലാകാരന്മാരിലും, ആസ്വാദകരിലുമുള്ള പ്രതിഭയുടെ മിന്നലാട്ടം അനുഭവിക്കാന്‍ കഴിയുകയുള്ളൂ.
ക്ഷേത്രഖരാനയിലെത്തുന്ന കലാകാരന്മാര്‍ക്ക്‌ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ശീലമായി ഈ സംഗീത-നൃത്തരചനകളെ മാറ്റിയിട്ടുണ്ട്‌. ഭഗവത്‌പ്രസാദം മാത്രമാണവര്‍ അതില്‍നിന്ന്‌ പ്രതീക്ഷിക്കുന്ന ഗുണഭാവം. നാള്‍ക്കുനാള്‍ തെളിഞ്ഞു കത്തുന്ന കലാപ്രകടനത്തിന്‍റെ ദീപനാളം അതു മാത്രമാണെന്നവര്‍ കരുതുന്നു. രാധാകൃഷ്‌ണ ഉപാസനയാണത്‌. ചെയ്യുന്ന പ്രവൃത്തികള്‍ സമര്‍പ്പണമായി മാറുമ്പോള്‍ പ്രതിഭാ വിലാസത്തില്‍ അത്ഭുതകരമായ തിളക്കങ്ങള്‍ വന്നു ചേരുന്നത്‌ അവിടെ അനുഭവപ്പെടുകയുണ്ടായി.
പാട്ടിനനുസരിച്ച്‌ ലാസ്യപ്രധാനമായ നൃത്തരൂപങ്ങളും അരങ്ങേറുന്നു. പ്രത്യേകിച്ച്‌ വിദേശ വനിതകള്‍ ഭാരതീയമായ ചില നൃത്തച്ചുവടുകളോടെ നവരസഭാവങ്ങളോടെ അംഗോപാംഗം തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തി, ചുവടുവെയ്ക്കുന്നത്‌ അത്ഭുതത്തോടെ നോക്കിക്കണ്ടു.

V4

പാട്ടിലെ ആരോഹണാവരോഹണങ്ങള്‍ തങ്ങളുടെ മനസ്സിലാവാഹിച്ച്‌ അത്‌ ശരീരചലനത്തിലൂടെ പ്രകടിപ്പിച്ച്, ചടുലഭാവങ്ങളോടെ അവര്‍ ഖരാനയിലെങ്ങും ഒഴുകി നടക്കുന്നു.
പാതിരാവില്‍ ക്ഷേത്രനടയടക്കാന്‍ തുടങ്ങുന്നതിന്‍റെ ഭാഗമായി ഒരു പുല്ലാങ്കുഴല്‍ വിദ്വാന്‍ എത്തി നാദോപാസന നടത്തുന്നു.
യമുനയുടെ ചെറു ഓളങ്ങളെ തഴുകുന്ന വേണുഗീതം വയലേലകളും കടന്ന്‌ മണ്‍കുടിലുകളില്‍ കൃഷ്‌ണപ്രസാദം മനസ്സിലുറച്ചു കഴിയുന്ന യാദവ പെണ്‍കൊടികളില്‍ സ്വപ്നസാക്ഷാല്‍ക്കാര മായി നിറയുന്നുണ്ടാവണം.
വിസ്‌മയാവഹമായ വേണുനാദം നിലച്ചു കഴിയുമ്പോഴേക്കും നടയടച്ചു കഴിഞ്ഞിട്ടുണ്ടാകും. പുലര്‍ച്ചെ ഡോലക്ക്‌ നാജമേളങ്ങളോടെയുള്ള പള്ളിയുണര്‍ത്തലിനായി ഭഗവാന്‍ പള്ളിയുറക്കത്തിലേയ്ക്ക് പ്രവേശിക്കുന്നു.
മനസ്സില്‍ സംഗീതം നിറച്ച്‌ ക്ഷേത്രത്തിനു വെളിയിലേക്കിറങ്ങുമ്പോള്‍ ആലാപനത്തില്‍ പങ്കെടുത്ത സംഗീതവിദ്വാന്മാര്‍ ചേര്‍ന്നു നിന്ന്‌, നിലാവില്‍, രാഗാഖ്യാനങ്ങളിലെ നെല്ലും – പതിരും വേര്‍തിരിക്കുന്നതും കണ്ടു.

Comments

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like