പൂമുഖം ഓർമ്മ എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

 

punathil

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്താവളം. രണ്ടാം നിലയിലെ ബാൽക്കണി . ഞങ്ങൾക്കെതിരെ , മാസത്തിലൊന്നു വിരുന്നുവരുന്ന കാക്കയായി അർദ്ധ നഗ്നതയുടെ സ്വാതന്ത്ര്യം മാത്രം പുതച്ച് കുഞ്ഞിക്കയെന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള. നാലു വർഷം  മുമ്പ് എനിക്കും കഥാകൃത്ത് ഇന്ദുചൂഡന്‍ കിഴക്കേടത്തിനും കിട്ടിയ ഒരു രാത്രിയും പകലുമായിരുന്നു.

അതിഥികള്‍ വന്നു വെടിവട്ടം കൂടുന്നതിൽപരം  സന്തോഷം മധുവേട്ടനുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. ഉണ്ടാവില്ല എന്നു നാം കരുതേണ്ട ഒരുക്കങ്ങളാണു എപ്പോഴും അവിടെ കാണുന്നത്. അടുത്തവര്‍ ആരെങ്കിലും വരുന്നുണ്ടെന്നു കേട്ടാല്‍ എല്ലാം ഇട്ടെറിഞ്ഞ് പിന്നെ അവരുടെ കാര്യങ്ങൾക്കുള്ള  ഓട്ടമാണ്‌. ഞങ്ങള്‍ വരുന്നു എന്നറിയിക്കുമ്പോഴും അദ്ദേഹം പറഞ്ഞതിതാണ്‌: വേറെങ്ങും പോയേക്കരുതേ. കൊല്ലം ഒക്കെ കഴിയുമ്പോഴേയ്ക്കും ഒന്നു വിളിച്ചാല്‍ മതി. നല്ല ദിവസമാണ്‌ നിങ്ങള്‍ വരുന്നത്. വേറൊരു അതിഥി കൂടിയുണ്ട്, ഇന്ന്.

ഞങ്ങള്‍ ചോദിച്ചെങ്കിലും അതാരാണെന്ന് അദ്ദേഹം പറഞ്ഞില്ല.

”ഒരു സർപ്രൈസാവട്ടെ . നിങ്ങള്‍ ഇങ്ങോട്ടല്ലെ വരുന്നത്. ഇവിടെ കാണാമല്ലോ!”

ഞങ്ങളും നിർബ ന്ധിച്ചില്ല. അതുമൊരു രസമാണല്ലോ. ഒരു ആകാംക്ഷ മനസ്സിലിട്ടിങ്ങനെ വളര്‍ത്തി വലുതാക്കിക്കൊണ്ടുള്ള ഒരു യാത്ര..

ഞങ്ങളെത്തുമ്പോള്‍ പ്ലാറ്റ്ഫോമില്‍ മധുവേട്ടനുണ്ട്.

”നമുക്ക് അടുത്ത വണ്ടിവരുന്നതുവരെ കാത്തുനില്‍ക്കണം. കുഞ്ഞിക്കയാണ്‌ വരുന്നത്.”

കേട്ടതോടെ സന്തോഷമായി. മലയാളത്തിന്‍റെ പ്രിയ കഥാകാരനെ ഒരു ദിവസത്തേയ്ക്ക് ഞങ്ങൾക്കും  സ്വന്തമായി കിട്ടുമല്ലോ. അബുദാബി മലയാളിസമാജത്തിലും നാട്ടിലെ ചില പുസ്തകോത്സവത്തിലും വച്ച് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലാവുന്നതുകൊണ്ട് തന്നെ അതൊന്നും അവിസ്മരണീയങ്ങളായ അനുഭവങ്ങള്‍ ആയിരുന്നുമില്ല..

അടുത്ത വണ്ടിക്ക് കുഞ്ഞിക്ക വന്നു. മധുവേട്ടന്‍ ഞങ്ങളെ പരിചയപ്പെടുത്തി. കൈയിലെ പിടിവിടാതെ നിമിഷങ്ങളോളം കുശലാന്വേഷണങ്ങള്‍. പേരുകൊണ്ടും കുസൃതികള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും എന്നും കുഞ്ഞായിരിക്കാന്‍ ആരൊക്കെയോ അനുഗ്രഹിച്ചു വിട്ടിട്ടും പ്രശസ്തി മാത്രം ചരടറ്റ പട്ടമായി പറത്തിവിട്ട എഴുത്തുകാരന്‍റെ  കൈത്തലങ്ങള്‍ അത്രയേറെ മൃദുലമായിരുന്നു.

കാറില്‍ കുഞ്ഞിക്ക സംസാരിച്ചുകൊണ്ടേയിരുന്നു, സ്കൂളവധിക്കാലത്ത് ഗ്രാമം വിട്ടു നഗരത്തിലേയ്ക്കു വന്ന കുട്ടിയെപ്പോലെ.

രാത്രിവണ്ടിയില്‍ താമസിച്ചുമാത്രമെത്തുന്ന ഈ അതിഥി കയറുമ്പോള്‍ എവിടെയാണിനി നില്ക്കേണ്ടതെന്നു പോലും മധുവേട്ടന്‍റെ കാറിനറിയാം. വഴിയോരത്തെ ഭക്ഷണശാലയില്‍ തിരക്കിലും കുഞ്ഞിക്കയെ തിരിച്ചറിഞ്ഞ് ഉടമയും ജോലിക്കാരും. ഞങ്ങള്‍ നാലുപേര്‍ മേശയ്ക്കു ചുറ്റുമിരുന്നു. എന്താണു തിന്നാന്‍ വേണ്ടതെന്നുള്ള ചോദ്യം മൂന്നുപേരോടേ യുള്ളു. കുഞ്ഞിക്കയുടേത് അവർക്കറിയാം . മെലിഞ്ഞ ദോശപ്പാത്രങ്ങൾക്കിടയില്‍ നിറഞ്ഞ പൊറോട്ട-ബീഫ്.

”വല്ലാത്ത വിശപ്പ് ”, കുഞ്ഞിക്ക പറഞ്ഞു.

”അതൊരു പുതിയ കാര്യമൊന്നുമല്ലല്ലോ!”, മധുവേട്ടന്‍റെ പതിവ് അരച്ചിരിയോടെയുള്ള കമന്‍റ് .

”അതേ…സുരേഷേ, നമ്മളെന്തുകാര്യവും ആസ്വദിച്ചു ചെയ്താലല്ലേ അത് പൂർണതയിലെത്തൂ… അല്ലേ പറ”

കുഞ്ഞിക്ക ചോദിച്ചതില്‍ പ്രതീക്ഷിക്കുന്ന ഉത്തരവുമുണ്ടല്ലോ.

വീട്ടിലെത്തി. ഒരിക്കല്‍ വന്നു പോയാല്‍ ഇനിയെന്നു കാണും ഇനിയെന്നു കാണും എന്നു  ചോദിച്ചു വിഷമിപ്പിക്കുന്ന രണ്ടാം നിലയിലെ സ്വന്തം മുറിയെ മുഖം കാണിച്ച് ബാൽകണിയിലേയ്ക്കു വന്നു. അല്പനേരം സംസാരിച്ചിരുന്നു.

ഉറക്കം തൂങ്ങിത്തുടങ്ങിയ കുഞ്ഞിക്കയെ കിടക്കാന്‍ വിട്ട് ഞങ്ങളും പോയി.

രാവിലെ ഉണർന്നെണീക്കുമ്പോള്‍ കാണുന്ന കാഴ്ച രസകരമായിരുന്നു. കടുവയെ കിടുവ പിടിച്ചിരിക്കുന്നു. ഡോക്ടര്‍ സരോജയ്ക്കു മുമ്പില്‍ പിടിവീണ കുഞ്ഞിഡോക്ടര്‍ ഞങ്ങളെ ദയനീയമായി നോക്കുന്നു. കുട്ടിക്കുറ്റവാളി പിടിക്കപ്പെട്ട നിലയില്‍, ഷോക്കടിച്ചുണർന്ന  മുടിയുമായി, ചോദ്യങ്ങൾക്ക്  കൃത്യമായി ഉത്തരം കൊടുത്തുകൊണ്ട്, രോഗിയുടെ കസേരയില്‍ കുഞ്ഞിക്ക. അദ്ദേഹത്തിനു ആരോഗ്യകാര്യത്തില്‍ ആകെ പേടിയുള്ളത് മധുവേട്ടന്‍റെ  ഭാര്യയെയാണ്‌. മധുവേട്ടന്‍ കൊടുക്കുന്ന ആനുകൂല്യമൊന്നും ചേച്ചി അദ്ദേഹത്തിനു കൊടുക്കില്ല.

…ങ്ങളു ഡോക്ടറൊക്കെ ആയിരിക്കും.. പക്ഷേ എന്‍റെയടുത്ത് ങ്ങടെ വായനക്കാരേം കൂട്ടുകാരേം പറ്റിക്കണ വേലയൊന്നും എടുക്കരുത്- ചേച്ചി അതു പറഞ്ഞില്ലെങ്കിലും ഞങ്ങളത് അവിടെ നിന്നും വായിച്ചെടുത്തു.

കൺസൾറ്റന്‍റ്  പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞിഡോക്ടര്‍ ദീർഘ ശ്വാസത്തോടെ സടകുടഞ്ഞ് എഴുന്നേറ്റെങ്കിലും പതുക്കെയാണു ഞങ്ങളോടു പറഞ്ഞത്.

”ഒരാളെയെങ്കിലും ഇങ്ങനെ പേടിക്കാനുണ്ടാവുക നല്ലതല്ലേ, സുരേഷേ?”

ഇപ്പോള്‍ ഞങ്ങളുടെ മുമ്പിലിരിക്കുന്ന ഈ മനുഷ്യനെയാണ്‌ എന്‍റെ  സ്കൂൾ ദിനങ്ങളിലെ ഏതോ വായനയില്‍ ഞാന്‍ ഒരു അതികായനായി മനസ്സില്‍ പ്രതിഷ്ഠിച്ചത്. കഥയുടെ പേരോർമ്മ യില്ല. അതിലെ ചിത്രങ്ങളൊക്കെ കണ്ട് മനസ്സിലും ഞാന്‍ ഒരു രൂപം വരച്ചിടുകയായിരുന്നു. ഓര്‍മ്മയിലുള്ള ആദ്യത്തെ കുഞ്ഞവറാനും, കുഞ്ഞുവാവയും, മാതൃഭൂമിക്കഥകളിലെ   ഹാജ്യാരുമെല്ലാം അന്നത്തെ മുന്തിയ മദിരാശിക്കൈലിക്കുമേല്‍ വീതിയേറിയ ബെൽറ്റ്  കെട്ടിയ, ബനിയനിട്ട കുടവയറന്മാരായിരുന്നു. അവരൊന്നും എഴുതുന്നതോ വായിക്കുന്നതോ ഞാനൊട്ടു കണ്ടിട്ടുമില്ല. പിന്നെ ബഷീർകഥകളില്‍ നിന്നിറങ്ങി ഗ്രാമങ്ങളിലേയ്ക്കു വന്നവരും ആ ധാരണയുറപ്പിക്കാന്‍ കൂട്ടുനിന്നു. എഴുത്തുകാരന്‍റെ  ചിത്രങ്ങളൊന്നും അന്നു പത്രമാസികകളില്‍ വന്നിരുന്നില്ല. കുറച്ചുകാലത്തിനുശേഷമാണ്‌ അറിയുന്നത്, അദ്ദേഹം അലിഗഢിലൊക്കെ പഠിച്ചു വന്ന ഡോക്ടറാണെന്നുള്ളത്. അപ്പോഴും വിചാരിച്ചു എന്താണ്‌ ഒരു ഡോക്ടര്‍ക്ക് ഇങ്ങനെയൊരു പഴഞ്ചന്‍ പേര്‌?

പറഞ്ഞുപറഞ്ഞ് കാടുകയറുന്നതിനിടയില്‍ ആ മദ്രസക്കാലം വന്നു. കഥകള്‍ കേൾക്കുന്നതിനിടയില്‍ മുസല്യാരുടെ ചായഗ്ലാസ്സില്‍ ചാടണോ ചാടണോ എന്നു ചിന്തിച്ച് വട്ടം കറങ്ങുന്ന ഈച്ചയെ നോക്കിയിരുന്ന കൂട്ടുകാരന്‍ മൊട്ടത്തലയന്‍റെ നെഞ്ചിടിപ്പുകള്‍ എണ്ണിക്കൊണ്ടിരുന്ന, കുഞ്ഞായിരുന്ന അബ്ദുള്ള. ഈച്ച ഗ്ലാസ്സിന്‍റെ വക്കിലിരിക്കുകയും പിന്നെ അതിലേയ്ക്കു തന്നെ വീഴുകയും ചെയ്തപ്പോള്‍ കൂട്ടുകാരന്‍ അറിയാതെ അലറിപ്പോയി, ”ദാ ഈച്ച”.

കഥ മുറിച്ചതിന്‍റെ ദേഷ്യത്തില്‍ കൂട്ടുകാരനെ ശാസിക്കുന്നതിനിടയില്‍ മുസല്യാര്‍ ഈച്ചയെ എന്തോ ജപിച്ച് ചായയില്‍ മുക്കിയെടുത്ത് വിരലുകള്‍ കൊണ്ട് ഞൊട്ടിത്തെറിപ്പിച്ചു. അതെന്തിനാണെന്നു മനസ്സിലാവാതെ വായ് പൊളിച്ചു നിന്ന കുട്ടികളോടു മുസല്യാര്‍ ചോദിച്ചു.

”ഇദെന്തിനാന്നറിയോ….ങ്ങക്ക്?

”…ന്നാക്കേട്ടോ…. ചായേലങ്ങനെ മുയ്മ്മനായി മുക്കിയാലേ ചായേന്‍റെ  കേട് തീരൂ…. കേട്……..?”

”തീരൂ” – എല്ലാവരും കൂടി അതാവർത്തിച്ചു.

അതിനിടയില്‍ ഞാന്‍ കയറി കുഞ്ഞിക്കയോടു ചോദിച്ചു

”ഇദ്ദേഹം തന്നെയാണോ പണ്ട് പള്ളിക്കുളത്തില്‍….മുരിങ്ങയില  നിറച്ച കക്ഷി?

ഒരു നിമിഷം നിറുത്തി, കുഞ്ഞിക്ക കുലുങ്ങിച്ചിരിച്ചു.

ആ.. അത്..അത് .. വേറൊരാളാ…

പിന്നെ ആ കഥയും ആവർത്തി ച്ചു. കുളിക്കാനായി മുങ്ങുമ്പോള്‍ തൂറുന്ന മുസല്യാരെ തെളിവോടെ പിടിക്കാന്‍ നാട്ടുകാര്‍ ഒപ്പിച്ച കെണിയുടെ കഥ.

ഓർമ്മകളിലേയ്ക്ക് വീണ്ടും.

വായനക്കാര്‍ എനിക്കു പ്രശ്നമല്ലെന്നും അവരൊന്നുമില്ലെങ്കിലും ഞാന്‍ എഴുതുമെന്നും ‘അത്യന്താധുനികക്കാല’ത്ത് പറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയോട് എനിക്കൽപ്പം  നീരസം അന്നു തോന്നിയിരുന്നു. പിന്നെ, ഓരോ വായനക്കാരന്‍റേയും അഭിരുചിക്കൊപ്പം എഴുതാനാവില്ല എന്നൊക്കെയാവും ഉദ്ദേശിച്ചിരിക്കുക എന്നു കരുതി ഞാന്‍ സ്വയം സമാധാനിച്ചു. അതേ കുഞ്ഞിക്ക, വായനക്കാരനാണ്‌ എനിക്കെല്ലാം എന്നു പിന്നീടൊരിക്കല്‍ തിരുത്തുകയും ചെയ്തു. എഴുത്തുകാരന്‍ ഇന്നു പറയുന്നത് നാളെ മാറ്റിപ്പറയുമെന്നും, അത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണോ എന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. എത്രയൊക്കെ മാറ്റിപ്പറഞ്ഞാലും സാഹിത്യകാരനു അവന്‍ ജീവിക്കുന്നയിടത്തോടു ആത്മാർത്ഥത യുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരണശേഷം ശരീരം കത്തിച്ചാല്‍ മരിച്ചയാള്‍ ഹിന്ദുവായിപ്പോകും എന്നു വിചാരിക്കുന്ന ഈ സമൂഹം തന്നെയാണ്‌ ഫാദര്‍ വടക്കനെ പള്ളി സിമിത്തേരിയില്‍ തന്നെ പിടിച്ചു കിടത്തിയത്. അദ്ദേഹം ഈ ആഗ്രഹപ്രകടനം നടത്തിയ പകലോമറ്റം പള്ളിയിലെ ആൾക്കൂട്ടത്തിനിടയില്‍ ഞാനുമുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ശരീരം ദഹിപ്പിക്കാന്‍ അനുമതിയുണ്ട്. അത് പിൽക്കാലത്തുണ്ടായതാണോ എന്നെനിക്കറിയില്ല. മാംഗോസ്റ്റീന്‍ മരത്തിനു കീഴില്‍ അന്ത്യവിശ്രമം വേണമെന്നു പറഞ്ഞ ബേപ്പൂര്‍ സുൽത്താനെ പള്ളിപ്പറമ്പിലേയ്ക്കു തന്നെ കൊണ്ടുപോയതിന്‍റെ പിന്നില്‍ അദ്ദേഹത്തിന്‍റെ  ‘സ്വർഗ  പ്രാപ്തി’യെന്ന ‘സദുദ്ദേശ്യം’ മാത്രമേ നമുക്കുണ്ടായിരുന്നുള്ളു. മതം നമ്മുടെ തെരഞ്ഞെടുപ്പല്ലെന്നുള്ള ശരിയായ ബോധം ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണു ഒരു ‘മതംമാറ്റപ്രഖ്യാപന’ത്തില്‍ മാത്രം അദ്ദേഹം ഒതുങ്ങിനിന്നത്. പന്നിയിറച്ചി പലപ്രാവശ്യം കഴിച്ച് ‘അശുദ്ധനാ’യിത്തീര്‍ന്നതിനാല്‍ മറ്റുള്ളവരുടെ ‘സ്വർഗ  പ്രാപ്തി’ക്ക് ഒരു കാരണവശാലും തടസ്സം നില്ക്കേണ്ട എന്നും കരുതിയിട്ടുണ്ടാവും. ഒരു പക്ഷേ, മരിച്ചതിനുശേഷവും അദ്ദേഹം മാറ്റിപ്പറഞ്ഞേക്കാം എന്നും ഞങ്ങളില്‍ പലർക്കും  സംശയമുണ്ടായിരുന്നു. അതറിയാവുന്നതുകൊണ്ടാണ്‌, കുഞ്ഞിക്കാ, നിങ്ങള്‍ പരിഹസിച്ച മതപുരോഹിതരും ജാതിമനുഷ്യരും അവസാനത്തെ ആയുധം പ്രയോഗിച്ച് നിങ്ങളെ വീഴ്ത്തിയത്; അതും ശ്വാസരഹിതമായി നിങ്ങള്‍ നിരായുധനായപ്പോള്‍!

എഴുത്തുകാര്‍ സമൂഹത്തിനും മതത്തിനും ദ്രോഹമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നു വിശ്വസിക്കുന്ന ഒരു ഭൂരിപക്ഷത്തിനു ശക്തിയുള്ള സമൂഹത്തിലാണ്‌ നാമൊക്കെ ജീവിക്കുന്നത്. ആ ഭൂരിപക്ഷം ഒരു മതത്തിന്‍റെ  സ്വന്തമല്ല. എല്ലാ മതങ്ങളില്‍ നിന്നും ‘വിശുദ്ധി’യിലേയ്ക്ക് സ്വയം ഉയർത്തി ക്കൊണ്ടു വന്ന ഒരു ജനസഞ്ചയമാണത്. ആ ഭൂരിപക്ഷത്തിനു നിങ്ങളെ മരണാനന്തരമെങ്കിലും നന്നാക്കിയെടുക്കാനുള്ള ചുമതലയുണ്ട്. ജീവിച്ചിരുന്നപ്പോള്‍ ആ ‘മരണപ്പിടി’യില്‍ നിന്നു കുതറിമാറി നടന്ന ഒരാളുടെ മേല്‍ അയാളില്ലാതാവുമ്പോള്‍ സമൂഹം ചാർത്തുന്ന ഒരു ‘മരണാനന്തരവിശുദ്ധി’ (Posthumous Sanctity) യാണത്.

ഞാനിതെഴുതിതീർക്കുമ്പോൾ  മധുവേട്ടനും ചേച്ചിയും തിരുവനന്തപുരത്തു
നിന്ന് കാരക്കാട്ടേയ്ക്കു പോകാന്‍ തയ്യാറെടുക്കുകയാണ്‌. കൂട്ടുകാരന്‍ ഉറങ്ങുന്നയിടം കണ്ട് നിശ്ശബ്ദമായി കുറച്ചുനേരം നിന്ന ശേഷം തിരിച്ചുപോരാന്‍. ഫിലോമിന ടീച്ചറിനു മുടിവെട്ടുകാരന്‍ കുഞ്ഞമ്പു എഴുതിയ കത്തും കീശയിലിട്ട് കുഞ്ഞായിരുന്ന അബ്ദുള്ള നടന്ന സ്കൂള്‍ വഴികളിലൂടെ നടക്കാന്‍. കാരക്കാട് തീവണ്ടിയാപ്പീസ് ഒന്നു കൂടി കാണാന്‍. പോർട്ടർ  ചുടലമുത്തു കുത്തിയിരുന്ന ഡ്യൂട്ടിറൂമിന്‍റെ  ചവിട്ടുപടിയില്‍ ഇപ്പോള്‍ ആരെങ്കിലും ഇരിക്കുന്നുണ്ടോ എന്നു നോക്കാന്‍.
**************

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വാള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വാള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം.

You may also like