ഗോകുലത്തിലേക്ക് യാത്ര തിരിക്കും മുന്പ് ഞങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയായ ദയാല്‍ ബാബ നേരത്തെ തന്നെ തീര്‍ത്ഥാടകര്‍ താമസിക്കുന്ന സത്രത്തിലെത്തി. എല്ലാവരും തയ്യാറാകാത്തതില്‍ സൌമ്യമായി അദ്ദേഹം അക്ഷമ പ്രകടിപ്പിച്ചു. തലേന്ന് നന്ദ ഗാവില്‍ നിന്ന് വൈകിയെത്തിയ തീര്‍ത്ഥാടകര്‍ പ്രഭാതത്തില്‍ ഉണരാനും തയ്യാറാകാനും സമയമെടുക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികളെ ഉണര്‍ത്തി തയ്യാറാക്കിയെടുക്കുക ശ്രമകരം തന്നെ. അതുകൊണ്ട് തന്നെ രാധാ രമണന്‍ ക്ഷേത്രത്തില്‍ ദിവസേന പ്രഭാതത്തില്‍ നടക്കാറുള്ള വാദ്യ മേളങ്ങളോടെയുള്ള ആരതി കാണാന്‍ കഴിയാറില്ല. കാവി വസ്ത്രവും തലപ്പാവും ധരിച്ച് ഡോലക്ക് വാദ്യ നാദങ്ങളോടെയുള്ള, കണ്ണിനും കാതിനും ഇമ്പമുളവാക്കുന്ന, നാദ സ്തുതികളാണ് എന്നും നഷ്ടപ്പെടുന്നത് എന്ന ചിന്ത അലട്ടി.
രാത്രിയില്‍ വൈകി ഉറങ്ങാന്‍ കിടന്ന്‍, പ്രഭാതത്തില്‍ നാല് മണിക്ക് എണീറ്റ് അമ്പലത്തിലെത്തുക ശ്രമകരമായതിനാല്‍, അറിഞ്ഞുകൊണ്ട് തന്നെ, ആ മനോഹര മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ഗോകുലത്തിലേയ്ക്കുള്ള യാത്ര തുടങ്ങുകയായി. ഇരുപുറവും ചാണക വരളികള്‍ കൊണ്ടുള്ള ചതുരങ്ങള്‍ തീര്‍ത്ത വയലേലകള്‍. ഗോതമ്പാണ് മുഖ്യവിള. യാത്രയുടെ ഓരോ ഘട്ടത്തിലും കണ്ട ക്ഷേത്രങ്ങള്‍ കയറിയിറങ്ങി. ഓരോന്നിലും ശ്രീകൃഷ്ണ ജീവിത നിമിഷങ്ങളെ കോര്‍ത്തിണക്കിയുള്ള വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. കണ്ടാല്‍ യാതൊരുവിധ പ്രത്യേകതകളുമില്ലാത്ത ഒരു ക്ഷേത്രത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി. പ്രതീക്ഷിക്കാതെ ഒരു പറ്റം തീര്‍ത്ഥാടകരെ കണ്ടപ്പോള്‍ അലസമായി കുടുംബവും കുട്ടികളുമായി സല്ലപിച്ചിരുന്ന ഒരു മധ്യവയസ്കന്‍ എണീറ്റ് വന്ന് ഗൌരവത്തോടെ ക്ഷേത്രത്തിന്‍റെ ഐതിഹ്യങ്ങള്‍ പറയാന്‍ തുടങ്ങി. ബാലകനായിരുന്ന ഉണ്ണിക്കണ്ണന്‍ വെണ്ണ കട്ട് തിന്നുന്നത് ശീലമാക്കിയിരുന്നു. വെണ്ണക്കള്ളനെ കയ്യോടെ പിടികൂടി ഗോപ സ്ത്രീകള്‍ യശോദയെ ഏല്‍പ്പിച്ചു.
യശോദ ശ്രീകൃഷ്ണനെ ഉരലില്‍ പിടിച്ച് കെട്ടിയിട്ട കഥ പ്രസിദ്ധമാണ്. അദ്ദേഹം ഒരു നിമിഷം പറഞ്ഞു നിര്‍ത്തി.തീര്‍ത്ഥാടകരെ തുറന്ന നിലയിലുള്ള ഒരു ക്ഷേത്രത്തിലേക്ക് നയിച്ചു അവിടെ, പുരാതനമായ, ആകൃതി നഷ്ടപ്പെട്ട ഒരു ഉരല്‍ പകുതി ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ സംവിധാനം ചെയ്തിട്ടുള്ളത് കാണിച്ചുതന്നു. പുഷ്പങ്ങള്‍ കൊണ്ട് ഉരലിനെ മോടി പിടിപ്പിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ ആവേശപൂര്‍വ്വം കൃഷ്ണ സ്തുതികളോടെ തൊട്ടു തൊഴുതു. അദ്ദേഹത്തിന്‍റെ മുന്നിലെത്തി വണ്ടിയില്‍ കയറിക്കൂടി. ശ്രീകൃഷ്ണ ഗാഥകളിലെ നവീന ചിത്രീകരണങ്ങള്‍ യാഥാര്‍ഥ്യങ്ങളുമായിപൊരുത്തപ്പെടുന്നില്ലെന്നു തോന്നിയേക്കാം. ദ്വാപര യുഗത്തിലെ ഉരലിന്‍റെ സൌന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ച് കലിയുഗ ജന്മങ്ങളായ നമ്മള്‍ക്ക് ചിന്തിക്കാന്‍ പരിമിതികള്‍ ഏറെയുണ്ട്.
ഹൈവേയിലൂടെ കുറച്ചുദൂരം സഞ്ചരിച്ച്, വിശാലമായ ഒരു പുരയിടത്തിലേയ്ക്കാണ് ഞങ്ങള്‍ എത്തിയത്. ശ്രീകൃഷ്ണന്‍റെ ഗുരുകുല വിദ്യാഭ്യാസം നടന്നയിടമാണത്. സ്ഥലനാമം ഗോകുലം. മണല്‍ കലര്‍ന്ന ചാരനിറമുള്ള മണ്ണിലെങ്ങും അഭ്രത്തരികള്‍ വെട്ടിത്തിളങ്ങുന്നത് പോലെ. ഒരു പിടിവാരി കൈവെള്ളയിലിട്ടു പരിശോധിച്ചപ്പോള്‍ വ്യാവസായികാവശ്യ ങ്ങള്‍ക്കുപയോഗിക്കാവുന്ന ഇല്‍മനൈറ്റ് പോലുള്ള ഏതോ സംയുക്തങ്ങളാണെന്ന് തോന്നി. ഗുരുകുല സമ്പ്രദായമനുസരിച്ചുള്ള പഠന കേന്ദ്രങ്ങള്‍ അവിടെ ഏറെ കണ്ടു. പ്രകൃതി യില്‍ നിന്ന്‍ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആശ്രമങ്ങള്‍- മഞ്ഞ വസ്ത്രം തറ്റുടുത്ത്, മറ്റൊന്ന് വേഷ്ടിയായി പുതച്ച്, ശിരസ്സ് മുണ്ഡനം ചെയ്ത്, പിന്‍ കുടുമ വച്ച് തലങ്ങും വിലങ്ങും കര്‍മ്മ നിരതരായി നടക്കുന്ന ആശ്രമ ബാലകന്മാര്‍-. പൌരാണിക ഭാരതത്തിന്‍റെ ഗുരുകുല വിദ്യാഭ്യാസ സംഹിതകള്‍ പേറുന്ന മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ കഴിഞ്ഞതില്‍ മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നു. വിദ്യ ഗുരുമുഖത്തു നിന്നുതന്നെ അഭ്യസിക്കണമെന്ന കാര്‍ക്കശ്യം അക്കാലങ്ങളിലുണ്ടായിരുന്നു.പകര്‍ന്നു കൊടുത്ത വിദ്യയുടെ മികവും കുറവും തിരിച്ചറിയാന്‍ ഒരു യഥാര്‍ത്ഥ ഗുരുവിനു മാത്രമേ കഴിയുകയുള്ളൂ. ഭിന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന്‍ വരുന്ന വിദ്യാര്‍ഥികള്‍ ഒരു ഗുരുവിനെ സമീപിക്കുമ്പോള്‍ ഓരോ ശിഷ്യന്‍റേയും മനോ-ബുദ്ധി മേഖലകളിലുള്ള കഴിവും കഴിവുകേടും നേരില്‍ ബോധ്യപ്പെട്ട്, ഓരോരുത്തരുടേയും വാസനാഗുണമനുസരിച്ച്, വിദ്യ പകര്‍ന്നു നല്‍കേണ്ടത് ഗുരുധര്‍മ്മങ്ങളില്‍പ്പെടുന്നു. ശിഷ്യന്‍റെ ജീവിതം പൂര്‍ണ്ണമായും നിരീക്ഷിക്കാനുള്ള അവസരവും, ഗുരുകുല സമ്പ്രദായത്തില്‍, ഗുരുവിന് ലഭിക്കുന്നു. ഇപ്രകാരം ശിഷ്യരെ അവര്‍ക്കിണങ്ങുന്ന കര്‍മ്മ രംഗങ്ങളില്‍ കഴിവുള്ളവരാക്കി ത്തീര്‍ക്കാനും സാധിക്കുന്നു. ഗുരു- ശിഷ്യ പരമ്പര കൊണ്ട് തീര്‍ത്ത ചങ്ങലകളിലൂടെ കര്‍മ്മ രംഗം കൂടുതല്‍ ശോഭനവും ഉജ്ജ്വലവുമാകുന്നു.
കണ്ണികള്‍ അറ്റുപോയ ഇന്നത്തെ ഗുരു-ശിഷ്യ ബന്ധത്തില്‍ കാണുന്ന കര്‍മ്മ രംഗത്തിന്‍റെ മുരടിപ്പുകള്‍ കാലത്തിന്‍റെ അപചയം എന്നു കരുതുന്നതിലും തെറ്റില്ല. വിഷയജ്ഞാന ത്തേക്കാള്‍ ധനകേന്ദ്രീകൃതവും ഉപരിപ്ലവവുമായ അറിവ് കൊണ്ട് പരമ ജ്ഞാനീഭാവം വന്ന് ചേര്‍ന്ന ഗുരുക്കന്മാരും, മാതൃകയാക്കാന്‍ ഒന്നുമില്ലാതെ ഇരുട്ടില്‍ തപ്പുന്ന ശിഷ്യ പരമ്പരകളുമാണ് ഇന്നുള്ളത്. ഗുരുകുലങ്ങളില്‍ ഭൌതിക വിഷയ ജ്ഞാനത്തെക്കാള്‍ ശിഷ്യരുടെ മനോ-ബുദ്ധി മേഖലകളിലുള്ള ഔന്നത്യം തിരിച്ചറിയാനുതകുന്ന ജീവിത ദര്‍ശനങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. ക്ലാസ് മുറിയുടെ നാല് ചുമരുകളേക്കാള്‍ ജീവിത സമസ്യകള്‍ക്കുള്ള ഉത്തരങ്ങളും അവയെ നേരിടാനുള്ള ആന്തരിക ബലവും അനുഗുണമായ മനസ്സുമാണ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവേണ്ടത്. അതിനായി ആന്തരികമായ അച്ചടക്കം, അന്വേഷണ ബുദ്ധി, പെരുമാറ്റ സംഹിത, സദാചാര ബോധം, ധ്യാനം മുതലായവ ശീലിക്കേണ്ട തുണ്ട്.ഗോകുലത്തിലെ കുട്ടികള്‍ മാനുകളെപ്പോലെ സന്ദര്‍ശകരെ കൌതുകത്തോടെ നോക്കുന്നു. മുറ്റത്ത് പടന്നു പന്തലിച്ച മരങ്ങള്‍ ദ്വാപര യുഗത്തിലേത് പോലെയുള്ള പൌരാണികതയെ വിളിച്ചു പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ള സ്ത്രീ പുരുഷ പ്രജകള്‍ ശ്രീകൃഷ്ണന്‍റെ പാദ രേണുക്കള്‍ പതിഞ്ഞ മണ്ണില്‍ ഭക്തിപൂര്‍വ്വം മുട്ടുകുത്തി നടക്കുകയും, കിടന്നുരുളുകയും ചെയ്യുന്നു. അവരുടെ ശരീരത്തില്‍ പറ്റിയ മണല്‍ തരികള്‍ സൂര്യ വെളിച്ചത്തില്‍ മിന്നി തിളങ്ങുന്നു.
സ്ഥലത്തെ ഒരു ഗൈഡ്, ആധികാരികത ഭാവിച്ച്, തീര്‍ത്ഥാടകര്‍ ഗോകുലത്തില്‍ ആചരിക്കേണ്ട ചടങ്ങുകള്‍ പറയാന്‍ തുടങ്ങി. അതിന്‍റെ ഭാഗമായി അദ്ദേഹം തനിക്കു മുമ്പില്‍ തീര്‍ത്ഥാടകരെ അര്‍ദ്ധ വൃത്താകാരത്തില്‍ ചമ്രംപടിഞ്ഞിരുത്തിച്ചു.
അദ്ദേഹം നിലത്ത് ചില ചിത്ര പണികൾ വിരലുകൾ കൊണ്ട് വരയ്‌ക്കുവാൻ തുടങ്ങി.
സാധാരണ നിലയിൽ ഓരോരുത്തരും വേറിട്ടാണ് ദക്ഷിണ കൊടുക്കാറുള്ളത്. കൂട്ടത്തിലെ മാർഗദർശിയായ ശങ്കർജിയുടെ നിർദ്ദേശാനുസരണം എല്ലാവർക്കും കൂടി ഒരു തുക കണക്കാക്കി ദക്ഷിണ കൊടുക്കുകയാണ് ചെയ്തത് .
ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു